കരുത്ത് പകരുന്ന വിശ്വാസം
അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ) പറഞ്ഞു: ''ഒരു ദിവസം ഞാന്‍ റസൂലിന്റെ പിറകെ സഞ്ചരിക്കവെ, അവിടുന്ന് പറഞ്ഞു. കൂട്ടീ, ഞാന്‍ നിന്നെ ചില കാര്യങ്ങള്‍ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ നിന്നെ സംരക്ഷിക്കും. അല്ലാഹുവിനെ നീ സൂക്ഷിച്ചാല്‍ നിന്റെ സമക്ഷം അവനെ നിനക്ക് ലഭിക്കും. ചോദിക്കുന്നെങ്കില്‍ നീ അല്ലാഹുവിനോട് ചോദിക്കുക. സഹായമര്‍ത്ഥിക്കുന്നെങ്കില്‍ നീ അല്ലാഹുവിനോട് സഹായമര്‍ത്ഥിക്കുക. അറിയുക, നിശ്ചയം സമുദായമൊന്നടങ്കം നിനക്ക് വല്ല ഉപകാരവും ചെയ്യാന്‍ ഒരുമിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാത്ത ഒരു ഉപകാരവും നിനക്ക് ചെയ്യാന്‍ അവര്‍ക്ക് സാധിക്കുകയില്ല. നിനക്ക് ഉപദ്രവം ചെയ്യാന്‍ അവരൊരുമിച്ചാലും അല്ലാഹു നിനക്ക് നിശ്ചയിച്ചതല്ലാത്ത ഒരുപദ്രവവും നിനക്കേല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. ഏടുകള്‍ ഉണങ്ങിയിരിക്കുന്നു'' (തിര്‍മുദീ).
മനുഷ്യന്‍ വിധിയുടെ കരങ്ങളുടെ നൂല്‍പ്പാവയാണെന്ന്  ഭൗതികവാദികള്‍ സിദ്ധാന്തിക്കാറുണ്ട്. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാമിന്റെ അനുയായികള്‍ .വിശ്വസിക്കേണ്ടത്  ഈ സിദ്ധാന്തത്തില്‍ ചില ചേരുവകള്‍ കൂടി ചേര്‍ത്തു കൊണ്ടായിരിക്കണം. വിധിയെയും നിശ്ചയങ്ങളെയും വിശ്വാസത്തിന്റെ പരമാഗ്ര ബിന്ദുവായി കാണുന്നതിനു പകരം ആ വിധി നിശ്ചയങ്ങളുടെ പിറകിലെ സൂത്രധാരനായ സ്രഷ്ടാവിനെയാണ് വിശ്വാസികള്‍ വിലക്കെടുക്കേണ്ടത് ഉപരി സൂചിത വചനത്തില്‍ മുഹമ്മദ് നബി(സ) തന്റെ ഇഷ്ടപ്പെട്ട അനുയായികളിലൊരാളായിരുന്ന ഇബ്‌നു അബ്ബാസ്(റ)വിനെ തൗഹീദിന്റെ ബാലപാഠങ്ങള്‍ കൊണ്ട് ബോധവാനാക്കുകയാണ്. അല്ലാഹുവിനെ സൂക്ഷിക്കാനും അവന്‍ നിശ്ചയിച്ച അതിര്‍വരമ്പുകള്‍ പാലിക്കാനും എല്ലാ കാര്യങ്ങളിലും അവനെ മാത്രം ആശ്രയിക്കാനും തിരുദൂതര്‍ തന്റെ അനുചരരെ ഉപദേശിക്കുന്നു. ശേഷം അങ്ങനെ പറയുന്നതിന്റെ പൊരുളെന്തെന്ന് ഒരു ഉദാഹരണസഹിതം അവിടുന്ന് വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നു.
യഥാര്‍ത്ഥത്തില്‍ ജനങ്ങളില്‍ ഇന്ന് ഏറിയ പങ്കും വിട്ടു പോകുന്ന വിശ്വാസത്തിന്റെ ഒരു വശത്തേക്കാണ് ഹദീസിന്റെ സൂചന കേന്ദ്രീകരിക്കുന്നത്. സ്രഷ്ടാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നുവെങ്കിലും ഇന്ന് ഒട്ടുമിക്കയാളുകളുടെയും മനസ്സ് ദുര്‍ബലമാണ്. വിശ്വാസത്തിന്റെ അകക്കാമ്പ് എന്താണെന്ന് പലരും അറിയാത്ത പോലെ കര്‍മ്മങ്ങളെല്ലാം ആര്‍ക്കൊക്കെയോ വേണ്ടി തീരെഴുതിക്കൊടുക്കുയാണ് ജനങ്ങള്‍. ഒന്നിനും ആത്മാര്‍ത്ഥതയുടെ നിഴലാട്ടം പോലുമില്ലാത്ത അവസ്ഥ. ഇവിടെ കാറ്റില്‍ പറത്തപ്പെടുന്നത് അല്ലാഹുവും തന്റെ റസൂലും നിശ്ചയിച്ച വിധിവിലക്കുകളാണ്. അല്ലാഹു ഖുര്‍ആനില്‍ യഥാര്‍ത്ഥ സത്യവിശ്വാസികളെ വിശേഷിപ്പിച്ചത് അല്ലാഹുവിന്റെ അതിരുകള്‍ സൂക്ഷിക്കുന്നവരെന്നാണ്.
  മറ്റൊരു അവസരത്തില്‍ അല്ലാഹു പറയുന്നുണ്ട്. നിങ്ങളെന്നോടു ചെയ്ത വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കുകില്‍ നിങ്ങളോട് ഞാന്‍ ചെയ്ത കരാറുകള്‍ ഞാനും പൂര്‍ത്തീകരിക്കാം.'' (ബഖറ-40) അല്ലാഹു സദ്‌വൃത്തരുടെയും സൂക്ഷ്മാലുക്കളുടെയും കൂടെയാണ്''(നഹ്‌ല്-128)  എന്ന വചനവും സൂചിപ്പിക്കുന്നത് നാം സ്രഷ്ടാവിനെ സൂക്ഷിച്ചാല്‍ എപ്പോഴുമവന്റെ പരിരക്ഷ നമുക്കുണ്ടായിരിക്കുമെന്നാണ്. ''നിങ്ങളെന്നോട് പ്രാര്‍ത്ഥിക്കുവീന്‍. ഞാന്‍ നിങ്ങള്‍ക്കുത്തരം നല്‍കും.(ഗാഫിര്‍-60) എന്ന സൂക്തം വിരല്‍ചൂണ്ടുന്നത് അല്ലാഹു ആരുടെ കരവും വെറുതെ തട്ടിമാറ്റുകയില്ല എന്ന വസ്തുതയിലേക്കാണ്. ഹദീസില്‍ പ്രതിപാദ്യമാകുന്ന മറ്റൊരു യാഥാര്‍ത്ഥ്യം എന്തു കാര്യവും അല്ലാഹുവിന്റെ ഹിതമനുസരിച്ചേ നടക്കുകയുള്ളൂവെന്നതാണ്. ഖുര്‍ആനില്‍ അല്ലാഹു വ്യക്തമാക്കുന്നതും ഇതു തന്നെയാണ്. ''നബിയേ, അവിടുന്ന് പറയുക. അല്ലാഹു വിധിച്ചതല്ലാതൊന്നും നമ്മെ ബാധിക്കുകയില്ല തന്നെ. അവന്‍ നമ്മുടെ ഉടമസ്ഥനാണ്. അതിനാല്‍ വിശ്വാസികള്‍ അല്ലാഹുവിന്റെ മേല്‍ ഭരമേല്‍പ്പിക്കട്ടെ.'' (തൗബ-51) സംഗ്രഹിക്കുമ്പോള്‍, ഒരു വിശ്വാസി വിശ്വാസിയാകലോടു കൂടി ഈ പ്രപഞ്ചത്തില്‍  അവന്‍ ഭയക്കുന്ന ഒരേയൊരു ശക്തി അല്ലാഹു മാത്രമായിത്തീരുന്നുവെന്ന് തീര്‍ച്ചപ്പെടുന്നു.
യുദ്ധശ്രാന്തനായി മരച്ചുവട്ടില്‍ വിശ്രമിക്കുകയായിരുന്ന ലോകാനുഗ്രഹിയുടെ മരത്തില്‍ തൂങ്ങിക്കിടക്കുന്ന വാളെടുത്ത് ശത്രു, ആര് നിന്നെ രക്ഷിക്കുമെന്ന് ചോദിച്ചപ്പോള്‍  'അല്ലാഹു' വെന്ന്  ഉത്തരം നല്‍കാന്‍ തിരുദൂതരെ ധൈര്യവാനാക്കിയ വിശ്വാസമാണ്  ചലനമില്ലാത്ത വിശ്വാസം. യഥാര്‍ത്ഥത്തില്‍ ആ വിശ്വാസത്തിന്റെ കരുത്തിനു മുമ്പില്‍ ശത്രുവായ ഔറഥുബ്‌നു ഹാരിസിന് തോല്‍വി സമ്മതിക്കേണ്ടി വന്നുവെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. കൊലക്കയര്‍ മുകളില്‍ തൂങ്ങിയാടുമ്പോള്‍ 'വിശ്വാസത്തില്‍നിന്നും പിന്‍മാറാന്‍ തയ്യാറുണ്ടോ' എന്ന ചോദ്യത്തിനു പുല്ലുവില പോലും  നല്‍കാതിരിക്കാന്‍ ഖുബൈബ്(റ)വിന് കരുത്തായതാണ് യഥാര്‍ത്ഥ വിശ്വാസം.  ഇങ്ങനെ വിശ്വാസത്തിന്റെ ഉള്‍ക്കരുത്ത് കൊണ്ട് ദുരിതപര്‍വ്വങ്ങള്‍ താണ്ടിക്കടന്നവര്‍ ചരിത്രത്തില്‍ വളറെയേറെയാണ്.  വിശ്വാസം യഥാര്‍ത്ഥത്തില്‍ പരിച തന്നെയാണ്. അല്ലാഹുവും അവന്റെ തിരുദൂതരും സദ്‌വൃത്തരായ ഔലിയാക്കളും പണ്ഡിത മഹത്തുക്കളും  നമ്മുടെ ആത്മ രക്ഷക്കായി  നമ്മുടെ വലതു കരത്തിലേല്‍പ്പിച്ച ആ പരിച യഥായോഗ്യം നാമുപയോഗിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter