വിദ്യാഭ്യാസ രീതികള്‍ പരിഷ്‌കരണം തേടുന്നു
അറിവ് ഇസ്‌ലാമിന്റെ ജീവനാഡിയാണ്. അതു മനുഷ്യന്റെ സര്‍വ വിധ സംസ്‌കാരത്തിനുമുള്ളതാണ്. അറിവുള്ളവനേ ഇരു വീട്ടിലും വിജയിക്കൂ. ഒരു മുസ്‌ലിമിനെ സമ്പന്ധിച്ചിടത്തോളം അവന് അത്യാവശ്യമായതാണ് മതവിദ്യാഭ്യാസം. കേരള മുസ്‌ലിങ്ങളുടെ സ്പന്ദനങ്ങള്‍ കാലേക്കൂട്ടി അറിഞ്ഞ മഹാപണ്ഡിതരുടെ മഹനീയ ആശീര്‍വാദത്തോടെയും കര്‍മനിരതയോടെയും തുടങ്ങിയതാണ് കേരളത്തിലെ മതവിദ്യാഭ്യാസ പ്രസ്ഥാനം. ഓത്തുപള്ളിമുതല്‍ അവ ഇന്നു കാണുന്ന മദ്‌റസാ രീതി വരെ എത്തിയിട്ടുണ്ട്. പക്ഷേ, കാലത്തിന്റെ മാറ്റങ്ങളനുസരിച്ച് നമ്മുടെ നിലവിലെ മദ്‌റസാ സംവിധാനം പരിഷ്‌കരണങ്ങള്‍ തേടുന്നുണ്ടെന്നത് ഒരു നഗ്നമായ യാഥാര്‍ത്ഥ്യമാണ്. മതവിദ്യാഭ്യാസം ഇളം മനസ്സുകളില്‍ വളരെ ചെറുപ്പത്തില്‍ നല്‍കപ്പെടേണ്ടതുണ്ട്. കുരുന്ന് ഹൃദയങ്ങള്‍ കളങ്കമേല്‍ക്കാത്ത സ്ഫടികതുല്യമാണ്. അവര്‍ക്ക് പകര്‍ന്നു കൊടുക്കുന്ന ഓരോ അറിവും ചിന്തയും അവരുടെ ഭാവി ജീവിതം ചിട്ടപ്പെടുത്തുന്നതില്‍ ശക്തമായി സ്വാധീനം ചെലുത്തുന്നുവെന്നത് തീര്‍ച്ച. അവന്റെ മനസ്സാക്ഷിയെ സംവിധാനിക്കുന്നതില്‍ പോലും ശക്തമായ ഇടപെടലുകള്‍ നടത്തും. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് തദടിസ്ഥാനത്തില്‍ ആവശ്യവും ഉചിതവുമായ പാഠ്യരീതികളിലൂടെ കേരളത്തില്‍ ഇന്ന് കാണുന്ന രീതിയില്‍ മതപരിസരം രൂപപ്പെട്ടത്. ഓത്തുപള്ളികള്‍ രൂപാന്തരപ്പെട്ടാണ് മദ്‌റസകള്‍ സ്ഥാപിതമാകുന്നത്. 20ാം നൂറ്റാണ്ടിന്റെ പാതി വരെയാണ് ഓത്തുപള്ളികളുടെ കാലം. അവിടന്നങ്ങോട്ട് സ്വാഭാവികമായ ഗതിമാറ്റങ്ങള്‍ക്ക് വിധേയമാവുകയും വിദ്യാഭ്യാസ പ്രസരണങ്ങളില്‍ സജ്ജീവമായി പങ്കാളിത്തമുണ്ടാവുകയും ചെയ്തു.
' പാഠ്യക്രമീകരണം
അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഉതകുന്ന പ്രായം ഓരോ കുട്ടിയും എത്തുമ്പോഴാണ് അവന്‍ മദ്‌റസയില്‍ ചേരുന്നത്. അഞ്ചോ ആറോ വയസ്സാവുന്ന സമയത്താണിത്. അക്ഷരങ്ങള്‍ സ്ഫുടമായി ഉച്ചരിക്കാന്‍ പാകത്തില്‍ വിദ്യാര്‍ത്ഥികളുടെ നാവിനെ വഴക്കിയെടുക്കുന്നതിലൂടെ ഇഖ്‌റഇന്റെ വചനങ്ങള്‍ കുട്ടിയെ ഓതിക്കേള്‍പ്പിക്കുന്നു. പള്ളിദര്‍സുകളില്‍നിന്ന ്‌വേറിട്ട് പഠനത്തിന് ആവശ്യമായ പ്രത്യേക കെട്ടിടവും ഒരുപാട് അധ്യാപകര്‍, ബഞ്ച്, ഡസ്‌ക്ക്, ചോക്ക്, ബോര്‍ഡ് എന്നിവയും പുതിയ പിരിയഡുകള്‍, സിലബസ് എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകതകള്‍. ഒരു മുസ്‌ലിം തന്റെ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കര്‍മശാസ്ത്ര വിശ്വാസ നിയമങ്ങളും ഖുര്‍ആന്‍ പാരായണ പരിശീലനവുമാണ് മദ്‌റസാ സിലബസുകളുടെ കാതല്‍. നിലവില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ളത് ഒന്നു മുതല്‍ 12 വര്‍ഷത്തെ പാഠ്യപദ്ധതിയാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ഈ കാലയളവില്‍ മേല്‍പറഞ്ഞ വിദ്യാഭ്യാസത്തിനു പുറമെ സ്വഭാവ ശുദ്ധീകരണത്തിന് അഖ്‌ലാഖ്, ഇസ്‌ലാമിക ചരിത്രത്തില്‍ ചെറിയ രീതിയിലൂടെ അവബോധം നല്‍കാന്‍ താരീഖ്, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ക്ക് തജ്‌വീദ്, പിന്നെ അറബി ഭാഷയിലുള്ള ലിസാനുല്‍ ഖുര്‍ആന്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത-ഒന്നു മുതല്‍ ഏഴ് കൂടിയ ക്ലാസ്സുകളില്‍ അറബി മലയാളത്തിലും പിന്നീടങ്ങോട്ട് അറബിയിലും.
