മുസ്ലിംകള്‍ വോട്ടു ചെയ്യുന്നത് തന്ത്രപൂര്‍വ്വമോ ?
OPED_col_eps_1818091f ഇന്ത്യയിലെ മുസ്‌ലിംകളുടെ തെരഞ്ഞെടുപ്പ് ശീലങ്ങളെ വിശകലനം ചെയ്തു ദി ഹിന്ദു ദിനപത്രത്തില്‍ സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് അസിസ്റ്റന്റ് പ്രൊഫ. ഹിലാല്‍ അഹ്മദ്‌ എഴുതിയ ലേഖനം. ഇന്ത്യയിലെ മുസ്ലിംകളുടെ തിരഞ്ഞെടുപ്പു ശീലങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും ദുര്‍ഗ്രാഹ്യമായ ഘടകങ്ങളിലൊന്നായി പലപ്പോഴും അവതരിപ്പിക്കപ്പെടാറുണ്ട്. മാറ്റത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും തങ്ങളിലേക്ക് ഒതുങ്ങിക്കൂടാന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്ന ഏകജാതീയമായ ഒരു സമൂഹമായാണ് അവര്‍ പൊതുവെ അവതരിപ്പിക്കപ്പെടാറ്. എന്നാല്‍ വിവേകശാലികളായ രാഷ്ട്രീയ വ്യവഹാരികളെന്ന വശത്തിലൂടെ നോക്കുമ്പോള്‍ മതന്യൂനപക്ഷമെന്ന നിലക്കുള്ള തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചു പൂര്‍ണ്ണ ബോദ്ധ്യമുള്ള അവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ആദര്‍ശങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും നിരന്തരമായി വിലയിരുത്തുകയും തന്ത്രപൂര്‍വ്വമായ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ നടത്തുകയും ചെയ്യുന്നവരാണ്. വളരെ താല്‍പര്യജനകമായ ഈ രൂപപ്പെടല്‍ രണ്ട് വ്യക്തമായ തീര്‍പ്പുകളിലേക്കാണ് നമ്മെ നയിക്കുന്നത്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ഒരു രാഷ്ട്രീയ സമൂഹം ആവിര്‍ഭാവം പൂണ്ടിട്ടുണ്ട് എന്നതും മുസ്ലിം വോട്ടു ബാങ്ക് എന്ന നിത്യേന ചര്‍ച്ച ചെയ്യപ്പെടുന്ന പ്രതിഭാസത്തിനു ചുറ്റും കറങ്ങുന്ന വിപണി സമാനമായൊരു ബന്ധം ഇന്ത്യന്‍ മുസ്ലിംകള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇടയില്‍ രൂപപ്പെട്ടിട്ടുണ്ട് എന്നതുമാണവ. ബി.ജെ.പി പ്രസിഡണ്ട് രാജ്‌നാഥ് സിങിന്റെ മാപ്പുനാടകവും 'ഞാനല്ല, നമ്മള്‍' എന്ന മുദ്രാവാക്യവുമായി തൊപ്പിയണിഞ്ഞ മുസ്ലിമിനൊപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ പടവുമായി നാടെങ്ങും സ്ഥാപിക്കപ്പെട്ട തിരഞ്ഞെടുപ്പു പരസ്യങ്ങളും ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാം വിലാസ് പാസ്വാന്റെ മോഡീകൃത ബി.ജെ.പിക്കുള്ള 'പ്രശ്‌നാധിഷ്ഠിത പിന്തുണ'യുമെല്ലാം ഇതിന്റെ സമകാലിക ഉദാഹരണങ്ങളായി കാണാന്‍ കഴിയും. മുസ്ലിം രാഷ്ട്രീയ പ്രതികരണങ്ങളുടെ വളരെ പ്രബലമായ ഈ വിശകലനം ഒന്നുകൂടി ഗൗരവതരമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. അടിസ്ഥാനപരമായ മൂന്നു ചോദ്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്. മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ വോട്ടു ചെയ്യുന്നുണ്ടോ? അഖിലേന്ത്യാ തലത്തില്‍ തന്നെ രൂപപ്പെട്ടു വന്ന ഒരു തന്ത്രമനുസരിച്ചാണോ മുസ്ലിംകള്‍ വോട്ടു ചെയ്യുന്നത്? ജാതീ ഘടന മുസ്ലിം രാഷ്ട്രീയ സ്വഭാവത്തെ സ്വാധീനിക്കുന്നുണ്ടോ? മുസ്ലിം വോട്ടു രാഷ്ട്രീയത്തിന്റെ വാര്‍പ്പു മാതൃകകള്‍ അപനിര്‍മ്മാണം നടത്താന്‍ ഈ ചോദ്യങ്ങള്‍ നമുക്കു സഹായകമായിത്തീര്‍ന്നേക്കും. മതത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ? ഒരു മതമെന്ന നിലക്ക് ഇസ്ലാം ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് ഒരേകീകൃത മതവ്യക്തിത്വം നല്‍കുന്നുണ്ടെങ്കിലും മതഗ്രന്ഥങ്ങള്‍ക്ക് ശാഖാധിഷ്ഠിതമായ വ്യാഖാനങ്ങള്‍ നല്‍കുകയും പ്രാദേശികമായ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിംകള്‍ എന്നത് പരിഗണനയര്‍ഹിക്കുന്ന വിഷയമാണ്. ഈ മത-സാംസ്‌ക്കാരിക വ്യതിരിക്തത തന്നെയാണ് ഇന്ത്യന്‍ ഇസ്ലാമിനെ തീര്‍ത്തും വൈവിധ്യപൂര്‍ണ്ണമായൊരു പ്രതിഭാസമാക്കി മാറ്റുന്നതും. രാഷ്ട്രീയമെന്ന വിഷയം, വിശിഷ്യ വോട്ടു രാഷ്ട്രീയം, മുസ്ലിംകളുടെ ഈ വൈവിദ്ധ്യാത്മകതയുമായി കൂടിപ്പിണഞ്ഞു കിടക്കുകയാണ്. ഇതു കൊണ്ടാണ് സെന്റര്‍ ഫോര്‍ ദി സ്റ്റഡീസ് ഓഫ് ഡവലപിംഗ് സൊസൈറ്റീസും നാഷണല്‍ ഇലക്ഷന്‍ സ്റ്റഡീസും സംയുക്തമായി നടത്തിയ സര്‍വ്വെയില്‍ വ്യംഗമായ രീതിയില്‍ ഈ ആശയം ഉള്‍ക്കൊള്ളുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. 1999ലെ തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ സര്‍വ്വെയില്‍, തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുമ്പോള്‍ തങ്ങള്‍ പ്രാധാന്യം കൊടുത്തത് പാര്‍ട്ടികള്‍ക്കാണെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്ത 52 ശതമാനം മുസ്ലിംകളും പ്രതികരിച്ചത്. വെറും എട്ടു ശതമാനം മുസ്ലിംകള്‍ മാത്രമാണ് തങ്ങള്‍ ജാതി മത പരിഗണനകള്‍ക്കാണ് വര്‍ദ്ധിത പ്രാധാന്യം നല്‍കിയതെന്ന് പ്രതികരിച്ചത്. വോട്ടര്‍മാരുടെ പൊതു സമീപനത്തോട് തികച്ചും യോജിക്കുന്ന വിധത്തിലായിരുന്നു മുസ്ലിം സമുദായത്തിന്റെയും നിലപാട് എന്ന് കണക്കുകള്‍ തെളിയിച്ചു. ഹിന്ദു സമൂദായത്തില്‍ യഥാക്രമം 55 ശതമാനവും ഏഴ് ശതമാനവുമായിരുന്നു പാര്‍ട്ടികള്‍ക്കും സാമുദായിക താല്‍പര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയ വോട്ടര്‍മാരുടെ എണ്ണം. 2004ലെയും 2009ലെയും പൊതു തിരഞ്ഞെടുപ്പുകളിലും മുസ്ലിം സമുദായത്തിന്റെ മുന്‍ഗണന ഇതേ പ്രകാരം തന്നെയായിരുന്നു. ഒന്നു കൂടി വിശാലമായി പറയുമ്പോള്‍, കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വളരെ അപ്രധാനമായ തോതിലേ മുസ്ലിം സമൂദായം മത-സാമുദായിക ചായ്‌വ് കാണിച്ചിട്ടുള്ളൂ എന്നാണ് ഈ തെളിവുകളെല്ലാം അടിവരയിടുന്നത്. ഇത്തരമൊരു സര്‍വ്വെയുടെ സാദ്ധ്യമായ പരിമിതികളെല്ലാം അംഗീകരിച്ചു കൊണ്ടു തന്നെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹിന്ദുക്കളില്‍ നിന്നും ഒട്ടും ഭിന്നമല്ല മുസ്ലിംകളുടെയും മുന്‍ഗണനാ താല്‍പര്യങ്ങള്‍ എന്ന് സ്ഥിരീകരിക്കാനെങ്കിലും ഇതുപകരിക്കും. ഇതിന്റെ ഫലമായി, രാഷ്ട്രീയ പാര്‍ട്ടികളാണ് വോട്ടിംഗിനെ സ്വാധീനിക്കുന്ന ഏറ്റവും അംഗികൃതമായ ഘടകം എന്ന സത്യം ഉരിത്തിരിഞ്ഞു വരുന്നു. മുസ്ലിംകളുടെ തന്ത്രപൂര്‍വ്വമായ വോട്ടിംഗ് എന്ന അടുത്ത ചോദ്യത്തിലേക്ക് ഇതു നമ്മെ നയിക്കുകയും ചെയ്യുന്നു. മുസ്ലിംകള്‍ വോട്ടു ചെയ്യുന്നത് തന്ത്രപൂര്‍വ്വമോ ? സര്‍വ്വേയിലെ വിവരങ്ങള്‍ പ്രകാരം, അഖിലേന്ത്യാ തലത്തില്‍ മുസ്ലിംകളുടെ പ്രഥമ പരിഗണന ലഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. സമാജ് വാദി പാര്‍ട്ടിയും ഇടതു പാര്‍ട്ടികളും ബി.ജെ.പിയുമാണ് പട്ടികയില്‍ തുടര്‍ന്നു വരുന്നത്. ഇത് ഏകദേശം സ്ഥായിയായൊരു പ്രവണതയാണ്. ഈ ദേശീയ ചിത്രം സംസ്ഥാനങ്ങള്‍ തിരിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോക്കിക്കാണേണ്ടത്. അഖിലേന്ത്യാ തലത്തില്‍ മുസ്ലിം വോട്ട് നേടുന്നതില്‍ മൂന്നാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് വ്യത്യസ്ത ജില്ലകളിലെ മുസ്ലിം വോട്ടര്‍മാരില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. വ്യക്തതക്കു വേണ്ടി ഗുജറാത്തിലെയും ഉത്തര്‍ പ്രദേശിലെയും അവസ്ഥകള്‍ താരതമ്യം ചെയ്യുമ്പോള്‍, 2004ലെ തിരഞ്ഞെടുപ്പില്‍ യു.പിയില്‍ നേടിയ രണ്ടര ശതമാനത്തില്‍ നിന്നും ബി.ജെ.പിക്ക് ലഭിച്ച മുസ്ലിം വോട്ടു ശതമാനം 2009ല്‍ അഞ്ചു ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഗുജറാത്തില്‍ നേരെ മറിച്ചായിരുന്നു അവസ്ഥ. 2004ല്‍ അവര്‍ നേടിയ 18.60 ശതമാനത്തില്‍ നിന്നും 2009ല്‍ 12.40 ശതമാനത്തിലേക്ക് മുസ്ലിം വോട്ടു ശതമാനം താഴ്ന്നു. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നതെന്തെന്നു വെച്ചാല്‍ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും ലഭ്യമായ ബദലുകളുമാണ് ഇതര വിഭാഗക്കാരെപ്പോലെത്തന്നെ അവിടുത്തെ മുസ്ലിംകളുടെയും വോട്ടിംഗ് സ്വഭാവം നിര്‍ണ്ണയിക്കുന്നതെന്നാണ്. ഒരു നിശ്ചിത പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്ന ദേശീയ നയത്തിന്റെയോ തന്ത്രത്തിന്റെയോ ഭാഗമായല്ല, മറിച്ച് താഴെത്തട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ക്കനുസരിച്ചാണ് മുസ്ലിം വോട്ടര്‍മാരുടെ വോട്ടിംഗ് സ്വഭാവം മാറിമറിയുന്നതെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നു. വോട്ടിംഗിനെ ജാതീയത ബാധിക്കുന്നുണ്ടോ ? മുസ്ലിം ജാതീയതയെ നിരീക്ഷകര്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു ഘടകമായി ഇതു വരെ പരിഗണിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍, ഉത്തര്‍ പ്രദേശും ബീഹാറും പോലുള്ള സംസ്ഥാനങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിം സമുദായത്തെ അണി നിരത്താന്‍ സജീവമായി ഇടപെട്ടു കൊണ്ടിരി്ക്കുന്ന പിന്നോക്ക മുസ്ലിം രാഷ്ട്രീയത്തിന്റെ വര്‍ദ്ധിച്ചു വരുന്ന പങ്ക് വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടില്ലെന്നതാണ് സത്യം. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ മുസ്ലിം ജാതീയതയുടെ സ്വാധീനത്തെക്കുറിച്ച് എന്‍.ഇ.എസ് പഠനം നടത്തുന്നത് ഈ സാഹചര്യത്തിലാണ്. മുസ്ലിംകളിലെ ഒ.ബി.സികളുടെയും അല്ലാത്തവരുടെയും വോട്ടിംഗ് സ്വഭാവത്തിലെ വ്യത്യാസം അത്ര പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമല്ലെങ്കിലും മുസ്ലിം രാഷ്ട്രീയ സമീപനങ്ങളിലെ വൈവിദ്ധ്യത വളരെ പ്രകടമായ ഒരു വസ്തുതയാണ്. പരിഗണനീയമാം വിധം തന്നെ മുസ്ലിം ജാതി വിഭാഗങ്ങള്‍ തങ്ങളുടെ രാഷ്ട്രീയ മുന്‍ഗണനകളില്‍ മാറ്റം വരുത്താറുണ്ടെന്ന് നമുക്കു കാണാന്‍ കഴിയും. ഉദാഹരണമായി, 1999ല്‍ ഒ.ബി.സികളല്ലാത്ത മുസ്ലിംകളില്‍ 45 ശതമാനത്തോളം പേര്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്തു. ഈ വര്‍ഷം കോണ്‍ഗ്രസ്സിനു ലഭിച്ച ഒ.ബി.സി മുസ്ലിം വോട്ട് തുലോം വിരളമായിരുന്നു. എന്നാല്‍ 2004ലും 2009ലും ചിത്രം നേരെ മാറുകയും ഒ.ബി.സി മുസ്ലിം പിന്തുണ ഏകദേശം പൂര്‍ണ്ണമായും കോണ്‍ഗ്രസ്സിനാവുകയും ചെയ്തു. മുസ്ലിം ജാത്യാടിസ്ഥിത വോട്ടിംഗ് ക്രമം സംസ്ഥാന തലങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. പാര്‍ശ്വവല്‍ക്കൃത മുസ്ലിംകള്‍ക്കിടയില്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്താനായി പിന്നാക്ക മുസ്ലിം സംഘടനകള്‍ക്ക് പാര്‍ട്ടിയില്‍ ഇടം വാഗ്ദാനം ചെയ്ത ജനതാദളി(യു)ന്റെ ഉദാഹരണം ഇവിടെ വളരെ പ്രസക്തമാണ്, ജാത്യാടിസ്ഥിത മുസ്ലിം സംവരണത്തിനും തത്തുല്യാവശ്യങ്ങള്‍ക്കും നേരിട്ടുള്ള രാഷ്ട്രീയ പിന്തുണ ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു പ്രമേയം സംസ്ഥാനത്തെ പിന്നോക്ക മുസ്ലിം സംഘടനകള്‍ അവതരിപ്പിച്ച നിലക്ക് പ്രത്യേകിച്ചും ഈ സമീപനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണ്. ഈ ചര്‍ച്ച നമുക്ക് കുറേക്കൂടി സങ്കീര്‍ണ്ണമായൊരു ചിത്രമാണ് നല്‍കുന്നത്. ഏതൊരു സാമുദായിക സംഘങ്ങളേയും പോലെത്തന്നെ മുസ്ലിംകളും തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ പങ്കു കൊള്ളുകയും സുസ്ഥാപിത ചിട്ടകളും ശീലങ്ങളും പാലിച്ചു പോരുകയും ചെയ്യുന്നു. എന്നിട്ടും, മുസ്ലിം വ്യക്തിത്വ വ്യതിരിക്തത എല്ലായ്‌പോഴും രാഷ്ട്രീയ വാചകങ്ങളില്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇതു കൊണ്ടു തന്നെയാണ് മുസ്ലിം വിരുദ്ധ കലാപങ്ങള്‍ ചുരുങ്ങിയത് പ്രാദേശികമായ മാനത്തിലെങ്കിലും മുസ്ലിം സമ്മതിദായകര്‍ക്ക് എല്ലായ്‌പോഴും ഗൗരവതരമായ ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ന്നു വരുന്നത്. അതേ സമയം തന്നെ, ദളിത് മുസ്ലിംകളെ പട്ടിക ജാതി വിഭാക്കാരില്‍ ഉള്‍പ്പെടുത്തല്‍, കൂടുതല്‍ മുസ്ലിം വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒ.ബി.സി ലിസ്റ്റ് പരിഷ്‌ക്കരിക്കല്‍, മുസ്ലിം കൈത്തൊഴിലാളികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്തല്‍ തുടങ്ങിയവയും മുസ്ലിം പരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളില്‍ പെടുന്നു. രസകരമെന്നു പറയാം, രാഷ്ട്രീയ വിശകലന വിദഗ്ദരും പാര്‍ട്ടികളും അത്യന്തം വൈവിധ്യ പൂര്‍ണ്ണമായതും പരന്നു കിടക്കുന്നതുമായ മുസ്ലിം രാഷ്ട്രീയ വ്യക്തിത്വത്തെ കൈകാര്യം ചെയ്യാന്‍ ഇപ്പോഴും മതേതരത്വത്തിന്റെയും വര്‍ഗ്ഗീയതയുടെയും പഴഞ്ചന്‍ പ്രയോഗങ്ങളെ മാത്രമാണ് കൂട്ടു പിടിക്കുന്നത്. ഈ വിധത്തിലുള്ള രാഷ്ട്രീയ ബൗദ്ധിക നിര്‍വ്വികാരത മുസ്ലിം തിരഞ്ഞെടുപ്പു ശീലങ്ങളുടെ മാറിമറിയുന്ന മാതൃകകള്‍ മനസ്സിലാക്കാന്‍ നമ്മെ ഒട്ടും സഹായിക്കില്ല. മേല്‍പോട്ടു നിന്നും കീഴ്‌പോട്ടുള്ള നിലവിലെ സമീപനം ഉപേക്ഷിക്കേണ്ടതിന്റൈ ആവശ്യകത തിരിച്ചറിഞ്ഞ് 2014 തിരഞ്ഞെടുപ്പിലെ മുസ്ലിം വോട്ടുകളുടെ പങ്ക് മനസ്സിലാക്കാന്‍ മുസ്ലിംകളുടെ പ്രാദേശിക തലത്തിലുള്ള വ്യവഹാരങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ് വേണ്ടത്. വിവര്‍ത്തനം: മുജീബ് വല്ലപ്പുഴ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter