വിഷയം: മിൽക് ബാങ്ക്
മിൽക് ബാങ്ക് വഴി കുഞ്ഞിന് പാലൂട്ടുന്നതിന്റെ ഇസ്‍ലാമിക വിധി?
ചോദ്യകർത്താവ്
Shamsuddeen
Nov 20, 2025
CODE :Dai15908
അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനാണ് സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
മാതാവിന് സ്വന്തം കുഞ്ഞിനെ മുലയൂട്ടാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിലോ, കുഞ്ഞിന് പോഷക സമൃദ്ധമായ മുലപ്പാൽ നല്കുകുക എന്ന ലക്ഷ്യത്തിലോ പാശ്ചാത്യ നാടുകളിൽ പ്രചാരം നേടിയ സംവിധാനമാണ് മിൽക് ബാങ്ക്. സന്നദ്ധരായ സ്ത്രീകളിൽ നിന്ന് ശേഖരിക്കപ്പെടുന്ന മുലപ്പാൽ പ്രത്യേകം പാസ്റ്ററൈസ് ചെയ്ത്, ദാതാക്കളെ തിരിച്ചറിയാത്ത വിധം, ഇടകലർത്തി വിതരണം ചെയ്യപ്പെടുന്ന രീതിയാണ് ഒട്ടുമിക്ക മിൽക് ബാങ്ക് സ്‌ഥാപനങ്ങളും പിന്തുടരുന്നത്
മുലയൂട്ടലിനും മുലകുടി ബന്ധത്തിനും അത്യധികം പവിത്രത കല്പിച്ച മതമാണ് പരിശുദ്ധ ഇസ്‌ലാം. ഏതൊരു സ്ത്രീയുടെയും മുലപ്പാൽ, അഞ്ച് തവണകളിലായി രണ്ട് വയസ്സ് പ്രായമാകുന്നതിനു മുമ്പ് ഒരു കുട്ടി കുടിച്ചാൽ, ആ സ്ത്രീ ആ കുഞ്ഞിന്റെ മുലകുടി ബന്ധത്തിലുള്ള മാതാവും അവളുടെ കുടുംബാംഗങ്ങൾ കുഞ്ഞിന്റെ വിവാഹബന്ധം ശാശ്വതമായി നിഷിദ്ധമായ മഹറ്മുകളും ആകുമെന്നതാണ് മത നിയമം.
ആധുനിക മിൽക് ബാങ്കുകളിൽ, പല സ്ത്രീകളിൽ നിന്നുള്ള മുലപ്പാൽ മിക്സ് ചെയ്ത് സൂക്ഷിച്ച് പല കുഞ്ഞുങ്ങൾക്ക് നൽകപ്പെടുന്നത് കൊണ്ട് തന്നെ, പാലിന്റെ ഉറവിടം കണ്ടെത്തുക പൊതുവേ അസാധ്യമാണ്. ഇത് ഭാവിയിൽ സ്വന്തം സഹോദരങ്ങളുൾപ്പെടെയുള്ള മഹ്റമുകൾ പരസ്പരം തിരിച്ചറിയാതെ, വിവാഹം കഴിച്ച് ജീവിക്കുന്ന ഗുരുതര സാഹചര്യങ്ങളിലേക്കെത്തിക്കും. അതിനാൽ തന്നെ, വിശുദ്ധ ഖുർആൻ, തിരു ഹദീസ്, നാല് മദ്ഹബുകൾ എന്നിവയുടെ പ്രാമാണികാടിസ്ഥാനത്തിൽ, നിലവിലെ മിൽക് ബാങ്കിങ് ഒരു വിശ്വാസിക്ക് അനുവദനീയമാകില്ല എന്ന് വ്യക്തമാണ്. ഇക്കാര്യം വിശകലനം ചെയ്ത് തീർപ്പ് കൽപ്പിച്ച ആധുനിക മുസ്ലിം പണ്ഡിതരിൽ ഭൂരിപക്ഷവും ഈ അഭിപ്രായമാണ് ഖണ്ഡിതമായി രേഖപ്പെടുത്തിയിട്ടുള്ളതും.
ഇനി ഏതെങ്കിലും മിൽക്ക് ബാങ്ക് സ്‌ഥാപനങ്ങളിൽ, ഓരോ സ്ത്രീയുടെ മുലപ്പാലും വേർതിരിച്ച് പ്രത്യേകം സൂക്ഷിക്കുകയും, ഒരു സ്ത്രീയുടെ പാൽ നിശ്ചിത കുട്ടികൾക്ക് മാത്രം നൽകി, മാതാപിതാക്കളെയും കുട്ടികളെയും തിരിച്ചറിയുന്ന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി അത് വാങ്ങുന്നവർക്ക് കൃത്യമായി കൈമാറുകയും, മുലപ്പാലിനായി മിൽക് ബാങ്കിനെ ആശ്രയിക്കുന്ന രക്ഷിതാക്കൾ കുട്ടിയുടെ മുലകുടി ബന്ധം കാത്തു സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാകുകയും, ചെയ്യുന്നതിലൂടെ മേൽ പറയപ്പെട്ട സങ്കീർണ്ണതകൾ ഇല്ലാതെയാകുമെങ്കിൽ അത്തരം മിൽക് ബാങ്കുളെ അത്തരം രക്ഷിതാക്കൾക്ക് ആശ്രയിക്കുന്നതിന് വിരോധവുമില്ല.
അതേസമയം, മിൽക്ക് ബാങ്ക് ആശ്രയിക്കാതെ കുട്ടിയുടെ ജീവൻ നിലനിർത്തുക അസാധ്യമെന്നു ഡോക്ടർമാർ തീർപ്പ് കൽപ്പിക്കുന്ന വല്ല അടിയന്തര സാഹചര്യവും ഏതെങ്കിലും കുട്ടിക്ക് വന്ന് ഭവിച്ചാൽ ആ അത്യാസന്ന നിലയെ അതിജീവിക്കാൻ, ഈ സിസ്റ്റം അവലംഭിക്കേണ്ടി വരികയും ചെയ്യും.
ഇതുസംബന്ധിച്ച വിശദമായ വിവരണം ഇവിടെ വായിക്കാവുന്നതാണ്


