മോദി സര്‍ക്കാര്‍ ഇന്ത്യയെ എങ്ങോട്ട് നയിക്കും?
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഹിന്ദുത്വ ശക്തികളുടെ പൂര്‍ണ്ണമേധാവിത്വത്തിലുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തിനു അരങ്ങൊരുക്കി, അമിത് ഷാ യുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘മോഡി സുനാമി’ ആഞ്ഞടിച്ച തെരഞ്ഞടുപ്പ് ഫലത്തിന്റെ ഞെട്ടലിലാണ് ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങളും മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും. ഒരു തരം പേടി തീര്‍ച്ചയായും മത ന്യൂനപക്ഷങ്ങളെ പ്രതേകിച്ചു മുസ്‌ലിംകളെ പിടികൂടിയിരുക്കുന്നവെന്നത് സത്യമാണ്. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളും മുസ്‌ലിം നേതൃത്വത്തിലുള്ളവരും ഇത്തരമൊരു ആശങ്ക പങ്കുവെക്കുന്നത് ആര്‍ക്കും നിരീക്ഷിക്കാവുന്നതാണ്.
ഒരു വശത്ത് മാറ്റത്തിന്റെ മിശിഹയായും പുത്തന്കൂറ്റ് സാമ്പത്തിക പുരോഗതിയുടെ കര്‍ത്താവായും നരേന്ദ്ര മോദി വാഴ്ത്ത്തപ്പെടുമ്പോള്‍ മറുഭാഗത്ത് ഗുജറാത്തിലെ ന്യൂനപക്ഷങ്ങളുടെ കശാപ്പുകാരനായും ഹിന്ദുത്വ തീവ്രദേശീയതയുടെ അവതാരമായും മോദി ചോദ്യം ചെയ്യപ്പെടുന്നു. സ്വാതന്ത്ര്യനന്തര ഇന്ത്യയില്‍ ആദ്യമായി, സ്വാതന്ത്ര്യ സമരത്തില്‍ ദേശീയ പ്രസ്ഥാനമായി വര്‍ത്തിച്ച കോണ്‍ഗ്രസിനു കാര്യമായ സ്വാധീനമില്ലാത്ത ഒരു പാര്‍ലമെന്റും അതിനെ തുടര്‍ന്ന് തീവ്ര ഹിന്ദുത്വ ശക്തികളുടെ സ്വന്തം സര്‍ക്കാരും രൂപപ്പെടുകയാണ്.
ഇക്കുറി മോഡി ഭരണത്തിന്റെ പ്രധാന ലക്‌ഷ്യം അടുത്ത പത്തോ പതിനഞ്ചോ വര്ഷമെങ്കിലും തന്റെ ഭരണം നിലനിറുത്താനുള്ള അടിത്തറ ഉണ്ടാക്കിയെടുക്കലാണ്. അത് വ്യംഗമായി ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം സൂചിപ്പിക്കുകയുമുണ്ടായി. അതിനാല്‍ തന്നെ വിവാദമായേക്കാവുന്ന വിഷയങ്ങള്‍ ആദ്യകാലത്ത് മാറ്റിനിറുത്താനാണ് സാധ്യത. ഏക സിവില്‍ കോഡ്, കാശ്മീര്‍ പ്രത്യേക പദവി, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ വിഷയങ്ങള്‍ ബിജെപി പത്രികയുടെ ഭാഗമാണെങ്കിലും ഉടനെയൊന്നും അത് പൊടിതട്ടിയെടുക്കാന്‍ സാധ്യത വിരളമാണ്. മാത്രമല്ല, ന്യൂനപക്ഷങ്ങളോടുള്ള മോദിയുടെ നിലപാട് സസൂക്ഷ്മം വീക്ഷിക്കുകയാണ് ഇന്ത്യന്‍ സമൂഹവും അന്തരാഷ്ട്ര സമൂഹവും. ഇതൊക്കോ കൊണ്ട് തന്നെ വികസന നായകനായി അവതരിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന മോദി വളരെ കരുതലോടെ മാത്രമേ അത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാനിടയുള്ളൂ.
സാമ്പത്തിക രംഗത്ത് പരിഷ്ക്കാരങ്ങളുമായി വളര്‍ച്ച ഉറപ്പുവരുത്താനും അതിലൂടെ എല്ലാവിഭാഗം ജനങ്ങളുടെയും സമ്മതി നേടിയെടുക്കനുമാകും മോദിയുടെ പ്രധാന ശ്രമം. അതേസമയം മറുഭാഗത്ത്, ഇന്ത്യയുടെ ബഹുസ്വര സംസ്കാരത്തിനു ക്ഷതമേല്‍പിച്ചുകൊണ്ട് സാംസ്കാരികമായി ഹൈന്ദവവത്കരണത്തിനുള്ള ശ്രമങ്ങള്‍ പിന്നാമ്പുറങ്ങളില്‍ അരങ്ങേറുമെന്ന് ഉറപ്പാണ്. അതിലൂടെ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനും മോദി ശ്രമിക്കും. സാമ്പത്തിക രംഗത്ത് ഉദാരീകരണവും സാംസ്കാരിക രംഗത്ത് ഹിന്ദുത്വവത്കരണവുമായി ഇരുമുഖ ഭരണമായിരിക്കും മോദിയുടെതെന്നു തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് പ്രത്യകഷപ്പെട്ട പരിവാര്‍ അനുകൂല എഴുത്തുകാരുടെ ലേഖനങ്ങള്‍ പറയുന്നത്. ഇന്ത്യയുടെ ബഹുസ്വര ദേശീയതയുടെ സ്ഥാനത്ത് ഹിന്ദുത്വ ദേശീയത സ്ഥാപിക്കാനുള്ള ശ്രമങ്ങളെ മതേതര പ്രസ്ഥാനങ്ങള്‍ക്ക് എത്രമാത്രം ചെറുക്കാന്‍ കഴിയുമെന്ന് കാത്തിരുന്നു കാണേണ്ടിവരും.
എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു രംഗമാണ് മോദിയുടെ വിദേശകാര്യ നിലപാടുകള്‍. പാക്സിതാന്‍ ഉള്‍പ്പെടയുള്ള സാര്‍ക്ക് രാജ്യ തലവന്മാരെ തന്റെ സത്യപ്രതിജ്ഞ ചടങ്ങിനു ക്ഷണിച്ചുകൊണ്ട് വളരെ സൗഹൃദപരമായ ഒരു തുടക്കം നല്‍കുന്നതില്‍ മോദി വിജയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം ഉയര്‍ത്തിയ ശബ്ദത്തില്‍ നിന്ന് വ്യതസ്തമായി യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നിലപാടായി ഇതിനെ വിലയിരുത്തിയാല്‍ പ്രതീക്ഷക്ക് വകയുണ്ട്. പാകിസ്ഥാനുമായി ഇന്ത്യക്ക് നല്ല ബന്ധം സൃഷ്ടിക്കാന്‍ ഏറ്റവും സാധ്യമാകുക ബിജെപി ഭരണത്തിലായിരുക്കും. കാരണം മറ്റേതു സര്‍ക്കാരും അത്തരം ഒരു നിലപാട് സ്വീകരിച്ചാല്‍ അതിനെ കീഴടങ്ങലായി പ്രഖ്യാപിച്ചു അവര്‍ക്കെതിരെ രംഗത്തുവരുന്നവരാണ് ബിജെപിക്കാര്‍. അതിനാല്‍ മോദി സര്‍ക്കാര്‍ അത്തരമൊരു നിലപാട് എടുക്കുമ്പോള്‍ നിലപാടിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യാപ്പെടമെങ്കിലും അതൊരു പോസിറ്റീവ് നീക്കമായി ഗണിക്കെപ്പെടാനാണ് സാധ്യത. വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ –പാക് ബന്ധത്തിലുണ്ടായ ഗണ്യമായ പുരോഗതിയും ഇവിടെ ചേര്‍ത്ത് വായിക്കാം.
മറ്റൊന്ന് അറബ് ലോകത്തോടും ഇസ്രായേലിനോടുമുള്ള മോദിയുടെ നിലാപാടുകളാണ്. അന്തരാഷ്ട്ര തലത്തില്‍ മോദി വിജയത്തെ ഏറെ സന്തോഷത്തോടെ എതിരേറ്റത് ഇസ്ര്യായേല്‍ മാധ്യമങ്ങളായിരുന്നു. ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസ് മോദിയെ വിളിച്ചത് സൗത്ത് ഏഷ്യയിലെ ഇസ്രായേലിന്റെ ഏറ്റവും നല്ല സുഹൃത്ത് എന്നായിരുന്നു. മോദിക്ക് കീഴില്‍ ഇന്ത്യ-ഇസ്രയേല്‍ ബന്ധം എക്കാലത്തെയും മികച്ചതായിരുക്കുമെന്നു ജെറുസലേം പോസ്റ്റ് അടക്കമുള്ള പത്രങ്ങളും ജൂത വെബ്സൈറ്റുകളും വിലയിരുത്തിയത്. ടെല്‍അവീവില്‍ നടന്ന ഇന്‍സ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ ഒരു പ്രോഗ്രാമില്‍ പങ്കെടുത്തവര്‍ മോദിയെ പുകഴ്ത്തിയത് അതിബുദ്ധിമാനും ഒരു ഇസ്രയേലിയുമാണെന്ന് ജൂത ഓണ്‍ലൈന്‍ മാഗസിനായ ടാബ്ലറ്റ് പറയുന്നു. (“outgoing”; “assertive”; “extremely, extremely clever”; and “very
tachles, very direct, very Israeli.” -
http://www.tabletmag.com/jewish-news-and-politics/173767/modi-israels-new-best-friend(
ഇസ്രയേലുമായി ഗുജറാത്തിനുള്ള കൃഷിയുല്പ്പെടെ വിവിധ രംഗങ്ങളിലുള്ള സഹകരണങ്ങള്‍ക്കപ്പുറം ഹിന്ദുത്വ വാദവും സിയോണിസവും തമ്മിലുള്ള സാംസ്കാരിക അടുപ്പവും രണ്ടു കൂട്ടരുടെയും പൊതു ശത്രുക്കളെ കുറിച്ചുള്ള വിലയിരുത്തലുകള്‍ വരെ ജൂത പത്രങ്ങളും വെബ്സൈറ്റുകളും നടത്തുന്നു.
കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇന്ത്യയും ഇസ്രായേലും തമ്മില്‍ ശക്തമായ ബന്ധം നിലനില്‍ക്കുന്നുണ്ട്. വാണിജ്യ- ശാസ്ത്രസാങ്കേതിക- സൈനിക രംഗങ്ങളില്‍ ഇസ്രയേലുമായി കഴിഞ്ഞ സര്‍ക്കാരുകള്‍ ബന്ധം ശക്തിപ്പെടുത്തുമ്പോഴും പലസ്തീനെ പിണക്കതിരിക്കാനും പലസ്തീന്‍ പ്രശ്നത്തിന് ധാര്‍മിക പിന്തുണ നല്‍കാനും ഇന്ത്യ ഇപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിനോടൊരു വൈകാരിക അടുപ്പം തന്നെ ഇന്ത്യ പുലര്‍ത്തിയിരുന്നു. ഈ ഇരട്ട നിലപാട് മോദിയുടെ വരവോടെ അവസാനിക്കുമെന്നും അന്തരാഷ്ട്രതലത്തില്‍ ഇസ്രയേല്‍ നിലപാടുകള്‍ക്ക് മോദി പിന്തുണ നല്കുമെന്നുമാണ് അവര്‍ ഇസ്രായേലിന്റെ വിശ്വാസം.
പക്ഷേ പ്രായോഗിക തലത്തില്‍ മോദിക്ക് അത്രമാതം മുന്നോട്ട് പോകാന്‍ അത്ര എളുപ്പമല്ല. അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ പരമ്പരാഗത ബന്ധം, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷകണക്കിന് ഇന്ത്യക്കാര്‍, ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുവേണ്ടി ഗള്‍ഫ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ആശ്രിതത്വം തുടങ്ങിയ ഘടകങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്തുനതിനപ്പുറം ധാര്‍മികമായും രാഷ്ട്രീയമായും ഇസ്രായേലിനു പരസ്യ പിന്തുണ പ്രഖ്യാപിക്കാന്‍ മോദിക്ക് എളുപ്പമല്ല.
ഏതായാലും ശുഭാപ്തി വിശ്വാസത്തോടെ മോദിയുടെ ഭരണകൂടതിന്റെ നിലപാടുകള്‍ അറിയാന്‍ കാത്തിരിക്കുക മാത്രമാണ് ന്യൂനപക്ഷങ്ങളുടെ മുന്നിലുള്ളത്. ഇന്ത്യയില്‍ വര്‍ഗ്ഗീയ കലാപങ്ങളും വ്യാജ ഏറ്റുമുട്ടലുകളും നടന്നത് ഗുജറാത്തില്‍ മാത്രമല്ലെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ കീഴില്‍ അതില്‍ ഭീകരമായ കലാപങ്ങള്‍ ഗുജറാത്തിലും അസം, മഹാരാഷ്ട്ര, യു.പി തുടങ്ങിയ പലയിടത്തും നടന്നിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മോദിയെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതില്‍ കാര്യമില്ലെന്നും ഒരു കാലത്ത് മോദിയെ അന്തരാഷ്ട്ര കോടതിയില്‍ കയറ്റാന്‍ നടക്കുകയും പിന്നീട് മോദി അനുകൂലിയായി മാറുകയും ചെയ്ത സഫര്‍ സാരേഷ്‌വാല പറയുമ്പോള്‍ അത് വഞ്ചനയുടെ ആവര്‍ത്തിക്കുന്ന ചരിത്രമോ അതോ പുതു പ്രഭാതത്തിലേക്കുള്ള വഴിയോ? (സഫറിനെക്കുറിച്ച് കൂടുതലറിയാന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഈ പഴയസ്റ്റോറി വായിക്കുക http://bit.ly/1jLU2h2)
Leave A Comment