മുസ്‌ലിം സംഘടനകളുടെ ഇടപെടല്‍; സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി
സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനസമയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. സമസ്തയടക്കമുള്ള മുസ്‌ലിം സംഘടനകളുടെ ഇടപെടലിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തിയത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് സ്‌കൂള്‍ പ്രവൃത്തി സമയം പഴയ പോലെ തുടരുമെന്ന് ഇന്ന് സഭയില്‍ വ്യക്തമാക്കിയത്.
വിദ്യാഭ്യാസ ഉന്നതാധികാര സമിതിയും ബാലാവകാശ കമ്മീഷനും സ്‌കൂള്‍ സമയമാറ്റം വേണമെന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ അധ്യയന വര്‍ഷം മുതല്‍ രാവിലെ നേരത്തെ ക്ലാസ് ആരംഭിച്ച് ഉച്ചയ്ക്കു ശേഷം ക്ലാസ് അവസാനിപ്പിക്കുന്ന രീതിയിലുള്ള പരിഷ്‌കാരം നടത്താനായിരുന്നു ശുപാര്‍ശ.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മത സംഘടനകളും മുസ്‌ലിം ലീഗും പരസ്യമായി ഇതിനെതിരേ രംഗത്തു വന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്.
ഈ അധ്യയന വര്‍ഷം മുതല്‍ സ്‌കൂള്‍ സമയമാറ്റം ഉണ്ടാകില്ലെന്നും സ്‌കൂളുകളില്‍ ചൊല്ലുന്ന പ്രാര്‍ഥനാ ഗീതം വിവിധ മത സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി സി രവീന്ദ്രനാഥ് സഭയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗം സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളുടെ പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും നിലവിലുള്ള സമയമായ രാവിലെ 10നു പകരം നേരത്തെ ആക്കണമെന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുമെന്നു മാത്രമല്ല 15 ലക്ഷം വിദ്യാര്‍ഥികളുടെ മദ്‌റസ പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നുമാണ് യോഗത്തില്‍ ഉന്നയിച്ചത്.
2007ലും സ്‌കൂള്‍ സമയമാറ്റ നിര്‍ദേശം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മുസ്‌ലിം സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ സ്‌കൂള്‍ സമയം മാറ്റില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്,കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ നേതാവുമായ തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമര്‍ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, എം.എ.ചേളാരി, സലീം എടക്കര (സമസ്ത), എം.സി.മായിന്‍ഹാജി, കെ.കെ.ഹംസ, അഡ്വ. യു.എ ലത്തീഫ് (മുസ്‌ലിംലീഗ്), വി.എം.കോയമാസ്റ്റര്‍ (സുന്നി വിദ്യാഭ്യാസ ബോര്‍ഡ്), വി.അബ്ദുല്‍സലാം (കെ.എന്‍.എം), പി.പി.അബ്ദുറഹിമാന്‍ പെരിങ്ങാടി, പി.കെ.നൗഷാദ് (ജമാഅത്തെ ഇസ്‌ലാമി), എം.വി.എ സിദ്ദീഖ് ബാഖവി(സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ), മുജീബ് ഓട്ടുമ്മല്‍(ഐ.എസ്.എം വിസ്ഡം), എം.പി.അബ്ദുല്‍ ഖാദിര്‍ (സി.ഐ.ഇ.ആര്‍), കെ.കെ.അബ്ദുല്‍ ജബ്ബാര്‍, ടി.പി.അബ്ദുല്‍ ഹഖ്, പി.മുഹമ്മദലി, കെ.നൗഷാദ്, ടി.കെ.അബ്ദുല്‍ അസീസ്, ടി.സി.അബ്ദുല്‍ലത്തീഫ്(കെ.എ.ടി.എഫ്) എന്നിവരാണ് ഇന്നലെ ചേര്‍ന്ന് സംയുക്ത യോഗത്തില്‍ പങ്കെടുത്തിരുന്നത്.
Leave A Comment