മുഹമ്മദീയ പിന്‍ഗാമി

ഇതുവരെയുള്ള പ്രതിപാദനങ്ങളില്‍ നിന്ന് ഒരു മുഹമ്മദീയ അനന്തരാവകാശിയുമായുള്ള സമ്പര്‍ക്കത്തിന്റെയും സഹവാസത്തിന്റെയും പ്രാധാന്യം നമുക്ക് സ്പഷ്ടമായി ഗ്രഹിക്കാന്‍ കഴിഞ്ഞു. പൂര്‍ണതയുടെ പടവുകളില്‍ കയറുവാനും ശ്രേഷ്ഠതയുടെയും മര്യാദകളുടെയും പാഠങ്ങള്‍ ഉള്‍ക്കൊള്ളുവാനും ഹൃദയത്തിന്റെ രോഗങ്ങളും മനസ്സിന്റെ ഗുപ്തന്യൂനതകളും ഗ്രഹിക്കുവാനും വേണ്ടിയാണിതെന്നും വ്യക്തമായി.
എന്നാല്‍, ഇത്തരമൊരാളിലേക്ക് എങ്ങനെ എത്തിപ്പെടും, അദ്ദേഹത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എന്തുണ്ട് വഴി, അയാളുടെ ഉപാധികളും വിശേഷണങ്ങളുമൊക്കെ എന്താണ് എന്ന് ആരെങ്കിലും ചോദിച്ചേക്കാം. അതിനുള്ള മറുപടി ഇതാണ്:

ഒരു രോഗിക്ക് തന്നെ ചികിത്സിക്കാന്‍ ഡോക്ടര്‍ ആവശ്യമായിട്ടുണ്ടെന്ന് തോന്നുന്നതുപോലെ, അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്ന ഒരു വ്യക്തിക്ക് മേല്‍പറഞ്ഞ വിധമുള്ള ഒരു മാര്‍ഗദര്‍ശി അനിവാര്യമാണെന്ന് തോന്നുമ്പോള്‍ സത്യസന്ധമായ മനക്കരുത്തും കുറ്റമറ്റ നിയ്യത്തും ഉണ്ടായിരിക്കേണ്ടതാണ്. താപനിര്‍ഭരവും വിനയപൂര്‍ണവുമായ ഹൃദയത്തോടെ അല്ലാഹുവിനെ അഭിമുഖീകരിക്കുകയും രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്യണം. നാഥാ, നിന്നിലേക്ക് വഴികാണിക്കുന്ന ഒരു മാര്‍ഗദര്‍ശിയെ എനിക്കറിയിച്ചുതരികയും നിന്നിലേക്ക് ചേര്‍ത്തുതരുന്ന ഒരു ശൈഖിലേക്ക് എന്നെ എത്തിക്കുകയും ചെയ്യേണമേ എന്ന് നമസ്‌കാരാനന്തരവും സുജൂദുകളിലുമൊക്കെ അവനോട് കേണപേക്ഷിക്കുകയും ചെയ്യേണ്ടതാണ്.

ഇത്തരമൊരു വഴികാട്ടിയെ കണ്ടുകിട്ടണമെന്ന ആഗ്രഹമുണ്ടാകുമ്പോള്‍ ആദ്യമായി സ്വന്തം നാട്ടില്‍ തന്നെ അന്വേഷിക്കണം. അതീവസൂക്ഷ്മതയോടെയും ജാഗ്രതയോടെയുമാണ് ആ മാര്‍ഗദര്‍ശിയെപ്പറ്റി പര്യവേക്ഷണം നടത്തുകയും വിവരമുള്ളവരോട് ചോദിക്കുകയും ചെയ്യേണ്ടത്. ഇക്കാലത്ത് അങ്ങനെയുള്ള സംസ്‌കര്‍ത്താവായ ഒരു മാര്‍ഗദര്‍ശി ഉണ്ടായിരിക്കില്ല എന്ന ചിലരുടെ പ്രചാരണം നീ ഗൗനിക്കേണ്ടതില്ല.

ഇനി, തന്റെ നാട്ടില്‍ മുറബ്ബിയായ ശൈഖ് ഇല്ല എന്നു വന്നാല്‍ മറുനാടുകളില്‍ അത്തരമൊരാളെക്കുറിച്ചന്വേഷിക്കേണ്ടതാണ്. തന്റെ നാട്ടില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ഇല്ലാതാവുകയോ, ഉള്ള ഡോക്ടര്‍ക്കുതന്നെ രോഗനിര്‍ണയത്തിന് കഴിയാതെ വരികയോ ചികിത്സിക്കാന്‍ സാധിക്കാതാവുകയോ ചെയ്യുമ്പോള്‍ മറുനാടുകളിലേക്ക് ചികിത്സ തേടിപ്പോവുക സര്‍വസാധാരണമല്ലേ? ആത്മാക്കള്‍ക്കുള്ള ചികിത്സയാവട്ടെ, ശരീരങ്ങള്‍ക്ക് ചികിത്സിക്കുന്ന ഡോക്ടര്‍മാരേക്കാള്‍ അതീവസമര്‍ഥരായ ഭിഷഗ്വരന്മാരെ ആവശ്യമുള്ളതാണ്.

ഒരു മാര്‍ഗദര്‍ശിയായ ശൈഖിനുണ്ടായിരിക്കേണ്ട അനിവാര്യമായ ചില ഉപാധികളുണ്ട്. അവയുണ്ടാകുമ്പോഴേ ജനങ്ങളെ അല്ലാഹുവിങ്കലേക്ക് വഴി കാണിക്കാനുള്ള അര്‍ഹത അയാള്‍ക്കുണ്ടായിരിക്കുകയുള്ളൂ. അവ നാലെണ്ണമാണ്. ഫര്‍ള് ഐനുകളെക്കുറിച്ച് പരിജ്ഞാനമുള്ളവനാവുക, അല്ലാഹുവിനെക്കുറിച്ച ജ്ഞാനമുള്ളവനാവുക, മനസ്സുകള്‍ സ്ഫുടം ചെയ്‌തെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും അവയെ സംസ്‌കരിക്കുന്നതിനുള്ള രീതികളും അറിവുള്ളവനാവുക, തന്റെ ഗുരുവില്‍ നിന്ന് മാര്‍ഗദര്‍ശനത്തിനുള്ള അനുമതി ലഭിച്ചവനാവുക എന്നിവയാണ് ആ ഉപാധികള്‍.

ഇവയില്‍ ഒന്നാമത്തേത് ഫര്‍ള് ഐനുകളെ (വ്യക്തിഗതബാധ്യതകള്‍) സംബന്ധിച്ച് ശൈഖ് പരിജ്ഞാനിയാകണമെന്നതാണല്ലോ. നമസ്‌കാരത്തിന്റെയും നോമ്പിന്റെയും നിയമങ്ങള്‍, ധനികനാണെങ്കില്‍ സകാത്തിന്റെ വിധികള്‍, കച്ചവടക്കാരനാണെങ്കില്‍ ക്രയവിക്രയങ്ങളുടെയും കച്ചവടങ്ങളുടെയും നിയമവ്യവസ്ഥകള്‍ മുതലായവയെല്ലാം അറിഞ്ഞിരിക്കണമെന്നര്‍ഥം. തൗഹീദ് സംബന്ധിച്ച് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ അഖീദയിലും അയാള്‍ പരിജ്ഞാനിയാകണം. അപ്പോള്‍, അല്ലാഹുവിന് നിര്‍ബന്ധവും അസംഭവ്യവും അനുവദനീയവും (വാജിബ്, മുസ്തഹീല്‍, ജാഇസ്) ആയ എല്ലാ വിശേഷണങ്ങളും മൊത്തമായും വിശദമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇതുപോലെ പ്രവാചകരുടെ വിശേഷണങ്ങളും മറ്റു ഈമാന്‍കാര്യങ്ങളും അറിയണം.

അല്ലാഹുവിനെക്കുറിച്ച് ജ്ഞാനിയാവുക എന്നുവെച്ചാല്‍, ആ ശൈഖ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസസംഹിതകള്‍ (അഖീദ) പഠിച്ചും ഗ്രഹിച്ചും അറിഞ്ഞ ശേഷം പ്രയോഗത്തിലും അഭിരുചിയിലും അവയില്‍ സുദൃഢനുമായിരിക്കണമെന്നാണ്. അങ്ങനെയാകുമ്പോഴേ ഹൃദയത്തിലും ആത്മാവിലും അവയുടെ സാധുത കൊണ്ട് അയാള്‍ സാക്ഷ്യം വഹിച്ചവനാകൂ. അല്ലാഹു അവന്റെ സ്വത്വത്തിലും വിശേഷണങ്ങളിലും കര്‍മങ്ങളിലുമെല്ലാം ഏകനാണെന്നും അയാള്‍ സാക്ഷ്യം വഹിക്കണം. അല്ലാഹുവിന്റെ പുണ്യനാമങ്ങളുടെ സാന്നിധ്യങ്ങളെ(1)ക്കുറിച്ച് അഭിരുചിയിലും സാക്ഷ്യത്തിലും അഭിജ്ഞനായിരിക്കുകയും അവന്റെ തിരുസാന്നിധ്യത്തിലേക്ക് അവ മടക്കുകയും ചെയ്യേണ്ടതാണ്. സാന്നിധ്യങ്ങളുടെ ആധിക്യം അസ്പൃശ്യതയുണ്ടാക്കേണ്ടതില്ല; കാരണം, അതുകൊണ്ട് സ്വത്വത്തില്‍ ആധിക്യമുണ്ടെന്ന് അര്‍ഥമില്ല.

മൂന്നാമത്തെ ഉപാധി അയാള്‍ക്ക് ഒരു മുറബ്ബിയായ ശൈഖ് ഉണ്ടായിരിക്കണം എന്നതാണല്ലോ. ആ മാര്‍ഗദര്‍ശി മുഖേന സ്വന്തം ശരീരത്തെ സംസ്‌കരിച്ചെടുത്തവനാകണം അയാള്‍. ശരീരത്തിന്റ വ്യത്യസ്തപദവികളും ഹൃദയത്തിന്റെ രോഗങ്ങളും അതിന്റെ ദുര്‍ബോധനങ്ങളുമൊക്കെ ശൈഖ് പരീക്ഷിച്ചറിഞ്ഞിരിക്കേണ്ടതാണ്. പിശാചിന്റെ വഞ്ചനാശൈലികള്‍, അവന്‍ കടന്നുവരുന്ന വാതായനങ്ങള്‍, ഥരീഖത്തിന്റെ ഓരോ ഘട്ടത്തിലെയും അപകടസാധ്യതകള്‍, അവയുടെ പ്രതിവിധിയും പരിഹാരവും തുടങ്ങിയവയൊക്കെ അദ്ദേഹം ഗ്രഹിച്ചിരിക്കേണ്ടതുണ്ട്. ഇവയൊക്കെയും ഓരോ വ്യക്തിയുടെയും സ്ഥിതിഗതികളും സാഹചര്യങ്ങളുമായൊക്കെ അനുയോജ്യമാകും വിധത്തിലായിരിക്കേണ്ടതുമുണ്ട്.

ഈ ഥരീഖത്തിനും ഈ തര്‍ബിയത്തിനുമൊക്കെ ഒരു യഥാര്‍ഥ ശൈഖില്‍ നിന്ന് അനുമതി ലഭിച്ചവനായിരിക്കണമെന്നതാണ് നാലാമത്തെ ഉപാധി. ഒരു വിഷയത്തില്‍ പരിജ്ഞാനിയാണെന്ന് അവകാശപ്പെടുന്ന ഒരാള്‍ക്ക് തദ്വിഷയകമായ സ്‌പെഷ്യലിസ്റ്റുകളുടെ സാക്ഷ്യമില്ലെങ്കില്‍ അയാള്‍ ആ രംഗത്തേക്ക് ഇറങ്ങിത്തിരിക്കാന്‍ പറ്റില്ല. അപ്പോള്‍ ഈ അനുമതി എന്നു പറഞ്ഞാല്‍, മാര്‍ഗദര്‍ശനത്തിന്റെ യോഗ്യതക്കും അതിന്റെ വിശേഷണങ്ങള്‍ ആര്‍ജിച്ചിട്ടുണ്ടെന്നതിനുമുള്ള ഒരു സര്‍ട്ടിഫിക്കറ്റാണ്. പാഠശാലകളും യൂണിവേഴ്‌സിറ്റികളുമൊക്കെ ഇന്ന് ഈ ചിന്താഗതിയിലാണധിഷ്ഠിതമായിരിക്കുന്നത്.

ഇതനുസരിച്ച് വൈദ്യശാസ്ത്രത്തില്‍ ബിരുദധാരികളല്ലാത്തവര്‍ക്ക് രോഗികളെ ചികിത്സിക്കാനുള്ള ക്ലിനിക്കുകള്‍ തുടങ്ങാവതല്ല. എഞ്ചിനിയറിങ് ബിരുദമില്ലാത്ത ഒരാള്‍ക്ക് കെട്ടിടങ്ങളുടെ പ്ലാനും പദ്ധതിയും തയ്യാറാക്കാനും പാടില്ലാത്തതാണ്. അധ്യാപനത്തിനുള്ള യോഗ്യതാസര്‍ട്ടിഫിക്കറ്റുകളില്ലാത്തവര്‍ക്ക് സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിപ്പിക്കാനും പറ്റില്ല. ഇതുപോലെ, തങ്ങളുടെ ഗുരുവര്യരില്‍ നിന്ന് അനുമതി നല്‍കപ്പെടുകയും യോഗ്യതകളാര്‍ജിക്കുകയും ചെയ്ത ശൈഖുമാരില്‍ നിന്ന്, ആളുകളെ മാര്‍ഗദര്‍ശനം ചെയ്യുന്നതിന് സമ്മതം കൊടുക്കപ്പെട്ടയാള്‍ക്കു മാത്രമേ താന്‍ ശൈഖാണെന്നവകാശപ്പെടാന്‍ പറ്റൂ. അവരുടെയൊക്കെ നിവേദകശൃംഖല (സനദ്) തിരുനബി(സ്വ)യിലേക്ക് എത്തിച്ചേരുന്നതായിരിക്കണം.

വൈദ്യശാസ്ത്രമറിയാത്ത ഒരാളുടെ ചികിത്സക്ക് ബുദ്ധിയുള്ള മനുഷ്യന്‍ വിധേയനാകാത്തതുപോലെ, മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനും പ്രത്യേകം അനുമതി നല്‍കപ്പെട്ട ഒരാളുടെയടുത്തേക്കല്ലാതെ ആധ്യാത്മികമാര്‍ഗം ഉദ്ദേശിക്കുന്ന വ്യക്തി പോയിക്കൂടാത്തതാണ്. പോയ കാലഘട്ടങ്ങളിലെ വിദ്യാഭ്യാസപരമായ സ്ഥിതിഗതികള്‍ ഗ്രഹിച്ചവര്‍ക്കെല്ലാം തന്നെ, ഗുരുനാഥന്മാരില്‍ നിന്ന് ലഭിക്കുന്ന ഇജാസത്തിന്റെയും അവരുടെ സന്നിധാനത്തില്‍ നിന്ന് പഠിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചറിയാം. എത്രവരെയെന്നാല്‍ പണ്ഡിതന്മാരില്‍ നിന്ന് ഇജാസത്ത് വാങ്ങിയല്ലാതെ പഠിച്ചവര്‍ക്ക് സ്വുഹുഫി(ഗ്രന്ഥം നോക്കിപ്പഠിച്ചവന്‍) എന്ന പേരാണവര്‍ പ്രയോഗിച്ചിരുന്നത്. കാരണം, അവര്‍ അധ്യയനം നടത്തിയത് പുസ്തകം പാരായണം ചെയ്തും ഗ്രന്ഥങ്ങള്‍ കണ്ണോടിച്ചുമായിരുന്നു എന്നര്‍ഥം. ഇമാം ഇബ്‌നുസീരീന്‍(റ) പറയുകയുണ്ടായി: നിശ്ചയം, നിങ്ങള്‍ പഠിക്കുന്ന ഈ വിജ്ഞാനം ദീന്‍ ആകുന്നു. അതുകൊണ്ട് ആരില്‍ നിന്നാണ് നിങ്ങളുടെ ദീന്‍ സമ്പാദിക്കേണ്ടത് എന്ന് ചിന്തിക്കുക!

അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)നോട് തിരുമേനി(സ്വ)യും ഇക്കാര്യം ഉപദേശിക്കുകയുണ്ടായി. അവിടന്ന് പറഞ്ഞു: ഇബ്‌നു ഉമര്‍, നിങ്ങളുടെ ദീനിന്റെ കാര്യം സഗൗരവം ചിന്തിക്കണം. ദീനെന്നുവെച്ചാല്‍ നിങ്ങളുടെ മാംസവും രക്തവും ആണ്.അതുകൊണ്ട് ആരില്‍ നിന്നാണ് ദീന്‍ സ്വീകരിക്കേണ്ടതെന്ന് ആലോചിക്കണം. നേര്‍ക്കുനേരെ ജീവിക്കുന്നവരില്‍ നിന്നാണത് പഠിക്കേണ്ടത്; സന്മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചവരില്‍ നിന്നല്ല.

ചില തത്ത്വജ്ഞാനികള്‍ പ്രസ്താവിച്ചത് ഇങ്ങനെയാണ്: വിജ്ഞാനമെന്നാല്‍ അല്ലാഹുവിങ്കല്‍ നിന്ന് നിക്ഷേപിക്കപ്പെടുന്ന ഒരാത്മാവാണ്; പകര്‍ത്തെടുക്കപ്പെടുന്ന വിഷയങ്ങളല്ല. അതുകൊണ്ട്, ഏതു ഗുരുനാഥന്മാരില്‍ നിന്നാണ് പഠിക്കുന്നത് എന്ന് ശിഷ്യന്മാരും ഏതുതരം ശിഷ്യന്മാര്‍ക്കാണ് തങ്ങള്‍ അധ്യാപനം നടത്തുന്നത് എന്ന് പണ്ഡിതന്മാരും ജാഗ്രതാപൂര്‍വം ചിന്തിക്കട്ടെ.

മുകളില്‍ പറഞ്ഞ ഉപാധികള്‍ക്കു പുറമെ മാര്‍ഗദര്‍ശിയായ ശൈഖിനുണ്ടായിരിക്കേണ്ട ശ്രദ്ധേയമായ ചില അടയാളങ്ങള്‍ കൂടിയുണ്ട്. അദ്ദേഹത്തിനടുത്തിരിക്കുമ്പോള്‍ ആത്മികമായ നവോന്മേഷമുണ്ടാകുന്നതും വിശ്വാസപരമായ സൗരഭ്യം പൊഴിയുന്നതും നിനക്കനുഭവപ്പെടുന്നതാണ്. അല്ലാഹുവിനു വേണ്ടിയേ അദ്ദേഹം സംസാരിക്കൂ. നന്മ മാത്രമേ അദ്ദേഹം ഉച്ചരിക്കയുള്ളൂ. ഉദ്‌ബോധനങ്ങളും ഉപദേശങ്ങളും മാത്രമേ താന്‍ പറയുന്നതിലുണ്ടാകൂ. അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ നിന്ന് എന്ന പോലെ സഹവാസത്തില്‍ നിന്നും നിനക്ക് നേടാന്‍ ധാരാളമുണ്ടാകും. തന്റെ അടുപ്പത്തിലും അകല്‍ച്ചയിലും നിന്നും, നോക്കിലും നാക്കിലും നിന്നും നിനക്ക് ഒട്ടേറെ ഗുണഫലങ്ങള്‍ കരഗതമാക്കാന്‍ കഴിയും.

ആ ശൈഖിന്റെ സ്‌നേഹിതരിലും ശിഷ്യന്മാരിലും വിശ്വാസത്തിന്റെയും ആത്മാര്‍ത്ഥതയുടെയും ഭക്തിയുടെയും വിനയത്തിന്റെയും ചിത്രങ്ങള്‍ ദര്‍ശിക്കാന്‍ സാധിക്കുമെന്നത് മറ്റൊരടയാളമാണ്. അവരുമായി ഇടപഴകുമ്പോള്‍ സ്‌നേഹത്തിന്റെയും സത്യസന്ധതയുടെയും അപരരെ പരിഗണിക്കുന്നതിന്റെയും നിഷ്‌കളങ്ക സാഹോദര്യത്തിന്റെയും ഉദാത്തമാതൃകകള്‍ നിനക്ക് മനസ്സിലാകും. വിദഗ്ധനായ ഒരു ഭിഷഗ്വരനെ ഇതുപോലെ തന്റെ കര്‍മഫലങ്ങളിലൂടെയും പ്രയത്‌നങ്ങളുടെ ഉല്‍പന്നങ്ങളിലൂടെയും തിരിച്ചറിയാന്‍ സാധിക്കും. തന്റെ കൈയായി സുഖം പ്രാപിച്ച നിരവധി രോഗികളുണ്ടാകും. തന്റെ ആശുപത്രിയില്‍ നിന്ന് സമ്പൂര്‍ണാരോഗ്യത്തോടെയും തികഞ്ഞ ശേഷിയോടെയും പുറത്തുവന്ന ഒട്ടേറെപ്പേരെ കാണാം.

മുരീദുമാരുടെയും ശിഷ്യന്മാരുടെയും ആധിക്യമോ കുറവോ മാത്രമല്ല ശൈഖിനെ അളന്നുമനസ്സിലാക്കാനുള്ള മാനദണ്ഡം. പ്രത്യുത, അവരുടെ നന്മയും ഭക്തിയുമാണ്; മാനസിക ന്യൂനതകളിലും ഹൃദയത്തിന്റെ രോഗങ്ങളിലും നിന്നുള്ള അവരുടെ വിമുക്തിയും അല്ലാഹുവിന്റെ ശരീഅത്തിലുള്ള അവരുടെ ഋജുവായ നിലനില്‍പുമാണ്.
സമുദായത്തിന്റെ വ്യത്യസ്ത തലങ്ങളില്‍ നിന്നുള്ള ശിഷ്യന്മാരുണ്ടാവുന്നതും മുര്‍ശിദായ ശൈഖിന്റെ അടയാളമത്രേ. തിരുമേനി(സ്വ)യുടെ സ്വഹാബത്ത് അങ്ങനെയായിരുന്നല്ലോ. ചുരുക്കത്തില്‍, ഇത്തരമൊരു ശൈഖിനെ കണ്ടുകിട്ടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കൈപിടിക്കാനും സദസ്സുകളില്‍ പങ്കെടുക്കാനും സംസ്‌കാര-മര്യാദകളാര്‍ജിക്കാനും മുരീദ് സന്നദ്ധനാകണം. ഇരുലോകത്തെയും വിജയം കൈവരിക്കാനായി അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനങ്ങളും ഉപദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുവാനും അവന്‍ തയ്യാറാകേണ്ടതുണ്ട്.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter