വിഷയം: അബോർഷന് ശേഷമുള്ള ജനാബത്ത് കുളി
ഞാൻ 5 ആഴ്ചയോളം ഗർഭിണിയാവുകയും പിന്നീടത് അലസിപ്പോവുകയും ചെയ്തു. ശേഷം ശുദ്ധിയാകുന്ന സമയം (നിർബന്ധ കുളിക്കു മുമ്പ്) ‘ആർത്തവത്തിൽ നിന്നും ശുദ്ധിയാകുന്നു’ എന്നാണോ ‘നിഫാസിൽ നിന്നും ശുദ്ധിയാകുന്നു' എന്നാണോ നിയ്യത്ത് ചെയ്യേണ്ടത്
ചോദ്യകർത്താവ്
Shehna
Nov 17, 2025
CODE :Qur15902
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
ജനാബത്ത് (വലിയ അശുദ്ധി) കുളിക്കുന്ന സമയത്ത് ഏത് അശുദ്ധി കാരണമാണ് കുളിക്കുന്നതെന്ന് (ഉദാ: ആർത്തവത്തിൽ നിന്ന് ശുദ്ധിയാകുന്നു/ നിഫാസിൽ നിന്ന് ശുദ്ധിയാകുന്നു) പ്രത്യേകം കരുതൽ നിർബന്ധമില്ല.
പ്രത്യുത, ജനാബത്തിനെ ഉയർത്തുന്നു/ ഫർള് കുളിയെ വീട്ടുന്നു/ വലിയ അശുദ്ധിയെ ഉയർത്തുന്നു തുടങ്ങിയവയെല്ലാം കരുതാവുന്നതാണ്.
ചോദ്യത്തിൽ പരാമർശിക്കപ്പെട്ട പ്രത്യേക സാഹചര്യത്തിൽ, ഗർഭഛിദ്രത്തിനു ശേഷം വന്ന രക്തം നിഫാസ് രക്തമായി മനസ്സിലാക്കാവുന്നതാണ്. കാരണം, പ്രസവിക്കപ്പെട്ടത് രക്തപിണ്ഡമോ മാംസപിണ്ഡമോ ആണെങ്കിലും ബീജത്തിൽ നിന്ന് ഉത്ഭവിച്ചതെന്ന് ഡോക്ടർമാർ ഉറപ്പിക്കുന്ന പക്ഷം, അതിനെ തുടർന്ന് വരുന്ന രക്തം നിഫാസ് രക്തമായിരിക്കും (ഹാഷിയത്തു ശർവാനി). അത്തരം സന്ദർഭങ്ങളിൽ ‘നിഫാസിനെ ഉയർത്തുന്നു’ എന്നോ ‘നിഫാസിനാൽ നിർബന്ധമായ കുളിയെ ഞാൻ വീട്ടുന്നു’ എന്നോ കരുതിയാലും ജനാബത്ത് കുളി സാധൂകരിക്കപ്പെടും.
കാര്യങ്ങൾ മനസ്സിലാക്കി ആരാധനകൾ യഥാവിധി നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ.


