ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കി(റ): ഭാരതീയ നവോത്ഥാനത്തിന്റെ ശില്‍പി
ഭാരതം കണ്ട പ്രഗത്ഭനായ മഹാരഥനാണ് ഹള്‌റത്ത് ഖുതുബുദ്ദീന്‍ ബക്തിയാര്‍ കഅ്കി(റ). ഒരു മഹനീയ വ്യക്തിത്വത്തിന്റെ അസ്തമയത്തിനു ശേഷം ലോകം ഒരു വിമോചകനെ അന്വേഷിക്കുന്ന സാഹചര്യത്തിലാണ് കഅ്കി(റ) ഉദയംകൊണ്ടത്. ഒരു ജനതയുടെ ആശ്രയവും അത്താണിയുമായിരുന്ന ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)വിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം ഉയിര്‍ക്കൊള്ളുന്നത്. കിര്‍ഗിസ്ഥാനിലെ ഫര്‍ഗനവാലിയിലെ 'അവഷ്' എന്ന പ്രദേശത്ത് സയ്യിദ് മുസബ്‌ന് കമാലുദ്ദീന്‍ എന്ന വിശ്രുത വ്യക്തിയുടെ മകനായി ഹി: 569 ല്‍(ക്രി: 1171) അദ്ദേഹം ജനിച്ചു. ജനനം തന്നെ അത്ഭുത സിദ്ധിയാര്‍ജിച്ചതായിരുന്നു. ഒരുപക്ഷേ, ജന്മംതന്നെ മഹാനവര്‍കളുടെ ത്യാഗ ജീവിതത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു. മാതാവിന്റെ ഗര്‍ഭഗൃഹത്തില്‍നിന്ന് വന്ന ഉടനെത്തന്നെ അദ്ദേഹം അല്ലാഹുവിന്റെ നാമം ഉരുവിടുന്നുണ്ടായിരുന്നു. മഹാനവര്‍കള്‍ ഭൂജാതനായ അതേ രാത്രിയില്‍ തന്റെ ഭവനത്തില്‍ ഒരു അസാധാരണ വെളിച്ചം പ്രത്യക്ഷപ്പെട്ടു. മഹാനവര്‍കള്‍ തന്റെ തല ഉയര്‍ത്തിയതിനു ശേഷമാണ് ആ വെളിച്ചം അപ്രത്യക്ഷമായത്. തികച്ചും അഭൂതപൂര്‍വമായ വളര്‍ച്ചയായിരുന്നു മഹാനവര്‍കളുടേത്.
തന്റെ ശൈഖായിരുന്ന ഖാജ മുഈനുദ്ദീന്‍ ചിശ്തി(റ) 'ബക്തിയാര്‍' എന്ന് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് മഹാനവര്‍കളെ ആ പേരില്‍ വിളിക്കപ്പെടുന്നത്. എന്നാല്‍, ഇദ്ദേഹത്തിന് 'കഅ്കി' എന്ന പേര് സിദ്ധിക്കാനുള്ള കാരണം ചരിത്രത്തില്‍ വിവിധ രീതിയിലാണ് രേഖപ്പെടുത്തുന്നത്. മഹാനായ നിസാമുദ്ദീന്‍ ഔലിയ(റ) അമീര്‍ ഖുസ്‌റുവിന് ഇത് വിശദീകരിച്ച് കൊടുക്കുന്നത് ഇങ്ങനെയാണ്: ''ഒരു ദിവസം മഹാനവര്‍കളും സന്തസഹചാരികളും ഒരു ഹൗളിന്റെ സമീപത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു. ഈ സമയത്ത് ശക്തമായ തണുത്ത കാറ്റ് അടിച്ചു വീശുകയുണ്ടായി. ഇതില്‍ കുളിര് കണ്ട സഹചാരികള്‍ ചൂടുള്ള കേക്ക് കിട്ടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. അവരുടെ ആഗ്രഹം മനസ്സിലാക്കിയ കഅ്കി(റ) സമീപത്തുള്ള ഹൗളില്‍ മുങ്ങുകയും അതില്‍നിന്ന് ചൂടുള്ള കേക്ക് പുറത്ത് കൊണ്ടുവരികയും ചെയ്തു.'' നിര്‍ധനരായ ആളുകള്‍ തന്നെ സമീപിക്കുകയും അവര്‍ക്കെല്ലാം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കേക്കുകള്‍ മഹാനവര്‍കള്‍ നല്‍കുമായിരുന്നുവെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
വിദ്യാഭ്യാസം
മഹാനവര്‍കളുടെ ഒന്നര വയസ്സില്‍ തന്നെ പിതാവ് വഫാത്തായിരുന്നു. പിന്നെ തന്റെ മാതാവിന്റെ ശിക്ഷണത്തിലാണ് മഹാനവര്‍കള്‍ വളര്‍ന്നത്. പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ അന്നത്തെ പ്രമുഖ പണ്ഡിതനായിരുന്ന അബുല്‍ ഹഫ്‌സിന്റെ അടുക്കലേക്ക് മാതാവ് മഹാനവര്‍കളെ പറഞ്ഞയച്ചു. നല്ല ബുദ്ധിശാലിയായിരുന്നു. നാലാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അദ്ദേഹം അതേ വയസ്സില്‍തന്നെ സ്‌ലൈറ്റുകളില്‍ എഴുതാനുള്ള പ്രാഗത്ഭ്യം നേടിയിരുന്നു. ഭാഷകള്‍ അതിസമര്‍ഥമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചു. ചരിത്രത്തില്‍നിന്ന് എടുത്തുപോകുന്ന ഔലിയാക്കളുടെ ചരിത്രം വായിച്ച് അതിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഫിഖ്ഹിനും താരീഖിനും വളരെയധികം പ്രാമുഖ്യം കല്‍പ്പിച്ചു. എന്നിരുന്നാലും വിജ്ഞാനത്തിന്റെ വലിയൊരു സമുദ്രമായിത്തീര്‍ന്നതില്‍ ചിശ്തി(റ)യുടെ സാമീപ്യം വഹിച്ച പങ്ക് നിസ്തുലമാണ്.
സൂഫിസം
മഹാനവര്‍കളുടെ സൂഫിസം ആരംഭിക്കുന്നത് ഹി: 582 ലാണ്. ഇസ്ഫഹാനിലെ ശൈഖ് മുഹമ്മദിന്റെ കീഴില്‍ ജീവിതം നയിക്കാന്‍ മഹനവര്‍കള്‍ ആഗ്രഹിച്ചിരുന്നു. അതിനിടെയാണ് മഹാനായ സുല്‍ത്താനുല്‍ ഹിന്ദ് ഖാജ മുഈനുദ്ദീന്‍ ചിശ്തി(റ) അവിടെ എത്തിയത്. ചിശ്തി(റ)യെ ആദരവോടെ സ്വീകരിച്ച ബക്തിയാര്‍ കഅ്കി(റ) മഹാനില്‍നിന്ന് ത്വരീഖത്ത് സ്വീകരിച്ചു. അങ്ങനെ ചിശ്തി(റ) ധരിച്ചിരുന്ന വിശുദ്ധ വസ്ത്രം കഅ്കി(റ)വിന് നല്‍കി. ശേഷം ഹി: 585ല്‍ ചിശ്തി (റ) കഅ്കി(റ)വിനെ സമര്‍ക്കന്ദിലെ പള്ളിയില്‍വച്ച് ഖലീഫയായി പ്രതിഷ്ഠിച്ചു. ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദിയെ പോലെയുള്ള മഹാരഥന്മാരായ ഔലിയാക്കളുടെ മഹനീയ സാന്നിധ്യത്തിലാണ് ആ ചടങ്ങ് നടന്നത്. അങ്ങനെ തന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും കഅ്കി(റ) മഹാനായ ചിശ്തി(റ)യും കൂടെ ചെലവഴിച്ചു. അതിനിടെ, ലോകത്തെ വിശ്രുത നഗരങ്ങളായ മക്ക, മദീന, ബാഗ്ദാദ് തുടങ്ങി ഒട്ടനവധി സ്ഥലങ്ങള്‍ കഅ്കി(റ) സന്ദര്‍ശിച്ചു. അങ്ങനെ ചിശ്തി(റ)യുടെ കൂടെ ഇന്ത്യയില്‍ മഹാനവര്‍കള്‍ എത്തി. അവിടെ കിലേക്കരി എന്ന സ്ഥലത്തായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അന്നത്തെ ഡല്‍ഹിയിലെ ഭരണാധികാരി സുല്‍ത്താന്‍ ശംസുദ്ദീനായിരുന്നു. അദ്ദേഹത്തിന് മഹാനായ കഅ്കി(റ)വിനോട് അനല്‍പമായ ആദരവും സ്‌നേഹവുമുണ്ടായിരുന്നു.
കഅ്കി(റ) ഭരണാധികാരി എന്ന നിലയില്‍ സുല്‍ത്താന്‍ ശംസുദ്ദീന് അര്‍ഹമായ പരിഗണന നല്‍കുമായിരുന്നു. അദ്ദേഹത്തെ ആഴ്ചയില്‍ രണ്ട് പ്രാവിശ്യം സന്ദര്‍ശിക്കുമായിരുന്നു. ഇതിനിടെ, സുല്‍ത്താന്‍ ശംസുദ്ദീന്റെ കൊട്ടാരത്തിലെ മുതിര്‍ന്ന പണ്ഡിതന്‍ ഹള്‌റത്ത് ജലാലുദ്ദീന്‍ മുഹമ്മദ് ബുസ്താനി വഫാത്തായി. പിന്നെ കൊട്ടാരം ഒരു പണ്ഡിതനെ തെരഞ്ഞുള്ള അന്വേഷണത്തിലായി. തദടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ശംസുദ്ദീന്‍ കൊട്ടാരപണ്ഡിത പദവിയിലേക്ക് കഅ്കി(റ)വിനെ ക്ഷണിച്ചു. പക്ഷേ, അധികാരമോഹമോ ഭൗതികവും ലൗകികവുമായ യാതൊരു ചിന്തയുമില്ലാത്ത മഹാനായ ഖുത്ബുദ്ദീന്‍ ബക്തിയാര്‍ കഅ്കി(റ) ആ ക്ഷണം നിരസിച്ചു. ഇതിനാല്‍ നജ്മുദ്ദീന്‍ സ്വഫ്‌രി എന്ന പണ്ഡിതന്‍ തല്‍സ്ഥാനത്ത് നിയുക്തനായി. നജ്മുദ്ദീന്‍ സ്വഫ്‌രി നിയുക്തനായെങ്കിലും അദ്ദേഹത്തക്കാള്‍ ആദരവും ബഹുമാനവും ജനം കഅ്കി(റ)വിന് നല്‍കിയിരുന്നു. ഇതിനാല്‍ നജ്മുദ്ദീന്‍ സ്വഫ്‌രിക്ക് കഅ്കി(റ)വിനോട് ശക്തമായ വിദ്വേഷവും അസൂയയുമുണ്ടായി. ഇതിനിടെ, മുഈനുദ്ദീന്‍ ചിശ്തി(റ) ഡല്‍ഹിയിലെത്തി. മഹനവര്‍കളുടെ മുരീദുമാരെല്ലാം അദ്ദേഹത്തെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. നജ്മുദ്ദീന്‍ സ്വഫ്‌രി ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ ചിശ്തി(റ)യോട് വിമുഖത കാണിച്ചു. നജ്മുദ്ദീന്‍ സ്വഫ്‌രിയുടെ ഈ അസൂയാ മനസ്ഥിതി മനസ്സിലാക്കിയ ചിശ്തി(റ) ഇത് സ്വയം ഉറപ്പുവരുത്താന്‍ കഅ്കി(റ)വിനോട് അജ്മീറിലേക്ക് യാത്രതിരിക്കാന്‍ ആജ്ഞാപിച്ചു.
കഅ്കി(റ) പുറപ്പെടാന്‍ മുതിര്‍ന്നപ്പോള്‍ മഹാനവര്‍കളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ജനം അതില്‍ വിലപിക്കുകയും അദ്ദേഹത്തോട് യാത്രയില്‍നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, ചിശ്തി(റ)വിന്റെ നിര്‍ദേശത്തോട് നീരസം കാണിക്കുന്നത് വലിയ തെറ്റാണെന്ന് മനസ്സിലാക്കിയ കഅ്കി(റ) അജ്മീറിലേക്ക് യാത്ര തിരിക്കാന്‍ തീരുമാനിച്ചു. കഅ്കി(റ) അജ്മീറിലേക്ക് പുറപ്പെട്ടപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ പാദസ്പര്‍ശമേറ്റ മണ്ണ് തലയിലും മുഖത്തും വച്ച് അദ്ദേഹത്തിന്റെ കൂടെ പോകാന്‍ തുടങ്ങി. ഇതു കണ്ട ചിശ്തി(റ) കഅ്കി(റ)യോട് ഡല്‍ഹിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു. തദടിസ്ഥാനത്തില്‍ അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തി.
വഫാത്ത്
കഅ്കി(റ) അഹ്മദ് ജാം ശങ്ക് നടത്തുന്ന 'സമാഅ്' എന്ന പ്രശസ്ഥ സൂഫി സംഗീത സംഗമത്തില്‍ ഒരു ദിവസം പങ്കെടുത്തു. സംഗമത്തിലെ ഒരു കവിത കേട്ട് മഹാനായ കഅ്കി(റ)വിന് ബോധം നഷ്ടപ്പെട്ടു. സംഭവത്തിന്റെ നാലാം ദിവസം ഹി: 633ല്‍ (ക്രി: 1235) ഡല്‍ഹിയില്‍ മഹാനവര്‍കള്‍ വഫാത്തായി. രണ്ടു ഭാര്യമാരുണ്ടായിരുന്നു. മരണസമയത്ത് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു: ''തന്റെ ജനാസ നിസ്‌കാരത്തിന് വ്യഭിചാരികള്‍ നേതൃത്വം കൊടുക്കരുത്''. ജനങ്ങള്‍ ആകെ അങ്കലാപ്പിലായി. ഒടുവില്‍ സുല്‍ത്താന്‍ ശംസുദ്ദീന്റെ നേതൃത്വത്തില്‍ നിസ്‌കാരം നടന്നു. ഖുതുബ് മീനാറിന്റെ സമീപമാണ് സുപ്രസിദ്ധ മഹാന്റെ ദര്‍ഗയുള്ളത്. ഖുത്ബ്മീനാറിന് ഈ പേര് സിദ്ധിച്ചത് ഈ വലിയ മഹാന്റെ സാമീപ്യം കൊണ്ടാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
Leave A Comment