മരിച്ചിട്ടും പാവം യാസര്‍ അറഫാത്തിന് രക്ഷയില്ലല്ലോ!
യാസര്‍ അറഫാത്തിന്‍റെ ഭൌതിക ശരീരം  പുറത്തെടുത്ത സാഹചര്യത്തില് അതു സംബന്ധമായി വിവിധ അഭിപ്രായങ്ങള്‍ പങ്കു വെച്ച് ആഗോളമാധ്യമങ്ങളില്‍ വന്ന കുറിപ്പുകളിലെ പ്രസക്തമായ നിരീക്ഷണങ്ങള്‍ ഇസ്ലാം ഓണ്‍വെബ് വായനക്കാരുമായി പങ്കുവെക്കുന്നു- എഡിറ്റര്‍.  width=ഫലസ്തീന്‍ നേതാവായിരുന്ന യാസര്‍ അറഫാത്തിന്‍റെ ഭൌതികശരീരം പുറത്ത് എടുത്തിരിക്കുയാണ്. അദ്ദേഹത്തെ പൊളോണിയമെന്ന മാരക വിഷമുപയോഗിച്ച് കൊലപ്പെടുത്തുക യായിരുന്നോ എന്ന് അന്വേഷിക്കാനാണ് ഈ നീക്കം. ഇസ്രായേല്‍ തങ്ങളുടെ നേതാവിനെ ഗൂഢമായി കൊല്ലുകയായിരുന്നുവെന്ന് ഫല്സ്തീനികള്‍ വാദിക്കുന്നു. ഇസ്രായേല് ഭരണകൂടം പ്രസ്തുത വാദത്തെ ശക്തമായി നിഷേധിക്കുകയും ചെയ്യുന്നു. ഏതായാലും വിഷയത്തെ കുറിച്ച് ആഗോളമാധ്യമങ്ങളില്‍ ഇതിനകം നിരവധി ചര്‍ച്ച നടന്നു കഴിഞ്ഞു. അതിന്റെ സംക്ഷിപ്തരൂപം വായനക്കാരുമായി പങ്കുവെക്കാനാണ് ഈ കുറിപ്പ്. ഗാസയില് ‍ജനിച്ച് നിലവില്‍ ലണ്ടനില്‍ അല്‍ഖുദുസുല്‍ അറബി പത്രത്തിന്‍റെ പത്രാധിപരായി തുടരുന്ന അബ്ദുല്‍ ബാരി അത്വവാന്‍, ഇന്‍ഡിപെന്‍ഡന്റ് പത്രത്തിന്റെ മിഡിലീസ്റ്റ് പ്രതിനിധിയും പ്രമുഖ കോളമിസ്റ്റുമായ റോബര്‍ട്ട് ഫിസ്ക് തുടങ്ങിയവര്‍ ഇവ്വിഷയകമായി നീണ്ടലേഖനങ്ങള്‍ തന്നെ എഴുതിയിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍. ഇസ്രേയേല്‍‌ പത്രമായ ജെറുസലേം പോസ്റ്റ് ഈ വിഷയത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് സ്ഥാപിക്കാനും പരമാവധി ശ്രമിച്ചു. ഇരുവിഭാഗത്തിന്റെയും വാദങ്ങളും അതിന് ഉന്നയിച്ച കാരണങ്ങളും സംക്ഷിപ്തമായി: അബ്ദുല്‍ ബാരി അത്വവാന്‍ യാസര്‍ അറഫാത്തിന്റെ മരണം സാധാരണ മരണലമല്ലെന്ന് തന്നെയാണ് അല്‍ഖുദ്സ് പത്രാധപരുടെ നിരീക്ഷണം. മനപ്പൂര്‍വം നടത്തിയ കൊലപാതകമാണെങ്കില്‍ അതിനുത്തരവാദി ഇസ്രായേലാണ്. അതിന് നിരവധി കാരണങ്ങള്‍ നിരത്തുന്നുമുണ്ട് അത്വവാന്‍.
  1. അറഫാത്തിന് മുമ്പെ താന്‍ മരിക്കില്ലെന്ന് ഇടക്കിടെ പ്രഖ്യാപിച്ചിരുന്ന അവരുടെ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍.
  2. അറഫാത്തിന്റെ ശരീരത്തില്‍ നിന്നെടുത്ത വിഷംപുരണ്ട മെഡിക്കല്‍ സാമ്പിളുകള്‍ അപ്രത്യക്ഷമായതെങ്ങനെയെന്നതാണ് സുപ്രധാന ചോദ്യം. ഫ്രാന്‍സിലെ സൈനിക ഹോസ്പിറ്റലില്‍ സൂക്ഷിക്കപ്പെട്ടിരുന്ന മലം, മൂത്രം, രക്തം തുടങ്ങിയവയുടെ പരിശോധകരുടെ കണ്ണില്‍ നിന്നും മറച്ച് വെക്കാന്‍ ബോധപൂര്‍വം പരിശ്രമിച്ച ചിലയാളുകളുണ്ട്.
  3. ലോകത്ത് പൊളോണിയം വിഷം കയ്യിലുള്ള മൂന്നേ മൂന്ന് രാഷ്ട്രങ്ങളാണുള്ളത്. ഇസ്രായേല്‍, അമേരിക്ക, റഷ്യ തുടങ്ങിയവയാണ് അവ.
  4. വിഷബാധയാണെന്ന് തന്നെ ഉറപ്പിച്ച രീതിയിലാണ് അത്വവാന്‍റെ എഴുത്ത്. എങ്കില്‍ പിന്നെ അതിന് പിന്നില്‍ സാധ്യത കാണേണ്ട് ഏക രാജ്യം ഇസ്രായേല്‍ തന്നെയാണെന്നും അദ്ദേഹം വാദിക്കുന്നു.
ഒരു പക്ഷെ ഈ നീചകൃത്യം ചെയ്യാന്‍ ഫലസ്തീനിലെ ചിലരും ഇസ്രായേലിനെ സഹായിച്ചിരിക്കാമെന്നും ലേഖകന് അഭിപ്രായമുണ്ട്. അവസാന കാലത്ത് അറഫാത്തിന്റെ കൂടെയുണ്ടായിരുന്ന ചില വ്യക്തികളെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. കാര്യം വ്യക്തമായിട്ടും പ്രസ്തുത പരിശോധനക്കായി ഫലസ്തീന്‍ ഗവണ്‍മെന്റ് മുന്നിട്ടിറങ്ങുകയോ, സ്വിറ്റ്‌സര്‍ലന്റിലെ ലാബ് പോലുള്ള അന്താരാഷ്ട്ര ലബോറട്ടറികളോട് നിര്‍ദേശിക്കുകയോ ചെയ്യാതിരുന്നത് എന്ത് കൊണ്ടാണെന്നും ലേഖനത്തില്‍ അത്വവാന്‍ ചോദിക്കുന്നുണ്ട്. റോബര്‍ട്ട് ഫിസ്ക് അറഫാത്തിന്റെ ഭൌതികശരീരം പുറത്തെടുത്ത ശേഷമാണ് റോബര്‍ട്ട് ഫിസ്ക് കുറിപ്പ് എഴുതിത്തുടങ്ങുന്നത്. മിഡിലീസ്റ്റിലെ പരിചയ സമ്പന്നനായ ഈ പത്രപ്രവര്‍ത്തകന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. ഫിസ്ക് കുറിപ്പ് തുടങ്ങുന്നത് ഇങ്ങെയാണ്: ‘അവസാനം അവര്‍ അറഫാത്തിന്റെ ഭൌതികശരീരം പുറത്തെടുത്തു. വിരോധാഭാസമെന്നല്ലാതെ എന്തു പറയാന്‍. ജീവിതത്തിലുടനീളം കൊല്ലപ്പെടുമോ എന്ന ഭയമായിരുന്നു അറഫാത്തിന് കൂട്ട്, അതിന് തക്ക കാരണങ്ങളുണ്ടായിരുന്നു താനും. 1982 ല്‍ ബൈറൂത്തില്‍ വെച്ച് അറഫാത്തിനെ വധിക്കാനായി മൊസാദിന്റെ നേതൃത്വത്തില്‍ അത്തരമൊരു ശ്രമം നടന്നിരുന്നു. അന്ന് ആരോ ‘മിസ്റ്റര്‍ ഫലസ്തീന്’ പദ്ധതിയെ കുറിച്ച് മുന്‍കൂട്ടി വിവരം നല്‍കി. അതിനാല്‍ ഒന്നും സംഭവിച്ചില്ല. ഇസ്രായേല്‍ അദ്ദേഹത്തെ ലക്ഷ്യം വെച്ച് നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പേരാണ് അന്ന് കൊല്ലപ്പെട്ടത്. അബൂജിഹാദടക്കമുള്ള അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. എന്നാല് എട്ടുവര്‍ഷത്തിന് മുമ്പ് അദ്ദേഹത്തെ പൊളോണിയം 210 ഉപയോഗിച്ച് കൊല്ലാന്‍ ഇസ്രായേല്‍ പദ്ധതിയിട്ടിരുന്നോ?’ ‘തന്റെ അവസാന കാലത്ത് അറഫാത്ത് സ്വന്തം ആരോഗ്യത്തെ കുറിച്ച് ആലോചിച്ചിരുന്നേ ഇല്ല. അവസാന കാലത്ത് അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ച നയതന്ത്ര ഉദ്യോഗസ്ഥരെല്ലാം അവിടത്തെ ശുചിത്വമില്ലായ്മയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. കക്കൂസില്‍ പോലും അന്ന് വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. അറഫാത്ത് തന്നെ ശാരീരികമായി ഏറെ ക്ഷയിച്ചു കഴിഞ്ഞിരുന്നു. യുറോപ്പിലെ ഒരു എംബസി ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ ഓഫീസായിരുന്ന മുഖാത്വയില്‍ പോയി കണ്ട അനുഭവം പങ്കുവെച്ചത് ഓര്‍ക്കുന്നു. സംസാരത്തിനിടെ അറിയാതെ തന്റെ വിരലുകള്‍ കൊണ്ട് ശരീരത്തിലെ തോല് പറിച്ചുകൊണ്ടിരിക്കുകയായിരുന്നുവത്രെ അന്ന് യാസര്‍ അറഫാത്ത്.’ ഫിസ്ക് തുടരുന്നു. തുടര്‍ന്ന് ചില പ്രസ്കതമായ നിരീക്ഷണങ്ങളാണ് ഫിസ്ക് നടത്തുന്നത്.
  1. മരണശേഷം കാരണം കണ്ടെത്താന്‍ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നു. അവര്‍ക്കൊരു തെളിവും കിട്ടിയിട്ടില്ല. എന്ന് മാത്രമല്ല, അറഫാത്ത് റാമല്ലയില്‍ മറ്റുപലരുോടുമൊത്തുമാണ് കഴിച്ചിരുന്നത്. ഭക്ഷണത്തിലൂടെ നടന്ന വിഷബാധയാണെങ്കില്‍ അവര്‍ക്കൊന്നും ഒന്നും സംഭവിച്ചിട്ടില്ല.
  2. അദ്ദേഹം ഒരു ആയുര്‍വേദ മരുന്നു നിത്യവും രാവിലെ സേവിച്ചിരുന്നതിനെ കുറിച്ച് മരണശേഷം ചിലര്‍ വെളിപ്പെടുത്തിയിരുന്നു. അതെവിടെ നിന്ന് കൊണ്ടു വരുന്നതായിരുന്നുവെന്ന ആര്ക്കുമറിയില്ലായിരുന്നു. ആരും അത് അന്ന് വരെ രുചിച്ചു നോക്കിയിട്ടുമുണ്ടായിരുന്നില്ല. അത്രയും ‘അജ്ഞാതവും രഹസ്യവുമായിരുന്ന’ ആ മരുന്ന് അറഫാത്ത് എന്തിനായിരുന്നു നിത്യവും സേവിച്ചിരുന്നത്?
  3. വിഷയത്തില്‍ തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്. (വിഷം കുടിപ്പിക്കാന്‍ ഞങ്ങള്‍ അറഫാത്തിന്റെ അടുക്കളക്കാരായിരുന്നില്ല, ‘We were not his cooks’,  എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചതെന്ന് ഫിസ്ക് വ്യക്തമാക്കുന്നുണ്ട്.) എല്ലാ ശക്തിയും ചോര്‍ന്ന് കഴിഞ്ഞ അദ്ദേഹത്തെ പരസ്യമായി കൊല്ലുന്നതിന് പകരം തത്കാലം വിഷം കൊടുത്ത് ഇല്ലാതാക്കാന്‍ ഇസ്രായേല്‍ തീരുമാനിക്കുകയായിരുന്നോ? ഫിസ്ക് ചോദിക്കുന്നു.
  4. സ്വിറ്റ്സര്‍ലാണ്ടിലെ ലബോറട്ടറിയില്‍ പരിശോധന നടത്തി വിഷാംശത്തിന്റെ സാന്നിധ്യം വസ്ത്രത്തില്‍ തെളിയിച്ച് അല്‍ജസീറക്കാണ് കേസിലെ വഴിത്തിരിവിന്റെ മുഴുവന്‍ ക്രെഡിറ്റും ഫ്സിക് നല്‍കുന്നത്.
  5. ഇനി വിഷാംശം തെളിഞ്ഞാലും അത് ഫലസ്തീനിലെ ആളുകള്‍ക്ക് ആരാണ് നല്‍കിയതെന്ന് എങ്ങനെ തീരുമാനിക്കുമെന്നാണ് ഫിസ്കുന്നയിക്കുന്ന അടുത്ത ചോദ്യം. ഇസ്രായേല്‍ മാത്രമായിരുന്നില്ലല്ലോ അറഫാത്തിനെ വെറുത്തത്. സോവിയറ്റ് യൂനിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെ.ജി.ബിയും അദ്ദേഹത്തെ കാര്യമായി വെറുത്തിരുന്നുവല്ലോ.
ജെറുസലേം പോസ്റ്റ് സ്വാഭാവികമായും ഇസ്രായേലിന് ഈ പ്രശ്നത്തില്‍ ഒരു പങ്കുമില്ലെന്ന് സ്ഥാപിക്കാനാണ് ഈ പത്രം ശ്രമിക്കുന്നത്. അറഫാത്തിനെ പുറത്തെടുത്ത ദിവസം പോസ്റ്റ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലെ പ്രധാന വാദങ്ങളാണ് താഴെ:
  1. ഇസ്രായേലിനെതിരെ ഫലസ്തീന് നടത്തുന് ബഹുമുഖമായ യുദ്ധത്തിന്റെ അവസാന രീതിയാണിത്. അറഫാത്തിനെ ഇസ്രായേല്‍ വിഷം കൊടുത്ത് കൊല്ലുകയായിരുന്നുവെന്ന് സ്ഥാപിക്കുകയാണ് ഫലസ്തീന്‍റെ ലക്ഷ്യം.
  2. റഷ്യ, ഫ്രാന്‍സ്, സ്വിറ്റസെര്‍ലാന്റ് എന്നീ മൂന്ന് രാജ്യങ്ങളിലെ ഫോറന്‍സിക് വിദഗ്ധരാണിത് പരിശോധിക്കുന്നത്. അതില്‍ റഷ്യയുടെ ഇടപെടലിനെ പത്രം കാര്യമായി പരിഹസിക്കുന്നു. കാരണം പൊളോണിയം ഉപയോഗിച്ച് ആദ്യമായി ഒരാളെ വധിച്ചത് റഷ്യ തന്നെയായിരുന്നു. പണ്ടി തങ്ങളുടെ അന്വേഷണവിഭാഗമായ കെ.ജി.ബിയിലെ ചാരനായിരുന്ന അലക്സാണ്ടര്‍ ലിറ്റവിന്‍കോയെ ചേരി മാറിയതിന്റെ പേരില്‍ റഷ്യ ഇല്ലാതാക്കിയത് ഈ പൊളോണിയം ഉപയോഗിച്ചായിരുന്നു. (2006 ലാണ് ലണ്ടനിലേക്ക് കുടിയേറയ ലിറ്റവിന്‍കോ കൊല്ലെപ്പെടുന്നത്. അതിന്റെ പേരില്‍ പ്രസിഡണ്ട് പുട്ടിന് ഏറെ പഴി കേള്‍ക്കേണ്ടിയും വന്നു.) അത് കൊണ്ട് തന്നെ ഈ വിഷയത്തിലെ പരിചയം എന്തു കൊണ്ടും റഷ്യക്കാണുള്ളത്. പത്രം പരിഹസിക്കുന്നു.
  3. തങ്ങളുടെ ആശുപത്രിയില്‍ വെച്ചാണ് അറഫാത്തിന്റെ അന്ത്യം സംഭവിച്ചതെന്നതിനാലാണ് ഫ്രാന്‍സ് ഇതിലിടപെടുന്നത്. വിഷമുപയോഗിച്ചു വധിക്കുകയായിരുന്നുവെന്ന വാദം കേട്ടു തുടങ്ങിയ ഉടനെ മാധ്യമങ്ങള്‍ക്കനുവദിച്ച അഭിമുഖത്തില്‍ ഇത്തരമൊരു വിഷത്തിന്റെ അംശം അറഫാത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. അതു കേള്‍ക്കാതെയാണോ ഇപ്പോള്‍ പുതിയ അന്വേഷണവുമായി എഴുന്നള്ളിയിരിക്കുന്നത്. പത്രം ചോദിക്കുന്നു.
  4. ഇനി ഈ അന്വേഷണം എത്രമാത്രം നിക്ഷപക്ഷമായിരിക്കുമെന്നാണ് പത്രമുന്നയിക്കുന്ന അടുത്ത ചോദ്യം. പല രാജ്യങ്ങളുടെയും രാഷ്ട്രീയ താത്പര്യങ്ങളാണ് ഇപ്പോള്‍ അന്വേഷണത്തെ മുന്നോട്ട് നയിക്കുന്നതെന്നും പത്രം പരിഭവപ്പെടുന്നു.
  5. സ്വിസ് ലാബില്‍ കണ്ടെത്തിയ വിഷാംശം മരണശേഷം മനപ്പൂര്‍വം പുരട്ടിയതാണെന്ന് വരെ എഡിറ്റോറിയല്‍ സംശയിക്കുന്നുണ്ട്. അത് വ്യാജമല്ലെന്ന് ആദ്യം തെളിയിക്കേണ്ടതുണ്ടെന്നാണ് പത്രാധിപര്‍ ആവശ്യപ്പെടുന്നത്. (ഇതു സംബന്ധമായി ഒരു വാര്‍ത്ത നവംബറിന്റെ ആദ്യവാരത്തില്‍ ജെറുസലേം പോസ്റ്റ് തന്നെ പ്രസിദ്ധീകരിച്ചു കാണുന്നുമുണ്ട്.)
  6. നേരത്തെ ഫലസ്തീന് ‍അതോറിറ്റി പറഞ്ഞിരുന്നു അറഫാത്തിന്‍റെ മരുന്നില്‍ ടോക്സിന് ‍ചേര്‍ത്തുവെന്നായിരുന്നു. ഇപ്പോള് ആ വാദം മാറി പൊളോണിയം റേഡിയേഷന്‍ എന്നായിരിക്കുന്നു.
അറഫാത്തിന്റെ വധവുമായി ഇസ്രായേലിന് ഒരു പങ്കുമില്ലെന്ന് വിശദീകരിക്കാന്‍ പാടുപെട്ടതിന് ശേഷം തീര്‍ത്തു രാഷ്ട്രീയമായി ഈ വിഷയത്തെ വലിച്ചുകൊണ്ടു പോകാനും എഡിറ്റോറിയല്‍ തുനിയുന്നു. ഇത്തരം ദുരൂഹമായി പദ്ധതികളുമായി ഒരു ഭാഗത്ത് മുന്നേറി കൊണ്ടിരിക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയിലെ ഉയര്‍ന്ന് പദവിക്ക് വേണ്ടി ഫലസ്തീന്‍ ശ്രമിക്കുന്നത്. അതൊരിക്കലും സംഭവിച്ചു കൂടെന്നാണ് പത്രത്തിന്റെ ഭാഷ്യം. ക്രത്യമായ മുന്‍ഗണനാക്രമം ഇല്ലാത്ത രാഷ്ട്രീയ നേതൃത്വം നയിക്കുന്ന ഇത്തരം രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ അംഗമാകുന്നത് നാണക്കേടാണെന്ന് കൂടി ഓര്‍മിപ്പിച്ചാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്. അിതനു തൊട്ടുതലേദിവസം ജെറുസലേം പോസ്റ്റില്‍ ഇതുസംബന്ധമായി ഒരു ലേഖനവും വന്നിരുന്നു. ഇത്മാന്‍ മാര്‍ക്വേസ്, നാന്‍ ജാക്വസ് എന്നീ രണ്ടു പേര് ചേര്‍ന്നാണ് ലേഖനമെഴുതിയിരിക്കുന്നത്. ഇസ്രായേലാണ് വിഷം കൊടുത്ത് കൊന്നതെങ്കില്‍ തന്നെ അത് ന്യായമാണെന്നു സമര്‍ഥിക്കാനാണ് ആ കുറിപ്പിലൂടെ ലേഖകര്‍ ശ്രമിച്ചത്. 2004 ല്‍ കൊല്ലപ്പെടുന്നതിന് മുമ്പു  നടന്ന രണ്ടാം ഇന്‍തിഫാദ അറഫാത്തിന്റെ നേതൃത്വത്തിലാണ് അരങ്ങേറിയതെന്നും അതില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് ഇസ്രായേലികളുടെ ജീവന് ഉത്തരാവാദിയായ അറഫാത്ത് കൊല്ലപ്പെടേണ്ടവന്‍ തന്നെയാണെന്നും ലേഖകര്‍ സമര്‍ഥിക്കുന്നു. അറഫാത്തിനെ ഇസ്രായേല്‍ തന്നെയാണ് കൊന്നതെങ്കില്‍ പോലും അമേരിക്ക ഉസാമയെ വധിച്ചപ്പോള്‍ ലഭിച്ചതിലേറെ, ഫലസ്തീനിലെ തന്നെ അഹ്മദ് യാസീനെ നേരത്തെ ഇസ്രായേല് കൊലപ്പെടുത്തിയതിന് ലഭിച്ചതിലേറെ, വാര്‍ത്താ പ്രാധാന്യം ഇതിന് കൊടുക്കേണ്ടതില്ലെന്നാണ് ലേഖനം പറയുന്നത്. ഫലസ്തീന് കീഴിലുള്ള പി.എ ടിവിയിലൂടെ പലപ്പോഴും അറഫാത്ത് നടത്തിയ പ്രഖ്യാപനങ്ങള്‍ തീവ്രവാദപരവും ഇസ്രായേലിനെ ലക്ഷ്യം വെച്ചുള്ളതുമായിരുന്നുവെന്നും തെളിവുദ്ധരിച്ച് സമര്‍ഥിക്കാനാണ് ലേഖനത്തിലുടനീളം ശ്രമിക്കുന്നത്. ആ ലേഖനം അവസാനിക്കുന്നത് ഇങ്ങനെ: ‘ഇസ്രായേല്‍ തന്നെയാണോ അറഫാത്തിനെ കൊന്നത്? അറിയില്ല. ഏതായാലും ഇവിടത്തെ പ്രധാനപ്പെട്ട ചോദ്യം അതല്ല. മറിച്ച് ഒരു തീവ്രവാദിയെന്ന തരത്തില്‍ അറഫാത്ത് മറ്റുളള തീവ്രവാദികളില്‍ നിന്ന് അല്‍പം പോലും വ്യത്യസ്തനല്ല. 2004 ലാണ് അറഫാത്ത് കൊല്ലപ്പെട്ടത്. അതിന് മുമ്പെ ആയിരക്കണക്കിന് ഇസ്രായേലുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട തീവ്രവാദത്തിന് നേതൃത്വം നല്കിയത് ഈ അറഫാത്തായിരുന്നു. അദ്ദേഹം ഒരു രാഷ്ട്രീയ നേതാവേ ആയിരുന്നില്ല. മറിച്ച് പറ്റിയ സന്ദര്‍ഭങ്ങളിലെല്ലാം പൌരന്‍മാരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ തീവ്രവാദിയായിരുന്നു. അതുകൊണ്ട് തന്നെ അറഫാത്തിനെ ഇസ്രായേല്‍ കൊന്നുവെങ്കില്‍ അതിന് തക്കതായ ന്യായമുണ്ട്.’ എഡിറ്റര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter