തുഹ്ഫത്തുല്‍ മുജാഹിദീനില്‍നിന്നും മന്‍ഖൂസ് മൗലിദിലേക്കുള്ള ദൂരം
  കുറച്ചു മുമ്പ്, ഒരാനുകാലികത്തിനു വേണ്ടി കേരളത്തിലെ ഒരു പ്രമുഖനായ ചരിത്രകാരനുമായി ദീര്‍ഘനേരം സംസാരിച്ചു. മമ്പുറം തങ്ങളുടെ ആത്മീയവും സാമൂഹികവും രാഷ്ട്രീയവുമായ ജീവിത സ്വാധീനങ്ങളെ കുറിച്ചും തന്റെ വിഖ്യാത കൃതിയായ 'സൈഫുല്‍ ബത്താറി'ന്റെ അധിനിവേശവിരുദ്ധ നിര്‍വഹണങ്ങളെ കുറിച്ചും സംസാരത്തിലുടനീളം അദ്ദേഹം വാചാലനായി. അഭിമുഖം പ്രസിദ്ധീകരിച്ച്  കുറച്ചു ദിവസം കഴിഞ്ഞ് വിളിച്ചു. നേരില്‍ പറഞ്ഞ പലതും തിരുത്തിപ്പറയുന്നതാണ് പിന്നെ കേള്‍ക്കാന്‍ കഴിഞ്ഞത്:
''നിങ്ങളുടെ ഈ അലവി തങ്ങള്‍ ഇങ്ങനെയൊക്കെയാണെന്ന് ഞാന്‍ കരുതിയില്ല. ഇങ്ങനെയെങ്കില്‍ ഞാന്‍ സംസാരിക്കുമായിരുന്നില്ല. അയാള്‍ എന്തൊക്കെയാണ് 'സൈഫുല്‍ ബത്താറി'ല്‍ എഴുതിയിരിക്കുന്നത്? മതനിഷേധികളെ വകവരുത്തണമെന്നും അവരോട് ജിഹാദ് ചെയ്യണമെന്നൊക്കെയല്ലേ അതില്‍? ഞാന്‍ അതിന്റെ അറബി ടെക്‌സ്റ്റേ കണ്ടിരുന്നുള്ളൂ (അറബി അറിയില്ലതാനും) മലയാള വിവര്‍ത്തനം ഇപ്പോഴാണ് കാണുന്നത്''. കേരളത്തിലെ മുഖ്യധാരാ ചരിത്രകാരന്‍മാര്‍ എന്നു മേനി നടിച്ചു നടക്കുന്നവരുടെ 'കയ്യിലിരിപ്പ്' എത്രത്തോളം ആധികാരികമാണെന്നതിനുള്ള പച്ചയായ ഉദാഹരണമാണിത്. അധിനിവേശത്തിനെതിരെയുണ്ടായ സമര കൃതികളടക്കമുളള മാപ്പിള സാഹിത്യത്തെ കേരളത്തിലെ പല ആസ്ഥാന ചരിത്രമെഴുത്തുകാരും സമീപിച്ചിരിക്കുന്നത് വെറും 'അക്ഷരമാല ബോധ'ത്തോടെയാണെന്ന് ഈ അനുഭവാശങ്കയില്‍ നിന്ന് നമുക്ക് തിരിച്ചറിയാനാകുന്നു. വിവിധ കലാലയങ്ങളില്‍ വിരചിതമായ ആറു കൃതികളെയാണ് പൊതുവെ സമരകൃതികളെന്നു വിളിച്ചുപോരുന്നത്. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ 'തഹ്‌രിളു അഹ്‌ലില്‍ ഈമാന്‍', ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍', ഖാസി മുഹമ്മദിന്റെ 'ഫത്ഹുല്‍ മുബീന്‍', മമ്പുറം തങ്ങളുടെ 'സൈഫുല്‍ ബത്താര്‍', സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളുടെ 'ഉദ്ദത്തുല്‍ ഉമറാ', ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ 'മുഹിമ്മാത്തുല്‍ മുഅ്മിനീന്‍' എന്നീ രചനകളാണവ. ഇവയെ വിലയിരുത്തുന്നതില്‍ പ്രധാനമായും രണ്ടു രീതിയില്‍ അബദ്ധം പിണഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഒന്ന്: ഇവയെ സമരകൃതികളെന്നും സമരസാഹിത്യങ്ങളെന്നും വിളിച്ച് വളരെ പരിമിതമായ വൃത്തത്തിനുള്ളില്‍ ഒതുക്കി നിര്‍ത്തി. പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ടവയായതിനാല്‍ അവയെ സമരസാഹിത്യങ്ങളെന്നും വിളിച്ചുപോന്നെങ്കിലും അവയുടെ നാലുപാടും വിശദമായി അന്വേഷിക്കാനുള്ള ശ്രമങ്ങള്‍ പിന്നീടുണ്ടായില്ല. അവ മുന്നോട്ടുവെച്ച ചരിത്രപരവും മതപരവുമായ ഉള്ളടക്കങ്ങളെ വിലയിരുത്താന്‍ നമ്മുടെ മുഖ്യധാരാചരിത്രം വഴങ്ങിയതുമില്ല.
രണ്ട്: അധിനിവേശ വിരുദ്ധമായ രചനാപശ്ചാത്തലമില്ലെങ്കിലും മന്‍ഖൂസ് മൗലിദ്, മുഹ്‌യിദ്ദീന്‍ മാല, ബദ്ര്‍ മൗലിദ് തുടങ്ങി അക്കാലങ്ങളില്‍ വിരചിതമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയ നിലയില്‍ എരിവ് പകര്‍ന്നിട്ടുണ്ട്. ഇത്തരം മാപ്പിള കൃതികള്‍ക്ക് നേരെ മുഖ്യധാരാ എഴുത്തുകാര്‍ കണ്ണടച്ചു.
കേരളത്തിന്റെ സവിശേഷമായ ചരിത്രപരിസരങ്ങള്‍, കേരളക്കരയിലെ ഇസ്‌ലാം ആഗമനം, മതത്തിന്റെ കാഴ്ചപ്പാട്, കേരളീയരുടെ സൗഹൃദജീവിതം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട് സമരകൃതികള്‍ എന്നു വിളിക്കപ്പെടുന്ന ഓരോ രചനകളും. 85 വര്‍ഷത്തെ കേരള ചരിത്രം പറയുന്ന കേരളത്തിലെ പ്രഥമ ചരിത്രഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഇതിനു നല്ല ഉദാഹരണമാണ്. മതപരമായ യുദ്ധനിയമങ്ങള്‍, മലബാറിലെ ഇസ്‌ലാം മത പ്രചരണ ചരിത്രം,  മലബാറിലെ ഹിന്ദുക്കളുടെ വിചിത്ര ആചാരങ്ങള്‍, പോര്‍ച്ചുഗീസുകാരുടെ മലബാര്‍ അധിനിവേശവും ദുഷ്‌ചെയ്തികളും എന്നീ നാലു ഭാഗങ്ങളുള്‍കൊള്ളുന്നതാണ് തുഹ്ഫതുല്‍ മുജാഹിദീന്‍. ചില ഗ്രന്ഥങ്ങള്‍ യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വഹിച്ചവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗലോകത്തെ ഹൃദ്യമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്. 'തഹ്‌രീളി'ല്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍(റ) പറയുന്നു: ''സ്വര്‍ഗം സ്വര്‍ണം, വെള്ളി, രത്‌നങ്ങള്‍ എന്നിവകൊണ്ടാണ് പണിതിരിക്കുന്നത്. അതിലെ കളിമണ്ണ് കസ്തൂരിയും മണ്ണ് കുങ്കുമവും ചരല്‍കല്ല് മുത്തുകളുമാണ്. അവിടെ എല്ലാവര്‍ക്കും ശാശ്വതമായ യുവത്വമായിരിക്കും. പാത്രങ്ങള്‍ സ്വര്‍ണത്തിന്റേതും വെള്ളിയുടേതുമായിരിക്കും. ഹൂറികള്‍ ഭൂമിയില്‍ വന്നാല്‍ അവരുടെ സൗന്ദര്യം ധുവ്രങ്ങളെ പ്രകാശിപ്പിക്കും. ഹൂറികള്‍ നിത്യശുദ്ധിയുള്ളവരാണ്. ഇങ്ങനെ അനവധി ഹൂറികള്‍ ഒരു രക്തസാക്ഷിക്ക് ഉണ്ടാകുന്നതാണ്''.
മുസ്‌ലിംകളും സാമൂതിരി രാജാവും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് ഖാസി മുഹമ്മദി(റ)ന്റെ ഫത്ഹുല്‍ മുബീനില്‍ നീണ്ട പരാമര്‍ശം കാണാം: ''ലോകപ്രസിദ്ധനായ സാമൂതിരി രാജാവിന്റെ ധീരത അവരെല്ലാം അറിയട്ടെ, പ്രസിദ്ധമായ കോഴിക്കോടിന്റെ ഭരണാധികാരി. ധന്യനായ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ അത് സമൃദ്ധനഗരിയായി വിളങ്ങുന്നു. അദ്ദേഹം നമ്മുടെ മതമായ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നു. മറ്റെല്ലാവരെക്കാളും മുസ്‌ലിംകളെയും സ്‌നേഹിക്കുന്നു. നമ്മുടെ മതത്തിന്റെ സഹായി. നമ്മുടെ മതനിയമങ്ങള്‍ നടപ്പിലാക്കുന്നവര്‍''...(ഫത്ഹുല്‍ മുബീന്‍/ഖാസി മുഹമ്മദ്)
അധിനിവേശവിരുദ്ധ രചനാപശ്ചാത്തലമില്ലെങ്കിലും അധിനിവേശക്കാലത്ത് രചിക്കപ്പെട്ട ഒട്ടേറെ ഗ്രന്ഥങ്ങള്‍ രാഷ്ട്രീയ പ്രതിരോധങ്ങള്‍ക്ക് വലിയ ആശയ പ്രചോദനങ്ങളായിട്ടുണ്ട്. മാപ്പിള മുസ്‌ലിംകളെ സാമ്രാജ്യത്വശക്തികള്‍ക്കെതിരെ ഇളക്കി വിടുന്നതില്‍ അക്കാലത്ത് വിരചിതമായ മാലകളും മൗലിദുകളും പാട്ടുകളും വലിയ സ്വാധീനം ചെലുത്തി. പോരാട്ടങ്ങളെ കുറിച്ച് അവ പരാമര്‍ശിക്കുന്നില്ലെങ്കിലും സമരവഴികളില്‍ ഒന്നിച്ചുറക്കെ ചൊല്ലി മാപ്പിള മുസ്‌ലിംകളുടെ മനസ്സിനും ശരീരത്തിനും പോരാട്ട വീര്യമുള്ള വലിയ ആവേശങ്ങള്‍ നല്‍കി അവ. ബിദഈ ചിന്ത തലക്കു പിടിച്ച ചില മുസ്‌ലിം ചരിത്രകാരന്‍മാര്‍ മുസ്‌ലിം പോരാളികളുടെ ഈ 'സുന്നി ആവേശങ്ങളെ' ബോധപൂര്‍വം മറച്ചുപിടിച്ചതാണ് ഈ രീതിയില്‍ മാപ്പിളരചനകളെ വേണ്ടപോലെ വായിക്കപ്പെടാതെ പോയതിനു കാരണം.
പരിഷ്‌കരണ വാദികള്‍ ഇപ്പോള്‍ മാപ്പിള രചനകളെ സമീപിക്കുന്ന രീതിയിലും വലിയ വിചിത്രതകള്‍ കാണാന്‍ കഴിയും. കേരളത്തിലെ പ്രഥമ ആധികാരിക ചരിത്രഗ്രന്ഥം എന്ന നിലയില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീനെ' ഉയര്‍ത്തിക്കാട്ടുന്നവര്‍ അതേ കുടുംബ പരമ്പരയില്‍പെട്ട സൈനുദ്ദീന്‍ മഖ്ദൂം കബീര്‍(റ) രചിച്ച മന്‍ഖൂസ് മൗലിദില്‍ ശിര്‍ക്ക് കാണുന്നു. തുഹ്ഫത്തുല്‍ മുജാഹിദീനെ കുറിച്ച് ചര്‍ച്ചയും സെമിനാറും സംഘടിപ്പിക്കുന്നവര്‍ക്ക് ശൈഖ് സൈനുദ്ദീന്‍(റ) വലിയ ചരിത്രകാരനും ധിഷണാശാലിയും പണ്ഡിതനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമൊക്കെയാണ്. എന്നാല്‍, മഖ്ദൂം കബീറിന്റെ ഗ്രന്ഥമായ 'മന്‍ഖൂസ്' മൗലിദിലെത്തുമ്പോള്‍ അവര്‍ക്ക് വലിയ പിന്തിരിപ്പനും ശിര്‍ക്ക് പ്രചാരകനുമാണ് വലിയ മഖ്ദൂം(റ). ഒരേ സമയം നിലപാടില്‍ വരുന്ന ഈ വൈരുധ്യാത്മകതയെയാണ് നാം ചോദ്യം ചെയ്യേണ്ടത്.
മാപ്പിള മുസ്‌ലിംകളെ വിദേശ അക്രമകാരിക്കെതിരില്‍ തിരിച്ചുവിടാന്‍ മറ്റെല്ലാ പ്രേരകങ്ങള്‍ക്കുമപ്പുറം മതപരമായ സ്വയം ബോധ്യങ്ങള്‍ തന്നെയായിരുന്നു നിമിത്തമായതെന്ന് കണ്ടുകിട്ടിയ ആറു സമരഗ്രന്ഥങ്ങളും പറഞ്ഞുതരുന്നുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ കാര്യകാരണങ്ങളിലൊന്നാമതായി വിലയിരുത്തപ്പെടേണ്ടതും വിശ്വാസത്തിന്റെ രാസപ്രക്രിയയില്‍നിന്നുണ്ടാകുന്ന മതപരമായ ഈ ഉള്‍പ്രേരകങ്ങളെ തന്നെയാണ്. ''ആയുധം കൊണ്ടും സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും പറങ്കികളോട് യുദ്ധം ചെയ്യല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്. അടിമകള്‍ക്ക് ഉടമകളുടെയും മക്കള്‍ക്ക് പിതാക്കളുടെയും ഇണകള്‍ക്ക് തുണകളുടെയും അനുവാദം കിട്ടാതെ തന്നെ യുദ്ധ മുന്നണിയിലേക്ക് വരാം. നിസ്‌കാരത്തിന്റെ ഇടയില്‍ നിന്ന് പോലും യുദ്ധത്തിനിറങ്ങി വരണം.... മുസ്‌ലിം സമുദായമെ, മുഹമ്മദ് നബി(സ)യുടെ സമുദായമെ, യുദ്ധവേദിയിലേക്ക് ആത്മധൈര്യത്തോടെ കടന്നുവരിക. അല്ലാഹുവും സൃഷ്ടികളായ മനുഷ്യരും ജിന്നുകളും മൃഗങ്ങളും പക്ഷികളും ജന്തുക്കളും അതില്‍ സന്തോഷിക്കും. എന്തു നഷ്ടം വന്നുചേര്‍ന്നാലും പറങ്കികളെ നേതൃത്വം ഏല്‍പ്പിക്കരുത്.''(തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍/ശൈഖ് സൈനുദ്ദീന്‍ കബീര്‍(റ))
''അവിശ്വാസികള്‍ മുസ്‌ലിം രാജ്യങ്ങളില്‍ കടന്നാക്രമണം നടത്തുക എന്നതാണ് ജിഹാദിനുള്ള ഒരു കാരണം. നാം ഇപ്പോള്‍ അത്തരമൊരു സാഹചര്യത്തിലാണുള്ളത്. യുദ്ധം ചെയ്യാന്‍ ആവതുളള, പ്രായപൂര്‍ത്തിയും ബുദ്ധിയുമുളള എല്ലാ ഓരോ മുസ്‌ലിമിനും യുദ്ധം ചെയ്യല്‍ നിര്‍ബന്ധമാണ.്''(തുഹ്ഫത്തുല്‍ മുജാഹിദീന്‍/ശൈഖ് സൈനുദ്ദീന്‍ സഗീര്‍(റ).
തഹ്‌രീള് (തഹ്‌രീളു അഹ്‌ലില്‍ ഈമാന്‍ അലാജിഹാദി അബദത്തിസ്വുല്‍ബാന്‍ അല്‍ മുര്‍ഗബത്തു ഫില്‍ ജിനാന്‍ അല്‍ മുന്‍ഖിദത്തു മിനന്നീറാന്‍-നരകത്തില്‍ നിന്ന് മുക്തി നേടാനും സ്വര്‍ഗം ആശിക്കാനും വേണ്ടി കുരിശിന്റെ അടിമകള്‍ക്കെതിരെ വിശുദ്ധ യുദ്ധം നടത്താന്‍ വിശ്വാസികളെ പ്രേരിപ്പിക്കല്‍), തുഹ്ഫത്തുല്‍ മുജാഹിദീന്‍ (തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ അഖ്ബാരില്‍ ബുര്‍ത്വുഗാലിയ്യീന്‍-പോരാളികള്‍ക്ക് പോര്‍ച്ചുഗീസുകാരുടെ വിവരങ്ങള്‍ ഉള്‍കൊള്ളുന്ന പാരിതോഷികം, ഫത്ഹുല്‍ മുബീന്‍  (ഫുത്ഹുല്‍ മുബീന്‍ ലിസ്സാമിരിയ്യില്ലദീ യുഹിബ്ബുല്‍ മുസ്‌ലിമീന്‍-മുസ്‌ലിംകളെ സ്‌നേഹിക്കുന്ന സാമൂതിരിക്ക് സമര്‍പ്പിക്കപ്പെട്ട വ്യക്തമായ വിജയം), സൈഫുല്‍ ബത്താര്‍ (സൈഫുല്‍ ബത്താര്‍ അലാ മന്‍ യുവാലില്‍ കുഫ്ഫാര്‍-അവിശ്വാസികളെ കൈകാര്യകര്‍ത്താക്കളാക്കുകയായിരുന്നവരുടെ കുറിക്ക് കൊള്ളുന്ന ഖഡ്ഗം) ഉദ്ദത്തുല്‍ ഉമറാ (ഉദ്ദത്തുല്‍ ഉമറാ വല്‍ ഹുക്കാം ലി ഇഹാനത്തില്‍ കഫറത്തി വ അബദ്ദത്തില്‍ അസ്വ്‌നാം-വിഗ്രഹാരാധകരെയും അവിശ്വാസികളെയും അവഗണിക്കാന്‍ നേതാക്കള്‍ക്കും വിധികര്‍ത്താക്കള്‍ക്കുമുള്ള സന്നാഹം), മുഹിമ്മാത്തുല്‍ മുഅ്മിനീന്‍ എന്നീ ആറു ഗ്രന്ഥങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ എഴുതപ്പെട്ടതാണ്. അവസാനത്തെ മൂന്നെണ്ണം ബ്രിട്ടീഷ് വിരുദ്ധ കൃതികളുമാണ്. എന്നാല്‍, അധിനിവേശത്തിന്റെ നീണ്ട നാലര നൂറ്റാണ്ടുകാലത്ത് മറ്റു മതസഹോദരങ്ങളാല്‍ വിരചിതമായ ഏതെങ്കിലുമൊരു സമരകൃതികയെ കുറിച്ച് പറഞ്ഞുകേള്‍ക്കുന്നില്ല എന്നത് വിചിത്രമായ പരമാര്‍ത്ഥമാണ്. പ്രസ്തുത ആറ് ഗ്രന്ഥങ്ങളില്‍ ഒന്നൊഴികെ ബാക്കിയുള്ളതെല്ലാം അറബിയില്‍ രചിക്കപ്പെട്ട പദ്യ-ഗദ്യ രചനകളാണ്. ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ മുഹിമ്മാത്ത് അറബി മലയാളത്തിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. വളരെ സാധാരണക്കാരായ മാപ്പിള പോരാളികളെ അറബിയിലെഴുതിയ ഈ രചനകള്‍ എങ്ങനെ സ്വാധീനിച്ചു എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. വാക്കിനു വാക്ക് കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഉള്ളടക്കത്തിന്റെ അകസാരവും ആകെസാരവും അവര്‍ ഉള്‍കൊണ്ടിരുന്നു എന്നുവേണം കരുതാന്‍. മൗലിദുകളും ബൈത്ത് റാത്തീബുകളും ഇടതടവില്ലാതെ ചൊല്ലിയിരുന്ന തനി നാടന്‍ ഉമ്മമാരുടെ കാര്യത്തിലും ഈ രീതിയില്‍ പറയാനാകും. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ പോലെ അറബി നാടുകളുമായി വലിയ ബന്ധമില്ലാത്ത, ഭാഷാപഠനം സാര്‍വ്വത്രികമാകാതിരുന്ന ഒരു കാലത്തും അറബിയിലുള്ള ജുമുഅ ഖുത്വ്ബ എങ്ങനെ മുസ്‌ലിം കേരളം ഏറ്റെടുത്തുവെന്ന സംശയത്തിന് വക കാണില്ല.
ഇസ്‌ലാം സമാധാനത്തിന്റെ മതമായതു പോലെ തന്നെ പോരാട്ടത്തിന്റെയും മതമാണ്-സമാധാനം തകര്‍ക്കുന്നവരോടുള്ള പോരാട്ടം. ദേഹത്തിനും ദേഹിക്കും വേണ്ടി യുദ്ധം ചെയ്യുന്നവനാണ് മുസ്‌ലിം. മതപണ്ഡിതന്മാരൊക്കെ വലിയ വിപ്ലവകാരികളായതും അതുകൊണ്ടാണ്. ഇന്ന് ജയില്‍വാസം (ജയില്‍ നിറക്കല്‍) ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായത് പോലെ ഇസ്‌ലാമില്‍ എന്നും ഒരു മതപ്രവര്‍ത്തനമാണ്. മദ്ഹബിന്റെ നാല് ഇമാമുകളും ജയില്‍വാസം സ്വീകരിച്ചവരാണ്. ഈ അര്‍ത്ഥത്തില്‍ ഈയടുത്ത് വഫാത്തായ കൊയിലാണ്ടിയിലെ ഉമര്‍ ബാഫഖി തങ്ങളാണ് കേരളീയ പണ്ഡിതരില്‍ നിന്ന് ഏറ്റവും ഒടുവില്‍ എടുത്തുകാട്ടാനാവുന്ന വ്യക്തി.
പോരാട്ടത്തിന്റെ മതം കൂടിയായ ഇസ്‌ലാമില്‍ ജയില്‍വാസം പോലെ സമരാവേശം ഉണര്‍ത്തുന്ന രചനാവിലാസവും വലിയ മതപ്രവര്‍ത്തനമാണെന്നതു കൊണ്ടാണ് തലയെടുപ്പുള്ള പണ്ഡിതന്മാര്‍ ശക്തമായ രചനകളുമായി രംഗത്തു വന്നത്. പാട്ടുപാടി സ്വഹാബികളെ യുദ്ധോത്സുകരാക്കിയിരുന്ന കഅ്ബ്ബ്‌നു സുഹൈറി(റ)ന്റെയും സൈദുബ്‌നു സാബിതിന്റെയും താവഴി തന്നെയാണ് മുസ്‌ലിം കേരളത്തിന്റെയും പ്രയാണവഴിയെന്ന് ഓരോ കൃതികളും നമ്മെ ഉണര്‍ത്തുന്നുണ്ട്.
എല്ലാ കാലത്തും രചനകള്‍ സമരങ്ങള്‍ നയിച്ചിട്ടുണ്ടെന്ന് ചരിത്രം പറഞ്ഞുതരുന്നുണ്ട്. റൂസ്സോയുടെയും മൊണ്ടസ്‌ക്യൂവിന്റെയും കൃതികള്‍ സമരാവേശങ്ങള്‍ സൃഷ്ടിച്ച ചരിത്രം വളരെ പ്രസിദ്ധമാണല്ലോ. എന്നാല്‍ പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ വാസ്‌കോഡഗാമ കാപ്പാട്ട് തീരത്ത് കപ്പലിറങ്ങിയ 1498 മുതല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും മോചിതരായി ഭാരതം സ്വതന്ത്രമായ 1947 വരെയുള്ള നാലര നൂറ്റാണ്ടുകാലത്തെ അധിനിവേശ അന്യായങ്ങള്‍ക്കെതിരെ സമരം നയിച്ച മാപ്പിള കൃതികള്‍ ചരിത്രത്തില്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍നിന്ന് മന്‍ഖൂസ് മൗലിദിലേക്കുള്ള ദൂരം തുല്യതയില്ലാത്ത സ്വാധീനങ്ങളാണ് സൃഷ്ടിച്ചതെന്നു കാണാന്‍ കഴിയും. മാപ്പിള മുസ്‌ലിംകളുടെ ഉള്ളിലെ വിശ്വാസം കൂടി ഈ സ്വാധീനത്തിന് വഴിയൊരുക്കിയെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഓരോ സമരഗ്രന്ഥത്തിനു പിന്നിലും അവയുള്‍കൊള്ളുന്നതിനേക്കാള്‍ വലിയ വീര്യവും അധ്വാനവുമുള്ള പോരാട്ടങ്ങളുടെ പൊടിപാറുന്ന വിശേഷങ്ങളുണ്ടാകും. പില്‍കാലത്ത് ശേഷിച്ചു കാണാന്‍ കഴിയുന്ന ഒരു മാധ്യമം എന്ന നിലയിലാണ് സമരസാഹിത്യങ്ങള്‍ ഇവിടെ പ്രസക്തമാകുന്നത്. ദീനിനെയും മണ്ണിനെയും കൊള്ളയടിക്കാന്‍ വന്നവരോട് മുന്നില്‍ കണ്ട വഴികളിലൂടെയൊക്കെയും മാപ്പിളമാര്‍ പ്രതിരോധം സൃഷ്ടിച്ചുവെന്നതിന് എന്നെന്നേക്കുമുള്ള തെളിവാണ് ഈ സമരസാഹിത്യങ്ങളെന്നു പറയാം. 
അഫ്കാര്‍ വാരിക, 2010, സെപ്തംബര്‍, 23-29,  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter