എല്ലാറ്റിലും മിതത്വം വേണം
അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുന്നു: ''അല്ലാഹുവിന്റെ ദൂതന്‍ എന്റെ അടുത്തേക്ക് വന്നു. എന്നോട് ചോദിച്ചു: താങ്കള്‍ രാത്രി മുഴുവന്‍ നിസ്‌കാരത്തിലേര്‍പെടുന്നുവെന്നും എല്ലാ ദിവസവും നോമ്പ് അനുഷ്ഠിക്കുന്നുവെന്നും കേട്ടുവല്ലോ! ശരിയാണോ? ''അതെ''-ഞാന്‍ പറഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞു: ''എന്നാല്‍ അങ്ങനെ ചെയ്യരുത്. (രാത്രിയില്‍) നിസ്‌കരിക്കുകയും ഉറങ്ങുകയും ചെയ്യുക. നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യുക. ശരീരത്തോട് താങ്കള്‍ക്ക് ബാധ്യതയുണ്ട്. കണ്ണിനോടും ബാധ്യതയുണ്ട്. അതിഥിയോടും ബാധ്യതയുണ്ട്. ഭാര്യയോടും ബാധ്യതയുണ്ട്.''(ബുഖാരി, മുസ്‌ലിം)
ഐഹിക ജീവിതത്തിന്റെ എല്ലാതരം കെട്ടുപാടുകളില്‍ നിന്നും അകലം നിന്ന് ഇബാദത്തില്‍ മാത്രം നിരതനായിരുന്ന തന്റെ ശിഷ്യന്‍ അബ്ദുല്ലാഹിബ്‌നു അംറി(റ)നെ നബി തിരുമേനി ഉപദേശിക്കുകയാണ്. ഈ ഉപദേശം പരിശുദ്ധ ഇസ്‌ലാമിനെ കുറിച്ചുള്ള വലിയൊരു തെറ്റിദ്ധാരണയാണ് നീക്കുന്നത്. ഇഹലോക ബന്ധങ്ങളോട് പരിപൂര്‍ണ്ണ രാജിയായി നിസ്‌കാരം, വ്രതം എന്നിങ്ങനെയുള്ള ആരാധനാകര്‍മ്മങ്ങളില്‍ മുഴുകി ജീവിക്കുന്നത് മാത്രമാണ് ഇസ്‌ലാമിക ജീവിതം എന്ന ധാരണയാണ് പ്രവാചക തിരുമേനി ഇവിടെ തിരുത്തുന്നത്. പട്ടിണികിടന്നും ഉറക്കമൊഴിച്ചും ശരീരത്തെ പീഡിപ്പിക്കുന്നതു ഇസ്‌ലാമിന്റെ വഴിയല്ല എന്ന് തിരുവചനം പഠിപ്പിക്കുന്നു. ഐഹിക ജീവിതം മനുഷ്യനെ സംബന്ധിച്ചിടത്തോളം ബാധ്യതകള്‍ നിറഞ്ഞതാണ്.
സ്രഷ്ടാവിനോടുള്ള പോലെ സൃഷ്ടികളോടും ബാധ്യതകളുണ്ട്. എല്ലാതരം കടമകളും സ്രഷ്ടാവായ അല്ലാഹു നിര്‍ദേശിച്ചത് തന്നെ. അതിനാല്‍ അവ നിറവേറ്റുന്നതും സ്രഷ്ടാവിനെ അനുസരിക്കലും അവന് കീഴ്‌പ്പെടലുമാണ്. അപ്പോള്‍ എല്ലാം ഇബാദത്തിന്റെ പരിധിയില്‍ വരുന്നു. കുറെ കടമകള്‍ അന്യംനിര്‍ത്തി ചിലത് മാത്രം നിറവേറ്റുന്നത് ഒരിക്കലും സമ്പൂര്‍ണമാവുകയില്ല. സ്വന്തം ശരീരത്തോട് ബാധ്യതയുണ്ട്. പട്ടിണികിടന്നും ഉറക്കമൊഴിച്ചും ശാരീരിക ആരോഗ്യത്തിന് ഭംഗം വരുത്താന്‍ പാടില്ല. സ്വയം നാശത്തിലേക്ക് ചെന്ന് ചാടരുതെന്ന്
വിശുദ്ധ ഖുര്‍ആന്‍ കല്‍പ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ നിര്‍ദേശം പാലിച്ച് ജീവിതം ആസ്വദിക്കാനും ഇബാദത്ത് ചെയ്യാനും ശരീരത്തിന് ആരോഗ്യം വേണം. നിര്‍ബന്ധമല്ലാത്ത കര്‍മ്മങ്ങളിലേര്‍പ്പെട്ട് അത് നശിപ്പിച്ച് കളയുന്നത് അപകടം വിളിച്ചുവരുത്തലായിരിക്കും. നിന്റെ ശരീരത്തോട് ബാധ്യതയുണ്ട് എന്ന് പറഞ്ഞ ശേഷം കണ്ണിനോടും ബാധ്യതയുണ്ട് എന്ന് നബി(സ) പ്രത്യേകം പറഞ്ഞത് മനുഷ്യന് അല്ലാഹു നല്‍കിയ കാഴ്ചാ ശക്തിയുടെ പ്രാധാന്യത്തെ അനാവരണം ചെയ്യുന്നു. സാമൂഹിക ജീവിതത്തിലെ കടപ്പാടുകളില്‍ അതിഥികളെ കുറിച്ച് പ്രത്യേകം എടുത്തുപറഞ്ഞു. ആതിഥ്യമര്യാദകളില്‍ എല്ലാ സമൂഹങ്ങളുടേതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തവും മാതൃകാപരവുമാണ് ഇസ്‌ലാം പഠിപ്പിച്ച മര്യാദകള്‍. അതിഥി സല്‍ക്കാരത്തിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്നു ഇസ്‌ലാം. അതിഥിയുടെ പേര്, നാട്, വന്ന ഉദ്ദേശ്യം ഇവയൊന്നും അന്വേഷിക്കാതെ മൂന്നു ദിവസം യഥോചിതം സല്‍ക്കരിച്ച് പിന്നീടാണ് നബി(സ)യുടെ അനുയായികള്‍ അത്തരം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നത്. മൂന്നു ദിവസം സല്‍ക്കാരം ലഭിക്കേണ്ടത് അതിഥിയുടെ അവകാശമാണെന്ന് നബി(സ) പഠിപ്പിച്ചത് കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തിരുന്നത്. ഭാര്യയോടും ബാധ്യതയുണ്ടെന്ന് പ്രവാചകന്‍ ഉപദേശിച്ചു. ഇത്തരം കടമകളെല്ലാം ഉപേക്ഷിച്ച് ധ്യാനനിരതനായി കഴിയുന്ന സമ്പ്രദായം ഒരിക്കലും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല.
വിവിധോന്മുഖങ്ങളായ ജീവിത വീഥിയില്‍ സാധ്യവും ആവശ്യവുമായ കാര്യങ്ങളില്‍ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ടു നീങ്ങണം. നബി തിരുമേനി(സ)യാണല്ലോ മനുഷ്യരില്‍ അല്ലാഹുവിനോട് എറ്റവും അടുത്ത വ്യക്തി. അല്ലാഹുവിന്റെ സാമീപ്യത്തിനും പ്രിയം കരസ്ഥമാക്കാനും തിരുമേനി(സ) ഐഹിക ജീവിതത്തോട് വിരക്തി കാണിച്ചിട്ടില്ല. വലിയ ഇബാദത്തുകാരോട് നബി(സ) അത് തുറന്നുപറഞ്ഞതായും ഹദീസില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ മൂന്നാളുകള്‍ പ്രവാചക പത്‌നിമാരുടെ വീട്ടില്‍ വന്നു. നബി(സ)യുടെ ഇബാദത്തിനെ കുറിച്ച് ചോദിച്ചറിയുകയായിരുന്നു അവരുടെ ഉദ്ദേശ്യം. വിവരങ്ങളറിഞ്ഞപ്പോള്‍ വളരെ കുറഞ്ഞ ഇബാദത്താണ് നബി(സ) നിര്‍വഹിക്കാറുള്ളതെന്ന് അവര്‍ക്ക് തോന്നി. അവര്‍ പറഞ്ഞു: നബി(സ)യെ അപേക്ഷിച്ച് നമ്മളെവിടെ കിടക്കുന്നു? നബി തിരുമേനി(സ) എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട വ്യക്തിയല്ലേ? ശേഷം കൂട്ടത്തിലൊരാള്‍ പറഞ്ഞു: ഞാന്‍ ഇനി മുതല്‍ രാത്രി മുഴുവന്‍ നിസ്‌കാരത്തിലേര്‍പ്പടും.'' രണ്ടാമന്‍ പറഞ്ഞു: ഞാനിനി പകല്‍ മുഴുവന്‍ വ്രതമനുഷ്ഠിക്കും. മൂന്നാമത്തെയാള്‍ പറഞ്ഞത് ''ഞാന്‍ സ്ത്രീകളെ വിട്ട് അകന്ന് നില്‍ക്കും. വിവാഹം കഴിക്കുകയേയില്ല'' എന്നായിരുന്നു. ഈ വിവരം അറിഞ്ഞ നബി തിരുമേനി(സ) അവരോട് ചോദിച്ചു: ''നിങ്ങള്‍ ഇങ്ങനെയൊക്കെ പറഞ്ഞുവോ? എന്നാല്‍ നിങ്ങളറിയുക. അല്ലാഹു തന്നെ സത്യം! നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ നോമ്പെടുക്കുകയും ഒഴിവാക്കുകയും ചെയ്യും. രാത്രി കുറച്ച് സമയം നിസ്‌കരിക്കും. കുറച്ച് സമയം ഉറങ്ങും. ഞാന്‍ വിവാഹ ജീവിതം നയിക്കുകയും ചെയ്യും. എന്റെ ഈ ചര്യയെ ഒരാള്‍ വിട്ട് നില്‍ക്കുന്നുവെങ്കില്‍ അവന്‍ എന്റെ കൂട്ടത്തില്‍ പെട്ടവനല്ല.''(മുസ്‌ലിം) അല്ലാഹു മനുഷ്യനു നല്‍കിയ ജീവിതരേഖയാണ് പരിശുദ്ധ ഇസ്‌ലാം. അത് മനുഷ്യനെ വിഷമിപ്പിക്കാനുള്ളതല്ല.
ദീനിന്റെ കാര്യങ്ങളെ നാം കഠിനമാക്കിയാല്‍ അത് പിന്നീട് താങ്ങാനാവാത്ത വിധം ഭാരമായിത്തീരും. ''അല്ലാഹു നിങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാനല്ല, സൗകര്യമുണ്ടാക്കാനാണുദ്ദേശിക്കുന്നത്'' എന്ന ഖുര്‍ആന്‍ ആശയം ഇവിടെ സ്മരണീയമാണ്. തന്റെ ശിഷ്യര്‍ക്ക് സംഭവിച്ച പിഴവ് കേട്ടറിഞ്ഞ പ്രവാചക തിരുമേനി(സ) ശിഷ്യരെ നേരില്‍ ചെന്ന് കണ്ട് തെറ്റ് തിരുത്താന്‍ ഉപദേശിച്ച ഈ സംഭവം ഗുണകാംക്ഷിയായ ഒരു ഗുരുനാഥന്റെ മാതൃകാപരമായ സമീപനം എങ്ങനെയായിരിക്കണമെന്ന് സുതരാം സുവ്യക്തമാക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter