റമദാനിലും മസ്ജിദുകളിൽ നിലവിലെ സ്ഥിതി തുടരും- മുസ്‌ലിം സംഘടനാ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയായതായി മുഖ്യമന്ത്രി
തിരുവനന്തപുരം:  കോവിഡ് രോഗ വ്യാപനത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റമദാനിലും എല്ലാ ആരാധനാലയങ്ങളിലും നിലവിലുള്ള സ്ഥിതി തുടരാന്‍ മുസ്‌ലിം സംഘടനാ നേതാക്കളുമായും മതപണ്ഡിതന്‍മാരുമായും നടത്തിയ ആശയവിനിമയത്തില്‍ ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

റമദാന്‍ മാസത്തിലെ ഇഫ്താര്‍ സംഗമം, ജുമുഅ, പള്ളികളിലെ തറാവീഹ് നമസ്‌കാരം, അഞ്ച് നേരത്തെ ജമാഅത്ത്, കഞ്ഞിവിതരണം പോലുള്ള ദാന ധര്‍മ്മാദി പ്രവര്‍ത്തനങ്ങൾ തുടങ്ങിയവയെല്ലാം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് കൂടിക്കാഴ്ചയിൽ അരി പണ്ഡിതർ അഭിപ്രായപ്പെട്ടു. മക്കയിലും മദീനയിലും വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച മതനേതാക്കള്‍ കൊവിഡ്-19 നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശരിയായ നിലപാടെടുത്ത മതനേതാക്കളോട് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നന്ദി അറിയിക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളിലെ കൂട്ടായ്മ ഒഴിവാക്കിയും നൂതന സാങ്കേതിക വിദ്യ കഴിയുന്നത്ര ഉപയോഗിച്ചും വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ എങ്ങനെ നടത്താമെന്ന് ആലോചിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എം.ഐ അബ്ദുള്‍ അസീസ്, ഡോ. ഇ.കെ അഹമ്മദ്കുട്ടി, ഇ.കെ അഷറഫ്, കമറുല്ല ഹാജി, അഡ്വ. എം. താജുദ്ദീന്‍, ആരിഫ് ഹാജി, ഡോ. ഫസല്‍ ഗഫൂര്‍, സി.പി കുഞ്ഞുമുഹമ്മദ് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി ജലീൽ തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ഇവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter