ഹദീസിന്റെ വിവിധയിനങ്ങള്‍
ഹദീസ് സാങ്കേതികശാസ്ത്രത്തില്‍ ഹദീസിന്റെ വിവിധ തരങ്ങളെക്കുറിച്ചുള്ള പഠനം പ്രത്യേകം പരിഗണനയര്‍ഹിക്കുന്നു. ഏതെല്ലാം രീതിയിലുള്ള ഹദീസുകള്‍ തെളിവായി സ്വീകരിക്കാമെന്നും, ഏതെല്ലാം തള്ളപ്പെടുമെന്നും സ്വീകാര്യമായവയില്‍ തന്നെ ഏതിന് മുന്‍ഗണന നല്‍കുമെന്നും മറ്റും തീരുമാനിക്കുന്നത് ഈ വിഭജനം മുന്‍നിര്‍ത്തിയാണ്.
ഹദീസ് നിവേദക ശൃംഖലയെയാണ് ഈ തരം തിരിവിന് ആശ്രയിക്കുന്നത്. പ്രധാനപ്പെട്ട ഇനങ്ങളെ ഉദാഹരണത്തിനായി ഇവിടെ പ്രതിപാദിക്കാം.
മുതവാതിര്‍:
നിവേദക ശൃംഖലയിലെ ഓരോ ഘട്ടത്തിലും കളവില്‍ യോജിക്കാന്‍ സാധിക്കാത്ത എണ്ണം ആളുകള്‍ നിവേദനം ചെയ്ത ഹദീസുകള്‍ക്കാണ് മുതവാതിര്‍ എന്നു പറയുന്നത്. ഹദീസിന്റെ വചനത്തിലും ആശയത്തിലും ഇതേ എണ്ണം ആളുകളുണ്ടെങ്കില്‍ അതിനെ വാചികമായ മുതവാതിര്‍ (മുതവാതിര്‍ ലഫ്‌ളീ) എന്നു പറയും. ആശയപരമായി മാത്രമേ ഇതുള്ളൂ എങ്കില്‍ മുതവാതിര്‍ മഅ്‌നവീ (ആശയപരമായ മുതവാതിര്‍) എന്നു പറയുന്നു.
മശ്ഹൂര്‍:
ശൃംഖലയുടെ ഓരോ ഘട്ടത്തിലും മൂന്നോ അതിലധികമോ നിവേദകന്‍മാരുണ്ടെങ്കില്‍ അതിനെ മശ്ഹൂര്‍ എന്നോ മുസ്തഫീള് എന്നോ വിളിക്കും.
അസീസ്:
നിവേദക ശൃംഖലയിലെ ഓരോ ഘട്ടത്തിലും രണ്ടോ അതിലധികമോ നിവേദകന്‍മാരുണ്ടെങ്കില്‍ അതിന് അസീസ് എന്നു പറയും.
ഗരീബ്
നിവേദക ശൃംഖലയിലെ ഒരു ഘട്ടത്തിലോ, ഒന്നിലധികം ഘട്ടങ്ങളിലോ ഒരു നിവേദകന്‍ മാത്രമാണ് ഉള്ളതെങ്കില്‍ അതിനെ ഗരീബ് എന്നു വിളിക്കും.
മുതവാതിറായ ഹദീസിന്റെ വിധി ഖണ്ഡിതമാണ്. ഇതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം കാണില്ല. മുതവാതിറാകാത്തവയെ പൊതുവായി ഖബറുവാഹിദ്, ആഹാദ് എന്നൊക്കെ പറയാം. ഇവയില്‍ തെളിവുദ്ധരിക്കാന്‍ പറ്റുന്നവയും പറ്റാത്തയവയുമുണ്ട്.
സ്വഹീഹ്, ഹസന്‍ എന്നിങ്ങനെ, സ്വീകാര്യമായ ഹദീസുകളെ രണ്ടായി തിരിച്ചിരിക്കുന്നു.
വിശ്വസ്തതയും കൃത്യനിഷ്ഠതയും ഉള്ള നിവേദകര്‍, ഇടമുറിയാത്ത രീതിയിലുള്ള ശൃഖലയുടെ മറ്റു നിവേദനങ്ങളോട് ആശയപരമായി വിയോജിക്കാത്ത രീതിയില്‍ ഉദ്ധരിക്കുന്ന, ന്യൂനതകളില്ലാത്ത ഹദീസുകളാണ് സ്വഹീഹുകള്‍. ഇവയുടെ തൊട്ടുതാഴെയാണ് ഹസനിന്റെ സ്ഥാനം. അഥവാ, വിശ്വസ്തതയിലും, കൃത്യനിഷ്ഠയിലും സ്വഹീഹിലെ നിവേദകന്‍മാരുടെ സ്ഥാനത്തേക്കാള്‍ അല്‍പം കുറഞ്ഞ നിവേദകന്‍മാര്‍ ഉപര്യുക്ത രീതിയില്‍ രേഖപ്പെടുത്തുന്ന ഹദീസുകളാണിവ.
പ്രബലമല്ലാത്ത (ളഈഫ്) ഹദീസുകളാണ് തെളിവിനായി സ്വീകരിക്കാന്‍ പറ്റാത്തതായി ഉള്ളത്. എന്നാല്‍ ചില വ്യവസ്ഥകളോടെ അവയെ പുണ്യകരമായ ആരാധന സ്വീകരിക്കുന്നതിന് തെളിവാക്കാറുണ്ട്. ബലഹീനത ശക്തമാവരുത്, ശറഇലെ പൊതുവായ നിയമത്തിനു കീഴില്‍ വരുന്നതാവണം, സ്വഹീഹായി വന്ന ഹദീസുകളുടെ ആശയത്തോട് വിരുദ്ധമാകാതിരിക്കണം എന്നീ വ്യവസ്ഥകള്‍ പരിഗണിച്ചതിനു ശേഷമേ ഇവ എന്തിനും തെളിവായി സ്വീകരിക്കാവൂ.
Also Read: ഹദീസ് ഗ്രന്ഥങ്ങള്‍ വിവിധയിനം
ഇതിനു പറമെ, മൗദൂഅ്, മുദല്ലസ്, മുന്‍ഖഥിഅ്, മുന്‍കര്‍, മുഅ്ദല്‍, മുര്‍സല്‍, മുഅല്ലല്‍, മതൂക് എന്നിങ്ങനെ നിവേദക ശൃംഖല അവലംബമാക്കി പല പേരുകളിലും ഹദീസുകള്‍ അറിയപ്പെടുന്നു. ഇവയില്‍ മൗദൂഅ് കെട്ടിച്ചമച്ച ഹദീസുകളാണ്. അവ തെളിവുദ്ധരിക്കാന്‍ തീരെ കൊള്ളില്ല.
ഒരു ഹദീസ് പ്രബലമല്ല, ളഈഫാണ് എന്നതുകൊണ്ട് പ്രവാചകന്‍ ആ വചനം മൊഴിഞ്ഞിട്ടില്ല എന്നര്‍ത്ഥമില്ല. പ്രത്യുത, ആ വചനം നമ്മിലേക്കെത്തിച്ച നിവേദക ശൃംഖലക്കാണ് യഥാര്‍ത്ഥത്തില്‍ കുഴപ്പം സംഭവിച്ചിരിക്കുന്നത്. ഉദാഹരണമായി നിവേദക ശൃംഖലയിലെ ഏതെങ്കിലുമൊരാള്‍ ജീവിതത്തില്‍ കളവു പറഞ്ഞതായി സ്ഥിരപ്പെട്ടാലോ, കൃത്യനിഷ്ഠയെക്കുറിച്ച് നാം അജ്ഞരായാലോ ഹദീസ് അസ്വീകാര്യമാകുന്നു. അതിന്റെയര്‍ത്ഥം, ഈ ഹദീസ് അദ്ദേഹം കെട്ടിച്ചമച്ചതാണെന്നല്ല. എന്നാല്‍ നാം ഹദീസ് സ്വീകരിക്കാതിരിക്കുന്നത് ദീനിലെ സൂക്ഷ്മതയുടെ ഭാഗമാണെന്നു പറയാം. അതിനാല്‍ പ്രബലമായ മതവിധികള്‍ പുറപ്പെടുവിക്കുന്നതിനും കര്‍മശാസ്ത്ര സരണികളും വിശ്വാസങ്ങളും രൂപപ്പെടുത്തുന്നതിനും ഇത്തരം ഹദീസുകള്‍ സ്വീകാര്യമല്ലെങ്കിലും സല്‍കര്‍മങ്ങളിലും, പ്രവാചകന്‍(സ) വാഗ്ദാനം ചെയ്ത പ്രതിഫലങ്ങള്‍ മനസ്സിലാക്കുന്നതിനും സദുപദേശങ്ങള്‍ നല്‍കുന്ന അവസരങ്ങളിലും ഇത്തരം ഹദീസ് സ്വീകരിക്കുന്നു.
Leave A Comment