അല്ലാമാ ഇഖ്ബാല്‍: സര്‍ഗാത്മകതയുടെ ജീവിതം

ബഹിരാകാശ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ രാകേശ് ശര്‍മയോട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ചോദിച്ചു: ''ബഹിരാകാശത്തു നിന്ന് വീക്ഷിച്ചപ്പോള്‍ നമ്മുടെ ഭാരതം എങ്ങനെ കാണപ്പെട്ടു?'' മറുപടി പെട്ടെന്നായിരുന്നു, ''സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്താന്‍ ഹമാരാ'' (ലോകത്തില്‍ ഏറ്റവും സുന്ദരമായത് നമ്മുടെ ഭാരതം തന്നെയാണ്.) ഓരോ ഇന്ത്യക്കാരന്റെയും നാവിന്‍തുമ്പില്‍ സദാ നിര്‍ഗളിക്കുന്ന ഈ വരികള്‍ 'തരാനാ ഹിന്ദ്' എന്ന കവിതയിലേതാണ്. വിശ്രുത കവി മുഹമ്മദ് ഇഖ്ബാല്‍ രചിച്ച  ഈ കവിത ഭാരതഭൂമിയുടെ മഹിമയും ഭംഗിയും വ്യക്തമാക്കുന്നു. മുഹമ്മദ് ഇഖ്ബാലിന്റെ ജന്മ വാര്‍ഷികമായിരുന്നു നവംബര്‍ ഒമ്പത്. പേര്‍ഷ്യന്‍-ഉര്‍ദു കവിയും ദാര്‍ശനികനുമായ ഇഖ്ബാല്‍ 1877 നവംബര്‍ ഒമ്പതിന് (1294 ദുല്‍ഖഅദ് 3) പഞ്ചാബിലെ സിയാല്‍ക്കോട്ടില്‍ ജനിച്ചു.

(ഇപ്പോള്‍ ഈ സ്ഥലം പാക്കിസ്ഥാനിലാണ്.) ഇമാം ബീവിയും ശൈഖ് നൂറ് മുഹമ്മദുമായിരുന്നു മാതാപിതാക്കള്‍. വിദ്യാഭ്യാസം സൂഫീ ഗൃഹാന്തരീക്ഷം പകര്‍ന്നേകിയ ശിക്ഷണം തന്നെയായിരുന്നു ഇഖ്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. പിന്നീട് മൗലാനാ ഗുലാം ഹസന്റെ മദ്‌റസയില്‍ ഖുര്‍ആന്‍ പഠനത്തിനു ചേര്‍ന്നു. മൗലാനാ സയ്യിദ് ശംസുല്‍ ഉലമാ മീര്‍ ഹസന്‍ ഷായുടെ മക്തബില്‍ അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളുടെ പ്രാഥമിക പഠനം ആരംഭിച്ചു. മീര്‍ ഹസനും സൂഫി പ്രകൃതക്കാരനായിരുന്നു. പണ്ഡിതനും സര്‍ സയ്യിദിന്റെ വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ വക്താവുമായിരുന്ന അദ്ദേഹത്തിനു സാഹിത്യത്തിലും വ്യുല്‍പത്തിയുണ്ടായിരുന്നു. മീര്‍ ഹസന്റെ മക്തബില്‍ മൂന്നു കൊല്ലം പഠിച്ചശേഷം ഇഖ്ബാല്‍ സ്‌കോച്ച് മിഷന്‍ ഹൈസ്‌കൂളില്‍ പ്രവേശിച്ചു. സ്‌കൂള്‍ പഠനത്തോടൊപ്പം മൗലവി ഗുലാം മുര്‍തദയുടെ മദ്‌റസയില്‍ മതപഠനവും നടത്തിയിരുന്നു. 1893ല്‍ ഹൈസ്‌കൂളില്‍ നിന്നു പാസായി.

തുടര്‍ന്ന്, 1895ല്‍ സ്‌കോച്ച് മിഷനില്‍ തന്നെ കോളേജ് പഠനം തുടര്‍ന്നു. ശേഷം ലാഹോറിലെ ഗവണ്‍മെന്റ് കോളേജില്‍ ബി.എക്ക് ചേര്‍ന്നു. അറബിയിലും തത്വശാസ്ത്രത്തിലും ബിരുദം നേടി. 1899ല്‍ ലാഹോര്‍ ഗവണ്‍മെന്റ് കോളേജില്‍നിന്ന് എം.എ ജയിച്ചു. പ്രസിദ്ധനായ പ്രൊഫ. ആര്‍ണള്‍ഡിനു കീഴിലായിരുന്നു തത്വശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം. പ്രൊഫ. ആര്‍ണള്‍ഡില്‍ നിന്നുള്ള അറിവും യൂറോപ്പില്‍ പഠിച്ച സുഹൃത്തുക്കളുടെ ഉന്നത നിലവാരവും ഇഖ്ബാലിനെ യൂറോപ്പിലേക്കു തിരിക്കാന്‍ പ്രേരിപ്പിച്ചു. 1907 നവംബര്‍ നാലിന് ജര്‍മ്മനിയിലെ മ്യൂണിച്ച് യൂനിവേഴ്‌സിറ്റിയില്‍നിന്ന് 'ഇറാനിലെ അതിഭൗതിക വികാസം' എന്ന വിഷയത്തില്‍ പി.എച്ച്.ഡി നേടി. ഇസ്‌ലാമിന് തസവ്വുഫുമായും വഹ്ദത്തുല്‍ വുജൂദിന്റെ ഖുര്‍ആനുമായുള്ള ബന്ധം, പ്രവാചക തിരുമേനിയില്‍നിന്ന് അലി(റ)വിന് ലഭിച്ച ആന്തരിക ജ്ഞാനം എന്നിവയെക്കുറിച്ചാണ് ഈ ഗവേഷണ പഠനത്തില്‍ ഇഖ്ബാലിന്റെ മുഖ്യമായ അന്വേഷണം. നിയമപഠനത്തിനായി ഇഖ്ബാല്‍ ലിങ്കണ്‍സ് ഇനില്‍ പ്രവേശനം നേടി. 1908ല്‍ ബാര്‍ അറ്റ്‌ലോ ബിരുദം നേടി.

കാവ്യരചന സ്‌കൂള്‍ പഠനകാലത്തു തന്നെ ഇഖ്ബാല്‍ കവിത എഴുതാന്‍ തുടങ്ങിയിരുന്നു. അവയില്‍ ആകഷ്ഠനായ അധ്യാപകന്‍ മൗലവി മീര്‍ ഹസന്‍ പഞ്ചാബി ഭാഷയ്ക്കു പകരം ഉര്‍ദുവില്‍ എഴുതാന്‍ നിര്‍ദേശിച്ചു. ആദ്യകാല കവിതകള്‍ എഡിറ്റ് ചെയ്യുന്നതിനുവേണ്ടി പ്രശസ്ത കവി ദാഗ് ദഹ്‌ലവിക്ക് അയച്ചുകൊടുക്കുമായിരുന്നു. ഏതാനും കവിതകളില്‍ ചെറിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച ദാഗ് ദഹ്‌ലവി ഇഖ്ബാലിന്റെ കവിതകള്‍ക്ക് ഇനി എഡിറ്റിംഗ് ആവശ്യമില്ലായെന്നറിയിച്ചു. കാലക്രമേണ ശൈഖ് അബ്ദുല്‍ ഖാദറിന്റെ മഖ്‌സല്‍ എന്ന സാഹിത്യ പ്രസിദ്ധീകരണത്തില്‍ ഇഖ്ബാലിന്റെ കവിതകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആദ്യകാല കവിതകളില്‍ പലതും അന്‍ജുമന്‍ ഹിമായതെ ഇസ്‌ലാം എന്ന സംഘടനയുടെ യോഗങ്ങളിലും മുശാഅറകളിലും ആലപിച്ചവയാണ്.

1899ല്‍ അന്‍ജുമന്‍ വാര്‍ഷിക സമ്മേളനത്തില്‍ ചൊല്ലിയ 'നാലയെ യതീം' എന്ന കവിതയാണ് ആദ്യമായി വലിയ സദസ്സിനു മുമ്പില്‍ അവതരിപ്പിച്ചത്. യൂറോപ്യന്‍ യാത്രയ്ക്ക് മുമ്പുള്ള കാലഘട്ടത്തെ സൃഷ്ടികളാണ് ബാങ്കെ ദറ എന്ന ഉര്‍ദു സമാഹാരത്തിലെ പല കവിതകളും. ഇഖ്ബാലിന്റെ കവിതകളായിരുന്നു ഉര്‍ദു കവിതയില്‍ പല മാറ്റത്തിനും തിരികൊളുത്തിയത്. അതു മനസ്സിലാക്കാന്‍ കഴിയാത്ത പല കവികളും വിമര്‍ശനവുമായി കടന്നുവന്നു. ഉര്‍ദുവില്‍ പഞ്ചാബി പദങ്ങള്‍ ഉള്‍പ്പെടുത്തുന്നു എന്നതായിരുന്നു മുഖ്യ ആരോപണം. പക്വവും ശക്തവുമായ ഇഖ്ബാലിന്റെ മറുപടികള്‍ക്ക് മുമ്പില്‍ വിമര്‍ശകര്‍ക്കു പിടിച്ചുനില്‍ക്കാനായില്ല. അദ്ദേഹത്തിന്റെ ശൈലിയും സമീപനവും ഉര്‍ദു ഭാഷയിലും സാഹിത്യത്തിലും ഐതിഹാസികമായിരുന്നു. പ്രതിഭാധനനായ ഈ കവിയുടെ പ്രസിദ്ധീകൃതമായ ആദ്യത്തെ ഗ്രന്ഥം സാമ്പത്തിക ശാസ്ത്രത്തെ കുറിച്ചാണ്. ഇത് ഇഖ്ബാല്‍ എന്ന പ്രതിഭയുടെ ബഹുമുഖത്തെയാണ് സൂചിപ്പിക്കുന്നത്.

1903ല്‍ പുറത്തിറങ്ങിയ ഇല്‍മുല്‍ ഇഖ്തിസ്വാദ് ആണ് പ്രസ്തുത കൃതി. അവസാന വര്‍ഷങ്ങള്‍ 1934ല്‍ ജനുവരിയില്‍ ഈദുല്‍ ഫിത്വ്ര്‍ ദിനത്തില്‍ കഠിനമായ ജലദോഷവും ചുമയുമുണ്ടാവുകയും രോഗം മൂര്‍ഛിച്ച് തൊണ്ടയെ ബാധിച്ചതിനാല്‍ ശബ്ദത്തിനു തകരാര്‍ സംഭവിക്കുകയും ചെയ്തു. ഉച്ചത്തില്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ പ്രസംഗങ്ങള്‍ നിറുത്തേണ്ടിവന്നു. പ്രഗത്ഭരായ പല ഡോക്ടര്‍മാര്‍ ചികിത്സിച്ചിട്ടും പൂര്‍ണമായി രോഗശാന്തി ലഭിച്ചില്ല. രോഗശയ്യയില്‍ കിടക്കുമ്പോഴും മുസ്‌ലിംകളുടെ മതപരമായ സംസ്‌കരണത്തെ കുറിച്ച് അദ്ദേഹം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. 1936ല്‍ പഞ്ചാബ് മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം മുഹമ്മദലി ജിന്നയും 1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തെ സന്ദര്‍ശിച്ചു.

1935ല്‍ പ്രസിദ്ധീകരിച്ച വസ്വിയ്യത്ത് പത്രത്തില്‍ അദ്ദേഹം എഴുതി: ''എന്റെ മതപരമായ വിശ്വാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്. വിശ്വാസ പ്രമാണങ്ങളില്‍ ഞാന്‍ പൂര്‍വികരെ പിന്‍പറ്റുന്നവനാണ്. കര്‍മശാസ്ത്രത്തില്‍ ഹനഫീ മദ്ഹബുകാരനാണ്. ചുരുക്കത്തില്‍, അഹ്‌ലുസുന്നത്തിവല്‍ജമാഅത്തിന്റെ മാര്‍ഗം കാത്തുസൂക്ഷിക്കുകയും അതിലൂടെ ചലിക്കുകയും വേണം. അഹ്‌ലുബൈത്തിലെ ഇമാമുകളോട് സ്‌നേഹവും ആദരവും ഉണ്ടായിരിക്കണം.'' 1935 മെയ് 14ന് സമിന്‍ദാര്‍, ഇഹ്‌സാന്‍ എന്നീ ഉര്‍ദു പത്രങ്ങളിലും സ്റ്റേറ്റ്മാനിലും ഇഖ്ബാലിന്റെ ഖാദിയാനി വിരുദ്ധ പ്രസ്താവന പ്രത്യക്ഷപ്പെട്ടു. അന്ത്യപ്രവാചകന്‍ മുഹമ്മദ്(സ്വ)യിലൂടെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്ന പരിസമാപ്തി നിഷേധിക്കുന്നതിനാല്‍ ഖാദിയാനികളെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നായിരുന്നു പ്രസ്താവന. ഇഖ്ബാലിന്റെ പ്രവാചക പ്രേമം സര്‍വ സിരകളിലും ബാധിച്ച കാലമായിരുന്നു അത്.

മുത്ത്‌നബി(സ്വ)യുടെ നാമം പോയിട്ട് മദീന എന്ന നാമം പോലും വിങ്ങിപ്പൊട്ടി കണ്ണീരൊഴുക്കിക്കൊണ്ടല്ലാതെ കേള്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഖുര്‍ആന്‍ ഒഴികെ മറ്റെല്ലാ ഗ്രന്ഥങ്ങളും ലൈബ്രറയില്‍നിന്നു മാറ്റാന്‍ ആവശ്യപ്പെട്ടു. 1938 ഏപ്രില്‍ 21ന് കാലത്ത് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ലാഹോറിലെ ഇസ്‌ലാമിയ്യാ കോളേജില്‍ വച്ച് നാല്‍പതിനായിരത്തോളം പേര്‍ ഇഖ്ബാലിന്റെ ജനാസ നിസ്‌കാരത്തില്‍ പങ്കെടുത്തു. ലാഹോറിലെ ശാഹി മസ്ജിദിനു സമീപം മയ്യിത്ത് ഖബറടക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter