മഖ്ദൂമുമാരും അധിനിവേശ വിരുദ്ധ പോരാട്ടവും

ഇന്ത്യയിലെ ഇതര പ്രദേശങ്ങളേക്കാള്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന് ഏറ്റവും ആദ്യം ആരവംകുറിച്ച സുപ്രധാന പങ്കാളിത്തം അവകാശപ്പെടാവുന്ന ദേശമാകും പൊന്നാനി. കേരളത്തില്‍ ദേശത്തിനു വേണ്ടിയുള്ള പല പടയോട്ടങ്ങളുടെയും ചരിത്രം ഇന്നും ഗവേഷണ വിധേയമാണ്. ഇതില്‍നിന്നു വിഭിന്നമായി ആധികാരിക രേഖകളുടെ പിന്‍ബലമുള്ള മഹത്തായ പൈതൃകം അവകാശപ്പെടാവുന്നതാണ് പൊന്നാനി പോരാട്ടങ്ങള്‍. ചരിത്രത്തിന്റെ നാള്‍വഴിലൂടെ സഞ്ചരിച്ചാല്‍ മലബാറിലെ പല പോരാട്ടങ്ങള്‍ക്കും അനുപമനേതൃത്വം ഈ നാട് വഹിച്ചത് നമുക്കു കാണാന്‍ കഴിയും.

പറങ്കികള്‍ക്കെതിരെ സാമൂതിരി മരക്കാര്‍ മഖ്ദൂം സംയുക്ത സേന രൂപീകരണം, ബ്രിട്ടീഷ് അധിനിവേശത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിന് വഭിവസമാഹരണശേഷി സംഭരിക്കാന്‍ നവാബ് ഹൈദറലിയുടെയും ടിപ്പു സുല്‍ത്താന്റെയും പടയോട്ടങ്ങള്‍, ഗാന്ധിയന്‍ യുഗത്തിനു ഒരു നൂറ്റാണ്ട് മുമ്പ് വെളിയംകോട് ഉമര്‍ഖാസിയുടെ നികുതിനിഷേധ ഗര്‍ജനം, മതമൈത്രിയുടെ നേര്‍ക്കാഴ്ച, കേളപ്പജിയും ഇമ്പിച്ചിക്കോയ തങ്ങളും സംഗമിക്കുന്നു. മലബാര്‍ കലാപ സമാധാനസന്ധി സംഭാഷണം, സ്വാത്ര്രന്ത്യ സമരത്തിന്റെ ത്യാഗോജ്വല മുന്നേറ്റങ്ങള്‍ തുടങ്ങിയ പല ചരിത്രസത്യങ്ങള്‍ക്കും ഈ നാട് സാക്ഷിയായിട്ടുണ്ട്.

മാലിക്കുബ്‌നു ദീനാറിനും അനുചരന്മാര്‍ക്കും ശേഷം കേരള മുസ്‌ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്രപുരുഷന്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്റെ പാദസ്പര്‍ശനത്താല്‍ പുണ്യപുളകിതമായ ഈ നഗരവീഥികളിലൂടെയുള്ള ആദ്യ ചുവടുകളാണ് ഇതിനെല്ലാം ആധാരം. കേരളത്തിന്റെ മുസ്‌ലിം വൈജ്ഞാനികനും സൂഫിവര്യനും അഗാധപണ്ഡിതനും ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് തന്റെ അസുലഭമായ സിദ്ധിവിശേഷം മതവിജ്ഞാനത്തിന്റെയും ദേശത്തിന്റെയും സര്‍വ്വതോന്മുഖമായ പുരോഗതിക്ക് വിനിയോഗിക്കുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ഉജ്ജ്വല നായകത്വം വഹിച്ചുവെന്നതാണ് അദ്ദേഹത്തെ മുസ്‌ലിം കേരളത്തിന്റെ പോയ നൂറ്റാണ്ടുകളിലെ അനിഷേധ്യ നേതാവാക്കി ഉയര്‍ത്താന്‍ ഹേതുവായത്.

ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായക നാഴികക്കല്ലുകളില്‍ ഒന്നായ ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യസമരമെന്നും തോറ്റു നേടിയ സമരമെന്നും വിശേഷിപ്പിക്കപ്പെട്ട 1857-ലെ രക്തരൂക്ഷിത വിപ്ലവത്തിന് മൂന്നര നൂറ്റാണ്ടു മുമ്പേ ഉല്‍ബോധനം നടത്തിയും മഹാകാവ്യങ്ങള്‍ രചിച്ചും ഗ്രാമഗ്രാമാന്തരങ്ങളിലും നഗരനഗരാന്തരങ്ങളിലും സഞ്ചരിച്ചും ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന മഹനീയ സന്ദേശത്തിലൂടെ ഒരു ജനതയെ വൈദേശികവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളുടെ സുശക്ത റെജിമെന്ററാക്കി നെഞ്ചുറപ്പോടെ അടര്‍ക്കളത്തില്‍ അടരാടിയ പൊന്നാനി പോലുള്ള ദേശങ്ങള്‍ അപൂര്‍വ്വം. ഒന്നാം സ്വാതന്ത്ര്യ സമരം പരാജയം ഏറ്റുവാങ്ങിയതായിരുന്നുവെങ്കില്‍ ഈ പോരാട്ടങ്ങള്‍ അധികവും വിജയം കൊയ്തതായിരുന്നു.

ഇന്ത്യയിലേക്ക് ചെങ്കടല്‍ മാര്‍ഗത്തിലൂടെ കടല്‍ വ്യാപാരം മദ്ധ്യകാലം വരെ മുസ്‌ലിംകളുടെ കുത്തകയായിരുന്നു. ഇത് തകര്‍ക്കുന്നതില്‍ 15-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പറങ്കികള്‍ ശ്രമം ആരംഭിച്ചു. പോര്‍ച്ചുഗീസ് രാജാവ് ഡോം മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശപ്രകാരം പോപ്പിന്റെ അനുഗ്രഹ ആശീര്‍വാദത്തോടുകൂടിയാണ് കൊട്ടാരത്തിലെ നാവിക ഉദ്യോഗസ്ഥന്‍ വാസ്‌കോഡിഗാമ ക്രി. വ. 1497 ജൂലൈ 8-ാം തിയ്യതി  ലിബഡിനിലെ ബലം തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ചത്. 1498 ആഗസ്റ്റ് 20ന് കോഴിക്കോട് പന്തലായനി കാപ്പാട് (കപ്പക്കടവ്) കരക്കണിഞ്ഞപ്പോള്‍ 15-ാം നൂറ്റാണ്ടുവരെയുണ്ടായിരുന്ന വിദേശവ്യാപാര ബന്ധങ്ങളിലെല്ലാം കാതലായ വ്യതിയാനം വരുത്താന്‍ ഈ യാത്ര ഇടയായി. ഗാമയുടെ കപ്പല്‍ മലബാറിന്റെ പുറംകടലില്‍ നങ്കൂരമിട്ടപ്പോള്‍ സാമൂതിരി രണ്ടാം ആസ്ഥാനം പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു.

''ഗാമയുടെ സഹയാത്രികരായ പറങ്കി മത്സ്യത്തൊഴിലാളിയോടൊപ്പം കോഴിക്കോട്ടെത്തി. സാമൂതിരി പൊന്നാനിയിലാണെന്ന് അറിഞ്ഞ് അവര്‍ അവിടെ ചെന്ന് കണ്ടു. ആഗമനോദ്ദ്യേശ്യം അറിയിച്ചു.'' (കേരള പഴമ -ഡോക്ടര്‍ റവ. ഹെര്‍മന്‍ ഗുണ്ടര്‍വ്)

കോഴിക്കോട് രാജധാനിയിലെത്തിയ സാമൂതിരി പരമ്പരാഗത ആചാരമനുസരിച്ച് ഗാമക്കു സ്വീകരണവും കച്ചവടം നടത്താന്‍ അനുവാദവും നല്‍കി. വാണിജ്യ വികസനം എന്ന ലക്ഷ്യത്തോടെ സുഗന്ധവ്യജ്ഞനങ്ങളുടെ തീരം തേടിയാണ് ഗാമയുടെ വരവെന്നാണ് സാമൂതിരി ആദ്യം ധരിച്ചത്. ക്രമേണ കുടില തന്ത്രങ്ങള്‍ ഒരോന്നായി തിരിച്ചറിഞ്ഞ സാമൂതിരി ഗാമയെ കയ്യൊഴിഞ്ഞു. പ്രകോപിതരായ പറങ്കികള്‍ സാമൂതിരിയുടെ സാമന്തനും മാനസികമായി അദ്ദേഹത്തോട് പകയുമുള്ള കണ്ണൂര്‍ (കോലത്തിരി) രാജാവ്, കൊച്ചി രാജാവ് തുടങ്ങിയവരുമായി വ്യാപാര കരാറില്‍ ഒപ്പുവെച്ചു.

ഇന്ത്യാ ചരിത്രത്തില്‍ ഈ ഉടമ്പടികള്‍ ചോരയില്‍ കുതിര്‍ത്ത അദ്ധ്യായത്തിന്റെ ആരംഭമായിരുന്നു. കപ്പലോട്ടം പോലെ തന്നെ യുദ്ധങ്ങളും ഗാമക്ക് ലഹരിയായിരുന്നു. പിടിച്ചുപറിയും പിടിച്ചടക്കലും കൊള്ളയും കൊള്ളിവെയ്പ്പും ആര്‍ത്തിയും അതിക്രമവും നിത്യസംഭവമായി. തീരദേശ കച്ചവടം മുസ്‌ലിംകളുടെ നിയന്ത്രണത്തിലായതിനാല്‍ ഏറ്റവും കൂടുതല്‍ ക്രൂരതക്ക് ഇരയായത് അവരായിരുന്നു. പൂര്‍വ്വ വൈരാഗ്യത്തോടെയായിരുന്നു മുസ്‌ലിംകളോട് പറങ്കികളുടെ തുടര്‍ചെയ്തികള്‍. മുസ്‌ലിം സ്ത്രീകളെ മാനഭംഗപ്പെടുത്തുക, വിശുദ്ധ ഖുര്‍ആനും മഹത് ഗ്രന്ഥങ്ങളും കത്തിക്കുക, മുസ്‌ലിം പണ്ഡിതരെയും തങ്ങന്മാരെയും ബന്ധനസ്ഥരാക്കുക, മലിനജലം കെട്ടിനില്‍ക്കുന്ന വഴികളില്‍ മുസ്‌ലിംകളെ വാഹനമാക്കി ഉപയോഗിക്കുക, മുഖത്തും ശരീരത്തും കാര്‍ക്കിച്ചു തുപ്പുക, പ്രവാചകന്മാരെ പരിഹസിക്കുക, മുസ്‌ലിംകളെ ചങ്ങലക്കിട്ട് മതിവരോളം മര്‍ദ്ദിക്കുക, മര്‍ദ്ദനമേറ്റ് അവശരായവരെ പട്ടണങ്ങള്‍തോറും കൊണ്ടുനടന്നു പ്രദര്‍ശിപ്പിക്കുക, നിര്‍ബന്ധ മതപരിവര്‍ത്തനം ചെയ്യിപ്പിക്കുക തുടങ്ങി നിരവധി പീഡനങ്ങളും മലബാര്‍ കൊങ്കന്‍ ഗുജറാത്ത് തീരങ്ങളില്‍ വമ്പിച്ച സൈന്യസമേതം സഞ്ചരിച്ച് മുസ്‌ലിം വ്യാപാരികളുടെ കപ്പല്‍ തകര്‍ക്കുക, സമ്പത്ത് കൊള്ള ചെയ്യുക, നിഷ്‌കരുണം കൊല്ലുക എന്നിവയും സാര്‍വ്വത്രികമായി.

മലബാറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും വളരെ സൗഹാര്‍ദത്തില്‍ ജീവിച്ചിരുന്ന അവസരത്തിലാണ് ഗാമയുടെ വരവ്. ശാന്തിയിലും സമാധാനത്തിലും വര്‍ത്തിച്ചിരുന്ന മലയാളക്കരയില്‍ അശാന്തിയുടെയും അസമാധാനത്തിന്റെയും ഭീകരാന്തരീക്ഷം പരന്നു. അതിപ്രാചീന കേരളത്തില്‍ മുസ്‌രിസ് (കൊടുങ്ങല്ലൂര്‍) കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്തുള്ള തിദീസ് തുറമുഖം, സാമൂതിരിയുടെ രണ്ടാം തലസ്ഥാനം, നാവികസേനയുടെ ഹെഡ്‌ക്വോര്‍ട്ടേഴ്‌സ്, തീരദേശത്തെ പ്രമുഖ വാണിജ്യ കേന്ദ്രം, മഖ്ദൂമുകളുടെ വാസസ്ഥലം, ഇന്ത്യയിലെ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ ആസ്ഥാനം തുടങ്ങിയ നിലകളില്‍ പ്രസിദ്ധമായ പൊന്നാനി പതിനാറാം ശതകത്തിന്റെ ആദ്യം മുതല്‍ അന്ത്യംവരെ പറങ്കികള്‍ക്കെതിരെ പോരാട്ടത്തിന്റെ മുഖ്യദേശമായി മാറി. ഈ നാട് പിടിച്ചടക്കാന്‍ അക്കാലത്ത് പറങ്കികള്‍ പലവട്ടം പൊരുതി ഉഗ്രയുദ്ധങ്ങള്‍ നടന്നു.

