സിറാജുന്നീസ: ഫാഷിസത്തിന്റെ കരളറുക്കുന്ന ഓര്‍മകള്‍ക്ക് കാല്‍നൂറ്റാണ്ട്

രു പതിനൊന്നുവയസ്സുകാരിയായിരുന്നു അവള്‍, പേര് സിറാജുന്നീസ. ബാല്യത്തിന്റെ കണ്ണാടിച്ചുമരില്‍ തെളിഞ്ഞു കാണുന്ന നിറമുള്ള കാഴ്ചകള്‍ നോക്കി ഒത്തിരി സ്വപ്നങ്ങളുമായി ജീവിച്ച ഒരു പാലക്കാടന്‍ കൊച്ചു മുസ്‌ലിം പെണ്‍കുട്ടി. ചുറ്റുവട്ടങ്ങളിലെ പൊല്ലാപ്പുകള്‍ക്ക് ചെവികൊടുക്കാന്‍ പക്വതയില്ലാത്ത കാലത്ത് വഴിയരികില്‍ ചിരട്ടയില്‍ ചോറ് വെച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്‍. കൂടെ തന്റെ സഹോദരിയുമുണ്ട്. സന്ധ്യയുടെ ഇളം വെയിലില്‍ കുശലങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ അവള്‍ ചിന്തിച്ചുകാണില്ല ഇത് തന്റെ ജീവിതത്തിന്റെ സന്ധ്യാസമയം കൂടിയാണെന്ന്. അരികെ തന്റെ ഘാതകന്‍ ഒളിഞ്ഞുനില്‍പ്പുണ്ടെന്ന്. കാക്കിധരിച്ച കാപാലികന്റെ റൈഫിളില്‍ നിന്നും ഞൊടിയിടയില്‍ ചീറിപ്പാഞ്ഞെത്തിയ ഒരു വെടിയുണ്ട അവളുടെ മൂക്കിന് താഴെ തുളച്ച് തല ചുരന്ന് പുറത്തേക്ക് പാഞ്ഞു. പിന്നെ അവള്‍ ശേഷിച്ചില്ല. പറഞ്ഞുകൊണ്ടിരുന്ന കുശലം പൂര്‍ത്തിയാക്കും മുമ്പേ ആത്മാവിന്റെ ചിറകിലേറി അവള്‍ സ്വര്‍ഗത്തിലേക്ക് പറന്നു.

സമാനാതകളില്ലാത്ത പോലീസ് കൊടുംഭീകരതയുടെ ആ കനലെരിയുന്ന ഓര്‍മകള്‍ക്ക് 25 വര്‍ഷം തികയുന്നു. കാപട്യങ്ങളറിയാത്ത ഒരു കൊച്ചുഹൃദയത്തിന്റെ സ്പന്ദനം തല്ലിക്കെടുത്തിയ കാക്കിഭീകരതയുടെ കരളറക്കുന്ന ഓര്‍മകളില്‍ മലയാളം ഇന്നും വിങ്ങുകയാണ്. മനുഷ്വത്വം മരവിച്ച സമകാലിക ലോകത്തിന്റെ ചിതറിയ ചിത്രങ്ങളിലേക്ക് ചിതലരിക്കാത്ത ഓര്‍മയുടെ നോവുന്ന ചീന്തായി ഒരിക്കല്‍ കൂടി സിറാജുന്നീസ ഇവിടെ അവതരിക്കുന്നു.

1991 ലായിരുന്നു ആ ദുരന്തം സംഭവിച്ചത്. കേരളത്തില്‍ സംഘ്പരിവാര്‍ ഫണമുയര്‍ത്തിത്തുടങ്ങുന്ന കാലം. ബി.ജെ.പി അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷിയുടെ കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെയുള്ള ഏകത യാത്ര നടക്കുകയായരിന്നു ആ വര്‍ഷം ഡിസംബറില്‍. യാത്രയിലേക്ക് ചേരാനുള്ള ഒരു ഉപയാത്ര ആ സമയം മേപ്പറമ്പില്‍ വെച്ച് അക്രമിക്കപ്പെട്ടു. തുടര്‍ന്ന് സമാധാനാന്തരീക്ഷം നിലനിന്നിരുന്ന പാലക്കാടിന്റെ തെരുവുകളില്‍ വിദ്വേഷം ഉടലെടുത്തു. ഇരുചേരികള്‍ രൂപപ്പെട്ടു.പോലീസ് ഇടപെടലുകളും ലാത്തിച്ചാര്‍ജും അരങ്ങേറി.

sirajunnisa-1-668x208

ഡിസംബര്‍ 15 ന് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് മേപ്പറമ്പ് വേദിയായി. 12 മണിയോടെ പോലീസ് മേപ്പറമ്പിലെത്തി. കുറ്റവാളികളെ കണ്ടെത്തുന്നതിന് പകരം നിരപരാധികളെ അക്രമിക്കുകായായിരുന്നു പോലീസ്. ഉച്ചയോടെ രാമണ്‍ ശ്രീവാസ്തയെന്ന പോലീസ് ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും ചുമതലയേറ്റെടുത്തു. അയാള്‍ ശരിക്കുമൊരു ഭീകരനായിരുന്നു. പുതുപ്പള്ളിയുടെ നെഞ്ചത്ത് സിറാജുന്നീസയുടെ കുഞ്ഞുശിരിസ്സിനെ രക്തത്തില്‍ മുക്കി കിടത്തിയതിന് ശേഷമാണ് ആ ഭീകരന്‍ വയര്‍ലസ് താഴെ വെച്ചത്.

ഉച്ച സമയം ഷൊര്‍ണൂര്‍ എ.എസ്.പി സന്ധ്യ പുതുപ്പള്ളി ജംഗ്ഷന്‍ വഴികടന്നുപോകവേ റോഡില്‍ കല്ലുകള്‍ ചിതറിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ആ സമയം വരെ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സ്ഥലമായിരുന്നു അത്. അടുത്തുള്ള കടയിലുണ്ടായിരുന്ന ഒരാളോട് കല്ലുകള്‍ നീക്കം ചെയ്യാന്‍ സന്ധ്യ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച അയാളെ സന്ധ്യ അറസ്റ്റ് ചെയ്തു. ഈ സംഭവം നാട്ടുകാരെ പ്രകോപിതരാക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ സന്ധ്യയുടെ വാഹനം തടയുകയും ചെയ്തു. സംഭവമറിഞ്ഞ് ഡെപ്യൂട്ടി എസ്.പി ചന്ദ്രന്‍ മൂന്നു മണിക്ക് സ്ഥലത്തെത്തി. സിറാജുന്നീസയും സഹോദരിയും അല്‍പ്പമകലെ റോഡരികില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ സമയം. അയല്‍വാസിയായ മുഹമ്മദ് അവരുടെ കളി വീക്ഷിക്കുന്നുണ്ടായിരുന്നു. പോലീസ് കാവലിലായിരുന്ന സ്ഥലം പിന്നീട് ശാന്തമായി.

ഇപ്പോള്‍ ഇവിടെ ശാന്തമാണ്, വെടിവെപ്പ് നടത്തേണ്ട ആവശ്യമില്ല, എല്ലാവരും വീടിനകത്താണ്. കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ശ്രീ വാസ്തവയുടെ സന്ദേശങ്ങള്‍ക്ക് സന്ധ്യ പ്രതികരിച്ചു. കണ്‍്‌ട്രോള്‍ റൂമില്‍ നിന്നും സന്ധ്യ തിരികെ കേട്ടത് ഒരു അലര്‍ച്ചയായിരുന്നു. ഒരു ‘മുസ്‌ലിം പിശാചിനെ വെടിവെക്കണം’, ശ്രീ വാസ്തവ ആക്രോശിച്ചു. എന്നാല്‍ ചുറ്റുവട്ടങ്ങളില്‍ ആരുമില്ലെന്നും രണ്ടു കുട്ടികള്‍ മാത്രമാണുള്ളതെന്നും സന്ധ്യ പ്രതികരിച്ചു. ചുറ്റുവട്ടങ്ങളില്‍ ആരുമില്ലെങ്കില്‍ അവരെ വെടിവെക്കൂ, നായയെ പോലെ അവര്‍ മരിക്കട്ടെ, എന്നതായിരുന്നു അയാളുടെ കല്‍പ്പന. സന്ധ്യ ചിലതൊക്കെ പറയാന്‍ ശ്രമിച്ചെങ്കിലും എസ്.പി ചന്ദ്രന് വയര്‍ലസ് കൈമാറാന്‍ അയാള്‍ പറഞ്ഞു. രണ്ടു കുട്ടികള്‍ മാത്രമേ ഇവിടെയൊള്ളൂവെന്ന് ചന്ദ്രന്‍ അനുകൂലമായ രീതിയില്‍ സംസാരിച്ചെങ്കിലും ശ്രീവാസ്തവയെന്ന വര്‍ഗീയ സര്‍പ്പം ശരിക്കും ഫണം വിടര്‍ത്തുകയായിരുന്നു. എനിക്ക് മുസ്‌ലിംകളുടെ മൃതശരീരം വേണം. അയാള്‍ ആക്രോശിച്ചു. നിശ്കളങ്കമായ രണ്ടുകുരുന്നുകളെ അതിനിഷ്ഠൂരമായി വെടിവെച്ച് കൊല്ലാനായിരുന്നു അയാളുടെ കല്‍പ്പന. ചന്ദ്രന്റെ റൈഫിളില്‍ നിന്നും ഉടനെ ഒരു വെടിയുണ്ട ചീറിപ്പാഞ്ഞു. സിറാജുന്നീസയുടെ മൂക്കിന് താഴെ തുളച്ചുകയറി. ഒന്നുമറിയാത്ത ആ നിശ്കളങ്കമായ ചിത്രശലഭത്തിന്റെ ജീവന്‍ കവര്‍ന്ന് അത് പുറത്തേക്ക് തെറിച്ചു.

imagesdffghവെടിയുണ്ടയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അലി കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സിറാജുന്നീസയെയാണ്. ഞെട്ടിക്കുന്ന കാഴചയില്‍ തളര്‍ന്നു പോയ അയാള്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോകട്ടെയെന്ന് പോലീസിനോട് കെഞ്ചി. മറുപടിക്ക് പകരം അയാള്‍ക്ക് കിട്ടിയത് ക്രൂരമായ മര്‍ദ്ദനം. രക്തം വാര്‍ന്നൊഴുകുന്ന തന്റെ കുഞ്ഞുമകളുടെ ചേതനയറ്റ ശരീരത്തെ അണച്ചുപിടിക്കാന്‍ ഓടിയെത്തിയ പാവം ഉമ്മയെ പോലും ആ കാക്കിധാരികള്‍ ജീപ്പിലേക്ക് വലിച്ചിഴക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പങ്കുവെക്കുന്നു. എട്ടു പൊട്ടും തിരിയാത്ത ഒരു കുഞ്ഞുമോളുടെ ജീവന്‍ തട്ടിയെടുത്തവര്‍ അവളില്‍ ഭീകരതയുടെ മുദ്രചാര്‍ത്തുകയായിരുന്നു പീന്നീട്. എഫ്.ഐ.ആറില്‍ ഒരു ഭീകരസംഘത്തിലെ അംഗമായി കുറിക്കപ്പെട്ടു ആ പതിനസ്സുവയസ്സുകാരി.

രക്തപങ്കിലമായ സിറാജുന്നീസയുടെ ഓര്‍മകള്‍ മനസ്സാക്ഷിയുള്ളവന്റെ കരളറുത്തുകൊണ്ടേയിരിക്കുന്നു. ചിരട്ടയിലെ മണ്‍ചോറില്‍ ഇലമുക്കിക്കളിച്ചിരുന്ന പാവം പതിനൊന്നുകാരിയെ മരണത്തിന്റെ വിരിപ്പിലേക്ക് വെടിവെച്ചു വീഴ്ത്തിയ പോലീസ് നരമേദത്തിന് കാല്‍നൂറ്റാണ്ട് പിന്നിട്ടു. എങ്കിലും സിറാജുന്നീസയുടെ കുടുംബത്തിന് മുന്നില്‍ നീതിയുടെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നു. ശ്രീവാസ്തവ പിന്നീട് ഉന്നതങ്ങളുടെ പടികയറി. ഭരണമാറ്റങ്ങള്‍ പലതും സംഭവിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഭീകരത കാക്കിയണിഞ്ഞു വന്നാല്‍ പരിരക്ഷിക്കാന്‍ നിയമത്തിന്റെ കൈകളുണ്ടന്ന ദുരന്ത സത്യം പുലരുന്നത് ജനം നിസ്സഹായതോടെ നോക്കി നിന്നു.

siraajഇന്നവളുണ്ടായിരുന്നെങ്കില്‍ സുമുഖിയായ ഒരു 36 കാരിയാകുമായിരുന്നു. ദാമ്പത്യത്തിന്റെ മരച്ചുവട്ടിലിരുന്ന് സ്വപ്നങ്ങളുടെ നീലാകാശം നോക്കി പുഞ്ചിരിക്കേണ്ടവള്‍. പുതുപ്പള്ളിയുടെ ഗ്രാമഭംഗിയില്‍ പകലന്തികളോട് സംസാരിച്ചിരിക്കേണ്ടവള്‍. എന്നാല്‍ മറവിയുടെ മാറാലക്കുമേല്‍ ചിതറിക്കിടക്കുന്ന നെരച്ച രക്തക്കറയായി അവള്‍ ഇന്നവശേഷിക്കുന്നു. അവളുടെ ജീവന്‍ തുളച്ചെടുത്തവര്‍ കപടതയുടെ ചിരിയൊട്ടിച്ച് ഉന്നതങ്ങളില്‍ വിലസുകയും ചെയ്യുന്നു.
ചോരയില്‍ കുളിച്ചുകിടക്കുന്ന കൊച്ചുമകളെ കണ്ട ഉമ്മ നഫീസ പിന്നെ അധിക കാലം ജീവിച്ചില്ല. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുനീറി അവരും മകളുടെ അടുത്തേക്ക് യാത്രയായി. ഉപ്പ മുസ്തഫ നീതിയുടെ കവാടങ്ങള്‍ തേടി നടന്നു. കേരളത്തിലെ അറിയപ്പെട്ട നേതാക്കാന്‍മാരൊക്കെ ആ വീട്ടിലെത്തി. മോഹനവാഗ്ദാനങ്ങളോതി രാഷ്ട്രീയക്കാര്‍ വന്നു. പടമെടുക്കാന്‍ പത്രക്കാരോടൊപ്പം മറ്റുചിലര്‍ വന്നു. പിന്നെയും വന്നു പലരും. നീതിയെ മാത്രം ആരോ വഴിയില്‍ തടഞ്ഞുവെച്ചു.

സിറാജ് എന്ന് പറഞ്ഞാല്‍ വിളക്ക്. ചുറ്റുവട്ടങ്ങള്‍ പുഞ്ചിരിയുടെ വെട്ടം വിതറി ഓടി നടന്നിരുന്ന വിളക്കായിരുന്നു അവള്‍. പള്ളിക്കൂടത്തിന്റെ മൈതാനത്തിലും വീടിന്റെ ഉമ്മറപ്പടിയിലും അവള്‍ ചിരിതൂകി കത്തിനിന്നു. ഓട്ടോ ഓടിച്ച് വരുന്ന എനിക്ക് ചക്കരമുത്തവുമായി വാതിലനടുത്തുണ്ടാവുമായിരുന്നു അവള്‍. എന്റെ കയ്യിലെ മിഠായി സ്വന്തമാക്കാന്‍ അവള്‍ കലപില കൂടുമായിരുന്നു. ഒടുവില്‍ ആ വിളക്ക് അവര്‍ തല്ലിക്കെടുത്തി. അമ്മാവന്‍ സുലൈമാന്‍ നെടുവീര്‍പ്പോടെ പങ്കുവെക്കുന്നു.

നീതി പുലര്‍ത്തേണ്ടവര്‍ ഏറ്റവും വലിയ അനീതിയുടെ കൂട്ടാളിയാവുന്ന കാഴ്ചയാണ് സിറാജുന്നീസയിലൂടെ കേരളം കണ്ടത്. വര്‍ഗീയകോമരങ്ങളുടെ തെരുവുനൃത്തത്തിന് ഒരു പോലീസുകാരന്‍ വേഷമിട്ടെത്തിയത് സാംസ്‌കാരിക കേരളത്തിന്റെ എക്കാലത്തേയും അപമാനം പേറുന്ന ചരിത്രമാണ്. മനുഷ്യത്വം ഇത്രമാത്രം മരവിച്ചുപോയോ എന്ന് നെഞ്ചിടിപ്പോടെ ചോദിക്കുമായിരിക്കും ആ ഹൃദയം മുറിക്കുന്ന കാഴ്ചയുടെ ദൃസാക്ഷികള്‍. കരുണയറിയാത്ത കാപാലികരുടെ കപടമായ ലോകത്ത് നിന്നാണ് സിറാജുന്നീസയെന്ന ചിത്രശലഭം പറന്നുപോയത്, നീതിയും സത്യവും സമാധാനവും പൂവിട്ടുനില്‍ക്കുന്ന സ്വര്‍ഗത്തിന്റെ പൂങ്കാവനത്തിലേക്ക്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter