മൗലാനാ മുഹമ്മദലി: മുസ്‌ലിം നേതൃത്വത്തിന്റെ മഹനീയത
ഇന്ത്യന്‍ സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് കൈയ്യൊപ്പ് സമ്മാനിച്ച പ്രമുഖ നേതാവായിരുന്നു മൗലാന മുഹമ്മദലി. പ്രകൃതിരമണീയമായ റാംപൂര്‍ എന്ന മുസ്‌ലിം നാട്ടു രാജ്യത്ത് ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെ വംശപരമ്പരയില്‍ പെട്ട ഒരു കുലീന തറവാട്ടില്‍ 1878 ഡിസംബറിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രണ്ടാം വയസ്സില്‍ പിതാവ് മരണപ്പെട്ട മൗലാനയെയും വികലാംഗനായ മൂത്ത സഹോദരനെയുമടക്കം എട്ട് സന്താനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത ഉമ്മയിലാണ് വന്നുചേര്‍ന്നത്. കുഞ്ഞുന്നാളിലെ കഷ്ടപ്പാടുകളുടെ ജീവിതമായിരുന്നു അദ്ദേഹത്തിന് എങ്കിലും ആത്മധൈര്യവും ദൃഢനിശ്ചയവുമുള്ള ഉമ്മ സന്താനങ്ങളെ ഉന്നതങ്ങളിലേക്ക് എത്തിക്കാന്‍ കഠിന പ്രയത്‌നം നടത്തി. തികച്ചും ഇലാഹീ ഭക്തിയില്‍ ജീവിതം നയിച്ച മാതാവിന് തന്റെ സന്താനങ്ങളെ ഇസ്‌ലാമിന്റെ നേരായ പാതയിലൂടെ വഴിനടത്താന്‍ സാധിച്ചു. ജീവിതപ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഉമ്മയെയായിരുന്നു മുഹമ്മദലി ആശ്രയിച്ചിരുന്നത്.
തന്റെ മാതാവിനെ കുറിച്ച് പലപ്പോഴും അദ്ദേഹം നന്ദിയോടെ സ്മരിക്കാറുണ്ടായിരുന്നു. മാതാവ് മുഹമ്മദലിയെ വിദ്യാഭ്യാസ രംഗത്തേക്ക് കൈപ്പിടിച്ചുയര്‍ത്തുകയും ഇംഗ്ലീഷ് ഭാഷയോടുള്ള പ്രതിഷേധം ആളിക്കത്തിയിരുന്ന സമയത്ത് ബറേലിയിലെ സെക്കന്ററി സ്‌കൂളിലേക്ക് പഠനത്തിന് അയക്കുകയും ചെയ്തു. ഇത് വലിയ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തി. കുടുംബ ചെലവുകള്‍ നോക്കിയിരുന്ന അമ്മാവന്‍ സഹോദരിയുടെ പ്രവര്‍ത്തനങ്ങളില്‍ കോപിഷ്ഠനാവുകയും കുടുംബ ചെലവുകള്‍ വഹിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. മാതാവ് ഇതു വലിയ പ്രശ്‌നമായി എടുത്തില്ല. തന്റെ ആത്മധൈര്യവും ധീരതയും മുറുകെപ്പിടിച്ച് തനിക്കുണ്ടായിരുന്ന ആഭരണങ്ങള്‍ ബാങ്കില്‍ പണയംവെക്കുകയും അതില്‍നിന്ന് ലഭിച്ച പണം കൊണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവ് നിര്‍വഹിക്കുകയും ചെയ്തു.
ഗത്യന്തരമില്ലാതെ വന്ന അമ്മാവന്‍ ആഭരണങ്ങള്‍ വാങ്ങിക്കൊടുക്കാനും കടം വീട്ടാനും മുന്നോട്ടുവരികയായിരുന്നു. സഹോദരന്മാരായ സുല്‍ഫീക്കറും ശൗഖത്തലിയും അലിഗഡ് കോളേജില്‍ നിന്നും ബിരുദമെടുക്കുമ്പോള്‍ മുഹമ്മദലി അവിടെ പഠനത്തിന്റെ പ്രഥമ ഘട്ടത്തിലായിരുന്നു. അസാധാരണ ഓര്‍മശക്തിയുള്ള വിദ്യാര്‍ത്ഥിയായ മൗലാന നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥി എന്ന നിലയില്‍ സ്‌കോളര്‍ഷിപ്പിനര്‍ഹനായി. അലഹബാദ് സര്‍വ്വകലാശാലയുടെ ബി.എ. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അദ്ദേഹത്തെ ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പറഞ്ഞയക്കാന്‍ ശൗഖത്തലി തീരുമാനിച്ചു. മുഹമ്മദലി പഠിച്ചുയര്‍ന്ന് ഒരു വലിയ പണ്ഡിതനായി പുറത്തിറങ്ങണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. ഇസ്‌ലാമിന്റെ വിധിവിലക്കുകളനുസരിച്ച് ജീവിക്കാന്‍ മറന്നു പോവരുതെന്ന് ലണ്ടനിലേക്ക് പുറപ്പെടുമ്പോള്‍ മാതാവ് പ്രത്യേകം ഉപദേശം നല്‍കിയിരുന്നു. ഇത് പൂര്‍ണമായും നിറവേറ്റാന്‍ മൗലാന മനസ്സും ശരീരവും കാത്തുനിന്നു. ഐ.സി.എസ്.പരീക്ഷയില്‍ പാസാകാത്തതിനാല്‍ ആധുനിക ചരിത്രം വിഷയമെടുത്ത് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. സര്‍ഗാത്മക കഴിവുകള്‍ സമജ്ജസമായി സമ്മേളിച്ച വ്യക്തിയായിരുന്നു മുഹമ്മദലി. അദ്ദേഹത്തിന്റെ പ്രസംഗം ബ്രിട്ടീഷുകാരുടെ നെഞ്ചില്‍ തറക്കുന്നതും തൂലിക അവരുടെ കണ്ണ് തുറപ്പിക്കുന്നതുമായിരുന്നു. മൗലാനയുടെ പ്രഭാഷണ ശൈലി കേട്ട് ഓക്‌സ്‌ഫോര്‍ഡ് കോളേജിലെ സാഹിത്യസമാജത്തിന്റെ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
ഒരു ഏഷ്യന്‍ വിദ്യാര്‍ത്ഥിക്ക് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്. 'ഇന്നത്തെ അസംതൃപ്തിയെ കുറിച്ചുള്ള ചിന്തകള്‍' (ഠവീൗഴെേ ീി വേല ുൃലലെി േറശരെീിലേി)േ എന്ന ശീര്‍ഷകത്തില്‍ 'ടൈംസ് ഓഫ് ഇന്ത്യ'യിലേക്ക് ഒരു ലേഖനപരമ്പര എഴുതി. ബറോഡയില്‍ ഒരു ഉയര്‍ന്ന ഉദ്യോഗത്തിലിരിക്കുന്ന ഘട്ടമായിരുന്നു അത്. ലേഖനപരമ്പരയിലെ ആശയങ്ങള്‍ ബറോഡയിലെ ബ്രിട്ടീഷ് റസിഡണ്ടിനെ പ്രകോപിപ്പിച്ചതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനിമുതല്‍ പത്രങ്ങളില്‍ ലേഖനമെഴുതരുതെന്ന് അദ്ദേഹം ഉത്തരവിട്ടു. മൗലാന തനിക്കുണ്ടായിരുന്ന ഉദ്യോഗത്തില്‍നിന്നും പിന്മാറി. പത്രപ്രവര്‍ത്തനത്തോടുള്ള അതിയായ ആഗ്രഹംകാരണം ഒരു പത്രം ആരംഭിക്കുകയും ചെയ്തു. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും മൗലാന മുഹമ്മദലിയും തന്റെ അടുത്ത സുഹൃത്തായ അബ്ദുറഹിമാന്‍ സിദ്ദീഖിയുമായിരുന്നു നിര്‍വഹിച്ചത്. ഉന്നത സ്ഥാനമാനങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും അതിനെയെല്ലാം തിരസ്‌കരിച്ച് പത്രലോകത്തേക്കും രാഷ്ട്രീയ വേദികളിലേക്കും അദ്ദേഹം കടന്നു വന്നു. സ്വാര്‍ത്ഥ രാഹിത്യത്തിലധിഷ്ഠിതമായ ജീവിതം നയിച്ച അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് എന്തും ചെയ്യാന്‍ തയ്യാറായി. ഇന്ത്യയിലെ മാനുഷികബന്ധങ്ങള്‍ തകര്‍ക്കുക എന്ന ബ്രിട്ടീഷുകാരുടെ കുരുട്ടുബുദ്ധി ഇവിടെയൊന്നാകെ വാണപ്പോള്‍ അത്തരം ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാനും ഊട്ടിയുറപ്പിക്കാനും അദ്ദേഹം വളരെയധികം പ്രയത്‌നങ്ങള്‍ നടത്തി. ഹിന്ദു സഹോദരന്‍മാര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കണമെന്നും അവര്‍ക്കെതിരെ നിങ്ങളില്‍നിന്ന് ഒന്നും ഉണ്ടാവരുതെന്നുമായിരുന്നു മുഹമ്മദലി മുസ്‌ലിംകളെ ഉപദേശിച്ചത്. മനുഷ്യസൗഹാര്‍ദത്തിനു വേണ്ടി നിരവധി വേദികള്‍ അദ്ദേഹം സംഘടിപ്പിച്ചു. പക്ഷേ, ചിലതെല്ലാം നിഷ്ഫലമാവുകയാണ് ചെയ്തത്.
സ്വാതന്ത്ര്യ സാക്ഷാല്‍കാരത്തിന് വേണ്ടി ജനങ്ങളെ അണിനിരത്തിയത് കൊണ്ടു തന്നെ നിരവധി തവണ അറസ്റ്റ് വരിക്കുകയും ചെയ്തു. പക്ഷേ, ജഡ്ജിമാരെ പോലും അന്ധാളിപ്പിച്ച മൗലാനയുടെ ശക്തമായ മറുപടിയില്‍ നബി(സ)യുടെയും സ്വഹാബത്തിന്റെയും ജീവിതക്രമവും കലിമത്തുതൗഹീദും മുഴങ്ങിക്കേട്ടിരുന്നു. ഇസ്‌ലാമിക ആശയങ്ങളില്‍നിന്ന് അണുമണിതൂക്കം വ്യതിചലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ജഡ്ജിമാരോട് രോഷാകുലനായി സംസാരിക്കുകയും ചെയ്തു. അലിഗഡ് കോളേജിലെ എട്ടു വര്‍ഷത്തെ ജീവിതത്തിനിടയിലായിരുന്നു വിശുദ്ധ ഖുര്‍ആനിനെ ഗഹനമായി അദ്ദേഹം മനസ്സിലാക്കിയത്. ഇത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സ്വാധീനിക്കുകയും ചെയ്തു. ഇസ്‌ലാമികമായ ജീവിതത്തിലേക്ക് അദ്ദേഹത്തെ തള്ളിവിട്ടത് സ്വന്തം മാതാവും അതു പോലെ മൗലാനയുടെ ഗുരുവായിരുന്ന ശംസുല്‍ ഉലമ ശിബ്‌ലി നുഅ്മാനിയുടെ പ്രഭാഷണവുമായിരുന്നു. ഇവരില്‍നിന്നും ലഭിച്ച ഇസ്‌ലാമികാവേശവുമായി ജീവിതം നയിക്കുകയും ഒന്നിനെയും കൈവെടിയാതെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നെഹ്‌റുവും ഗാന്ധിജിയും മൗലാനയുടെ ആത്മധൈര്യവും ആര്‍ജ്ജവവും കണ്ട് അദ്ദേഹത്തെ പുകഴ്ത്താറുണ്ടായിരുന്നു. ഉദ്യോഗങ്ങള്‍ രാജിവെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതു മുതല്‍ ക്ലേശകരമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അറസ്റ്റുകളും വിചാരണകളും ജയിലുകളിലെ എകാന്ത തടവുകാരനായുള്ള പീഡനങ്ങളുമെല്ലാം അദ്ദേഹത്തെ മാനസികമായും ശാരീരികമായും വളരെയധികം ബാധിക്കുകയുണ്ടായി.
രോഗബാധിതനായി കിടക്കുന്നതിനിടയിലും നിരവധി വേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. മരണത്തിലേക്കുള്ള അവസാന നിമിഷങ്ങളില്‍ ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം മൈത്രിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു മൗലാന. ഇതിനിടെ രോഗം മൂര്‍ഛിച്ചു. 1931 ജനുവരി 4-ന് 53-ാം വയസില്‍ ആ മഹാന്‍ ലോകത്തോട് വിടപറഞ്ഞു. ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് അഭിമാനകരമായ അസ്ഥിത്വത്തിന്റെ വഴിയും വെളിച്ചവും കാണിച്ചുകൊടുത്ത ഈ മഹാമനീഷിയെ കുറിച്ചുള്ള പഠനം പുതിയകാലത്ത് ഗഹനമായി നടക്കേണ്ടതുണ്ട്. കൈ നനയാതെ മീന്‍ പിടിക്കുന്ന ഏറെ ലാഭകരമായ ബിസിനസായി മാറിയ ഇന്നത്തെ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അറുതി വരാനും ഒരു പക്ഷേ അത് കാരണമായേക്കും.
Leave A Comment