മദ്‌റസകളുടെ സാമൂഹിക സ്വാധീനം
ഇസ്‌ലാം മതത്തിന്റെ അനുയായികള്‍ക്കുള്ള മതത്തോടുള്ള സ്പിരിറ്റ് മറ്റാര്‍ക്കും ഏതു മതസ്ഥരായാലും ഇല്ലെന്നുള്ള കാര്യം തീര്‍ച്ചയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ മദ്‌റസാ രീതി. തൊപ്പിയും മുഖമക്കനയും ധരിച്ച് കൈയില്‍ പുസ്തകവുമായി നടന്നുനീങ്ങുന്ന പിഞ്ചുകുട്ടികള്‍ മുസ്‌ലിങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ നിത്യപ്രഭാത കാഴ്ചകളായി മാറിയത് മദ്‌റസകളുടെ സാമൂഹിക സ്വാധീനം മനസ്സിലാക്കാന്‍ പറ്റുന്നതാണ്. 15 ലക്ഷത്തോളം വരുന്ന കുരുന്നുകളാണ് വിവിധ സംഘനകള്‍ക്കു കീഴിലുള്ള മദ്‌റസകളില്‍ പഠിക്കുന്നത്. ഓരോ വര്‍ഷവും ഒന്നര ലക്ഷം പുതിയ വിദ്യാര്‍ത്ഥികള്‍ മദ്‌റസയില്‍ ചേരുകയും ചെയ്യുന്നു. ഓരോ വര്‍ഷവും ശവ്വാലിലുണ്ടാകുന്ന മദ്‌റസാ പ്രവേശനം വളരെ വലിയ ആഘോഷമായിട്ടാണ് ഇന്ന് മുസ്‌ലിം രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും കൊണ്ടാടുന്നത്. മദ്‌റസകള്‍ സൃഷ്ടിച്ച സാമൂഹിക സ്വാധീനത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് നബിദിനാഘോഷങ്ങളുടെ ജനറലൈസേഷന്‍. കേരളത്തിലെ പതിനയ്യായിരത്തോളം വരുന്ന മദ്‌റസകളില്‍ (ജമാഅത്ത് - മുജാഹിദ് പ്രസ്ഥാനങ്ങളൊഴിച്ച്) മഹാഭൂരിപക്ഷത്തെയും കേന്ദ്രീകരിച്ച് എല്ലാ റബീഉല്‍ അവ്വല്‍ മാസത്തിലും നബിദിനാഘോഷം സംഘടിപ്പിക്കപ്പെടുന്നു. ഇതര സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം സ്ഥാപിക്കാന്‍ ഇതിനു സാധിച്ചിട്ടുണ്ട്.
പരിഷ്‌കരണത്തിന്റെ ആവശ്യകത
മേല്‍പറഞ്ഞ രീതിയില്‍, 1950 മുതല്‍ വിപ്ലവാത്മക രീതിയിലാണ് നമ്മുടെ മദ്‌റസാ വിദ്യാഭ്യാസ രംഗം കേരളീത്തില്‍ എല്ലാവിധ കാലിക സമസ്യകളെയും അതിജയിച്ച് മുന്നേറിയത്. പക്ഷേ, 21ാം നൂറ്റാണ്ടിന്റെ ഈ ദശാസന്ധിയിലും ഇപ്പോഴുള്ള രീതിശാസ്ത്രം പരിഷ്‌കരിക്കേണ്ടതിനെ കുറിച്ചുള്ള ആലോചന തേടുന്നുണ്ടെന്നത് അവിതര്‍ക്കിതമാണ്. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായ രീതിയില്‍, യുവതലമുറയെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിയണം. എന്നാല്‍ മാത്രമേ മദ്‌റസാ സംവിധാനം വേണ്ട വിധം ഉപയോഗിക്കപ്പെടുകയുള്ളൂ. അടുത്തിടെ കേരളത്തില്‍ വ്യാപകമായ, ഭൗതിക ലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള ഇംഗ്ലീഷ് മീഡിയങ്ങളുടെ സ്വാധീനം തെല്ലൊന്നുമല്ല മദ്‌റസാ വിദ്യാഭ്യാസ രീതിയെ തളര്‍ത്തിയത്. തങ്ങളും മദ്‌റസാ വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് അവരും തുടങ്ങി സ്വന്തമായൊരു രീതിശാസ്ത്രം. മതവിജ്ഞാനത്തിന് സിലബസോ കരിക്കുലമോ പിന്തുടരാത്ത ഈ ഇംഗ്ലീഷ് മീഡിയങ്ങള്‍ കനത്ത തരിച്ചടിയാണു സമ്മാനിച്ചത്. അവിടെയും മതവിദ്യാഭ്യാസം നല്‍കപ്പെടുന്നുണ്ടെന്ന് വിചാരിച്ച് ചില രക്ഷിതാക്കള്‍ കുട്ടികളെ ചേര്‍ക്കുന്നു. അവിടെ ഏതു രീതിയിലുള്ള മതവിദ്യാഭ്യാസമാണ് നല്‍കപ്പെടുന്നത് എന്ന് അവര്‍ അറിയുന്നില്ല. അതെല്ലാം വെറും പേരിനു മാത്രമായിതനാല്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ പോലും അറിയുന്നില്ല. പത്തു വയസ്സായിട്ടും നിസ്‌കരിക്കേണ്ടത് എങ്ങനെയെന്നോ ശരിക്ക് ഖുര്‍ആന്‍ പാരായണം ചെയ്യാനോ അറിയാത്ത അവസ്ഥ. അനുഭവങ്ങള്‍ ഒട്ടേറെയുണ്ട്. ഇത്തരം ഇംഗ്ലീഷ് മീഡിയങ്ങളില്‍ പഠിക്കുന്നവരോട് ചോദിച്ചാല്‍ മനസ്സിലാകും കാര്യത്തിന്റെ കിടപ്പ്. 1967 ഫെബ്രുവരി 27നു കേരള വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 10:30നാണ് സ്‌കൂളുകള്‍ തുടങ്ങേണ്ടത്. ഏകദേശം അതു വരെയുള്ള രണ്ടര മണിക്കൂര്‍ മദ്‌റസാ വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കപ്പെട്ടതാണ്. ഇന്ന് നമ്മുടെ എത്ര മദ്‌റസകളില്‍ രണ്ട് മണിക്കൂര്‍ പഠനം നടക്കുന്നുണ്ട്? വിദ്യാര്‍ത്ഥികളുടെ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ നമ്മുടെ മതവിദ്യാഭ്യാസം അതിന് അടിയറവെക്കേണ്ട അവസ്ഥയാണ് ഇവിടെ സംജാതമാകുന്നത്. കേവല ഭൗതിക താല്‍പര്യങ്ങള്‍ക്കു മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കേണ്ടതാണോ നമ്മുടെ ഉലമാക്കള്‍ നമുക്ക് വരച്ചു കാണിച്ച മതവിദ്യാഭ്യാസ രീതി. 25-35 വിദ്യാര്‍ത്ഥികളുമായി തുടങ്ങുന്ന മിക്ക മദ്‌റസകളും അഞ്ചു വര്‍ഷം യഥാവിധി തുടരുന്നു. അഞ്ചാം ക്ലാസിലെ പൊതുപരീക്ഷയ്ക്ക് ശേഷം വര്‍ധിച്ച തോതില്‍ ഒഴിഞ്ഞുപോക്ക് ആരംഭിക്കുന്നു. ഏഴാം ക്ലാസ് എത്തുമ്പോഴേക്കും മദ്‌റസ ആരംഭിച്ചതിന്റെ 30-40 ശതമാനം വിദ്യാര്‍ത്ഥികളും കൊഴിഞ്ഞുപോയിട്ടുണ്ടാകും. ഏഴാം ക്ലാസിനു ശേഷം തുടര്‍പഠനം പോലുമില്ലാത്ത മദ്‌റസകള്‍ മലപ്പുറം ജില്ലയില്‍ പോലും നിരവധിയാണ്. കാരണം, വിദ്യാര്‍ത്ഥികളില്ല. അവിടന്നങ്ങോട്ടുള്ള കഥ പറയുകയും വേണ്ട. ഇതാണ് നമ്മുടെ അവസ്ഥ. പിന്നെവിടുന്നാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍ പ്രാഥമിക മതവിദ്യാഭ്യാസമെങ്കിലും നേടുന്നത്.
ഇവിടെയാണു നാം കൂലങ്കശമായി ചിന്തിക്കേണ്ടത്. എന്താണ് ഈ കൊഴിഞ്ഞു പോക്കിന്റെ കാരണമെന്തെന്ന് നാം എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ. മദ്‌റസകള്‍ സമുദായത്തില്‍ നിര്‍വഹിക്കേണ്ട ഏറ്റവും വലിയ ദൗത്യമാണ് ഒരു സാംസ്‌കാരിക കേന്ദ്രമാവുക എന്നുള്ളത്. ഇനിയും നമുക്ക് ഉണരാനായില്ലേ... ഇതും നമ്മള്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണോ? പ്രാഥമിക മത വിദ്യാഭ്യാസ സംവിധാനം താറുമാറാകുമ്പോള്‍ അറബിക് കോളേജുകളെയും മതഭൗതിക സമന്വയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങളെയും കൊണ്ട് എന്താണര്‍ത്ഥമുള്ളത്? ചുരുക്കത്തില്‍, സമൂഹത്തിന്റെ ഭൗതിക വിദ്യാഭ്യാസത്തോടുള്ള ഭ്രമവും ഇംഗ്ലീഷ് മീഡിയങ്ങളുടെ തള്ളിക്കയറ്റവും മദ്‌റസാ വിദ്യാഭ്യാസ നടത്തിപ്പു കമ്മിറ്റികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പരാധീനതയും തുടങ്ങി പ്രാഥമിക മതവിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ മദ്‌റസകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ അനവധിയാണ്. ഇളം മനസ്സുകളില്‍ തൗഹീദിന്റെയും മറ്റും പേര് പറഞ്ഞുകൊണ്ട് ജുമ-മുജ പ്രസ്ഥാനങ്ങള്‍ പുതിയ നൂതന സംരംഭങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. അതും നമുക്ക് വിസ്മരിക്കാന്‍ സാധിക്കില്ല. കാലം തേടുന്നതിനനുസരിച്ചുള്ള അധ്യാപക സമൂഹത്തെ നമുക്ക് മദ്‌റസകളില്‍ സംവിധാനിക്കാന്‍ കഴിയുന്നില്ലെന്നാണ് മറ്റൊരു പ്രശ്‌നം. ഏറെ സ്ഥലങ്ങളിലും കാലികമായി യാതൊരു പരിജ്ഞാനവുമില്ലാത്ത അധ്യാപകരാണ് ജനിക്കുമ്പോഴേ കമ്പ്യൂട്ടറും സ്മാര്‍ട്ട് ഫോണുകളും തലങ്ങും വിലങ്ങും കണ്ട് വളര്‍ന്ന വിദ്യാര്‍ത്ഥികളെ അഭിമുഖീകരിക്കുന്നത്. രാവിലെ പത്തു മണി വരെ മാത്രം അധ്യാപനം നടക്കുന്ന മദ്‌റസകള്‍ പിന്നീട് ആളൊച്ചയില്ലാത്ത കേന്ദ്രങ്ങളായി മാറുന്നു. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസ കെട്ടിടങ്ങള്‍ ദിവസത്തില്‍ ഭൂരിപക്ഷ സമയവും ഉപയോഗശൂന്യമായിക്കിടക്കുന്നു എന്നര്‍ത്ഥം. ഈ അവസ്ഥ ഇനിയും തുടരുന്നത് സമൂഹത്തോട് നാം ചെയ്യുന്ന ഏറ്റവും വലിയ പാപമാണെന്നതില്‍ സംശയമില്ല. നമ്മുടെ ഇളം കുരുന്നുകളുടെ സ്ഫടിക ഹൃദയത്തിലേക്ക് അറിവിന്റെ ആദ്യാക്ഷരം പഠിപ്പിക്കുന്നയാള്‍ എത്ര നിലവാരമുള്ളവനാകണമെന്നും അദ്ദേഹത്തിന് സമൂഹത്തിലുള്ള വിലയെയും കുറിച്ച് നാം ചിന്തിച്ചിട്ടുണ്ടോ? ബാഫഖി തങ്ങളും ശംസുല്‍ ഉലമയും സ്വപ്നം കണ്ട മുസ്‌ലിം കേരളമാണോ ഇന്ന് നാം മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്നത്. മതവിദ്യാഭ്യാസം തകരുന്ന പരാതിയെ പ്രതിരോധിക്കാന്‍ മാനേജ്‌മെന്റുകള്‍ കണ്ടെത്തിയ ഒരു ഉപാതിയാണ് ഇംഗ്ലീഷ് മീഡിയത്തില്‍ മതവിദ്യ കൂടി നല്‍കുക എന്നുള്ളത്. ഈ തീരുമാനം ആത്മാര്‍ത്ഥമാണെങ്കില്‍ അംഗീകരിക്കാതെ വയ്യ. പക്ഷേ, പലയിടത്തും ഇതൊരു പുക മാത്രമാണ്. ഇങ്ങനെ ഒരു പ്രതീതി കിട്ടാനായി യൂനിഫോമില്‍ തൊപ്പിയിട്ടതു കൊണ്ടായില്ല. പത്തും പതിനഞ്ചും വയസ്സായിട്ടും പ്രാഥമിക ആരാധനാ കര്‍മങ്ങള്‍ പഠിക്കാന്‍ പോലും അവസരം ലഭിക്കുന്നില്ല എന്നുള്ളത് നമ്മുടെ അനുജ സഹോദരന്മാരുടെ ജീവിതചുറ്റുപാടില്‍നിന്നു വ്യക്തം. സമസ്ത ഇംഗ്ലീഷ് മീഡിയങ്ങള്‍ക്കായി ആവിഷ്‌കരിച്ച സിലബസ് പ്രകാരം 180 അധ്യയന ദിവസങ്ങളാണ് നിശ്ചയിക്കുന്നത്. പക്ഷേ, അവകള്‍ കൃത്യമായി നടത്തപ്പെടുന്നില്ല എന്നതാണ് വസ്തുത. മേല്‍പറഞ്ഞ കാര്യങ്ങളില്‍നിന്നെല്ലാം നമുക്ക് വ്യക്തമാകുന്നത് നിലവിലുള്ള നമ്മുടെ മതവിദ്യാഭ്യാസ സംവിധാനം നിര്‍ബന്ധമായും കാലോചിത പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നമ്മുടെ വരും തലമുറ ഒരു മതവിദ്യാഭ്യാസ നിരക്ഷരര്‍ ആയി മാറുന്നത് നാം ഭയക്കണം.
പരിഷ്‌കരണത്തിന്റെ രീതിശാസ്ത്രം
ഇന്നു നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം മേല്‍പറഞ്ഞ ഇംഗ്ലീഷ് മീഡിയങ്ങളുടെ കടന്നുകയറ്റമാണെന്ന് പറഞ്ഞുവല്ലോ. ഇതിനൊരു പ്രതിവിധി സമസ്ത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ മതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നല്‍കുന്ന ഇംഗ്ലീഷ് മീഡിയങ്ങളാണ്. ഞാന്‍ പറഞ്ഞു വരുന്നത് ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ ഇംഗ്ലീഷ് മീഡിയങ്ങള്‍ തുടങ്ങണമെന്നല്ല. മറിച്ച്, മദ്‌റസകള്‍ കേന്ദ്രീകരിച്ചുള്ള ഇംഗ്ലീഷ് മീഡിയം നഴ്‌സറികളാണ് നാം ലക്ഷ്യം വയ്‌ക്കേണ്ടത്. മഹല്ലുകള്‍ക്ക് സ്വയംപര്യാപ്തത നേടാനും വിദ്യാര്‍ത്ഥികളെ മതവിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവരാനും നമുക്ക് സാധിക്കും. മദ്‌റസാ സിലബസും നിരവധി മാറ്റങ്ങള്‍ നടത്തപ്പെടേണ്ടതുണ്ട്. അടിസ്ഥാനപരമായ അറിവുകള്‍ പരീക്ഷണ സംഗതിയായി കാണരുത്. ചെറിയ കുട്ടികള്‍ക്ക് ചിത്രങ്ങളും വരകളും അധികമൊന്നും വേണ്ട. അറബി പഠിക്കാനായി വിദ്യാര്‍ത്ഥികള്‍ ഇപ്പോഴുള്ള ലിസാനുല്‍ ഖുര്‍ആനു പകരം നിര്‍ബന്ധമായും ഒരു പുസ്തകം രൂപകല്‍പന ചെയ്യേണ്ടതുണ്ട്. അറബിയിലോ അല്ലെങ്കില്‍ അറബി മലയാളം-മലയാളം സമ്മിശ്രമായിട്ടോ ആണ് നല്‍കേണ്ടത്. പുസ്തകങ്ങള്‍ ഉണ്ടായാല്‍ മാത്രം പോരാ അവ സിസ്റ്റമാറ്റിക്കായി പഠിപ്പിക്കാനും അധ്യാപകര്‍ മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. ഇപ്പോള്‍ തുടരുന്ന രീതിയില്‍നിന്നു മാറി ക്ലാസ്സടിസ്ഥാനത്തില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതകള്‍ നിശ്ചയിക്കേണ്ടതുണ്ട്. ശരാശരിക്ക് താഴെയുള്ള അധ്യാപകരെ മേഖലയില്‍ തുടരാനനുവദിക്കരുത്. ഒരുപക്ഷേ, അധ്യാപകക്ഷാമം വര്‍ധിക്കുമെങ്കിലും ചേരാത്ത പണിയെന്ന് കരുതി നേരത്തേ മാറിനിന്ന യോഗ്യര്‍ മടങ്ങിവരാന്‍ ഇത്തരം നീക്കങ്ങള്‍ പിന്നീട് പ്രേരകമാവും. മദ്‌റസയില്‍ വച്ചു തന്നെ കരിയര്‍ കോച്ചിംഗുകളും മറ്റു ക്ലാസ്സുകളും നടത്താന്‍ പ്രാപ്തരായ മതപണ്ഡിതന്മാരെ മഹല്ലിന്റെ വിദ്യാഭ്യാസ ചുമതല ഏല്‍പ്പിക്കുകയെങ്കിലും ചെയ്താല്‍ അതു തികച്ചും ഗുണഫലങ്ങള്‍ കൊണ്ട് വരും. ചുരുങ്ങിയത് ഓരോ മഹല്ലിലുമുള്ള വിദ്യാഭ്യാസ രീതികളെ നിയന്ത്രിക്കാന്‍ പ്രാപ്തനായ ഒരു പണ്ഡിതനെ നിശ്ചയിക്കണം. ഇതിന് സമൂഹം മുന്നോട്ടു വരണം. കേരളീയ മക്കള്‍ക്ക് അറബി ഭാഷ ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ ഇസ്‌ലാമിലെ അടിസ്ഥാന കര്‍മങ്ങള്‍ വരെ ചെയ്യാന്‍ അവര്‍ അന്യരാകും. അതുപോലെത്തന്നെ ലോക മുസ്‌ലിങ്ങളുടെ രണ്ടാം ഭാഷയും ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പ്രധാന ഭാഷയുമായ ഉറുദു നമുക്ക് പഠിപ്പിക്കേണ്ടതുണ്ട്. അന്യസംസ്ഥാനങ്ങളിലും ഗള്‍ഫിലും ചെന്നാല്‍ നാം മലയാളികള്‍ ഇളിഭ്യരാകുന്ന അവസ്ഥയും ഇല്ലാതില്ല. അതുകൊണ്ട് നിര്‍ബന്ധമായും ഉറുദു ഭാഷ മദ്‌റസാ സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതുപോലെത്തന്നെ, ഖുര്‍ആന്‍ പാരായണ പരിശീലനത്തിനും അമിത പ്രാധാന്യം നല്‍കണം. സ്വഭാവ സംസ്‌കരണവും വിശ്വാസ ശാസ്ത്രവും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനസ്സുകളില്‍ ഖുര്‍ആന്‍ തറയാകുമെന്നത് തീര്‍ച്ച. വ്യത്യസ്ത തരത്തിലുള്ള ഓത്തുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍പ്പിച്ചുകൊടുക്കുന്നത് നല്ലതാകും. ഇതിനായി പ്രത്യേകം സംവിധാനങ്ങള്‍ വിദ്യാഭ്യാസ ബോര്‍ഡ് ആവിഷ്‌കരിക്കേണ്ടതുണ്ട്. താരീഖിലും മറ്റും പഠിപ്പിക്കുന്ന വിഷയങ്ങള്‍ സി.ഡികളിലാക്കി ദൃശ്യാവിഷ്‌കാരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതുണ്ട്. സമസ്തയെക്കുറിച്ച് പ്രത്യേകം തന്നെ ചാപ്റ്ററുകള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. മദ്‌റസകളിലേക്കുള്ള വഴിയില്‍ വലിയ താല്‍പര്യത്തോടെ കുരുന്നുകള്‍ കാലെടുത്തുവയ്ക്കും വിധം മദ്‌റസകളുടെ മനശ്ശാസ്ത്രം മാറ്റിയെടുക്കണം. മദ്‌റസ വിട്ട് വീട്ടിലെത്തിയ ശേഷമാണ് അധിക കുട്ടികളും കുളിക്കുന്നതും പല്ല് തേക്കുന്നതും നല്ല വസ്ത്രം ധരിക്കുന്നത് പോലും. ഖുര്‍ആനോതുമ്പോള്‍ വായ നാറുന്ന കുട്ടി കേരളാ പഠാവലി പഠിക്കുന്നത് ലക്‌സ് സോപ്പിലും ആക്‌സ് ബോഡീ സ്‌പ്രേയിലുമാണ്. ഇവരെയാണ് ശുദ്ധി ഈമാന്റെ പകുതിയാണെന്നു പഠിപ്പിക്കുന്നത്. ഈ വിഷയത്തില്‍ രക്ഷിതാക്കള്‍ക്കും അലംഭാവം തന്നെ.
മദ്‌റസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കും വിധം പ്രാക്ടിക്കല്‍ ക്ലാസുകള്‍ നല്‍കപ്പെടേണ്ടതുണ്ട്. വുളൂ എന്നു പറഞ്ഞാല്‍ നിയ്യത്ത് വച്ച് കൈയ്യും മുഖവും മറ്റ് അവയവങ്ങളും കഴുകലാണെന്നു പറഞ്ഞ് പഠിപ്പിക്കുന്നതിനെക്കാള്‍ ഉചിതം വുളൂ എടുത്ത് കാണിച്ചു കൊടുക്കലാണ്. നിസ്‌കാരത്തിന്റെ കാര്യവും തഥൈവ. ഇവ കാരണമായിട്ട് വിദ്യാര്‍ത്ഥികളില്‍ മതകീയ ചുറ്റുപാടുകള്‍ വര്‍ധിക്കുകയും അവയോട് മാനസിക അടുപ്പം ഉണ്ടാകാന്‍ ഹേതുകമാവുകയും ചെയ്യും. അതുപോലെത്തന്നെ സെക്കന്ററി മദ്‌റസകളില്‍ കംപ്യൂട്ടറുകളും സ്മാര്‍ട് ക്ലാസുകളും നിര്‍ബന്ധമാക്കേണ്ടതുണ്ട്. ഇതുമൂലം സമസ്തയുടെയും മറ്റും പ്രഭാഷണങ്ങളും ദീനീ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സാധ്യമാകുമെന്നത് തീര്‍ച്ച. കേവലം രണ്ടു മണിക്കൂര്‍ മാത്രം പഠിക്കുന്ന മദ്‌റസകള്‍ മിക്ക സമയവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവ നാം കാര്യക്ഷമമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പല മഹല്ലുകളിലും സ്ഥിരമായും അസ്ഥിരമായും നടത്തപ്പെടുന്ന സ്ത്രീ മതപഠന ക്ലാസ് സമസ്തയുടെ കീഴില്‍ സിലബസ് അടിസ്ഥാനത്തില്‍ ഏകീകരിക്കാന്‍ പറ്റും. എല്ലാ ദിവസവും വേണമെന്നില്ല, ആഴ്ചയില്‍ മൂന്നോ നാലോ ദിവസം മതി. ഈ സിലബസ് അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡിനു കീഴില്‍ പരീക്ഷയും നടത്തപ്പെടണം. ഇതിനുപുറമെ മതബോധം സ്വമേധയാ ഉണ്ടാകുന്ന വാര്‍ധക്യാരംഭ ദശയില്‍ പ്രവേശിച്ച ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഭക്തിയും ശുഭാപ്തി വിശ്വാസവും പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ ഉള്‍ക്കൊള്ളിച്ച ക്ലാസുകളും ആത്മീയ സദസ്സുകളും ദിക്ര്‍ ഹല്‍ഖകളും നടത്തപ്പെടണം. ഇതിനെല്ലാം സമസ്ത നേതൃത്വം നല്‍കണം. രാത്രികാലങ്ങളില്‍ യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഇസ്‌ലാമിക് ക്ലാസ് റൂം സംപ്രേഷണങ്ങളും എല്‍.സി.ഡി പ്രദര്‍ശനങ്ങളും നടത്തണം. ഈ വിധം സുതാര്യമായി പരിഷ്‌കരണങ്ങള്‍ നടത്തപ്പെടേണ്ടതുണ്ട്. പത്തു മണിക്ക് ശേഷമുള്ള സമയം വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകള്‍, കംപ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, മതപഠന പാഠശാലകള്‍, മറ്റു ഇതര പരിശീലന സ്ഥാപനങ്ങള്‍ എന്നിവക്കായി ഉപയോഗിക്കാവുന്നതാണ്. ഇതുമൂലം ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിന്ധികളില്‍ നിന്ന് മറി കടക്കാനാവുകയും ചെയ്യും. എല്ലാത്തിനും പുറമെ രക്ഷിതാക്കള്‍ക്ക് മദ്‌റസകളുമായുള്ള ബന്ധം ദൃഡീകരിക്കാന്‍ അവസരമാവുമാകും. മദ്‌റസകള്‍ ആസ്ഥാനമാക്കി പി.ടി.എ രൂപീകരിക്കണം. രക്ഷിതാക്കളുടെ യോഗം ഇടക്കിടെ വിളിച്ചു ചേര്‍ക്കണം. അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പര സ്‌നേഹത്തിലും സൗഹാര്‍ദ്ദത്തിലും ആകുന്നതിനോടൊപ്പം രക്ഷിതാക്കളും എല്ലാത്തിനും കൂട്ടുത്തരവാദികളാകേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കാന്‍ കൃത്യമായ പരിപാടികള്‍ ഏകീകരിച്ച് മദ്‌റസകളില്‍ പ്രത്യേക പിരിയഡുകള്‍ സംവിധാനിക്കണം. പ്രസംഗം, പാട്ട്, കഥാപ്രസംഗം, ഖുര്‍ആന്‍ പാരായണം തുടങ്ങിയവ പരിശീലിപ്പിക്കപ്പെടണം. കേവലം വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ഗലയവും കലാമേളയും മാത്രം നടത്തിയതു കൊണ്ട് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കാര്യമായ ഒരു നേട്ടമുണ്ടാവില്ലല്ലോ. മറിച്ച് എല്ലാവരെയും പങ്കെടുപ്പിക്കാന്‍ വേണ്ടി ഞായറാഴ്ചകളിലോ മറ്റോ പ്രസംഗപരിശീലന വേദി സംഘടിപ്പിക്കണം. സര്‍വോപരി മദ്‌റസാ ബോര്‍ഡിനു കീഴില്‍ നടത്തപ്പെടുന്ന പരീക്ഷകള്‍ കാര്യക്ഷമമാക്കണം. പല മദ്‌റസകളിലും വിദ്യാര്‍ത്ഥി അധ്യാപക ഐക്യം കാരണം സുഗമമായി കോപ്പിയടികള്‍ അരങ്ങേറുന്നു. ഇതിനെല്ലാം ശക്തമായ ഫോര്‍മുലകള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇങ്ങനെ ആവിഷ്‌കരിക്കുന്ന സിലബസുകള്‍ ഘട്ടം ഘട്ടമായി പരിശീലിപ്പിക്കണം.
മേല്‍പറഞ്ഞ പരിഷ്‌കരണങ്ങള്‍ക്കു നേരെ ഇനിയും കണ്ണടക്കുകയാണെങ്കില്‍ മുസ്‌ലിം സമൂഹം ആപത്തിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ ആപതിക്കുമെന്നത് തീര്‍ച്ച. ഇനിയുമിങ്ങനെ ഇരുന്നാല്‍ വലിയ നല്ല ഫലങ്ങളുണ്ടാക്കാന്‍ അവസരങ്ങള്‍ നമുക്ക് നഷ്ടമാവും. നമ്മുടെ ആദര്‍ശങ്ങള്‍ പകര്‍ന്ന് കൊടുക്കേണ്ട വിദ്യര്‍ത്ഥി സമൂഹത്തെയാണ് നാം ലക്ഷീകരിക്കേണ്ടത്. ദീനിന്റെ ബാലപാഠങ്ങള്‍ കുരുന്നു മനസ്സുകളില്‍ പകര്‍ന്നു നല്‍കുന്നതിനെക്കാള്‍ മറ്റെന്താണ് ഉചിതം. ഞായറാഴ്ചകളും ശനിയാഴ്ചകളും വെറുതെ കളയുന്നതിനു പകരം ട്യൂഷനു വേണ്ട സമയം കണ്ടെത്തേണ്ടതുണ്ട്. മേല്‍പറഞ്ഞ എല്ലാം ഒറ്റയടിക്ക് നടപ്പാക്കണമെന്നല്ല-പരീക്ഷണാടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ റൈഞ്ചില്‍ ആദ്യം നടത്തണം. പരിഷ്‌കരണങ്ങളും പരിവര്‍ത്തനങ്ങളും നാം നടത്തേണ്ടതുണ്ട്. കാലോചിത മാറ്റങ്ങള്‍ക്ക് എല്ലാം വിധേയമാക്കേണ്ടതുണ്ട്-നമ്മുടെ ആശയങ്ങള്‍ കൈവിടാതെ, ആരുടെ മുന്നിലും അസ്ഥിത്വം അടിയറ വയ്ക്കാതെ. സമീപനത്തിന്റെ തീവ്രത കൊണ്ടും കര്‍മനിരത കൊണ്ടും മാറ്റിയെടുക്കാന്‍ കഴിയാത്തതൊന്നുമില്ല. ഒരു സമൂഹത്തിന്റെ നാഡീ സ്പന്ദനം കണ്ട് വളര്‍ന്നു വരുന്നവരാണ് ഇളം തലമുറ. നമ്മുടെ ലക്ഷ്യം ഭൗതികമല്ല, സര്‍വ രക്ഷിതാവിലേക്കുള്ള മടക്കമാണ്. കാലം അതിന്റെ ഭ്രമണ പദങ്ങളില്‍ കറങ്ങുമ്പോള്‍ നമ്മുടെ ലക്ഷ്യം നാം നിര്‍ണയിക്കണം. ഈമാന്റെ ഒരംശമെങ്കിലും തട്ടിയ ഹൃദയങ്ങള്‍ സംശുദ്ധമായിരിക്കണം. വൃഥാവേലകള്‍ കൊണ്ട് കാര്യമില്ല. ഉപരിപ്ലവങ്ങള്‍ കൊണ്ടൊന്നും നേടാനാവില്ല. അനാവശ്യ വാശികളും പിടിവാശികളും നന്മയ്ക്കായി ഉപേക്ഷിക്കണം. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ലക്ഷ്യം ഒന്നായിരിക്കണം. ഒരു ഹൃദയത്തില്‍ രണ്ടു താല്‍പര്യങ്ങള്‍ക്ക് ഇടമുണ്ടാവരുത്. പതിനായിരത്തോടടുക്കുന്ന നമ്മുടെ മദ്‌റസകള്‍ സമുദായ സമുദ്ധാരണത്തിന്റെ സമഗ്ര ഭാഗങ്ങളെ പുല്‍കണം. ഇവിടെ സ്വപ്നങ്ങള്‍ക്കു ജീവന്‍ വയ്ക്കാതെ പോകരുത്. മടുപ്പ് ബാധിച്ച അന്തരങ്ങളില്‍ അവ നിര്‍ജീവമായി നില്‍ക്കാന്‍ ഇനിയും അനുവദിക്കരുത്. നമുക്ക് കഴിയണം, പൊരിവെയിലത്ത് തണലെഴുതാന്‍; വടാവൃക്ഷമായി വളരാന്‍, ഇത്തിക്കണ്ണികളെ അതിജയിക്കാന്‍, ഉയര്‍ന്ന് പൊന്തുന്ന സൂര്യനെപ്പോലെ സര്‍വര്‍ക്കും പ്രകാശം നല്‍കാന്‍. ഒരു മെഴുകുതിരി പോലെ സ്വയം കത്തിയമരാന്‍. ഭേതമാകാത്തതൊന്നുമില്ലെന്നിവിടെന്ന് തിരിച്ചറിയണം. നന്മയുടെ കിരണങ്ങള്‍ എല്ലായിടത്തും ഉയര്‍ന്നു പൊങ്ങണം. അതിനു മാറ്റത്തിന്റെ കാറ്റുകള്‍ വീശണം, ആഞ്ഞു വീശണം. പ്രപിതാക്കള്‍ കാണിച്ചുതന്ന പാതയില്‍ സ്ഞ്ചരിക്കുമ്പോള്‍ തന്നെ മുള്ളും കരടും മാറ്റേണ്ടതുണ്ട്. അപ്പോഴേ നാം നമ്മുടെ കൃത്യം നിര്‍വഹിച്ചവരാകൂ.
കെ. മുഹമ്മദ് സുലൈം കരിങ്കപ്പാറ
Leave A Comment