വിഷയം: മുടിയിൽ കളർ (ചായം ) നൽകൽ
മുടിക്ക് കറുപ്പ് നിറം നൽകുന്നതിന്റെ ഇസ്‌ലാമിക വിധി? കറുപ്പൊഴികെ മറ്റു നിറങ്ങൾ നൽകുന്നത് അനുവദിക്കപ്പെട്ടതാണോ. സ്ത്രീകൾ മുടിക്ക് ചായം നൽകുന്നതിനു വല്ല പ്രത്യേക ഇളവുകളുമുണ്ടോ ?
ചോദ്യകർത്താവ്
khadheeja
Nov 16, 2025
CODE :Oth15898
അല്ലാഹുവിന്റെ തിരു നാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരു ദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായപ്രകാരം, നര വീണ മുടിയിലും താടിയിലും കറുപ്പ് നിറം നൽകൽ ഹറാമാണ്. അതേസമയം, മഞ്ഞ / ചുവപ്പ് മുതലായ കറുപ്പല്ലാത്ത നിറങ്ങൾ നൽകുന്നത് സുന്നത്താണെന്നും പണ്ഡിതർ വ്യക്തമാക്കിയിട്ടുണ്ട്. അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്ത ഹദീസിൽ കാണാം “നബി (സ്വ) പറയുന്നു: അവസാന നാളുകളിൽ, പ്രാവുകളുടെ നെഞ്ചിലെ കറുപ്പിന് സമാനമായ രീതിയിൽ മുടിക്ക് കറുപ്പ് നിറം നൽകുന്ന ഒരു വിഭാഗം ആളുകളുണ്ടാവും; സ്വർഗ്ഗത്തിന്റെ പരിമളം പോലും ലഭ്യമാവാത്തവരനാണവർ".
യുദ്ധ വേളയിൽ ശത്രുവിനു മുമ്പിൽ പ്രത്യക്ഷപ്പെടുന്ന സമയത്തും, ഭർത്താവിന്റെ മുന്നിൽ അണിഞ്ഞൊരുങ്ങുന്നതിന്റെ ഭാഗമായി ഭാര്യക്കും മുടി കറുപ്പിക്കാവുന്നതാണ്. ഈ ഇളവിനപ്പുറം, മറ്റുള്ള എല്ലാ സാഹചര്യങ്ങളിലും സ്ത്രീക്കും പുരുഷനുമുള്ള വിധി ഒന്നു തന്നെയാണ്. (ഫത്ഹുൽ മുഈൻ)
ഇന്ന് വ്യാപകമായി കാണുന്ന, കറുത്ത മുടിയിൽ മറ്റു കളറുകൾ നൽകുന്നതു സംബന്ധിച്ചു പ്രത്യേക വിരോധനകളൊന്നും വന്നിട്ടില്ലെങ്കിലും, കറുത്ത താടി വെളുപ്പിക്കുന്നത് കറാഹത്താണെന്ന പണ്ഡിതാഭിപ്രായത്തിൽ നിന്നും സമാന വിധി മുടിയിലും വരുമെന്ന് ഗ്രഹിച്ചെടുക്കാവുന്നതാണ്. മുടിയിലും തടിയിലും ഏത് കളർ നൽകിയാലും, അവ വുദു/ നിർബന്ധ കുളി എന്നീ സമയത് വെള്ളം ചേരുന്നതിന് തടസ്സം നിൽക്കുന്ന പദാർത്ഥങ്ങളാണെങ്കിൽ ഹറാമാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമാനമായ ചോദ്യത്തിന് മുമ്പ് നൽകിയ മറുപടി ഇവിട വായിക്കാം
കാര്യങ്ങൾ മനസ്സിലാക്കി ആരാധനകൾ യഥാവിധി നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ.


