നിലവിളക്ക് : പൊതുപരിപാടികളില്‍ പൊതുരീതി അവലംബിക്കണം
പി.എന്‍.പണിക്കര്‍ അനുസ്മരണച്ചടങ്ങില്‍ നിലവിളക്കുകൊളുത്തുന്നതില്‍നിന്നുവിട്ടുനിന്ന മന്ത്രി അബ്ദുറബ്ബിനെ നടന്‍ മമ്മുട്ടി വിമര്‍ശിച്ചതായി കണ്ടു. മുമ്പ് ഇതേ പി.എന്‍.പണിക്കരുടെ പേരിലുള്ള വിജ്ഞാന വികാസ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നു കൊട്ടാരത്തില്‍ നടന്ന 'ഇ' സാക്ഷരതായജ്ഞത്തിന്റെ ഉദ്ഘാടനച്ച ടങ്ങില്‍ അബ്ദുറബ്ബിനെ ഇക്കാരണത്താല്‍തന്നെ ഒ. രാജഗോപാലും വിമര്‍ശിച്ചിരുന്നു. വിളക്കുകൊളുത്തിയതുകൊണ്ട് ഒരപകടവും വരില്ലെന്നുപറഞ്ഞ് അന്നു വിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചത് മൈക്കിലൂടെയായിരുന്നു.
പ്രകാശപൂരിതമായ അന്തരീക്ഷത്തില്‍ നിറയെ പ്രാസംഗികരിരിക്കുന്ന സ്റ്റേജില്‍ എണ്ണയൊഴിച്ചു കത്തിച്ചുവെക്കുന്ന നിലവിളക്ക് തട്ടിമറിഞ്ഞു അപകടമുണ്ടാകാന്‍ ഏറെ സാധ്യതയുള്ളതുകൊണ്ടല്ല, വിളക്കു കൊളുത്താത്തതെന്ന് അന്നു മന്ത്രി മറുപടി പറഞ്ഞോ എന്നറിയില്ല! ഏതായാലും വ്യത്യസ്തമതങ്ങളും വിവിധ ആചാരങ്ങളും നിലനില്‍ക്കുന്ന ഒരു ബഹുസ്വരസമൂഹത്തില്‍ സാംസ്‌കാരികമായ അഭിപ്രായാന്തരങ്ങള്‍ സ്വാഭാവികമാണ്. അന്യമതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളെ ബഹുമാനിക്കുക, ആദരിക്കുക എന്നത് ഈ കൊടുക്കല്‍ വാങ്ങലുകള്‍ക്കു പ്രചോദനദായകവുമാണ്.
ഓരോ മതത്തിനും അതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാകും. ചിലതു മറ്റുമതക്കാരുടെ വിശ്വാസങ്ങള്‍ക്ക് എതിരുമായിരിക്കും. എങ്കിലും അന്യമതാചാരങ്ങളെയും വിശ്വാസങ്ങളെയും മാനിക്കുകയെന്നത് ഒരു ബഹുസ്വരസമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. മാനിക്കുക, ആദരിക്കുക എന്നത് ആ നടപടിക്രമങ്ങളെ സ്വീകരിക്കുക, അനുഷ്ഠിക്കുക എന്നല്ലെന്നതു പ്രത്യേകം പ്രസ്താവ്യമാണ്.
മറ്റു മതങ്ങളുടെ ആരാധനമൂര്‍ത്തികളെയോ ആചാരങ്ങളെയോ അവമതിക്കരുതെന്നു പഠിപ്പിച്ച ഒരു ദര്‍ശനത്തിന്റെയും പ്രവാചകന്റെയും പിന്‍മുറക്കാരുടെ പ്രതിനിധിയാണ് അബ്ദുറബ്ബ്. ഒരു നല്ലകാര്യം തുടങ്ങുമ്പോള്‍ പ്രാര്‍ഥനയോടെ തുടങ്ങുക എന്നത് സര്‍വസാധാരണമാണ്. വ്യത്യസ്തമതങ്ങള്‍ വ്യത്യസ്തരീതിയിലാണ് അത് ആചരിക്കുന്നത്. മുസ്‌ലിംകള്‍ 'അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നു' എന്നു തുടങ്ങുന്ന വിശുദ്ധ ഖുര്‍ആനിലെ ആദ്യ അദ്ധ്യായം ഉരുവിട്ടു തുടങ്ങുന്നു. ക്രിസ്ത്യാനികളാണെങ്കില്‍ അച്ചന്‍ വന്നു വെഞ്ചരിച്ചു പ്രാര്‍ഥനയോടെ തുടങ്ങുന്നു. ഹൈന്ദവരീതി പ്രകാരം നിലവിളക്കു കൊളുത്തി പൂജാകര്‍മങ്ങളോടെ തുടങ്ങുന്നു.
നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്യുന്നതു തികച്ചും ഹൈന്ദവ ആചാരപ്രകാരമുള്ള രീതിയല്ലെങ്കില്‍ പിന്നെ ഏകദൈവ വിശ്വാസികളായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വിശ്വാസപരമായ എതിര്‍പ്പുണ്ടാകേണ്ട കാര്യമില്ല. വര്‍ണ്ണനാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നതിന് ഒരു വിശ്വാസിയും ഇതുവരെ എതിര്‍പ്പുപ്രകടിപ്പിച്ചിട്ടില്ല.
കാരണം ഭവ്യതയോടും ആരാധനയോടും കൂടിയല്ല നാടമുറിക്കാറ്. എന്നാല്‍, നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് അങ്ങനെയല്ല. മുല്ലപ്പൂകൊണ്ടലങ്കരിച്ച നിലവിളക്കു കൊളുത്തുന്നത് പാദരക്ഷകള്‍ അഴിച്ചുവച്ചു ചെറിയകൈവിളക്കുകൊണ്ട് ഇടതുകൈ വലതു കണംകൈയില്‍ തൊടുവിച്ച് ഭവ്യതയോടും ആരാധനാ ഭാവത്തോടും കൂടിയാണ്. ഇതു ഭക്തിസാന്ദ്രമായ മനസ്സുകൊണ്ടുചെയ്യുന്ന ഒരു കര്‍മത്തിന്റെ ഭാഗം തന്നെയാണ്. പ്രകാശമയമായ അരങ്ങില്‍ പട്ടാപ്പകല്‍പോലും കുത്തുവിളക്കു തെളിയിച്ചു വയ്ക്കുന്നതും അതിനുമുന്നില്‍ കണ്ണടച്ചു കൈകൂപ്പുന്നതും ആരാധനയുടെ ഭാഗമായി മാത്രമേ കാണാന്‍ കഴിയൂ.
ഹൈന്ദവാചാരപ്രകാരം എല്ലാ പൂജാകര്‍മങ്ങളിലും ദൈവപ്രീതിയും അനുഗ്രഹങ്ങളും പ്രതീക്ഷിക്കുന്ന സംരംഭങ്ങളിലും കഥകളി, തിരുവാതിരകളി തുടങ്ങിയ കലാരൂപങ്ങളിലും നിലവിളക്കിന്റെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്.
വിഷുദിനത്തില്‍ ഒരുക്കുന്ന വിഷുക്കണിയില്‍ അരി, പട്ട്, ആഭരണങ്ങള്‍, പഴങ്ങള്‍, കണിവെള്ളരി, കണിക്കൊന്ന എന്നിവയുടെ കൂട്ടത്തില്‍ നിലവിളക്കും തെളിയിച്ചുവയ്ക്കണം. ശിവന്‍ തന്റെ ക്രോധാഗ്നികൊണ്ടു ഭസ്മമാക്കിയ കാമദേവനെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതിന് ആചരിക്കുന്നതെന്നു കരുതുന്ന തിരുവാതിരകളിയില്‍ നിലവിളക്ക് അവിഭാജ്യഘടകമാണ്. ഭദ്രകാളീക്ഷേത്രത്തില്‍ നടക്കുന്ന അര്‍ജുനനൃത്തത്തിലും (മയില്‍പ്പീലിനൃത്തം) നിലവിളക്ക് ആരാധനയോടെ തെളിയിക്കുന്നു.
നിലവിളക്കിന്റെ ഒരോ ഭാഗവും ഓരോ ദേവന്മാരെ പ്രതിനിധീകരിക്കുന്നു എന്നാണു വിശ്വാസം. വിളക്കിന്റെ അടിഭാഗം, തണ്ട് ,മുകള്‍ ഭാഗം,നാളം എന്നിവ യഥാക്രമം ബ്രഹ്മാവിനെയും വിഷ്ണുവിനെയും ശിവനെയും ലക്ഷ്മീദേവിയെയും പ്രതിനിധാനം ചെയ്യുന്നു. ജ്വാലയുടെ പ്രകാശം സരസ്വതീദേവിയെയും ചൂട് പാര്‍വതീദേവിയെയും എണ്ണ വിഷ്ണുവിനെയും തിരി ശിവനെയും സൂചിപ്പിക്കുന്നു. വിളക്കു കൊളുത്തുമ്പോള്‍ അഭിമുഖീകരിക്കുന്ന ദിക്കിന്നും തിരിയുടെ നിറത്തിനും തിരിക്കുപയോഗിക്കുന്ന സാധനങ്ങള്‍ക്കുമനുസരിച്ചു ഗുണഫലങ്ങള്‍ക്കും നിമിത്തങ്ങള്‍ക്കും വ്യത്യാസമുണ്ട്.
കിഴക്കുദിക്ക് ദുഃഖങ്ങള്‍ ഇല്ലാതാക്കുന്നതിനും പടിഞ്ഞാറ് കടബാധ്യത തീര്‍ക്കുന്നതിനും വടക്ക് ഐശ്വര്യവര്‍ധനവിനും കാരണമാക്കുന്നു. തെക്കു ഭാഗത്തേക്ക് തിരിഞ്ഞുകൊളുത്തുന്നതു ശുഭലക്ഷണമായി കരുതുന്നില്ല. ഇതെല്ലാം സൂചിപ്പിക്കുന്നതു പൂര്‍ണമായും ഹൈന്ദവാചാരത്തിന്റെയും ഭക്തിയുടെയും പ്രതീകംതന്നെയാണു നിലവിളക്കെന്നാണ്. ഇങ്ങിനെ ഒരു പ്രത്യേകമതത്തിന്റെ ആചാരം ഒരു മതേതരരാജ്യത്തിന്റെ പൊതുപരിപാടിയില്‍ ഉള്‍പെടുത്തുന്നതുതന്നെ പുനഃപരിശോധിക്കേണ്ടതാണ്. സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ വ്യാപകമായി ആചരിക്കുന്ന വിജയദശമിപൂജയും സാന്ദര്‍ഭികമായി ഇതോടുചേര്‍ത്തു വായിക്കാവുന്നതാണ്.
പ്രത്യേകിച്ചു സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പൊതുപരിപാടികളിലും എല്ലാ വിഭാഗവും ഒന്നിച്ചുനടത്തുന്ന റസിഡന്റ്‌സ് അസോസിയേഷന്‍പോലുള്ളവയുടെ പരിപാടികളിലും ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു ദര്‍ശനത്തിന്റെ വക്താക്കള്‍ ഇതു ചെയ്യാതിരിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ ഭാഗമായാണ്. ഏകനായ സ്രഷ്ടാവിനെയല്ലാതെ സൃഷ്ടികളായ പഞ്ചഭൂതങ്ങളെയോ വിഗ്രഹങ്ങളെയോ ആരാധിക്കുന്നതു ദൈവനിന്ദയായും വലിയപാപമായുമാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്.
കേരളത്തില്‍ ഇരിങ്ങാലക്കുടയിലെ നടവരമ്പിലുള്ള പണിശാലകളിലാണ് നിലവിളക്ക് വ്യാപകമായുണ്ടാക്കുന്ന മൂശകളുണ്ടായിരുന്നത്.
അവിടെ പണിയെടുക്കുന്നവര്‍ നിലവിളക്ക് ഉണ്ടാക്കുന്നത് ജോലി എന്നതിലുപരി ദൈവികമായി പ്രതിഫലം ലഭിക്കുന്ന ആരാധനാകര്‍മമായാണ് കാണുന്നത്. അതുകൊണ്ടു നിലവിളക്കുതെളിയിക്കുന്നത് ഹൈന്ദവമതാചാരമെന്നനിലയ്ക്ക് ഏതൊരു മുസ്‌ലിമും ആദരിക്കുകയും മാനിക്കുകയും ചെയ്യേണ്ടതുണ്ട്.
പക്ഷെ അതു തിരികൊളുത്തി അനുഷ്ഠിക്കാനും ഉദ്ഘാടനോപാധിയായി സ്വീകരിക്കാനും അവരെ നിര്‍ബന്ധിക്കുന്നത് ഉചിതമല്ല. മാത്രമല്ല ഈശ്വരവിശ്വാസികളും നിരീശ്വരവാദികളും ഏകദൈവ വിശ്വാസികളും ബഹുദൈവാരാധകരും ഉള്‍പെടുന്ന ഒരു ബഹുസ്വര സാമൂഹികക്രമത്തില്‍ ഒരു മതാചാരപ്രകാരം പൊതുപരിപാടികള്‍ നടത്തുന്നതു ശരിയായ കീഴ്‌വഴക്കവുമല്ല. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരു പൊതുരീതി അവലംബിക്കുന്നതാണ് കൂടുതല്‍ ഉചിതം.
( 24/06/2015-ന് സുപ്രഭാതം ദിനപത്രം പ്രസിദ്ധീകരിച്ച കുറിപ്പ്)                        
 


            
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment