ചില ടൂറിസ്റ്റ് ദിന ചിന്തകള്‍
ഇന്ന് ലോകവിനോദ സഞ്ചാരദിനം. ആഗോളതലത്തില്‍ തന്നെ മനുഷ്യജീവിതത്തില്‍ വിനോദസഞ്ചാരങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രാധാന്യം നമ്മുടെ പ്രാദേശികതലങ്ങളിലും നിഴിലിച്ചുകാണാനാകും. ഭരണകൂടങ്ങള്‍ വരുമാനത്തിന്റെ നല്ലൊരു പങ്ക് വിനോദസഞ്ചാര പദ്ധതികള്‍ക്കായി നീക്കിവെക്കുന്നുണ്ട്. അതുപയോഗിച്ച് ഇരട്ടി വരുമാനമുണ്ടാക്കാനാകുമെന്ന് അവര്‍ക്കുറപ്പുണ്ട് താനും. കൊടികൂത്തിമലയിലെ വിനോദവികസനങ്ങള്‍ക്കായി മന്ത്രി മഞ്ഞളാം കുഴി അലി ആറുകോടി രൂപയാണ് ഇന്നലെ അനുവദിച്ചത്. വിനോദസഞ്ചാര ഭൂപടത്തില്‍ ഇടം കിട്ടാതെ പോയ പാലൂര്‍കോട്ട വെള്ളച്ചാട്ടത്തെ കുറിച്ചു പത്രമാധ്യമങ്ങള്‍ ഇന്ന് വിശദമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
വിനോദത്തിനും സഞ്ചാരത്തിനും ആധുനികന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. ഓരോ ആഴ്ചകളിലെയും അവധി ദിനങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്ക് വിനോദയാത്ര പോകുന്ന കുടുംബങ്ങള്‍ വരെയുണ്ട് നമ്മുടെയെല്ലാം ചുറ്റുവട്ടങ്ങളില്‍ തന്നെ. സ്വന്തമായി വാഹനങ്ങളും യാത്രാസൌകര്യങ്ങളും ഒത്തുവന്നുവെന്നത് ഇതിന് പ്രധാന കാരണമായിട്ടുണ്ട്. എന്നാല്‍ അതിലുപരി ഇതിനെ സ്വാധീനിച്ച മറ്റൊരു ഘടകം കൂടിയുണ്ട്. അതായത്, ഒരു പകല്‍ കൊണ്ട് പോയി മടങ്ങി വരാവുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ എണ്ണം അത്രയും കൂടിയിട്ടണ്ട് നമ്മുടെ പരിസരങ്ങളില്‍.
ഒരു കാലത്ത് ഒരു വിധ വിനോദകേന്ദ്രങ്ങളും ഇല്ലാതിരുന്ന മലപ്പുറത്തിന്റെ കേന്ദ്രഭാഗത്ത് തന്നെ ഇന്ന് നിരവധി പാര്‍ക്കുകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നു. പൂര്‍വപിതാക്കള്‍ ബ്രിട്ടീഷുകാരന് മുന്നില്‍ വിരിമാറ് കാണിച്ച മരിച്ചു വീണ ഇടങ്ങളില്‍ കയറിയിറങ്ങുന്പോള്‍ അവരുടെ പേരമക്കളായ നാം അതില്‍ വിനോദം കാണുന്നു. ഏറെ അടുത്തുള്ള ഇത്തരം കന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്പോള്‍ നമ്മുടെതെന്ന ഒരു ബോധം കൂടി നമുക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നു. അവധി ദിനങ്ങളില്‍ പിന്നെ ബന്ധുവീട്ടിലേക്കെന്ന പോലെ കോട്ടക്കുന്നുകളിലേക്ക് നമ്മള്‍ ബൈക്കോടിക്കുന്നു.
വിനോദസഞ്ചാരങ്ങളെ എതിര്‍ക്കുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. യാത്ര നടത്താനും അതില്‍ നിന്നു പാഠമുള്‍ക്കൊള്ളാനുമാണ് ഖുര്‍ആന്റെ ആഹ്വാനം. ഇത്തരം യാത്രകളില്‍ പോലും കര്‍മശാസ്ത്രം ജംഉം ഖസ്വറുമായി നിസ്കരിക്കാമെന്ന് വിധിച്ചതും മതത്തിന്റെ കാഴിചപ്പാടില്‍ അവയെത്രമാത്രം സംഗതമാണെന്നതിന് തെളിവാണ്.
എന്നാല്‍ പുതിയ കാലത്തെ നമ്മുടെ യാത്രകളെ കുറിച്ച് പുനരാലോചന നടത്തേണ്ടിയിരിക്കുന്നു. സ്വന്തം നാട്ടിലും വീട്ടിലും ചെയ്യാന്‍ തടസ്സമുള്ള ദുഷ്ചെയ്തികള്‍ ചെയ്യാനുള്ള ഇടങ്ങളായി മാറുന്നുണ്ട് പലപ്പോഴും നമ്മുടെ യാത്രകള്‍. ഒരു യാത്രക്ക് പുറപ്പെട്ട് തിരിച്ചുവരുന്നതിനിടയിലുള്ള അല്‍പസമയത്തിനകം തന്നെ വലിയ സാമൂഹ്യദ്രോഹികളായി മാറുന്നുണ്ട് നാമൊക്കെ. വഴിയില്‍ നിറുത്തിയിട്ട വാഹനങ്ങളില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ കൂടിവരുന്നതായി നാട്ടിലെ കോടതി നിരീക്ഷിച്ചിട്ട് അധികകാലമായിട്ടില്ല. മദ്യമാണ് നമ്മുടെ വിനോദയാത്രകള്‍ക്ക് ഇന്ധനമാകുന്നത്. സുഹൃത്തുക്കളോടൊത്ത് മദ്യം പകരുന്നതിന്റെ ത്രില്ലാണ് നിലവിലെ പല വിനോദയാത്രകളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഗവിയെന്ന പേരില്‍ പുതിയ ഒരു പ്രകൃതിരമണീയ വിനോദകേന്ദ്രം കേരളം പരിചയപ്പെടുന്നത് ഈയടുത്താണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രത്തിന്റെ ലൊക്കേഷന്‍ അതുവരെ അറിയപ്പെടാതിരുന്ന ഗവിയായിരുന്നു. പടം റിലീസായ ശേഷം പിന്നെ തെക്കന്‍ജില്ലയിലെ ഈ ഗവിയിലേക്ക് തിരിഞ്ഞു നമ്മുടെ യുവാക്കള്‍. വിനോദത്തിന്റെ ഭാഗമായി അവിടെ എത്തിയവര്‍ പ്രദേശത്തെ മലിനമാക്കി. മദ്യവും മയക്കുമരുന്നുമായി ഗവിയിലേക്ക് വണ്ടി ഓടിച്ചവര്‍ തിരിച്ചിറങ്ങിയത് മദ്യാസക്തിയില്‍. വണ്ടിയുടെ പിന്‍സീറ്റില്‍ കയറിയ മദ്യക്കുപ്പികള്‍ ഗവിയില്‍ പരന്നു കിടന്നു. പ്രദേശത്തുകാര്‍ ഇതിനെതിരെ രംഗത്തുവന്നു. തങ്ങളുടെ നാടിനെ ഒരു വിനോദകേന്ദ്രമാക്കി മാറ്റുരതെന്ന് അവര്‍ പൊതുജനത്തോട് അപേക്ഷിച്ചു. ഈ വിഷയം നമ്മുടെ പത്രമാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തത് ഈയടുത്താണ്.
അനുഭവത്തെ വില്‍പനച്ചെരക്കാക്കി മാറ്റിയത് ആധുനികതയാണ്. കൊച്ചിയിലെ വീഗലാന്റ് പ്രദാനം ചെയ്യുന്ന ഒരു അനുഭവസുഖമുണ്ട്. അതിനെ വിറ്റുകാശാക്കുകയാണ് വീഗാലാന്റ് ചെയ്തത്. അതിരപ്പള്ളിയും ഡ്രീംവേള്‍ഡുമെല്ലാം വളരെ പെട്ടെന്ന് നമ്മുടെ നാട്ടില്‍ ക്ലിക്കായതും അനുഭവസുഖത്തെ വിറ്റുകാശാക്കി തുടങ്ങിയപ്പോഴാണ്. ഓരോ വര്‍ഷങ്ങളിലും പുതിയ അനുഭവങ്ങള്‍ ഇത്തരം അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ തുടങ്ങുന്നു. നേരത്തെ അവിടെ പോയവരും പുതിയതിന്റെ സുഖമനുഭവിക്കാനായി വീണ്ടും ടിക്കറ്റെടുക്കുന്നു.
ബിഗ്ബസാറുകളിലേക്കും സൂപ്പര്‍മാളുകളിലേക്കുമെല്ലാം ടൂര്‍ പോകൂന്ന പുതിയരീതി ഇപ്പോള്‍ നാട്ടില്‍ കൂടി വരുന്നുണ്ട്. അവിടങ്ങളും പ്രദാനം ചെയ്യുന്നത് പുതിയ അനുഭവങ്ങളാണ്. ആവശ്യമായ സാധനങ്ങള്‍ എല്ലാം ഒരേ സ്ഥലത്ത് ലഭിക്കുമെന്നതും സ്വന്തമായി തെരഞ്ഞെടുക്കാമെന്നതും ഇവിടത്തെ മാത്രം അനുഭവമാണ്. പലപ്പോഴും ഇവിടങ്ങളില്‍ ചുറ്റിക്കറങ്ങാനും കോണികളില്‍ കയറിഇറങ്ങാനും മാത്രം ചിലര്‍ പോകാറുണ്ട്. പുതിയൊരു അനുഭവമാണ് ഈ ഇടങ്ങളെല്ലാം വാഗ്ദാനം ചെയ്യുന്നത്.
ഇസ്ലാമില്‍ വിനോദം എന്ന സങ്കല്‍പം തന്നെ ഇല്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണമാണ് അവന്റെ വിശ്രമം. നിത്യേനെയുള്ള ഉറക്കം പോലും ദൈവമാര്‍ഗത്തിലുള്ള ശ്രമങ്ങളാകണമെന്നാണ് മതം ആവശ്യപ്പെടുന്നത്. നബിയെ, അങ്ങ് ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് വിരമിക്കുന്നത് മറ്റൊന്നില്‍ തുടരാനായിരിക്കട്ടെ. (സുറത്തുശ്ശര്‍ഹ്, സൂക്തം. 7)
ആരാധനയായും അധ്വനമായും വിശ്രമമായും വിനോദമായുമെല്ലാം ജീവിതത്തെ പ്രത്യേകം പ്രത്യേകം വിഭജിച്ചത് ആധുനികതയുടെ പ്രത്യയശാസ്ത്രമാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം എല്ലാം ആരാധനയാണ്, അധ്വാനവും. വെള്ളിയാഴ്ചകളാണ് അറബുസമൂഹങ്ങളുടെ അവധി ദിനം. അന്ന് പോലും ജുമുഅയുടെ ഒന്നാം വാങ്ക് വരെ തങ്ങളുടെ കച്ചവടത്തിലും മറ്റുമായി തുടരുന്നതില്‍ മതം അതൃപ്തി പ്രകടിപ്പിക്കാത്തിന്റെ കാരണമതാണ്. എന്ന് മാത്രമല്ല നിസ്കാരം കഴിയുന്നതും പിന്നെ വിശ്വാസികള്‍ക്ക് പള്ളി വിട്ടിറങ്ങി തങ്ങളുടെ ജീവിതമാര്‍ഗങ്ങളുമായി കഴിഞ്ഞു കൂടാമെന്നും ഖുര്‍ആന്‍ പറയുന്നു. എന്നിട്ട് നമസ്കാരം കഴിഞ്ഞാല്‍ നിങ്ങള്‍ ഭൂമിയില്‍ വ്യാപരിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് അന്വേഷിക്കുകയും അവനെ അധികമായി ഓര്‍ക്കുകയും ചെയ്യുക, നിങ്ങള്‍ വിജയികളാകാന്‍ വേണ്ടി. (സൂറത്തുല്‍ ജുമുഅ, സൂക്തം. 10) അറബുസമഹങ്ങളുടെ ഈ അധ്വാനശീലത്തില്‍ താന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ടെന്നു പറയുന്നുണ്ട് ബെഗോവിച്ച്.
വിനോദയാത്ര പോകുന്നത് പോലും മതങ്ങളുടെ താല്‍പര്യത്തിനെതിരാകാത്ത രിതിയിലാകുമ്പോള്‍ അതും ദൈവമാര്‍ഗത്തിലെ അധ്വാനമായി മാറും. അങ്ങനെ മാത്രമേ വിനോദസഞ്ചാരങ്ങള്‍ നടത്താവൂ എന്നാണ് മതത്തിന്റെ താല്‍പര്യം. അതല്ലാതെ നിസ്കാരമൊഴിവാക്കി മദ്യത്തിലും അനാശാസ്യപ്രവര്‍ത്തനങ്ങളിലുമാണ് നമ്മുടെ നാടുകാണലെങ്കില്‍ താഴെ പറയുന്ന ഹദീസ് ആശങ്കപ്പെടുന്നത് നമ്മെ കുറിച്ച് തന്നെയാണ്.
രണ്ടു അനുഗ്രഹങ്ങളില്‍ മിക്ക ആളുകളും നഷ്ടം ബാധിച്ചവരാണ്. ആരോഗ്യവും ഒഴിവുസമയവുമാണവ. (ബുഖാരി)
- മന്‍ഹര്‍ യു പി കിളിനക്കോട്-



Leave A Comment