മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബ് സമുദായസേവനം മുഖമുദ്രയാക്കിയ ജീവിതം
1944.. മുസ്‍ലിം സ്റ്റുഡന്റസ് ഫെഡറേഷന്റെ ആദ്യസമ്മേളനം താനൂരില്‍ നടക്കുകയാണ്. പൊതുസമ്മേളനത്തെ അഭിസംബോധ ചെയ്തുകൊണ്ട്, സേട്ട് സാഹിബിന്റെ ആവശേകരമായ പ്രസംഗമാണ് നടക്കുന്നത്. ഇംഗ്ലീഷിലുള്ള ആ പ്രസംഗത്തിന്റെ ചൂരും ചൊടിയും ഒട്ടും നഷ്പ്പ്പെടാതെ, മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ആ ചെറുപ്പക്കാരനെ എല്ലാവരും ഏറെ അല്‍ഭുതത്തോടെ അതിലേറെ കൌതുകത്തോടെ നോക്കിനിന്നു. അവിടെ തടിച്ചു കൂടിയ പതിനായിരക്കണക്കിന് ആളുകളുടെ കണ്ണും കാതും ആ ചെറുപ്പക്കാരനിലായിരുന്നു. അതോടെയാണ്, കെ.പി ഉസ്മാന്‍ സാഹിബ് എന്ന നേതാവിനെ പൊതുജനം തിരിച്ചറിയുന്നത്.
റബീഉല്‍ ആഖിര്‍ 15, മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബ് വിട പറഞ്ഞത്, 23 വര്‍ഷം മുമ്പ് ഇതുപോലൊരു ദിനത്തിലായിരന്നു. സമസ്തക്കും വിദ്യഭ്യാസ ബോര്‍ഡിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു കെ.പി ഉസ്മാന്‍ സാഹിബിന്റേത്. കത്തിച്ചുവെച്ച കെടാവിളക്കായിരുന്നു, സമുദായത്തിന് വേണ്ടി പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരുന്നു, ഉസമാന്‍ സാഹിബും സഹപ്രവര്‍ത്തരും കൊണ്ട വെയിലിന്റെ തണലിരുന്നാണ് സമൂഹം ഇന്ന് അനുഭവിക്കുന്നത്. സംഘാടകനായും പ്രഭാഷകനായും പണ്ഡിതനായും പ്രവര്‍ത്തകനായും ആ വ്യക്തി തിളങ്ങി, സ്ഥാനമാനങ്ങളൊന്നും അലങ്കാരമായിരുന്നില്ല, എല്ലാം ഉത്തരവാദിത്വത്തോടെ നിറവേറ്റി.
ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ധീഖ് (റ) ലേക്ക് ചെന്നെത്തുന്ന കുടുംബപരമ്പരയില്‍ 1918 കണ്ണൂര്‍ വേങ്ങാട്ടാണ് ഉസ്മാന്‍ സാഹിബിന്റെ ജനനം. വേങ്ങാട് ഓത്തുപള്ളിയില്‍നിന്ന് പ്രാഥമിക വിദ്യഭ്യാസം, ശേഷം നാട്ടിലെ ദര്‍സ്, പട്ടിപ്രം എലിമെന്ററി സ്‌കൂള്‍, തലശ്ശേരി ബി.ഇ.എം സ്‌കൂള്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവടങ്ങളില്‍ ഭൗതിക വിദ്യഭ്യാസം. ബ്രണ്ണന്‍ കോളേജിലെ പഠന കാലത്ത് എം.എസ്.എഫിന്റെ പ്രഥമ സെക്രട്ടറിയാവുന്നതിലൂടെയാണ് സാഹിബ് പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്. 1943 ലാണ് എം.എസ് എഫ് (മുസ്‌ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍) രൂപീകരിച്ചത്. തുടര‍്‍ന്ന് 1944 ല്‍ താനൂരില്‍ നടന്ന എം.എസ്.എഫ് സമ്മേളനത്തില്‍ സേട്ട് സാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിലൂടെയാണ് അദ്ദേഹം പ്രഭാഷകനും പരിഭാഷകനുമായി അറിയപ്പെട്ടത്. പിന്നീടങ്ങോട്ട് ലീഗ് വേദികളില്‍ തിളങ്ങിയ അദ്ദേഹം നേതൃത്വവും സംഘാടനവും പ്രഭാഷണമികവും അറിവും കൊണ്ട് കൂടുതല്‍ ജനഹൃദയങ്ങളിലേക്ക് നടന്നുകയറുകയായിരുന്നു.
ഉസ്മാന്‍ സാഹിബിന്റെ കഴിവ് തിരിച്ചറിഞ്ഞ മര്‍ഹൂം അബ്ദുറഹ്മാന്‍ ബാഖഫി തങ്ങള്‍ സമുദായത്തിന് വെളിച്ചം നല്‍കാന്‍ ഉസ്മാന്‍ സാഹിബിനെ വഴി നടത്തി. താനൂരിലെത്തിയ ഉസ്മാന്‍സാഹിബിനെ 1944ല്‍, അന്ന് ഉപയോഗശൂന്യമായി കിടന്നിരുന്ന താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളേജ് ഏറ്റെടുത്ത് നടത്താന്‍ ഏല്‍പിച്ചു. കോളറയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ച കാലത്ത് ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘങ്ങള്‍ പാവപ്പട്ട മുസ്‌ലിംകളെ പരിവര്‍ത്തനം നടത്താനുള്ള ശ്രമം ശ്രദ്ധയില്‍പെട്ടപ്പോഴാണ് ബാഫഖി തങ്ങളെ ആശിര്‍വാദത്തോടെ അവര്‍ക്ക് വേണ്ടി ഉപയോഗ്യശൂന്യമായിരുന്ന ഇസ്‌ലാഹുല്‍ ഉലൂമില്‍ യതീംഖാന സ്ഥാപിക്കുകയും വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. അന്ന് അതിന്റെ മാനേജര്‍ സ്ഥാനം വഹിച്ചത് മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബായിരുന്നു.
നേരത്തെ ഓത്തുപള്ളികള്‍ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ശോഷണം സംഭവിക്കുകയും സ്‌കൂളുകളില്‍ മതം പഠിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള രാജഗോപാലാചാരി സര്‍ക്കാര്‍ നിയമം കൊണ്ടുവരികയും ചെയ്ത സന്ദര്‍ഭത്തില്‍ സമസ്ത മദ്രസയുടെ ആവശ്യകതയെ തിരിച്ചറിഞ്ഞു, അങ്ങനെ ആ ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഏല്‍പിക്കപ്പെട്ടത് ഉസ്മാന്‍ സാഹിബിലായിരുന്നു. അങ്ങനെ 1949 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ഗ്രാമങ്ങള്‍ തോറും നടന്ന മദ്രസകള്‍ സ്ഥാപിക്കാന്‍ രണ്ട് ഓര്‍ഗനൈസര്‍മാരെ നിയമിക്കുകയുണ്ടായി, അതിലൊന്ന് കെ.പി ഉസ്മാന്‍ സാഹിബായിരുന്നു. 1950 ല്‍ ഉസ്മാന്‍ സാഹിബിനെ സമസ്തയുടെ ഓഫീസ് സെക്രട്ടറിയായി തെരഞ്ഞെടുത്തു.
1951 ല്‍ സമസ്തയുടെ കീഴില്‍ വിദ്യഭ്യാസ ബോര്‍ഡ് രൂപീകരിച്ചപ്പോള്‍ പറവണ്ണ മുഹ്‌യുദ്ധീന്‍ കുട്ടി മുസ്‌ലിയാരെ പ്രസിഡണ്ടും സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് ഉസ്മാന്‍ സാഹിബിനെയായിരുന്നു. ഉസ്മാന്‍ സാഹിബ് തന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ആ സംഘശക്തിക്ക് കരുത്ത് പകര്‍ന്നു. പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, മദ്‌റസ വിസിറ്റിംഗ്, മുഅല്ലിം ട്രൈനിംഗ്, ഹിസ്ബ്, പരീക്ഷ സമ്പ്രദായങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍, മദ്‌റസ റെക്കോര്‍ഡുകള്‍ തുടങ്ങി നിരവധി പുരോഗതികള്‍ കൊണ്ടുവന്നത് മര്‍ഹൂം ഉസ്മാന്‍ സാഹിബ് ജനറല്‍ സെക്രട്ടറിയായ കാലത്തായിരുന്നു. ബോര്‍ഡിംഗ് മദ്രസയെന്ന ആശയ സാക്ഷാത്കാരത്തിലും ഉസ്മാന്‍ സാഹിബ് നിറഞ്ഞു നിന്നു. 1958 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രഥമ ട്രഷററായിരുന്നു. ജംഇയ്യത്തുല്‍ മുഫത്തിശീന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രഥമ പ്രസിഡണ്ടായി.
സമുദായത്തിന് വേണ്ടിയുള്ള കൂട്ടായ്മരൂപീകരണത്തില്‍ ഉസ്മാന്‍ സാഹിബിന്റെ പേര് മുഴങ്ങികേട്ടുകൊണ്ടേയിരുന്നു. 1989 സമസ്തയിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് പരിഹരിക്കാന്‍ ശ്രമിച്ച മസ്‌ലഹത്തുകമ്മറ്റിയില്‍ ഒരാളായി ഉസ്മാന്‍ സാഹിബിനെയും തെരഞ്ഞെടുത്തിരിരുന്നു. 1961 ല്‍ സമസ്തയുടെ കീഴില്‍ എസ്.വൈ.എസ് രൂപം കൊണ്ടു, പി.എം.എസ്.എ പൂക്കോയതങ്ങള്‍ എസ്.വൈ.എസിന്റെ പ്രസിഡണ്ടായപ്പോള്‍ ഉസ്മാന്‍ സാഹിബ് തന്നെയായിരുന്നു ജനറല്‍ സെക്രട്ടറി. 1970 കളില്‍ ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഇംഗ്ലീഷ്, ഉര്‍ദു ഭാഷകള്‍ ക്ലാസെടുത്ത് നിരവധി ഫൈസിമാരുടെ അധ്യാപകരായി, മര്‍ഹൂം ഇബ്രാഹീം പുത്തൂര്‍ ഫൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിലവിലെ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയ നിരവധി പണ്ഡിതര്‍ മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബിന്റെ ശിഷ്യരാണ്.
ഉസ്മാന്‍ സാഹിബിന്റെ മറ്റൊരു പ്രവര്‍ത്തന മേഖലയായിരുന്നു എഴുത്ത്. അല്‍ബയാന്‍ മാസിക, ബയാനിയ്യ പ്രസ്സ്, സുന്നി ടൈംസ്, ക്രസന്റ് പബ്ലിഷിംഗ് എന്നീ സ്ഥാപനങ്ങളുടെ പ്രസാധകനായും എഡിറ്ററായും പ്രവര്‍ത്തിച്ച ഉസ്മാന്‍ സാഹിബ് അക്ഷരങ്ങളെ സ്‌നേഹിച്ച കൂട്ടുകാരന്‍ കൂടിയായിരുന്നു.
ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം ഇഖ്‌ലാസോടെ നിര്‍വഹിച്ചു. സൂക്ഷ്മതയും തഖ്‌വയുമായിരുന്നു ആ ജിവിതത്തിലെ പ്രത്യേകത, സത്യം തുറന്ന് പറയാന്‍ ആരെയും പേടിച്ചില്ല, നിലപാടുകള്‍ വെട്ടിത്തുറന്ന് പറഞ്ഞു. വാചക കസര്‍ത്തുകളായിരുന്നില്ല, പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് പരിവര്‍ത്തനം സൃഷ്ടിച്ച നവോത്ഥാന ശില്‍പിയായിരുന്നു മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബ്. വായിച്ച് തീരാത്ത ജീവിതപുസ്തകമാണ് മര്‍ഹൂം കെ.പി ഉസ്മാന്‍ സാഹിബിന്റേത്, ഓരോ പേജ് വായിക്കും തോറും തിളക്കം കൂടും, സമുദായത്തിന് വേണ്ടി പ്രോജ്ജലിച്ചു നിന്ന പ്രതീകം, 1998 ആഗസ്റ്റ് 7 ഒരു റബീഉല്‍ ആഖിര്‍ 15നാണ് ഉസ്മാന്‍ സാഹിബ് നാഥനിലേക്ക് മടങ്ങിയത്. സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച ആ ജീവിതം നാഥന്‍ സ്വീകരിക്കുമാറാകട്ടെ, ആമീന്‍.
Leave A Comment