ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കണോ?
rapസൗമ്യയുടെ ദാരുണമായ അന്ത്യവും ശേഷം അതുമായി ബന്ധപ്പെട്ടുവന്ന കോടതി വിധിയും ഉയര്‍ത്തുന്ന തീക്ഷ്ണമായ ചില ചോദ്യങ്ങളുണ്ട്. ബലാല്‍സംഗം കൊലയേക്കാള്‍ നിസ്സാരമാണോ എന്നതാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ബലാല്‍സംഗ കേസുകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള പുരുഷമേധാവിത്വത്തിന്റെ അതിരുവിട്ട കടന്നുകയറ്റമാണ്. എന്നാല്‍, സംഭവങ്ങളെ അങ്ങനെ വായിക്കാനോ മാതൃകാപരമായി അത്തരം കുറ്റവാളികളെ ശിക്ഷിക്കാനോ നമ്മുടെ രാജ്യത്തിന്റെ നിയമം നമ്മെ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഇത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും സ്ത്രീ ജീവിതം എന്നും ഭീതിയുടെ നിഴലിലാവുകയും ചെയ്യുന്നു. ഏറ്റവും വലിയ ജനാധിപത്യ മതേതരത്വ രാജ്യമായ ഇന്ത്യയില്‍തന്നെ നീതിന്യായ വ്യവസ്ഥ സ്ത്രീ വിരുദ്ധമാണോ? സ്ത്രീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുറവിളികളും കോലാഹലങ്ങളും ഉയരുമ്പോള്‍ അവളുടെ സാതന്ത്ര്യം സംരക്ഷിക്കാന്‍ രാജ്യത്തിന്റെ നിയമമേഖല എത്രമാത്രം സുഭദ്രമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നമ്മുടെ നിയമങ്ങള്‍ അപൂര്‍ണവും പരിഷ്‌കരണവും തേടുന്നതുമാണെന്നാണ് സൗമ്യ വിധിയും ഡല്‍ഹിയിലെ നിര്‍ഭയ കേസും ബോധ്യപ്പെടുത്തുന്നത്. കുറ്റവാളികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുകയും ഇരകളുടെ ആശ്രിതര്‍ അത് കണ്ട് നിരാശയടയുകയും ചെയ്യേണ്ടിവരുന്ന അതിദയനീയമായ അവസ്ഥ. ഇത് രാജ്യത്തെ സ്ത്രീ ജീവിതം തന്നെ ചോദ്യചിഹ്നമാക്കി മാറ്റിയിരിക്കുന്നു. 2011 ഫെബ്രുവരിയിലാണ് തന്റെ പഠന സ്ഥലത്തുനിന്നും ഒറ്റക്ക് ട്രെയ്‌നില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്ന സൗമ്യ എന്ന പെണ്‍കുട്ടി ഗോവിന്ദച്ചാമി എന്നൊരു കാമവെറിയന്റെ ബലാല്‍സംഗത്തിനിരയാവുന്നതും ട്രെയ്‌നില്‍നിന്നും താഴേക്കെറിയപ്പെട്ട് അത്യാസന്നയിലാവുന്നതും. അഞ്ചു ദിവസം കഴിഞ്ഞ് സൗമ്യ മരണത്തിന് കീഴ്‌പ്പെടുന്നു. 2012 ല്‍ അതിവേഗ കോടതി ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് വധസിക്ഷ വിധിച്ചു. ഇതോടെ കേസ് പുതിയൊരു തലത്തിലേക്ക് മാറുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന കുറ്റവാളി ഏതോ ചില സംഘങ്ങളുടെ പ്രതിനിധായാവുകയും അയാളെ സംരക്ഷിക്കാന്‍ ചിലര്‍ പണം മുടക്കി രംഗത്ത് വരികയും ചെയ്യുന്ന ലജ്ജാകരമായ അവസ്ഥ. പെണ്‍കുട്ടിയുടെ കൊലയാളിയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യുന്നതിനു പകരം കൊലയാളിയെ വെള്ളപൂശാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് പിന്നീട് പല ഭാഗങ്ങളില്‍നിന്നും ഉണ്ടായത്. പണമിറക്കി കേസ് വാദിക്കാനും സുപ്രീം കോര്‍ട്ട് ജഡ്ജുമാരെ വരെ സ്വാധീനിക്കാനും ആ അധോലോക സംഘത്തിന് സാധിക്കുന്നു. ഒടുവില്‍, 2016 സപ്തംബര്‍ മാസം തുടക്കത്തില്‍ വിധി വരുമ്പോള്‍ എല്ലാം തകിടം മറിഞ്ഞ്, മനുഷ്യസ്‌നേഹികളായ ഏവരെയും അമ്പരപ്പിക്കുന്ന വിധത്തിലാണ് അതുണ്ടായത്. കുറ്റവാളിയുടെ വധശിക്ഷ എടുത്തുമാറ്റപ്പെടുകയും അയാളുടെ ശിക്ഷ ജീവപര്യന്തം മാത്രമാക്കി ചുരുക്കുകയും ചെയ്തിരിക്കുന്നു. അഞ്ചു വര്‍ഷം നേരത്തെ ജയില്‍വാസമനുഭവിച്ച അയാള്‍ക്ക് ഇനി ഏഴു വര്‍ഷംകൂടി മാത്രമേ കാരഹൃഹത്തില്‍ കിടക്കേണ്ടതുള്ളൂ. അതുതന്നെ, പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപോലെ, മട്ടനും ചിക്കനും കഴിച്ച് സുഖലോലുപതനായി, വി.ഐ.പിയെപ്പോലെ. അതുകഴിഞ്ഞാല്‍, തന്റെ അടുത്ത ഇന്നിംഗ്‌സ് തേടി പുറത്തിറങ്ങിപ്പോവാം. മതേതര കേരളത്തിന്റെ മാത്രമല്ല, ഇന്ത്യയുടെത്തന്നെ നാണം കെടുത്തുന്നതായിരുന്നു ഈ വിധി. എല്ലാറ്റിനുമൊടുവില്‍ നീതിപീഠത്തില്‍നിന്നെങ്കിലും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഇരയുടെ കുടുംബം നിരാശയോടെ കൈമലര്‍ത്തിയ സന്ദര്‍ഭം. ഇന്ത്യയില്‍ സ്ത്രീ സമൂഹത്തിന്റെ ഭാവി ഇനിയും അപകരടകരമായിത്തന്നെ തുടരുമെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഈ വിധി. ഇരയുടെ പക്ഷം അവഗണിക്കുക, കുറ്റവാളിയെ സംരക്ഷിക്കുക, ന്യായാധിപന്മാര്‍ പണം കൊണ്ട് സ്വാധീനിക്കപ്പെടുക, കുറ്റവാളിയെ സംരക്ഷിക്കാന്‍ നിഗൂഢ ലക്ഷ്യങ്ങളോടെ പറക്കുംതളികകള്‍ രംഗത്തുവരിക തുടങ്ങി നീതിന്യായ വ്യവസ്ഥയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ അരങ്ങേറിയിരിക്കുന്നത്. രാജ്യം സ്ത്രൂ സുരക്ഷ കാര്യമായി എടുക്കുകയും അവളരുടെ സൈ്വര്യമായ ജീവിതം നിയമങ്ങള്‍കൊണ്ട് ഉറപ്പുവരുത്തുകയും ചെയ്യാത്തപക്ഷം രാജ്യത്തെ സ്ത്രീ സമൂഹത്തിന്റെ ഭാവി ഭീഷണിയിലായിരിക്കുമെന്നതില്‍ രണ്ടഭിപ്രായത്തിനു വകയില്ല. ജിഷ വധം കഴിഞ്ഞ് കേരള ജനതയുടെ മനസ്സ് ആത്മധൈര്യം വീണ്ടെടുക്കുന്നതിനു മുമ്പുതന്നെയാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്നും ഇത്തരം ലജ്ജാകരമായൊരു വിധി ഉണ്ടായിരിക്കുന്നത് എന്നത് വലിയ ഭീതിയോടെയാണ് ജനങ്ങള്‍ മനസ്സിലാക്കുന്നത്. കുറ്റവാളി ബലാല്‍സംഗം ചെയ്തതിനു മാത്രമേ തെളിവുള്ളൂ, കൊലപ്പെടുത്തിയതിനു തെളിവില്ലായെന്നാണ് കോടതി അതിന്റെ വിധിക്കുപറയുന്ന ന്യായം. ബലാല്‍സംഗമെന്ന കൃത്യത്തെ തുടര്‍ന്നുതന്നെയാണ് ഈ മരണം സംഭവിച്ചിട്ടുള്ളത് എന്ന് ആര്‍ക്കും വ്യക്തമായ കാര്യമായിട്ടും കുറ്റവാളിയെ വെറുതെവിടാന്‍ കോടതിയ ഒരു ഞൊണ്ടിന്യായം കണ്ടുപിടിച്ചത് ഏറെ അപലപനീയം തന്നെ. കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാന്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ സഹായിക്കുകയുള്ളൂ. കുറ്റം നടക്കുന്ന സമയത്ത് കുറ്റവാളിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായെന്നതായിരുന്നു ഡല്‍ഹിയിലെ ദാരുണമായ നിര്‍ഭാഗ്യ ബലാല്‍സംഗ-വധ കേസില്‍ പുറത്തുവന്ന ഒരു കാര്യം. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസിലെ പ്രതികളാരും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടില്ല. മാധ്യമങ്ങളിലും മറ്റും വലിയ കോലാഹലങ്ങളും ചര്‍ച്ചകളും നടന്നിരുന്നുവെങ്കിലും മൊമെന്റം കഴിഞ്ഞതോടെ ആ സംഭവം തന്നെ തിരശ്ശീലയില്‍നിന്നും മാഞ്ഞുപോയ കാഴ്ചയാണ് നാം കണ്ടത്. അതിനു ശേഷവും ഡല്‍ഹിയിലും മറ്റു പല സംസ്ഥാനങ്ങളിലും സമാനമായ ധാരാളം ബലാല്‍സംഗങ്ങളും സ്ത്രീ പീഡനങ്ങളും വധങ്ങളും നടന്നു. നമ്മുടെ നിയമവും കോടതികളും ഇപ്പോഴും ഒച്ച് വേഗതയില്‍തന്നെ മുന്നോട്ടുപോകുന്നു. കുറ്റവാളികളെ കൈയില്‍ കിട്ടിയിട്ടും 18 വയസ്സ് പൂര്‍ത്തിയായില്ലല്ലോ, ബലാല്‍സംഗത്തിനു മാത്രമേ തെളിവുള്ളൂ തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് കോടതി കുറ്റവാളികള്‍ക്ക് ഇളവ് നല്‍കുന്ന കാഴ്ച്ചയാണ് ഇത്തരം സംഭവങ്ങളിലെല്ലാം കാണാന്‍ കഴിയുന്നത്. ഇരകളുടെ ലോകം ഇവിടങ്ങളിലെല്ലാം കൂടുതല്‍ ദയനീയമായി തുടരുകയും ചെയ്യുന്നു. ഇത്തരത്തില്‍, നാം വീണ്ടും ചോദിച്ചുപോകുന്നു ഇത്രയും നിസ്സാരമാണോ ഈ ബലാല്‍ സംഗം? ഒരു 12 വര്‍ഷത്തെ ജയില്‍വാസത്തില്‍ ഒതുക്കാവുന്നതാണോ അതിന്റെ ശിഷ? സൗമ്യ, ജിഷ, നിര്‍ഭാഗ്യ എന്നീ മൂന്നു കേസുകളുട പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പൊതുമനസ്സ് ഉറക്കെ പറയുന്ന ഒരു സത്യമുണ്ട് ഇവിടെ. ബലാല്‍സംഗത്തിന് വധശിക്ഷ നല്‍കിയേ മതിയാവൂ എന്നതാണത്. സ്ത്രീ ജീവനുകളെ നിസ്സാരവല്‍ക്കരിക്കുകയും അവരുടെ സ്വപ്‌നങ്ങളെ തകര്‍ത്തെറിയുകയും ചെയ്യുന്നതിനുള്ള പുരുഷ മേധാവിത്വത്തിന്റെ ധിക്കാരത്തിനെതിരെ ഇതില്‍കവിഞ്ഞ് മറ്റൊന്നും തന്നെ നല്‍കാനില്ലെന്നാണ് അവര്‍ ഉറക്കെപ്പറയുന്നത്. അനുഭവങ്ങളുടെ തീക്ഷ്ണതയില്‍നിന്നാണ് ഈയൊരു തീരുമാനം അവര്‍ തുറന്നുപറയുന്നത്. പത്രങ്ങളും മാധ്യമങ്ങളും ജനപ്രതിനിധികളും സര്‍ക്കാര്‍ വൃത്തങ്ങളുമെല്ലാം അതുതന്നെ ചര്‍ച്ച ചെയ്യുന്നു. ഈ സംഭവങ്ങളിലെല്ലാം പ്രതികള്‍ക്ക് തൂക്കുകയര്‍ നല്‍കിയേ മതിയാവൂ എന്നാണ് എല്ലാ കേന്ദ്രങ്ങളും ഐകകണ്ഠ്യാന വ്യക്തമാക്കുന്നത്. ഇരയുടെ ദൈന്യാനുഭവങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്നതിലപ്പുറം ഈയൊരു തീരുമാനത്തിനു പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന വലിയൊരു സത്യമുണ്ട്. നല്‍കപ്പെടുന്ന മാതൃകാപരമായ ശിക്ഷകള്‍ ഭയന്ന് ഇനിയൊരിക്കലും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലായെന്നതാണത്. സ്ത്രീ ജന്മത്തിനും ജീവിതത്തിനും ശരീരത്തിനും മാന്യതയും ബഹുമാനവും നല്‍കാന്‍ രാജ്യത്തെ ഏതൊരു പൗരനും തയ്യാറാവുകയും അവളെ സ്വന്തം മാതാവിനെയോ സഹോദരിയെയോ പോലെ കാണാന്‍ അവര്‍ മുന്നോട്ടു വരികയും വേണം. യാത്രയിലാണെങ്കിലും വിജനതയിലാണെങ്കിലും അങ്ങാടിയിലാണെങ്കിലും അവള്‍ മാനിക്കപ്പെടണം. അവളുടെ മാനം ഭംഗപ്പെടുത്താനോ അവകാശങ്ങള്‍ ധ്വംസിക്കാനോ ഒരാളും ധൈര്യപ്പെട്ടുകൂടാ. അങ്ങനെയൊരു സുരക്ഷിത രാജ്യം രൂപപ്പെട്ടുവരണം. അതാണ് എല്ലാവരും സ്വപ്‌നം കാണുന്നത്. വര്‍ത്തമാന സാഹചര്യത്തില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയെന്നതു തന്നെയാണ് അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട വഴി. ലൂപ്‌ഹോളുകള്‍ അടഞ്ഞ ഒരു സ്ത്രീ നിയമം അതിനായി രൂപപ്പെട്ടുവന്നേ തീരൂ. മുഖം നോക്കാതെ, പണത്തിനും പ്രീണനത്തിനും വശംവദരാവാതെ അതു നടപ്പാക്കുന്ന നീതിന്യായ വ്യവസ്ഥയും ന്യായാധിപന്മാരും അതിനായി ഉണ്ടാവുകയും വേണം. എങ്കില്‍, സൗമ്യയും ജിഷയും ആവര്‍ത്തിക്കില്ലെന്നു നമുക്ക് പ്രതീക്ഷിക്കാം. ഇസ്‌ലാമിന്റെ നീതിന്യായ വ്യവസ്ഥ പ്രസക്തമാകുന്നത് ഇവിടെയാണ്. കുറ്റത്തിനുള്ള ശിക്ഷ മുഖം നോക്കാതെയും പ്രലോഭനങ്ങള്‍ക്കും പ്രീണനങ്ങള്‍ക്കും വശംവദനാവാതെയും നടപ്പാക്കിയാല്‍ ഒരളവോളം ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കും. ബലാല്‍സംഗത്തിന് (പ്രതി വിവാഹിതനാണെങ്കില്‍) വധശിക്ഷ നല്‍കണമെന്ന ഇസ്‌ലാമിക പാഠം കാലം ഇവിടെ ശരിവെച്ചത് പ്രശ്‌നത്തിന്റെ ആത്മാവ് നോക്കി അത് ചികിത്സിക്കുന്നു എന്നതുകൊണ്ടാണ്. ഇതുപോലെത്തന്നെയാണ് അതിന്റെ എല്ലാ ശിക്ഷാനിയമങ്ങളും. ഇസ്‌ലാമിക സമൂഹത്തിന്റെ സുസ്ഥിരമായ ഭാവികൂടി മുന്നില്‍ കണ്ടുകൊണ്ടാണ് അത് നീതിന്യായ വ്യവസ്ഥ നടപ്പിലാക്കുന്നത്. അത് ഏറെ ഫലം ചെയ്യുന്നതാണുതാനും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter