അംവാസിലെ പ്ലേഗ്: ഇസ്‌ലാമിക ലോകത്തെ കണ്ണീരിലാഴ്ത്തിയ ഏട്
വിജയാനന്തരം ശാമിലേക്ക് പുറപ്പെട്ട ഖലീഫ സര്‍ഗ് എന്ന സ്ഥലത്ത് എത്തിയപ്പോയാണ് ശാം ഗവർണറായ അബൂ ഉബൈദ (റ) അവിടെ പ്ലേഗ് പടർന്നിട്ടുണ്ടെന്ന വാർത്തയുമായി ഉമർ (റ)വിന്റെ അടുത്തെത്തുന്നത്. വിവരം കേട്ട ഖലീഫ ഉടൻ മുഹാജിറുകളെ വിളിച്ചു കൂട്ടി വിഷയം ചർച്ച ചെയ്തു. അവർ 2 അഭിപ്രായങ്ങൾ പങ്കുവെച്ചു. ചിലർ ഉമർ റ പറഞ്ഞു: നിങ്ങൾ ഒരു കാര്യത്തിനായി ഇറങ്ങിത്തിരിച്ചതിനാൽ അതിൽ നിന്ന് പിന്തിരിയുന്നത് ഭൂഷണമല്ല. മറ്റു ചിലർ പറഞ്ഞു: നിങ്ങളുടെ കൂടെ നബിയുടെ പരിശുദ്ധരായ സ്വഹാബത്തും മറ്റു ജനങ്ങളുമെല്ലാമുണ്ട്. അവരെ നിങ്ങൾ ഈ കുഷ്ഠരോഗത്തിൽ കൊണ്ടുചെന്ന് തള്ളാതിരിക്കുന്നതാണ് നല്ലത്. ഉടൻ ഉമർ (റ) പറഞ്ഞു: നിങ്ങൾക്കു പോകാം. ശേഷം അദ്ദേഹം അൻസ്വാറുകളോട് അഭിപ്രായം ആരാഞ്ഞു. അവരും രണ്ട് വിഭാഗമായി അഭിപ്രായപ്രകടനം നടത്തി.
അന്തിമ തീരുമാനം അദ്ദേഹം തന്നെ എടുത്തു "എങ്കിൽ ഞാൻ നാളെ തന്നെ തിരിച്ചു പോകുന്നതാണ്". ഇത് കേട്ടതും അബു ഉബൈദ (റ) ചോദിച്ചു: നിങ്ങൾ അല്ലാഹുവിന്റെ വിധിയിൽ നിന്ന് ഓടിയൊളിക്കുകയാണോ? മറുപടിക്കായി ഉമർ(റ)ന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല, "അബു ഉബൈദാ, ഈ ചോദിച്ചത് മറ്റൊരാളായിരുന്നെങ്കില്‍! അതെ അല്ലാഹുവിന്റെ ഒരു വിധിയിൽ നിന്ന് ഞാന്‍ ഓടുകയാണ്, മറ്റൊന്നിലേക്കാണെന്ന് മാത്രം." എന്നിട്ടദ്ദേഹം ചോദിച്ചു, നിങ്ങൾക്ക് ഒരു ഒട്ടകം ഉണ്ടെന്ന് കരുതുക, അതിന് മേയാന്‍ രണ്ട് തരത്തിലുള്ള താഴ്‍വരയുണ്ടെന്ന് സങ്കല്പിക്കുക. ഒന്ന് പച്ചപ്പുള്ളതും മറ്റൊന്ന് ഉണങ്ങിയതും. അത് ഏതില്‍ മേഞ്ഞാലും അത് അല്ലാഹുവിന്റെ വിധി തന്നെയല്ലേ?
ഇതിനിടെ അബ്ദുറഹ്മാൻബിന്‍ഔഫ് (റ) കടന്നു വന്നു ഇങ്ങനെ പറഞ്ഞു: എനിക്ക് ഇതിനെ കുറിച്ച് കൂടുതൽ വിവരം നൽകാനുണ്ട്; നബിതങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ഒരു സ്ഥലത്ത് മഹാമാരിയുണ്ടെന്ന് കേട്ടാൽ നീ അവിടേക്ക് പ്രവേശിക്കരുത്. ഇനി നീ ഉള്ളിടത്ത് അത് പൊട്ടിപ്പുറപ്പെട്ടാല്‍ അവിടെ നിന്ന് പുറത്ത് പോവുകയുമരുത്. ഇത് കേൾക്കേണ്ട താമസം ഉമർ(റ) അല്ലാഹുവിനെ സ്തുതിക്കുകയും പിന്നെ അവിടെ നിന്ന് മടങ്ങിപ്പോവുകയും ചെയ്തു.
....................................................
രോഗം ഒട്ടും കുറവില്ലാതെ പടര്‍ന്നുകൊണ്ടേയിരുന്നു. വാർത്ത അറിഞ്ഞ ഉമർ (റ) അബു ഉബൈദ(റ)വിന് ഒരു കത്തയച്ചു: "എനിക്ക് താങ്കളെ ഒരാവശ്യമുണ്ട്. താങ്കൾക്കല്ലാതെ മറ്റൊരാൾക്കും അത് പൂർത്തീകരിക്കാൻ കഴിയില്ല. അതിനാല്‍ ഈ എഴുത്ത് ലഭിച്ച ഉടൻ ഇങ്ങോട്ട് വരണം." എന്നാൽ കത്ത് ലഭിച്ച അബൂ ഉബൈദ, ആ ക്ഷണം നിരസിച്ചു കൊണ്ട് മറുപടി കുറിച്ചു. "അമീറുല്‍മുഅ്‍മിനീന്‍, നിങ്ങളുടെ കല്‍പ്പന ഞാന്‍ മാനിക്കുന്നു. പക്ഷെ, ഇപ്പോള്‍ എന്റെ സൈന്യവും ആളുകളും വലിയൊരു വിപത്തിന് മുന്നിലാണ്. ഈ സമയത്ത് അവരെ ഉപേക്ഷിച്ച് പോരാന്‍ എനിക്കാവില്ല." അത് വായിച്ച ഉമർ(റ) പൊട്ടിക്കരഞ്ഞു. ഇത് കണ്ട അടുത്തിരിക്കുന്നവര്‍ ചോദിച്ചു, "എന്ത് പറ്റി, അബൂഉബൈദ(റ) മരണപ്പെട്ടുവോ?" "ഇല്ല, മരണം അദ്ദേഹത്തിന്റെ അടുത്തെത്തിയെന്ന് എന്റെ മനസ്സ് പറയുന്നു." അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഒലിച്ചുകൊണ്ടേയിരുന്നു. ഏറെ വൈകാതെ അബൂഉബൈദ(റ)ന്റെ മരണ വാർത്തയെത്തുകയും ചെയ്തു.
ജനാസ നിസ്കാരത്തിന് നേതൃത്വം നല്കിയത് മുആദ് (റ) വായിരുന്നു. നിസ്കാരശേഷം അദ്ദേഹം ഇങ്ങനെ അനുസ്മരിച്ചു, "ഇന്ന് നാം വേദനിക്കുന്നത് അബൂ ഉബൈദ (റ) വേര്‍പാടിലാണ്. മറ്റുള്ളവരോട് ഒട്ടുമേ വിദ്വേഷമില്ലാത്ത, ആരോടും ശത്രുതയില്ലാത്ത, വിശാല മനസ്കതയുള്ള, ലജ്ജാശീലനും പൊതുജനങ്ങളുടെ ഗുണകാംക്ഷിയുമായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. (നസാഈ)." ശേഷം ശാമിന്റെ സാരഥ്യം മുആദ് (റ)ഏറ്റെടുത്തു. അദ്ദേഹം ജനങ്ങളെ ആശ്വസിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗം ഇങ്ങനെ ചുരുക്കി വായിക്കാം, "ജനങ്ങളേ, അല്ലാഹുവിന്റെ ഈ പരീക്ഷണത്തില്‍ നിങ്ങള്‍ വിഷമിക്കരുത്. ഇത് അനുഗ്രഹമാണ്, പ്രവാചകര്‍(സ്വ)യുടെ പ്രവചനത്തിന്റെ പുലര്‍ച്ച കൂടിയാണ്, മുന്‍ഗാമികളായ പല സച്ചരിതരും ഇത്തരം പരീക്ഷണങ്ങളിലൂടെ മരണം വരിച്ചതുമാണല്ലോ. ഞാനിതൊരു ഭാഗ്യമായി കാണുന്നു, എനിക്കും ആ ഭാഗ്യം ലഭിക്കുന്നുവെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ" അധികം വൈകാതെ അദ്ദേഹവും മരണത്തിനു കീഴടങ്ങി.
ശേഷം അംറുബ്നുല്‍ആസ്വ്(റ) നിയന്ത്രണം ഏറ്റെടുത്തു. അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് ഇങ്ങനെ പറഞ്ഞു, ഈ രോഗം പിടിപെട്ടാല്‍ വല്ലാത്ത വേദനയാണ്. അത് കൊണ്ട് എല്ലാവരും മലമ്പ്രദേശങ്ങളിലേക്ക് പോകുക, അവിടെ പൊതുവെ ഇത്തരം അസുഖങ്ങള്‍ പിടിപെടാറില്ലെന്ന് കേട്ടിട്ടുണ്ട്". അംറ് (റ) ഇങ്ങനെ പറഞ്ഞത് ഉമര്‍(റ)ന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്നും ചില ചരിത്രഗ്രന്ഥങ്ങളില്‍ കാണുന്നു. ശേഷം ജനങ്ങളെല്ലാം സമീപത്തെ മലമ്പ്രദേശങ്ങളിലേക്ക് പുറപ്പെടുകയും പതുക്കെ ആ മഹാമാരി വിട്ടൊഴിഞ്ഞ് ജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുകയുമാണുണ്ടായത്.
(അവലംബം- അല്‍ബിദായവന്നിഹായ, താരീഖുത്വബ്‍രി അടക്കമുള്ള ചരിത്ര ഗ്രന്ഥങ്ങള്‍)
Leave A Comment