റോഹിങ്ക്യ: കേന്ദ്രസര്‍ക്കാറിനെതിരെ ശശി തരൂര്‍ എം.പി

 


റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. റോഹിങ്ക്യകള്‍ പൂര്‍ണമായും മുസ്ലിംകളായത് കൊണ്ടാണ് അവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഭയം കൊടുക്കാത്തതെന്നും വലിയൊരു വിഭാഗം മുസ്ലിംങ്ങള്‍ക്ക് അഭയം നല്‍കാനാവില്ലെന്ന നിലപാട് ഇതിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നതാണെന്നും ശശിതരൂര്‍. ഹിന്ദുത്വത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവര്‍ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമായ 'അതിഥി ദേവോ ഭവ' എന്ന മന്ത്രം മറന്നോ എന്ന് ശശി തരൂര്‍ ചോദിക്കുന്നു. ദി ക്വിന്റില്‍ എഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാറിനെതിരെ തരൂര്‍ തുറന്നെഴുതിയത്.

ഇന്ത്യയെ പോലെ തന്നെ ഇസ്ലാമിക തീവ്രവാദത്തെ എതിര്‍ക്കുകയും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പോലും സിറിയന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാകുന്ന സമയത്താണ് അതിഥികളെ ദൈവത്തെ പോലെ പരിഗണിക്കുന്ന സംസ്‌കാരത്തിന്റെ ഭാഗമായ നമ്മള്‍ അഭയാര്‍ത്ഥികളെ ആട്ടിയോടിക്കുന്നതെന്നും ശശി തരൂര്‍ പറയുന്നു. അഭയാര്‍ത്ഥികളുടെ നാടു കടത്താനുള്ള നീക്കം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണെന്നും തരൂര്‍ വ്യക്തമാക്കുന്നു.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഒഴിപ്പിക്കണമെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. റോഹിങ്ക്യന്‍ വംശജരെ ഇന്ത്യയിലേക്ക് കടത്താന്‍ മ്യാന്മാര്‍,പശ്ചിമ ബംഗാള്‍,ത്രിപുര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ചില അഭയാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക് സ്‌റ്റേറ്റുമായും പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter