മക്കള്‍ക്കു പുറമെ അവരില്‍ പ്രതീക്ഷ കൂടി വളര്‍ത്താന്‍ പാടുപെടുന്ന ഉമ്മമാരുടെ കഥ!
ഫലസ്തീനിലെ കുട്ടികളെല്ലാം മാനസിക പിരിമുറുക്കത്തിലാണെന്ന യുനിസെഫിന്‍റെ പുതിയ പഠനം പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇസ്രായേല്‍ അവസാനമായി നടത്തിയ നരമേധത്തിന്റെ മാത്രം പശ്ചാത്തലത്തിലായിരുന്നു യൂനിസെഫ് ആ പഠനം നടത്തി റിപ്പോര്‍ട്ട് ആഗോളസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല് ഓരോ രാത്രിയും കുട്ടികള്‍ പേടിയോടെയാണ് ഉറങ്ങാന്‍ കിടക്കുന്നത്. ജൂതപ്പട്ടാളം അടുത്ത പകലിന് മുമ്പെ തങ്ങളെ അറസ്റ്റ് ചെയ്യില്ലെന്നതിന് എന്താണുറപ്പ്? ഫലസ്തീനിലെ കുട്ടികളോട് കാലങ്ങളായി ഇസ്രായേല് ‍സൈന്യം തുടരുന്ന മനുഷ്യത രഹിതമായ അറസ്റ്റു രീതികളെ കുറിച്ച് ബതീനാ മാക്സ് എഴുതുന്നു. Duetsche Welle പ്രസിദ്ധീകരിച്ചതിന്‍റെ വിവര്‍ത്തനം.  width=സമയം പുലര്‍ച്ചെ മൂന്ന് മണി. ഗാസയുടെ പടിഞ്ഞാറെ ഭാഗത്തുള്ള ബൈതുഉമര്‍ ഗ്രാമം. ഇസ്രായേല്‍ പട്ടാളം വന്ന് ധൃതിയില്‍ വണ്ടിയിറങ്ങി. ആയുധധാരികളായ ഒരു സംഘം സൈനികര്‍. പെടുന്നനെ അവര്‍ കോണിപ്പടികള്‍ ഓടിക്കയറുന്നു. സകി മുര്‍ഷാദിന്റെ വീട്ടു വാതിലില്‍ ശക്തിയായി മുട്ടുന്നു... അകത്ത് മുര്‍ഷാദും നാലു മക്കളും നല്ല ഉറക്കത്തിലാണ്. വാതിലിലെ മുട്ട് കേട്ട് എല്ലാവരും ഒരുമിച്ച് ഞെട്ടിയുണര്‍ന്നു. ‘അതൊരു പേടിസ്വപ്നം പോലെയായിരുന്നു,’ സകി മുര്‍ഷാദ് ഓര്‍ക്കുന്നു. രണ്ടാമത്തെ മകന്‌ മുഹന്നിദിനെ അന്വേഷിച്ചാണ് പട്ടാളക്കാരുടെ വരവ്. അവനവരെ കല്ലെറിഞ്ഞുവെന്ന് പറഞ്ഞ് പിടിച്ചു കൊണ്ടുപോകാന്‍ വന്നതാണ്. ‘മുഹന്നിദ് സ്വതവെ പേടിത്തൊണ്ടനാണ്. 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടി. അവനെന്ത് ചെയ്യും. നേരെ കട്ടിലിനടിയില്‍ ഒളിച്ചിരുന്നു,’ പറയുമ്പോള്‍ ഉമ്മ സുഹാദിന്റെ കണ്ണില്‍ ഇപ്പോഴും കണ്ണീര്‍. ഫലസ്തീനിലെ എല്ലാ കുഞ്ഞുങ്ങളെയും പോലെ മുഹന്നദിനും പട്ടാളക്കാരെ പേടിയായിരുന്നു. പോകില്ലെന്ന പറഞ്ഞ് ഏറെ ഉച്ചത്തില്‍ കരഞ്ഞു നോക്കി. സൈന്യം അവനെ വിട്ടില്ല, പിടിച്ചു കെട്ടി കൂടെ കൊണ്ടു പോയി. ‘അവരെന്റെ കണ്ണുകള്‍  മൂടി. കൈകള്‍ രണ്ടും പുറത്തേക്ക് ചേര്‍ത്തും കെട്ടി. ഞാനാകെ പേടിച്ചിരുന്നു, ശരീരം മൊത്തം വിറക്കുന്നുണ്ടായിരുന്നു,’ പറയുമ്പോള്‍ മുഹന്നദ് ഇപ്പോഴും വിറക്കുന്ന പോലെ. ‘പിന്നെ ചോദ്യം ചെയ്യലായി. കല്ലെറിഞ്ഞിട്ടിലെന്നു തീര്‍ത്തു പറഞ്ഞപ്പോള്‍ പിന്നെ മര്‍ദ്ദനം തുടങ്ങി. തലയ്ക്കും പുറത്തുമെല്ലാം വടി കൊണ്ട് ഓങ്ങിയടിച്ചു.’ ഒരു കുറ്റവും ചെയ്യാതെ 26 ദിവസമാണ് മുഹന്നദ് ജയിലിന്റെ ഇരുളില്‍ കഴിഞ്ഞത്. 5000 ശേക്കല്‍ ഫൈനടച്ച് അവസാനം അവനെ പുറത്തിറക്കി. ഏകദേശം ആയിരം യൂറോ. ബൈതുഉമര്‍ അത്യാവശ്യം വലിയൊരു ഗ്രമമാണ്. ഒരര്‍ഥത്തില്‍ പട്ടണം തന്നെ. ഇസ്രായേല്‍ പട്ടാളവും ഫലസ്തീനികളും തമ്മില്‍ പലപ്പോഴും ഇവിടെ സംഘര്‍ഷമുണ്ടാകാറുണ്ട്. അതെ തുടര്‍ന്ന് നിരന്തരം അറസ്റ്റുകളും. രാത്രി സമയത്ത് തന്നെയാണ് ഹസനെയും ഫുത്ഹായെയും അന്വേഷിച്ചും പട്ടാളം വന്നത്. ഹസനും ഫുതഹയും വീട്ടില്‍ കുടുംബത്തോടൊപ്പം ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ആദ്യം വന്ന് ഫുതഹായെ കൊണ്ടുപോയി. അന്നവന് 16 വയസ്സ്. അധികം വൈകാതെ സൈന്യം വീണ്ടും വന്നു, ഹസനെ അന്വേഷിച്ച്. 15 കാരന്‍ ഹസനെ അന്വേഷിച്ചു വന്ന സംഘത്തിലുണ്ടിയരുന്നത് 30 ല്‍ പരം പട്ടാളക്കാര്‍‍! ഒരു നായയുമുണ്ടായിരുന്നുവത്രെ കൂടെ. രണ്ടാമത്തെവനെയും പിടിച്ചു കൊണ്ടുപോകുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ മാതാപിതാക്കള്‍ ഇടപെട്ടു. മകന്റെ കൂടെ ഇറങ്ങാന്‍ പുറപ്പെട്ട അവരെ സൈന്യം തടുത്തു, ഭീഷണിപ്പെടുത്തി. തങ്ങളുടെ മകനെ എവിടെ കൊണ്ടുപോകുന്നുവെന്ന് വരെ സൈന്യം അവരെ അറിയിച്ചില്ല. മകനെ ഏത് ജയിലിലാണ് അടച്ചിരിക്കുന്നതെന്ന വിവരം വരെ അവര്‍ക്ക് ലഭിക്കുന്നത് ഒരു ദിവസം കഴിഞ്ഞ ശേഷം മാത്രം. തന്നെയും ഏറെ ഉപദ്രവിച്ചുവെന്ന് തുറന്നു പറയുന്നു ഹസന്‍. ‘അവന്റെ ശരീരത്തില്‍ ഒരു ഭാഗവും അവര്‍ വെറുതെ വിട്ടില്ല. ഗുഹ്യഭാഗങ്ങള്‍ പോലും, പറയുമ്പോള്‍ ഹസന്റെ ഉമ്മ സുമൈറയുടെ കണ്ണില്‍ ദേഷ്യത്തിന്റെ തീ പാറുന്ന പോലെ. എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവളുടെ നിരാശയില്‍ ആ തീ അറിയാതെ അണഞ്ഞുപോകുന്നു. ഈ കഥയിലെ ഹസനും ഫുതഹയും എന്തിന്, സുമൈറ പോലും യഥാര്‍ഥ പേരുകളല്ല. യഥാര്‍ഥ പേര് പുറത്ത് പറയരുതെന്ന് നിബന്ധനയിലാണ് തങ്ങളുടെ അനുഭവം പങ്കുവെക്കാന് അവര്‍ തയ്യാറായത്. തങ്ങള്‍ക്കെതിരെ പ്രതികരിച്ചുവെന്ന് അറിഞ്ഞാല്‍ ജൂതപ്പട്ടാളം വെറുതെയിരിക്കില്ലെന്ന് ഈ കുടുംബത്തിന് നന്നായി അറിയാം. വേദന ഇനിയും തിന്നാന്‍ വയ്യെന്ന് പറഞ്ഞ് അപേക്ഷിക്കുയായിരുന്നു സുമൈറ. അല്ലെങ്കില് തന്നെ തന്റെ വീട് എപ്പോള്‍ പൊളിച്ചുമാറ്റപ്പെടുമെന്ന ഭീതിയിലാണ് ഈ ഉമ്മ. അനധികൃതമായാണ് നിര്മാണം നടന്നതെന്നും ഉടനെ തന്നെ അത് പൊളിച്ചുമാറ്റുമെന്നും ഇസ്രായേല്‍ ഗവണ്‍മെന്റിന്റെ നോട്ടീസ് ലഭിച്ചിട്ട് ദിവസങ്ങളായത്രെ. നിസ്സാഹയതയുടെ മേല്‍ക്കൂരക്കടിയിലാണ് ഇവര്‍ ഉറക്കം നടിച്ച് കിടക്കുന്നത്. .ദിവസങ്ങളായി അതോര്‍ത്ത് ഉറക്കമില്ലിവര്‍ക്ക്. ജൂതരാഷ്ടം പ്രദേശത്തെ കൂടുതല്‍ ഭാഗങ്ങള്‍ കൈവശപ്പെടുത്തണമെന്ന് ഉദ്ദേശിക്കുന്നു. അതിന് തന്റെതടക്കം പല വീടുകളും പൊളിച്ചു മാറ്റേണ്ടതുണ്ട്. അതിന് വേണ്ടിയാണ് അനധികൃതമെന്ന് പുതിയ കുറ്റം കാണിച്ച് ഭീഷണി നോട്ടീസ് നല്‍കിയിരിക്കുന്നത്. ‘വീട് പൊളിച്ചുമാറ്റിയാല്‍ പിന്നെ ഞങ്ങള്‍ എങ്ങോട്ട് പോകും?’ തന്റെ ചെറിയ പെണ്‍കുട്ടികളെ ചൂണ്ടി സുമൈറ ചോദിക്കുന്നു. ‘ആറ് മക്കളാണെനിക്ക്. ഭര്‍ത്താവിന് പണിയെടുക്കാനുമാകില്ല. എന്റെ അധ്വാനം കൊണ്ട് വേണം വീട് പുലര്‍ത്താന്‍,’ അവര്‍ പരിഭവം പങ്കുവെക്കുന്നു. പണി പൂര്‍ത്തിയാകാത്ത വീടിന്റെ മുന്നിലിരുന്നായിരുന്നു ഞങ്ങള്‍ സംസാരിച്ചത്. വീടുപണി നിര്‍ത്തിയതല്ലെന്ന് മനസ്സിലായി; പാതി വഴിയില് നിന്നു പോയതാണ്. അതിനെല്ലാം പുറമെ പുറത്തിറക്കിയ രണ്ടു മുക്കള്‍ക്ക് വേണ്ടി ജൂതസൈനിക കോടതിയില്‍ കെട്ടിവെക്കേണ്ട ഫൈന്‍ വേറെയും. രണ്ടുപേരുടെയും ഫൈന് ചേര്‍ത്താല്‍ 3000 ശേക്കല് വരും. ‘3000 ഷീക്കല്‍ കൈയിലുണ്ടാകണമെങ്കില്‍ ഞാന്‍ ഒന്നരമാസമെങ്കിലും അധ്വാനിക്കണം,’ നിരാശയുടെ വക്കത്തിരുന്ന് ആ മാതാവ് പറയുന്നു. മക്കള്‍ക്കുപുറമെ അവരില്‍ പ്രതീക്ഷ കൂടി വളര്‍ത്താന്‍ വിധിക്കപ്പെട്ട ഒരുമ്മയുടെ ആത്മഗതങ്ങള്‍... പ്രതിവര്‍ഷം കസ്റ്റഡിയിലെടുക്കുന്നത് 700 പേരെ മക്കളെ കസ്റ്റഡിയിലെടുക്കുന്ന ഈ വാര്‍ത്തകളില്‍ ഒരു അത്ഭുതവും പ്രകടിപ്പിച്ചില്ല അബൂ ഇഖതീശ്. അബൂ ഇഖ്തീശ്, അന്താരാഷ്ട്രതലത്തില്‍ തന്നെ കുട്ടികളുടെ ക്ഷേമകാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ പ്രാദേശിക വിംഗിലെ അംഗമാണ്. ‘ഇസ്രായേല്‍ പട്ടാളവുമായി സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലൊന്നും കുഞ്ഞുങ്ങളെ അറസ്റ്റ് ചെയ്യുന്നതും തുറുങ്കിലിടുന്നതും പുതിയ കാര്യമല്ല,’ അബൂ ഇഖ്തീശ് പറഞ്ഞു തുടങ്ങുന്നു. ‘അത് ജൂതപ്പട്ടാളത്തിന്റെ ഒരു തന്ത്രം കൂടിയാണ്. ഒരാളെ അറസ്റ്റ് ചെയ്യുന്നതോടെ പ്രദേശത്തെ ബാക്കിയുള്ള കുട്ടികളെ അധിനിവേശ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയാനാകുന്നു. മാത്രമല്ല, കുട്ടികള്‍ കസ്റ്റഡിയിലാകുമ്പോള്‍ പിന്നെ ആ വീട്ടുകാര്‍ സൈന്യത്തിനെതിരെ തെരുവിലിറങ്ങില്ലെന്ന് ഏകദേശം ഉറപ്പിക്കാനുമാകും.’ റാമല്ലയില്‍ സംഘടനക്ക് ഒരു ഓഫീസുണ്ട്. ഫലസ്തീനില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെടുന്ന കുട്ടികളെയും അവരുടെ ബന്ധുക്കളെയും തുടര്‍നടപടികളെ കുറിച്ച് കൌണ്‍സില്‍ നടത്തുകയാണ് സംഘടനയുടെ പ്രധാന പരിപാടി. ആവശ്യമുള്ളവര്‍ക്ക് വക്കീലുമാരെയും സൌകര്യപ്പെടുത്തി കൊടുക്കുന്നു.  width=2000 മുതല്‍ 7500 ലേറെ കുട്ടികളെയും യുവാക്കളെയും ഇസ്രായേല്‍ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഈ സംഘടനയുടെ കണക്കുകള്‍ മാത്രം സൂചിപ്പിക്കുന്നു. അതായത്, പ്രതിവര്‍ഷം 700 ല്‍ പരം ആളുകള്‍ ഇസ്രായേലിന്റെ സൈനിക ജയിലുകളിലടക്കപ്പെടുന്നു. കസ്റ്റഡികാലത്ത് ‍അതിശക്തമായി പീഢനത്തിന് ഇരയാകേണ്ടി വരുന്നുവെന്ന് ഇവരെല്ലാവരും തുറന്ന് സമ്മതിക്കുന്നു. ഇതുവരെ കസ്റ്റഡയിലകപ്പെട്ടവരെ കുറിച്ച് സംഘടന കഴിഞ്ഞ വര്‍ഷം ഒരു പഠനം നടത്തി. അതിലെ വെളിപ്പെടുത്തലുകല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് പറയുന്നു അബൂ ഇഖ്തീഷ്. അറസ്റ്റുചെയ്യപ്പെട്ടവരില്‍ 70 ശതമാനത്തിനും ശക്തമായ ശാരീരിക പീഢനങ്ങളേല്‍ക്കേണ്ടി വന്നിട്ടുണ്ട്. 63 ശതമാനം പേരും ഇസ്രായേലിലെ തന്നെ ജയിലുകളിലാണ് അടക്കപ്പെട്ടത്. ‘ഇത് 1949 ലെ നാലാം ജനീവ കണ്‍വെന്‍ഷനിലെ തീരുമാനങ്ങള്‍ക്ക് എതിരാണ്. അധിനിവിഷ്ട പ്രദേശങ്ങളിലെ നിവാസികളെ അവടത്തെ ജയിലുകളില്‍ തന്നെ പാര്‍പ്പിക്കണമെന്നും മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും ജനീവ കണ്‍വന്‍ഷന്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.’ (യുദ്ധകാലത്ത് രാജ്യത്തെ പൌരന്മാരെ അവകാശം സംരക്ഷിക്കുന്നതിനായി ആഗോളസമൂഹം കൈകൊണ്ട ചില തീരുമാനങ്ങളാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. വിവര്‍ത്തകന്‍.) വെറുതെ കസ്റ്റഡിയിലെടുക്കുന്നുവന്നതിന് പുറമെ പ്രസ്തുതകാലത്ത് ഫല്സ്തീനികളോട് ഇസ്രായേല്‍ സ്വീകരിക്കുന്ന നടപടികള്‍ തീര്‍ത്തും മനുഷ്യത്വരഹിതമാണ്. ഇഷ്ടം പോലെ അവരെ ശിക്ഷിക്കാനും മറ്റും അവര്‍ പ്രത്യേകം നിയമം രൂപീകരിച്ചിരിക്കുന്നു. ‘ഫല്സ്തീനികളായ തടവുകാരെ ഇസ്രായേലിലേക്ക് കൊണ്ടുപോകരുതെന്നത് ആഗോളസമൂഹം അംഗീകരിച്ച കാര്യമാണ്. കുറ്റവാളികളാണെങ്കില് ‍പോലും ഈ അന്യായത്തിനെതിരെ കോടതിയെ സമീപിക്കാനാകും. പക്ഷേ, ഫലസ്തീനികള്‍ക്ക് അതിനുമാകുന്നില്ല,’ ഇസ്രായേലിലെ തന്നെ എന്‍‍.ജി.ഓ  B'Tselem പ്രവര്‍ത്തക ബൌംഗാര്‍ദിന്‍ ഷാരോണ്‍ പറയുന്നു.  ഇസ്രായേലിന്‍റെ അധിനിവിഷ്ട പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് B'Tselem. ‘പ്രായമെത്താത്ത കുട്ടികളോട്, കുറ്റക്കാരാണെങ്കില്‍ തന്നെ, ആഗോളനിയമം കാണിക്കുന്ന ചില ദയാദാക്ഷീണ്യങ്ങളുണ്ട്. അതെങ്കിലും ഫലസ്തീനികായ കുട്ടികളുടെ കാര്യത്തില്‍ ഉറപ്പുവരുത്താനാകുന്നത് വരെ ഈ പ്രശ്നം ഇങ്ങനെ തന്നെ തുടരും,’ ഷാരോ‍ണ്‍ കൂട്ടിച്ചേര്‍ക്കുന്നു. അതിലുപരിയായി മറ്റുചില പ്രശ്നങ്ങളും ഫല്സ്തീനില്‍ നടക്കുന്ന അറസ്റ്റിലുണ്ടെന്നും ഷാരോണ്‍ സൂചിപ്പിക്കുന്നു. ഇപ്പറഞ്ഞ കുട്ടികളെ കസ്റ്റഡിയിലെടുക്കുന്നത് രാത്രിയിലാണ്. അത് കൊണ്ട് തന്നെ അറസ്റ്റു സമയത്ത് കാര്യമായി പ്രതിഷേധങ്ങളുണ്ടാകാറില്ല, കുറ്റക്കാരാണെങ്കില് ‍പോലും രാത്രി പോയി കസ്റ്റഡിയിലെടുക്കുന്നതിനോട് ആരെങ്കിലും യോജിക്കുമോ?

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter