ആധുനികത , ബഹുസ്വരത: രിസാലെ നൂര്‍ വീക്ഷിക്കുന്നതെങ്ങനെ ?

ഇരുപതാം നൂറ്റാണ്ടിലെ തുര്‍ക്കിഷ്‌ മുസ്‍ലിം ചിന്തകനാണ്‌ ബദീഉസ്സമാന്‍ സഈദ്‌ നൂര്‍സി. ഇസ്‍ലാമിക ഖിലാഫത്തിന്റെ തകര്‍ച്ചയുടെയും ആധുനികതയുടെ വളര്‍ച്ചയുടെയും രംഗങ്ങള്‍ക്ക്‌ വേദിയായ തുര്‍ക്കിയില്‍ സഈദ്‌ നൂര്‍സിയുടെ കൃതിയായ രിസാലെ നൂര്‍ വലിയ സ്വാധീനങ്ങളുണ്ടാക്കി. ലോക മുസ്‍ലിംകള്‍ പാശ്ചാത്യ സമൂഹവുമായി നിരന്തരമായി ഇടപഴകാന്‍ തുടങ്ങിയ സാഹചര്യത്തില്‍ രൂപപ്പെട്ട സങ്കീര്‍ണ്ണതകള്‍ക്ക്‌ ഈ കൃതി പിന്നീട്‌ പരിഹാരമായി മാറി.

കഴിഞ്ഞ കുറച്ച്‌ പതിറ്റാണ്ടുകളായി സജീവമായി കൊണ്ടിരിക്കുന്ന ആഗോളവത്‌കരണത്തിന്റെ ഭാഗമായി ചരിത്രത്തിലന്യമാം വിധം മനുഷ്യ സമൂഹം പരസ്‌പര സമ്പര്‍ക്കങ്ങള്‍ക്ക്‌ വിധേയമായിരിക്കുകയാണ്‌. പൗരാണികതയെ കാത്തുസൂക്ഷിക്കുന്ന ജനവിഭാഗമെന്ന നിലയില്‍ മുസ്‍ലിംകളുടെ ഓരോ നിലപാടുകളും നിര്‍ണ്ണായകമാണ്‌. ഇത്തരമൊരു സാഹചര്യത്തില്‍ ആധുനികതയെ അഭിമുഖീകരിക്കുന്നതിനെയും ബഹുസ്വര സമൂഹവുമായി ഇടപഴകുന്നതിനെയും കുറിച്ചുള്ള സഈദ്‌ നൂര്‍സിയുടെ പ്രശസ്‌ത ഗ്രന്ഥമായ രിസാലെ നൂറിലെ കാഴ്‌ചപ്പാടുകള്‍ കാലികമായി വായിക്കപ്പെടേണ്ടതുണ്ട്‌.


മത ബഹുസ്വരത: ജോണ്‍ ഹിക്കിന്റെ വീക്ഷണം
ലോകമതങ്ങളെയും അവ ബഹുസ്വര സമൂഹത്തെ സമീപിക്കേണ്ട രീതികളെയും കുറിച്ച്‌ ദീര്‍ഘകാലം ഗവേഷണം നടത്തിയ ക്രൈസ്‌തവ തത്വചിന്തകനാണ്‌ ജോണ്‍ ഹിക്ക്‌. അക്കാദമിക ലോകത്ത്‌ സജീവ സാന്നിധ്യമായി മാറിയ ജോണ്‍ ഹിക്ക്‌ തന്റെ god and the universe of faiths എന്ന പുസ്‌തകത്തില്‍ പരാമര്‍ശിക്കുന്നതിങ്ങനെയാണ്‌ : 'all the major world relegions are equal and valid responses to the real'. ലോകത്തിലെ എല്ലാ പ്രമുഖ മതങ്ങളും തുല്യമായ രീതിയിലാണ്‌ സത്യത്തെ സമീപിക്കുന്നതെന്ന ഈ വീക്ഷണം ഒറ്റനോട്ടത്തില്‍ ദാര്‍ശനികമായി അനുഭവപ്പെടാമെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിരവധി പോരായ്‌മകളുണ്ട്‌.

പൗരാണിക മതവിശ്വാസികള്‍ക്ക്‌ ഹിക്കിന്റെ ആശയങ്ങളുമായി ഏതു വിധേനയും യോജിച്ച്‌ പോവുക എന്നത്‌ അസാധ്യമാണ്‌. multi truth അഥവാ ഭിന്നസത്യങ്ങള്‍ എന്ന ഈ ഒരു കാഴ്‌ചപ്പാട്‌ അവതരിപ്പിക്കുവാന്‍ ഹിക്ക്‌ പരിചയപ്പെടുത്തുന്നത്‌ the god of love എന്ന സ്‌നേഹിതനായ ദൈവത്തെയാണ്‌. പിന്നീട്‌ അദ്ദേഹം പറഞ്ഞ്‌ വെക്കുന്നതാണ്‌ കൂടുതല്‍ ശ്രമകരമായി അനുഭവപ്പെടുന്നത്‌:
'സ്‌നേഹിതനായ ദൈവത്തിന്‌ ഒരാള്‍ മതം മാറി ജനിച്ച്‌ പോയെന്ന കാരണം കൊണ്ട്‌ അവനെ നരകത്തിലേക്ക്‌ പറഞ്ഞയക്കാന്‍ സാധ്യമല്ല'. ഇത്തരമൊരു ആശയം മതങ്ങളുടെ പ്രസക്തിയെ തിരസ്‌കരിക്കരിക്കുന്നു എന്നതിനപ്പുറം മതവിശ്വാസികള്‍ ബഹുസ്വര സമൂഹത്തെ എങ്ങനെ സമീപിക്കണമെന്ന്‌ നിര്‍ദ്ദേശിക്കുക പോലും ചെയ്യുന്നില്ല.


രിസാലെ നൂറിന്റെ ബദല്‍ കാഴ്‌ചപ്പാട്‌

ഹിക്കിന്റെ ആശയങ്ങള്‍ക്ക്‌ വിപരീതമായി സഈദ്‌ നൂര്‍സി മറ്റൊരു രീതിയിലാണ്‌ ഇവ്വിഷയകമായി സംസാരിക്കുന്നത്‌. അക്കാലത്ത്‌ തുര്‍ക്കിഷ്‌ ഗവണ്‍മെന്റിന്റെ വിമര്‍ശനങ്ങള്‍ ഏറ്റ്‌ വാങ്ങിയ രിസാലെ നൂറില്‍ ബഹുസ്വര സമൂഹത്തിലെ മുസ്‍ലിം ജീവിതത്തെ സംബന്ധിച്ച്‌ മൂന്ന്‌ ആശയങ്ങള്‍ നൂര്‍സി അവതരിപ്പിക്കുന്നുണ്ട്‌:

1. മതത്തിലുള്ള പൂര്‍ണ്ണമായ വിശ്വാസം: അല്ലാഹു മാത്രമാണ്‌ ആരാധനക്ക്‌ അര്‍ഹനെന്നും മുഹമ്മദ്‌ നബിയുടെ പ്രവാചകത്വം സമ്പൂര്‍ണ്ണമാണെന്നും വിശ്വസിക്കുന്നതോടൊപ്പം ഖുര്‍ആനിലെ വിധി വിലക്കുകള്‍ മാത്രമാണ്‌ ആത്യന്തികമായ സത്യമെന്ന പാരമ്പര്യ ഇസ്‍ലാമിക കാഴ്‌ചപ്പാടുകളെ നിലനിര്‍ത്തുകയും ചെയ്യുക.

2. ഇസ്‍ലാമിന്റെ അകത്ത്‌ തന്നെ എല്ലാ മതവിഭാഗങ്ങളോടും സഹനത്തോടെ സഹവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത നിലനില്‍ക്കുന്നുണ്ടെന്നത്‌ തിരിച്ചറിയുക. അതോടൊപ്പം അവരെ സത്യമതമാകുന്ന ഇസ്‍ലാമിലേക്ക്‌ സ്വാഗതം ചെയ്യുക.

3. മറ്റു മതസ്ഥരെ അക്രമിക്കുന്നത്‌ ഇസ്‍ലാമിനെ കുറിച്ച്‌ അജ്ഞതയുള്ളവര്‍ മാത്രമാണ്‌. ഇസ്‍ലാമിനെ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുകയെന്നത്‌ ഇസ്‍ലാം പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌.

പ്രൊഫസര്‍ തോമസ്‌ മൈക്കല്‍ തന്റെ muslim christian dialogue and co-operation in the thought of bediuzzaman nursi എന്ന പുസ്‌തകത്തില്‍ നൂര്‍സിയുടെ ഈ കാഴ്‌ചപ്പാടുകളുടെ സുതാര്യതയെ കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌‌.


പാശ്ചാത്യ സമൂഹത്തോടുള്ള സമീപനം

നൂര്‍സിയുടെ കാലഘട്ടത്തില്‍ പാശ്ചാത്യ സമൂഹത്തിനിടയില്‍ നിലനിന്നിരുന്ന ഇസ്‍ലാമിനെ കുറിച്ചുള്ള വിഘട വീക്ഷണങ്ങള്‍ ഒരു ആഗോള പ്രതിസന്ധിക്ക്‌ രൂപം നല്‍കുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. അതിനെ പരിഹരിക്കാന്‍ രിസാലെ നൂറിലൂടെ തന്നെ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്‌ ഇങ്ങനെയാണ്‌:

Read More: ബദീഉസ്സമാൻ സഈദ് നൂർസി: വിപ്ലവ ചിന്തകളിലെ സൂഫി സ്വരങ്ങള്‍

"പാശ്ചാത്യ സമൂഹവും മുസ്‍ലിംകളും നിഷ്‌പക്ഷമായി മാത്രം പരസ്‌പര സംസ്‌കാരങ്ങളെ കുറിച്ച്‌ പഠിക്കുക, ചരിത്രത്തെ കൂടുതല്‍ ധൈഷണികമായി വിലയിരുത്താന്‍ ശ്രമിക്കുക, മുസ്‍ലിംകളും ജൂത-ക്രൈസ്‌തവ മത വിഭാഗങ്ങളും അവരുടെ മതങ്ങളുടെ ലോകവീക്ഷങ്ങളെ കുറിച്ചും അവയുടെ പരിശുദ്ധതയെ കുറിച്ചും വാചാലരാവുക, നിരീശ്വരവാദത്തെ ഒന്നിച്ച്‌ നിന്ന്‌ എതിര്‍ക്കുക".

ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി തുര്‍ക്കിഷ്‌ ഗവണ്‍മെന്റ്‌ ജയിലിലാക്കിയ നിരപരാധികളായ ഗ്രീക്ക്‌, അര്‍മേനിയന്‍ ക്രൈസ്‌തവ വിശ്വാസികളെ മോചിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച്‌ 1915ല്‍ സഈദ്‌ നൂര്‍സി ശക്തമായി നിലകൊണ്ടിരുന്നു. അനറ്റോളിയയിലെ ജനങ്ങള്‍ക്കിടയില്‍ വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചിരുന്നതിനാല്‍ ആരോപണങ്ങളുന്നയിച്ച്‌ അദ്ദേഹത്തെയും ജയിലിലടച്ച്‌ കൊണ്ടായിരുന്നു ഭരണകര്‍ത്താക്കള്‍ ഇതിനോട് പ്രതികരിച്ചത് എന്ന് മാത്രം. പിന്നീട്‌ പാശ്ചാത്യ സമൂഹത്തിനിടയില്‍ നൂര്‍സിയുടെ സഹിഷ്‌ണുതാപരമായ നിലപാടുകള്‍ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി.

ആധുനികത

യൂറോപ്പിനെ കുറിച്ച്‌ സഈദ്‌ നൂര്‍സി പരാമര്‍ശിക്കുന്നതിങ്ങനെയാണ്‌: 'യൂറോപ്പിനെ രണ്ടായി തിരിക്കാം. ആദ്യത്തേത്‌ സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ജീവിത ശൈലിയെ വികസിപ്പിക്കുകയും അതുവഴി പുരോഗമനാത്മകമായി മുന്നേറുകയും ചെയ്യുന്ന യൂറോപ്പ്‌. മറ്റൊന്ന്‌ ഭൗതികതാവാദത്തെയും അത്‌ സൃഷ്ടിക്കാവുന്ന ദുസ്സഹമായ സാഹചര്യങ്ങളെയും ആശ്ലേഷിച്ച്‌ ജീവിക്കുന്ന യൂറോപ്പ്‌. ഞാന്‍ കുറ്റപ്പെടുത്തുന്നത്‌ രണ്ടാമത്തേതിനെയാണ്‌.'

ജ്ഞാനോദയ കാലഘട്ടത്തില്‍ യൂറോപ്പില്‍ നിന്ന്‌ പ്രസരിച്ച ആധുനികതാ വാദങ്ങള്‍ പിന്നീട്‌ അമേരിക്കയില്‍ കൂടി സജീവമായിട്ടുണ്ടെങ്കിലും സഈദ്‌ നൂര്‍സി വിമര്‍ശിക്കുന്നത്‌ യൂറോപ്പിനെയാണ്‌. യൂറോപ്പ്‌ ലോകത്തിന്‌ സമ്മാനിച്ച ഫിലോസഫിയിലെ പിഴവുകളായിരുന്നു പിന്നീട്‌ അമേരിക്കന്‍ സമൂഹത്തില്‍ പ്രതിഫലിച്ചത്‌ എന്ന വസ്‌തുതയെയാണ്‌ അദ്ദേഹം ഇതിന്‌ ആധാരമാക്കുന്നത്‌. മതത്തിന്റെ സത്വത്തെയോ അതിന്റെ സ്വതന്ത്രമായ നിലനില്‍പ്പിനെയോ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആധുനികതയുടെ വ്യാപനത്തോടുള്ള തീവ്ര വിമര്‍ശനം അദ്ദേഹത്തിന്റെ എഴുത്തുകളില്‍ തെളിഞ്ഞു കാണാം.

ആധുനികത മനുഷ്യകുലത്തെ കൂടുതല്‍ അലസതയിലേക്ക്‌ തള്ളിവിടാവുന്നതിന്റെ സാധ്യതകളെ നൂര്‍സി തള്ളിക്കളയുന്നില്ലെങ്കിലും സാങ്കേതിക മുന്നേറ്റങ്ങളെ വിവേകപരമായി കൈകാര്യം ചെയ്യുന്നതിനെ അദ്ദേഹം വിമര്‍ശിക്കുന്നില്ല. മനുഷ്യകുലത്തിന്റെ ശാസ്‌ത്രീയ മുന്നേറ്റങ്ങളെ ദൈവിക സംവിധാനങ്ങളുടെ തുടര്‍ച്ചയായി കൂടി രിസാലെ നൂര്‍ വീക്ഷിക്കുന്നുണ്ട്‌.

മദ്‌റസതുസ്സഹ്‌റ

ഈസ്റ്റേണ്‍ തുര്‍ക്കിയില്‍ സഈദ്‌ നൂര്‍സി സ്ഥാപിച്ച വിദ്യാഭ്യാസ സമുച്ചയമാണ്‌ മദ്‌റസതുസ്സഹ്‌റ. രിസാലെ നൂറിലൂടെ അതിന്‌ പിന്നിലെ രണ്ട്‌ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച്‌ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്‌. തുര്‍ക്കിയിലുള്ള മുസ്‍ലിംകളെയെല്ലാം ഒരുമിച്ച്‌ നിര്‍ത്തുകയും അതുവഴി അവിടെ അധിവസിക്കുന്ന കുര്‍ദ്‌, തുര്‍ക്ക്‌, കൊക്കാനസ്‌, മധ്യേഷ്യന്‍ മുസ്‍ലിംകളെയെല്ലാം ആഭ്യന്തരമായ ഐക്യത്തിലേക്ക്‌ നയിക്കാനുള്ള വേദിയൊരുക്കുക എന്നതുമാണ്‌ പ്രഥമ ലക്ഷ്യം.

അതോടൊപ്പം തത്വശാസ്‌ത്ര വിഷയങ്ങളെ കുറിച്ച്‌ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തെയും അദ്ദേഹം ഉദ്ദരിക്കുന്നുണ്ട്‌. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആഭ്യന്തര പ്രശ്‌നങ്ങളെ പരിഹരിക്കുകയും താത്വികമായി മറ്റുസമൂഹങ്ങളെ നേരിടുകയും ചെയ്യേണ്ടതുണ്ടെന്ന സന്ദേശം ഇത്തരമൊരു വിദ്യാഭ്യാസ പ്രസ്ഥാനത്തിന്‌ നല്‍കാന്‍ സാധിക്കുന്നുണ്ട്‌.

കാലികമായ വായനകള്‍ ഇനിയും സജീവമായി നടത്തപ്പെടേണ്ട ഗ്രന്ഥമാണ്‌ രിസാലെ നൂര്‍. ഒരു കാലത്ത്‌ തുര്‍ക്കിയിലെ ഇസ്‍ലാമിക പാരമ്പര്യത്തെ ശിഥിലമാക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്‌ മുന്നിലെ വിലങ്ങുതടിയായി മാറിയ ഒരു കൃതിക്ക്‌ എന്തുകൊണ്ടും അതിനുള്ള അര്‍ഹതയുണ്ട്‌. ആധുനികതയുടെ അലമുറകള്‍ക്കിടയില്‍ രിസാലെ നൂറിനെ പോലെയുള്ള തുറന്ന എഴുത്തുകള്‍ക്ക്‌ മുസ്‍ലിം ലോകത്തിന്‌ മുമ്പില്‍ വിളമ്പരം നടത്താന്‍ ഒരുപാട്‌ പ്രഖ്യാപനങ്ങളുണ്ട്‌. അവയെ കേള്‍ക്കുന്ന പക്ഷം മതത്തിനുള്ളിലെ സത്വ ബോധത്തെ അണയാതെ കാത്തുസൂക്ഷിക്കാന്‍ നമുക്ക്‌ സാധിക്കുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter