മായം ചേര്‍ക്കപ്പെട്ട തസ്വവ്വുഫ്
ഇനി തസ്വവ്വുഫിന്റെ കാര്യമെടുക്കാം. മറ്റു ദീനീ വിജ്ഞാനങ്ങള്‍ പോലെത്തന്നെയാണ് അതിന്റെയും അവസ്ഥ. മുകളില്‍ സൂചിപ്പിച്ച വിധമുള്ള വ്യാജനിര്‍മാതാക്കളുടെയും ജാരന്മാരുടെയും ഭേദഗതികളിലും കൈയേറ്റങ്ങളിലും മായംചേര്‍ക്കലുകളിലും നിന്ന് ആധ്യാത്മിക ശാസ്ത്രവും സുരക്ഷിതമായിട്ടില്ല. യാതൊരു വിധ തെളിവുമില്ലാതെ തനിവക്രമായ ചിന്തകളും ഹീനമായ പ്രയോഗങ്ങളും വരെ സ്വൂഫികളുടെ ഗ്രന്ഥങ്ങളില്‍ തിരുകിക്കയറ്റിയവരുണ്ട്. തസ്വവ്വുഫിന്റെ ചിലയാളുകള്‍ ഇങ്ങനെ പറഞ്ഞുവത്രേ:
(നായയും പന്നിയും നമ്മുടെ ഇലാഹ് തന്നെയാണ്. റബ്ബ് ഒരു കനീസയിലെ പുരോഹിതനത്രേ.) ‘അവരുടെ വായയില്‍ നിന്ന് പുറപ്പെടുന്ന വാക്ക് അതീവഗുരുതരംതന്നെ. തനിനുണയാണ് അവര്‍ പറയുന്നത്.’
മുസ്‌ലിംകളുടെ വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന വിധം പല വ്യാജങ്ങളും തിരുകിക്കയറ്റി ദീന്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന പലരും ആ തല്‍പരകക്ഷികളിലുണ്ട്. അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ വിശ്വാസാദര്‍ശങ്ങള്‍ക്ക് വിപരീതമായ പലതും സ്വൂഫികളിലേക്ക് ചേര്‍ത്തി അവര്‍ പറയുന്നതു കാണാം.-അല്ലാഹു വ്യക്തിയിലും വസ്തുക്കളിലും അവതരിക്കുക (ഹുലൂല്‍), അവനും വസ്തുക്കളും ഒന്നുതന്നെയാവുക (ഇത്തിഹാദ്), സൃഷ്ടിയും സ്രഷ്ടാവും ഒന്നുതന്നെ, പ്രപഞ്ചസ്രഷ്ടാവും പ്രപഞ്ചവും വ്യത്യസ്തമല്ല എന്നിങ്ങനെയുള്ള വാദങ്ങള്‍. തല്‍പരകക്ഷികളില്‍ മറ്റു ചിലര്‍ സ്വൂഫികളുടെ ജീവിതചര്യ വികലമാക്കാനും ജനങ്ങള്‍ക്ക് അവരിലുള്ള മതിപ്പ് നഷ്ടപ്പെടുത്തിക്കളയാനും ശ്രമിക്കുന്നവരാണ്. ഇതിനായി തങ്ങളുടെ വികലഭാവനക്കനുസൃതമായി പല സംഭവങ്ങളും കാര്യങ്ങളും സ്വൂഫികളുടെ ഗ്രന്ഥങ്ങളില്‍ അവര്‍ തിരുകിക്കയറ്റി. ആ മഹാന്മാര്‍ പാപങ്ങളും കുറ്റകൃത്യങ്ങളും വന്‍ദോഷങ്ങള്‍ വരെയും ചെയ്തത് അവയില്‍ കാണാം. ഉദാഹരണത്തിന് ഇമാം അബ്ദുല്‍ വഹ്ഹാബ് ശഅ്‌റാനി(റ)യുടെ ഥബഖാത്തുല്‍ കുബ്‌റായില്‍ ആ ഗണത്തില്‍ പലതും കാണും. ആ മഹാന്‍ അവയില്‍ നിന്നൊക്കെ പൂര്‍ണമുക്തനത്രേ. വിശദമായി അക്കാര്യം താഴെ വരുന്നുണ്ട്.
ക്രിസ്തീയ സുവിശേഷകന്മാരും ഓറിയന്റലിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ടെന്ന് കാണാം. കൊളോണിയലിസത്തിന്റെ കുഴലൂത്തുകാരുമുണ്ട് അവരില്‍. സ്വൂഫിസാരഥികളുടെ ഗ്രന്ഥങ്ങള്‍ അവര്‍ പഠിച്ചു. എന്നിട്ട് ആ മഹാന്മാരെപ്പറ്റി ഇവര്‍ ഗ്രന്ഥരചന നടത്തി. വസ്തുതകള്‍ വക്രീകരിക്കലും ഭേദഗതി ചെയ്യലും മായം ചേര്‍ക്കലുമായിരിക്കും അവരുടെ ലക്ഷ്യം. ഇസ്‌ലാമിന്റെ നെഞ്ചകത്ത് കഠാരയിറക്കാനാണവര്‍ ഉദ്ദേശിക്കുന്നത്. ദീനിന്റെ ആത്മാവിനെ അതിന്റെ ശരീരത്തില്‍ നിന്ന് തൊലിയുരിഞ്ഞെടുക്കാനും ഉന്നം വെക്കുകയാണവര്‍. ആ ഓറിയന്റലിസ്റ്റുകളുടെ ഗ്രന്ഥങ്ങളില്‍ നിന്ന് തസ്വവ്വുഫ് പഠിക്കാനൊരുമ്പെട്ട വേറെ ചിലരും കെണിയില്‍ കുടുങ്ങി. ആംഗ്ലേയനായ നിക്കള്‍സണ്‍, ജൂതനായ ഗോള്‍സ്യര്‍, ഫ്രഞ്ചുകാരനായ മാസിനണ്‍ തുടങ്ങിയവര്‍ ഉദാഹരണം. അവരുടെ കെണിവലകളില്‍ ഇവരും വീണു; അവരുടെ ചിന്തകളില്‍ നിന്ന് ഇവര്‍ക്കും വിഷബാധയുണ്ടായി. സ്വൂഫികളുമായുള്ള ഏറ്റുമുട്ടലിന്റെ പ്രവാഹത്തില്‍ ഇവരും ഒലിച്ചുപോയി. എന്നാല്‍ വഞ്ചകനും ചതിയനുമായ ശത്രുവിന്റെ വാക്കുകള്‍ സത്യസന്ധനായ ഒരു മുസ്‌ലിം എങ്ങനെ വിശ്വസിക്കും എന്നാണ് എനിക്ക് മനസ്സിലാകാത്തത്!
അവരെയും ഇവരെയും അംഗീകരിക്കുന്ന ചില പാവങ്ങളുമുണ്ട് തല്‍പരകക്ഷികളുടെ ഗണത്തില്‍. തസ്വവ്വുഫിന്റെയാളുകളുടെ പേരില്‍ മായം ചേര്‍ത്തുണ്ടാക്കപ്പെട്ടതും വ്യാജമായി തിരുകിക്കയറ്റപ്പെട്ടതുമായ കാര്യങ്ങള്‍ ഈ പാവങ്ങള്‍ വിശ്വസിക്കുക മാത്രമല്ല, തങ്ങളുടെ സ്വന്തം രചനകളില്‍ അവ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ സ്വൂഫികളിലും തസ്വവ്വുഫിലും നിന്ന് ബഹുദൂരമകലെയാണ്. ഇനി ഇവ്വിഷയകമായി, സന്ദേഹഗ്രസ്തനായ ഒരാള്‍ ഇങ്ങനെ പറയാന്‍ സാധ്യതയുണ്ട്: സ്വൂഫികളെക്കുറിച്ച് പറയപ്പെടുന്ന ശരീഅത്ത് വിരുദ്ധമായ കാര്യങ്ങളത്രയും അവരുടെ ശരിയായ സ്വന്തം അഭിപ്രായങ്ങളും പ്രസ്താവങ്ങളും തന്നെയാണ്; അതിനുള്ള തെളിവ്, അച്ചടിച്ച് പ്രസിദ്ധം ചെയ്യപ്പെട്ട അവരുടെ ഗ്രന്ഥങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്നതാകുന്നു.
ഈ സംശയത്തിന് മറുപടിയുണ്ട്: സ്വൂഫികളുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടതായി കാണുന്ന മുഴുവന്‍ കാര്യങ്ങളും അവരുടേതല്ല. കാരണം കൈകടത്തലിന്റെയും ഭേദഗതിയുടെയും കൈയേറ്റങ്ങളില്‍ നിന്ന് അവക്ക് സുരക്ഷിതമാകാന്‍ കഴിഞ്ഞിട്ടില്ല. അമൂല്യമായ ഈ ഇസ്‌ലാമിക പൈതൃകത്തോട് ഒട്ടിച്ചേര്‍ന്ന തിരുകിക്കയറ്റലുകളിലും കൈകടത്തലുകളിലും നിന്ന് അവയെ ശുദ്ധീകരിച്ചെടുക്കാന്‍ ആത്മാര്‍ഥരായ സത്യവിശ്വാസികളുടെ സംഘടിത ശ്രമങ്ങള്‍ തന്നെ ഇക്കാലഘട്ടത്തില്‍ അനിവാര്യമായിരിക്കുകയാണ്.
ഇനി സങ്കല്‍പത്തിനു വേണ്ടി പറയുക, കുറ്റമറ്റ നിവേദകശൃംഖലയിലൂടെ ഏതെങ്കിലും സ്വൂഫിയില്‍ നിന്ന് പുണ്യശരീഅത്തിന്റെ പരിധികള്‍ ലംഘിച്ചുള്ള എന്തെങ്കിലും പ്രസ്താവം വെളിപ്പെട്ടു എന്നുവെക്കുക. അവിടെ നമുക്ക് പറയാനുള്ളത് ഇതാണ്: കിതാബും സുന്നത്തും മറുകെ പിടിക്കണം എന്ന കാഴ്ചപ്പാടുള്ള ഒരു സംഘത്തിനെതിരായി, അത് മുദ്രാവാക്യമായി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു വിഭാഗം ആത്മാര്‍ഥമനസ്‌കര്‍ക്ക് പ്രതികൂലമായി ഒരു വ്യക്തിയുടെ പ്രസ്താവം തെളിവായി അംഗീകരിക്കപ്പെടുകയില്ല. എത്രവരെ എന്നാല്‍ ഇക്കാര്യത്തിലുള്ള കാര്‍ക്കശ്യം മൂലം അവര്‍ പറയാറുള്ളത് ഇതാണ്: സ്വൂഫിയായ ഒരു വ്യക്തിയുടെ ഒന്നാം ഉപാധി, പരിശുദ്ധ ശരീഅത്തിന്റെ പരിധിക്കകം അവന്‍ നിലകൊളളണം എന്നതാണ്; ഒരു രോമത്തിന്റെയത്ര പോലും അതില്‍ നിന്നവന്‍ വ്യതിചലിച്ചുകൂടാ. ഇനി ഈ ശര്‍ഥ് അവന്‍ ചാടിക്കടക്കുകയും എന്നിട്ട് സ്വന്തത്തെപ്പറ്റി സ്വൂഫി എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുവെങ്കില്‍ തന്നിലില്ലാത്ത ഒരു ഗുണം അവന്‍ വ്യാജമായിപ്പറയുകയും താനര്‍ഹിക്കാത്ത ഒരു യോഗ്യതക്ക് അവകാശവാദമുന്നയിക്കുകയും ചെയ്യുന്നു എന്നു മാത്രം.
ഇന്നത്തെ പശ്ചാത്തലത്തില്‍, സ്വൂഫികളും ആത്മജ്ഞാനികളുമായ മഹാന്മാരുടെ പേരില്‍ മെനഞ്ഞുണ്ടാക്കപ്പെട്ട ദുരാരോപണങ്ങള്‍ക്കും കൈതവഭാഷ്യങ്ങള്‍ക്കും മറുപടി പറയുകയോ അവയെപ്പറ്റി ചര്‍ച്ചകളില്‍ വ്യാപൃതമാവുകയോ ചെയ്യുക എന്നത് അമൂല്യമായ നമ്മുടെ സമയം പാഴാക്കിക്കളയലാണ്. അത്തരം വ്യാജാരോപണങ്ങളെക്കുറിച്ചെല്ലാം ദൃഢവിജ്ഞാനികളായ സ്വൂഫികള്‍ക്കും സൂക്ഷ്മജ്ഞരായ പണ്ഡിതപടുക്കള്‍ക്കും നന്നായറിയാം. നാമിവിടെ മനസ്സിലാക്കേണ്ട കാര്യം ഇതാണ്: തസ്വവ്വുഫ് എന്നുവെച്ചാല്‍ ഗ്രന്ഥങ്ങള്‍ വായിച്ചോ നോട്ടുപുസ്തകങ്ങള്‍ കണ്ണോടിച്ചോ നേടിയെടുക്കാവുന്ന ഒരു വിജ്ഞാനമല്ല. പ്രത്യുത, അത് വിശ്വാസവും സല്‍സ്വഭാവകാര്യങ്ങളുമാണ്, ആത്മജ്ഞാനങ്ങളും ആസ്വാദനങ്ങളുമാണ്. സ്വൂഫികളുമായുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ അത് നേടാനാകൂ. അവരാകട്ടെ, നബിതിരുമേനി(സ്വ)യുടെ ചര്യ പിന്‍പറ്റി മാര്‍ഗദര്‍ശനം നേടിയവരും ആ തിരുസവിധത്തിങ്കല്‍ നിന്നുതന്നെ വിജ്ഞാനവും കര്‍മവും സ്വഭാവങ്ങളും ആത്മജ്ഞാനവും കൈവരിച്ചവരുമാണ്. ചുരുക്കത്തില്‍, ഗുരുവിന്റെ നെഞ്ചകത്തു നിന്ന് ശിഷ്യന്റെ നെഞ്ചകത്തേക്ക് സഞ്ചരിക്കുന്ന, ശൈഖിന്റെ ഹൃദയത്തില്‍ നിന്ന് മുരീദിന്റെ ഹൃദയത്തിലേക്ക് സഞ്ചലിക്കുന്ന വിജ്ഞാനമത്രേ തസ്വവ്വുഫ്.
നിക്ഷിപ്ത താല്‍പര്യക്കാരായ ചിലരെ നമുക്ക് കാണാം. സ്വൂഫികളായ മഹാന്മാരുടെ ചില ഗ്രന്ഥങ്ങള്‍ പഠിച്ച് പരിശോധിച്ച് അതിലുള്ള കൈകടത്തലുകളും വക്രീകരണങ്ങളും ഭേദഗതികളും കണ്ടുപിടിച്ച് അവ അടിയുറച്ച സത്യങ്ങളായി ഇവര്‍ മനസ്സിലാക്കുന്നു. പുണ്യവാന്മാരായ സ്വൂഫീസാരഥികളുടെ മേലുള്ള ഗുരുതരമായ കൈയേറ്റങ്ങളിലും രൂക്ഷമായ ആക്രമണ നടപടികളിലും മേല്‍പറഞ്ഞ കാര്യങ്ങളിലാണവര്‍ ഊന്നല്‍ നല്‍കുക.
എന്നാല്‍ ഇക്കൂട്ടര്‍ക്ക് ഒന്നു മാറിച്ചിന്തിച്ചുകൂടേ? തസ്വവ്വുഫിന്റെ വക്താക്കള്‍ തങ്ങളുടെ മുഴുവന്‍ ഗ്രന്ഥങ്ങളിലും പരസ്യമായിപ്പറയുന്ന അടിസ്ഥാനപ്രമാണങ്ങളും മൗലിക സിദ്ധാന്തങ്ങളും ഇവര്‍ക്കെന്താ ഒന്ന് വായിച്ചുകൂടേ? പവിത്ര ശരീഅത്ത് അവര്‍ മുറുകെ പിടിക്കുന്നുണ്ട്, വിശുദ്ധ ഖുര്‍ആനും തിരുമേനി(സ്വ)യുടെ സുന്നത്തും ബലമായി സ്വീകരിക്കുന്നുണ്ട്, ഇസ്‌ലാമിക മദ്ഹബുകളില്‍ അംഗീകൃതമായവയുടെ പരിധിയില്‍ നിലകൊള്ളുന്നുണ്ട്, അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ വിശ്വാസസംഹിത (അഖീദ) അവര്‍ വാരിപ്പുണരുന്നുണ്ട്…-ഇത്തരം വിഷയങ്ങളൊക്കെ ഹഖീഖത്തും ശരീഅത്തും എന്ന മുന്‍അധ്യായത്തില്‍(1) നാം വിവരിച്ചിരുന്നു-ഈ നിലക്ക് ചിന്തിക്കുകയാണെങ്കില്‍ ഒരു കാര്യമവര്‍ക്ക് പൂര്‍ണ ബോധ്യമാകും: മേല്‍പറഞ്ഞ സ്പഷ്ടമായ രീതികള്‍ക്കും വ്യക്തമായ അടിസ്ഥാന സിദ്ധാന്തങ്ങള്‍ക്കും വിപരീതമായി അവരുടെ ഗ്രന്ഥങ്ങളില്‍ കാണുന്ന വിഷയങ്ങള്‍ ഒന്നുകില്‍ വ്യാഖ്യാനത്തിന് വിധേയമായിരിക്കും, അഥവാ വ്യാജമായി കടത്തിക്കൂട്ടപ്പെട്ടതായിരിക്കും.
Leave A Comment