കൊടുങ്ങല്ലൂര്‍, ചേറ്റുവ തീരങ്ങളില്‍ പറങ്കികള്‍ക്കെതിരെ പോരാടി കനത്ത തിരിച്ചടി നല്‍കിയ മമ്മാലി മരക്കാരുടെ പിന്‍ഗാമി കുട്ട്യാലി മരക്കാരുടെ മകനാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍. യഥാര്‍ത്ഥ പേര് മുഹമ്മദ്. ജനനം കൊച്ചിയില്‍. വ്യാപാര പ്രമുഖനായ പിതാവിന്റെയും കുടുംബത്തിന്റെയും കൊച്ചിയിലെ കച്ചവടശാലകളും കപ്പലുകളും പറങ്കികള്‍ കൊള്ള ചെയ്തു. മര്‍ദ്ദനം ക്രൂരമായപ്പോള്‍ മുഹമ്മദ് മരക്കാറും കുടുംബവും പൊന്നാനിയിലേക്ക് താമസം മാറ്റി.

പറങ്കികള്‍ ഇവിടെയും മുസ്‌ലിംകളെ നിരന്തരമായി ആക്രമിച്ചു. കിരാതമര്‍ദ്ദനത്തില്‍ സഹികെട്ട മരക്കാര്‍ ഇവിടുത്തെ മുസ്‌ലിം യുവാക്കളെ സംഘടിപ്പിച്ച് അഭ്യാസമുറകള്‍ പഠിപ്പിച്ച് സുശക്തമായ പോരാട്ടത്തിന് സുസജ്ജമാക്കി. അദ്ദേഹവും അനുജന്‍ ഇബ്രാഹീം മരക്കാരും സാമൂതിരിയെ മുഖം കാണിച്ചു. അക്രമികളായ പറങ്കികളെ ഭാരതത്തിന്റെ മണ്ണില്‍നിന്ന് കെട്ടുകെട്ടിക്കാന്‍ ദൃഢപ്രതിജ്ഞയെടുത്ത മരക്കാരുടെയും സംഘത്തിന്റെയും പോരാട്ട വൈദഗ്ധ്യം നേരിട്ട് ബോധ്യപ്പെട്ട സാമൂതിരി മുഹമ്മദ് മരക്കാരെ നാവിക സേനയുടെ നായകനായി നിയമിച്ചു. ഔദ്യോഗിക ചിഹ്നമായ പട്ടുതൂവാല കെട്ടാനുള്ള അവകാശവും കുഞ്ഞാലി മരക്കാര്‍ എന്ന സ്ഥാനപ്പേരും നല്‍കി. മരക്കാരും കുടുംബവും ഇവിടെ പാര്‍ത്തു.

മരക്കാര്‍ പരമ്പരയുടെ ഇവിടത്തെ പിന്‍മുറക്കാരായ പല തറവാട്ടുകാര്‍ അതേ നാമത്തില്‍ അറിയപ്പെട്ടു. കുട്ട്യാമു മരക്കാരകം, കുട്ടുസ്സ മരക്കാരകം, കുഞ്ഞി മരക്കാരകം, മാമു മരക്കാരകം, മൂസക്കോയ മരക്കാരകം തുടങ്ങിയവ ഉദാഹരണം. ഒന്നാം സ്ഥാനക്കാരന്‍ കുഞ്ഞാലിയെന്നും രണ്ടാം സ്ഥാനക്കാരന്‍ കുട്ടിഹസ്സന്‍ എന്നും അറിയപ്പെട്ടു. മരക്കാര്‍ സേനയുടെ യുദ്ധനൈപുണ്യവും തന്ത്രവും ധീരതയും ചരിത്രം പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. ഇവിടെനിന്നും കോഴിക്കോട്ടേക്കും ഇരിങ്ങൂര്‍ കോട്ടക്കലേക്കും പിന്നീടവര്‍ പ്രവര്‍ത്തനകേന്ദ്രം മാറ്റി. കുഞ്ഞാലിമാരുടെ ബഹുമാനാര്‍ത്ഥം മുംബൈയില്‍ ഒരു നാവികസ്ഥാപനത്തിന് ഐ.എന്‍.എസ്. കുഞ്ഞാലി എന്ന് നാമകരണം ചെയ്തിട്ടുണ്ട്.

ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്റെയും കുഞ്ഞാലി ഒന്നാമന്റെയും ജന്മദേശം കൊച്ചി ആയതിനാല്‍ അവര്‍ ആദ്യമെ സ്‌നേഹിതരായിരിക്കാം. അതുകൊണ്ടാണ് അക്കാലത്ത് മലബാറിന്റെ തലസ്ഥാനവും പ്രസിദ്ധ പട്ടണവും മുസ്‌ലിംകള്‍ കൂടുതല്‍ വസിക്കുന്ന ഇടവും കോഴിക്കോടായിരുന്നിട്ടുകൂടി പൊന്നാനിയില്‍ മരക്കാര്‍ അഭയം തേടിയെത്തിയത്. ഇവിടെ മഖ്ദൂം ഭവനം പഴയകത്തിനോടടുത്താണ് മരക്കാരും വസിച്ചിരുന്നത്. ഇവിടെനിന്ന് അര കിലോമീറ്റര്‍ താഴെയാണ് സാമൂതിരിയുടെ തൃക്കാവ് കോവിലകത്തേക്കുള്ള ദൂരം.

16-ാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ സാമൂതിരി-മരക്കാര്‍-മഖ്ദൂം ബന്ധം സുദൃഢമായിരിക്കുമെന്ന് ഈ സാഹചര്യം വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തില്‍ ആദ്യമായി അധിനിവേശവിരുദ്ധ പോരാട്ടത്തിന് ആരംഭം കുറിച്ച ഇടം പൊന്നാനിയാണെന്ന് ന്യായമായും ഉറപ്പിക്കാം. സാമൂതിരി മരക്കാര്‍ മഖ്ദൂം സംയുക്ത സേന രൂപീകരിച്ച് പോരാട്ടങ്ങള്‍ നടന്ന കാലഘട്ടം 1584 വരെയാണ്. ഈ സേന പല ഉജ്ജ്വലവിജയങ്ങളും നേടിയിട്ടുണ്ട്. നിര്‍ണായക സ്ഥാനം പൊന്നാനിക്കായിരുന്നു. 1498-നും 1600-നും ഇടയില്‍ ഒരു നൂറ്റാണ്ടില്‍ 15ഓളം സാമൂതിരിമാരും സേന നായകരായ നാല് കുഞ്ഞാലി മരക്കാരുമാരും മഖ്ദൂമുകളില്‍ ഏറ്റവും പ്രഗദ്ഭരായ ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു അലി, അബ്ദുല്‍ അസീസ് ഇബ്‌നു സൈനുദ്ദീന്‍, അഹമ്മദ് സൈനുദ്ദീന്‍ ഇബ്‌നു ഗസ്സാലി എന്നീ മൂന്നു മഖ്ദൂമുകളും ജീവിച്ചിരുന്നു. സാമൂതിരി പദവി അലങ്കരിക്കാന്‍ അക്കാലത്തെ രാജവാഴ്ച വ്യവസ്ഥയനുസരിച്ച് പ്രായക്കൂടുതലുള്ളവര്‍ക്കേ അധികാരമുള്ളൂ. അതുകൊണ്ടാണ് ഈ കാലയളവില്‍ പറങ്കികള്‍ക്കെതിരെ ഈ തൃമൂര്‍ത്തി കൂട്ടായ്മ ഉണ്ടായിരുന്നില്ലെങ്കില്‍ പിന്നീട് ബ്രിട്ടീഷ് ഇന്ത്യക്ക് പകരം പോര്‍ച്ചുഗീസ് ഇന്ത്യയാകുമായിരുന്നുവെന്ന് ചരിത്രപണ്ഡിതര്‍ പറയുന്നത്.

ചോരകൊണ്ടെഴുതിയ പടയോട്ടങ്ങളുടെ വീരേതിഹാസം രചിച്ച നൂറ്റാണ്ടെന്നു ചരിത്രം ഒരേസ്വരത്തില്‍ പറഞ്ഞ 1500 മുതല്‍ 1600 വരെ, ഒരു നൂറ്റാണ്ടുകാലത്തെ സുപ്രധാന സംഭവങ്ങളിലേക്ക് തുഹ്ഫത്തുല്‍ മുജാഹിദീനിന്റെ പ്രസക്ത ഭാഗങ്ങളിലൂടെയും ഇതര ചരിത്രരേഖകളിലൂടെയും നമുക്കൊന്നു കണ്ണോടിച്ചാല്‍ പൊന്നാനിയുടെ സുപ്രധാന പങ്ക് ഗ്രഹിക്കാം.

ക്രി. വ. 1500-ല്‍ ഗാമയെ തുടര്‍ന്നു പെഡ്രോ അല്‍വാരിസ് കബ്രാംഇന്റെ നേതൃത്വത്തില്‍ പറങ്കികളുടെ കപ്പലുകള്‍ കൊച്ചിയിലെത്തി. ബര്‍ത്തലൊമിയോഡയസ്, നിക്കോലാസ് കൊയിലോ തുടങ്ങിയ പ്രമുഖരും കബ്രാളിന്റെ കൂടെ വന്നു. ആറു കപ്പലുകളുമായി കോഴിക്കോട്ടെത്തിയ കബ്രാള്‍ ചരക്കുകള്‍ക്ക് അധിക വില നല്‍കാമെന്ന് പറഞ്ഞു സാമൂതിരി ഉദ്യോഗസ്ഥരെ പ്രലോഭിപ്പിച്ചും മറ്റും മുസ്‌ലിംകള്‍ക്ക് ചരക്കുകള്‍ നല്‍കുന്നതും അറബി നാടുകളിലേക്ക് കയറ്റി അയക്കുന്നതും തടഞ്ഞു. പ്രതികരിച്ച മുസ്‌ലിംകളെ അതിക്രൂരമായി മര്‍ദ്ദിച്ചു.

വിവരമറിഞ്ഞ് സാമൂതിരി അക്രമികളായ പറങ്കികളെ കണ്ടെത്തി വധശിക്ഷ ഉള്‍പ്പെടെ ശിക്ഷാനടപടികള്‍ നടപ്പാക്കി. കോഴിക്കോടു സുരക്ഷിതമല്ലെന്ന് ഗ്രഹിച്ച പറങ്കികള്‍ സാമൂതിരിയുടെ അധികാരം അംഗീകരിക്കാന്‍ വിമുഖത പ്രകടിപ്പിച്ചു കൊച്ചിരാജാവുമായി സഖ്യം ശക്തിപ്പെടുത്തി സാമൂതിരിയെയും മുസ്‌ലിംകളെയും ശക്തമായി എതിര്‍ ക്കാന്‍ തുടങ്ങി. സാമന്തനായി കഴിയാനുള്ള അപമാനംകൊണ്ടാണ് കൊച്ചി പറങ്കികളെ സഹര്‍ഷം സ്വാഗതം ചെയ്തത്.

1502. ഗാമയുടെയും സംഘത്തിന്റെയും രണ്ടാം വരവ് കണ്ണൂരിലേക്കായിരുന്നു. ഇന്ത്യ, അറേബ്യ, പേര്‍ഷ്യ എന്നീ രാജ്യങ്ങളുടെയും ഇന്ത്യന്‍മഹാ സമുദ്രത്തിന്റെയും അഡ്മിറലായി (ഇന്ത്യന്‍ സമുദ്രപതി) ട്ടായിരുന്നു വരവ്. ലൂയീസ് കുട്ടിഞ്ഞൊ, ഫ്രാന്‍സെസ്‌കോഡാകു, ജാവൊ ലോപസ്സ് പൊറൊസ്റ്റില്ലാ, അഫോണ്‍സോഡാ അഗുയാര്‍ റൈസാ, കാസ്റ്റിന്നാഡാ ഡയാഗാ, ഫെര്‍ണാണ്ടസ് കൊറിയ, ആന്റോണിയോ ഡാ കാബോ തുടങ്ങിയ കപ്പിത്താന്മാരും ഗാമയെ അനുഗമിച്ചു. ഈ യാത്രക്കിടയില്‍ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് കോഴിക്കോട്ടേക്ക് മടങ്ങിവരുന്ന ഒരു കപ്പല്‍ ഏഴിമലക്കടുത്ത് എട്ടികുളത്തുവെച്ച് പറങ്കികള്‍ തട്ടിയെടുത്തു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നാനൂറോളം ഹാജിമാര്‍ കപ്പലിലുണ്ടായിരുന്നു. ധാരാളം ചരക്കുകളും സ്വര്‍ണവും പണവും വേറെയും കപ്പലിലെ മുഴുവന്‍ ചരക്കുകളും സമ്പത്തും മറ്റും നല്‍കാമെന്നും മറ്റുപല ഉറപ്പുകളും ഗാമക്ക് നല്‍കി. ഇതിനെല്ലാം പുറമെ മോചനദ്രവ്യമായി വലിയൊരു തുക വേറൊരു തുക കൊടുക്കാമെന്ന് കപ്പലുടമ ഏറ്റു. ജീവനുവേണ്ടി യാത്രക്കാര്‍ കേണപേക്ഷിച്ചു. വര്‍ഗീയ തിമിരം ബാധിച്ച ഗാമ അതൊന്നും ശ്രവിക്കാന്‍ ഒരുക്കമല്ലായിരുന്നു. കപ്പലിലെ സമ്പത്ത് മുഴുവന്‍ കൊള്ളചെയ്ത് ഹാജിമാരെ ചങ്ങലക്കിട്ടു കപ്പലിന് അതിദാരുണമായി തീവെച്ചു. യാത്രക്കാര്‍ കുട്ടികളെയും കയ്യിലേന്തി അട്ടഹസിച്ച് കരയുന്നത് ഗാമ കണ്ടു രസിച്ചു. ഈ സംഭവം വിശദീകരിച്ചതില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പ്രസിദ്ധ ചരിത്രകൃതികള്‍ ഈ ചെയ്തികളെ പൈശാചികം എന്നാണ് വിശേഷിപ്പിച്ചത്.

ഇത് മലബാറിന്റെ മനഃസാക്ഷിയെ മുഴുവനും തട്ടിയുണര്‍ത്തി. മുസ്‌ലിം സിരകൡ രക്തം തിളച്ചു. മഖ്ദൂം ഒന്നാമന്‍ വിശുദ്ധ യുദ്ധത്തിന് (ജിഹാദ്) ആഹ്വാനം ചെയ്തു. മുസ്‌ലിംകള്‍ കൂട്ടത്തോടെ പറങ്കികള്‍ക്കെതിരെ പോരാടാനും ജീവത്യാഗത്തിനും തയ്യാറായി. തഹ്‌രീള് അലാ അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ത്വാന്‍ എന്ന പേരില്‍ 177 വരികളുള്ള കാവ്യങ്ങള്‍ രചിച്ച് വിവിധ ദേശങ്ങളില്‍ വിതരണം നടത്തി സമരോത്സുകരാക്കി. മകന്‍ അബ്ദുല്‍ അസീസ് മഖ്ദൂം അടര്‍ക്കളത്തിന് നേതൃത്വം നല്‍കി.

1503. പറങ്കികളെ തുരത്താന്‍ ആദ്യമായി കൊച്ചിയിലേക്ക് പുറപ്പെട്ട സാമൂതിരിയുടെ സൈന്യത്തോടൊപ്പം മൂന്നു വഞ്ചി നിറയെ പൊന്നാനി യോദ്ധാക്കളും പങ്കെടുത്തു. തുടര്‍ന്നു വെളിയംകോട്, പന്തലായനിക്കാട് പ്രദേശങ്ങളിലെ പോരാളികള്‍ ഏഴു വഞ്ചികളില്‍ പോയി പറങ്കി കപ്പലുകള്‍ തടഞ്ഞു. ഉഗ്ര യുദ്ധം നടന്നു. തദ്ദേശീയര്‍ക്കായിരുന്നു വിജയം.

1507. പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ഫ്രാന്‍സിസ് കോഡി അല്‍ മേഡയും സൈന്യവും പൊന്നാനി ആക്രമിച്ചു. ഈ സംഘത്തിലെ പ്രമുഖ അംഗം വാര്‍ത്തോമ ഇങ്ങനെ പറയുന്നു: ''മറ്റേത് പ്രദേശത്തേക്കാളും ഉഗ്രമായ പോരാട്ടമാണ് നമുക്കവിടെ നേരിടേണ്ടിവന്നത്. പശ്ചിമതീരത്തെ ശക്തിദുര്‍ഗമായ ഈ ദേശം ആക്രമിക്കാന്‍ കഴിഞ്ഞതില്‍ നമുക്ക് അതിയായ സന്തോഷമുണ്ട്.''

ഈ പോരാട്ടത്തില്‍ പറങ്കികള്‍ക്കെതിരെ തദ്ദേശീയരുടെ ചെറുത്തുനില്‍പ്പ് ശക്തമായിരുന്നു. രക്തസാക്ഷികളാവാന്‍ പ്രതിജ്ഞയെടുത്ത അവര്‍ 18 പറങ്കികളെ കൊന്നു. (മലബാര്‍ മാന്വല്‍) ഈജിപ്ത് അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും മക്കയിലും ഉപരിപഠനം നടത്തിയ ബഹുഭാഷാ പണ്ഡിതരായ മഖ്ദൂമുകള്‍ അറേബ്യന്‍ രാഷ്ട്ര തലവന്മാരുമായി കത്തിടപാടുകള്‍ നടത്താനും നയതന്ത്രം മെച്ചപ്പെടുത്താനും സമൂതിരിയെ സഹായിച്ചു. ഈജിപ്തിലേക്ക് ഒരു നിവേദകസംഘത്തെ അയച്ചു. സംഘത്തില്‍ സാമൂതിരിയുടെ പ്രത്യേക ദൂതനായി മരക്കാരുമുണ്ടായിരുന്നു.

1510. ഈജിപ്ത് സുല്‍ത്താന്‍ ഖാസി സുല്‍ഗൗരി യുദ്ധമന്ത്രി മീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 13 കപ്പല്‍ നിറയെ 1500 ഭടന്മാരെ ഇന്ത്യയിലേക്ക് അയച്ചു. ഇവര്‍ സാമൂതിരി സൈന്യവുമായി ചേര്‍ന്ന് ഗുജറാത്തിന്റെ തെക്ക് ചൗള്‍ ദ്വീപില്‍ പറങ്കികളുമായി ഉഗ്രപോരാട്ടം നടന്നു. അവരെ പരാജയപ്പെടുത്തി. ഈ വര്‍ഷം കോഴിക്കോട്ട് നടന്ന യുദ്ധത്തെ തുടര്‍ന്നു നാഖുദാ മിസ്‌ക്കാല്‍ പള്ളി പറങ്കികള്‍ തീവെച്ചു. പൊന്നാനിയിലെത്തിയ പറങ്കികള്‍ കടപ്പുറത്ത് അമ്പത് വഞ്ചികള്‍ അഗ്നിക്കിരയാക്കുകയും എഴുപത് മുസ്‌ലിംകളെ വധിക്കുകയും ചെയ്തു.

ഈജിപ്ത് (മിസര്‍) സൈന്യം കുറച്ചുനാള്‍ പൊന്നാനിയിലും തമ്പടിച്ചു. ഇവര്‍ കേന്ദ്രീകരിച്ച സ്ഥലത്താണ് മിസിരി പള്ളി. പൊന്നാനിയിലെ പുരാതന പള്ളികളില്‍നിന്ന് വിഭിന്നമായി മരക്കാന്മാരുടെ കോട്ടക്കല്‍  പള്ളിയോട് ഏകദേശം രൂപസാദൃശ്യമുള്ളതാണ് മിസ്‌രി പള്ളി.

1523. കൊടുങ്ങല്ലൂരില്‍ മുസ്‌ലിംകളും ജൂതരും തമ്മിലുണ്ടായ വഴക്കില്‍ ഒരു മുസ്‌ലിം കൊല്ലപ്പെട്ടു. പിന്നീടത് യുദ്ധത്തില്‍ കലാശിച്ചു. കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ അക്കാലത്ത് ദുര്‍ബലരായിരുന്നതിനാല്‍ പൊന്നാനി ഉള്‍പ്പെടെ മലബാറിന്റെ വിവിധ ഭാഗങ്ങൡ നിന്ന് ജൂതരുമായുള്ള യുദ്ധത്തിന് കൊടുങ്ങല്ലൂരിലേക്ക് പുറപ്പെട്ടു. വിജയം മുസ്‌ലിം പക്ഷത്തായിരുന്നു.

1524. ഡി.മെനിസ്സസ്സിന്റെ നേതൃത്വത്തില്‍ പൊന്നാനി അതിക്രൂരമായ ആക്രമണത്തിനുവിധേയമായി. വീടുകള്‍, പാണ്ടികശാലകള്‍, പള്ളികള്‍ അഗ്നിക്കിരയാക്കി. മുസ്‌ലിംകളെ സാമ്പത്തികമായി നട്ടല്ലൊടിക്കാന്‍ പുഴയോരത്ത് തിങ്ങിനിറഞ്ഞുനിന്നിരുന്ന കായ്ഫലമുള്ള ധാരാളം തെങ്ങിന്‍ തൈകള്‍ വെട്ടി നശിപ്പിച്ചു. ഇവിടെ നിരവധി മുസ്‌ലിംകള്‍ രക്തസാക്ഷിത്വംവരിച്ചു.

1528. വെട്ടത്ത്‌നാട് (താനൂര്‍) രാജാവ് പൊന്നാനിപ്പുഴക്ക് വടക്ക് തന്റെ അധീനത്തിലുള്ള ദേശത്ത് കോട്ട നിര്‍മ്മിക്കാന്‍ പറങ്കികള്‍ക്ക് അനുവാദം നല്‍കി. സാമൂതിരി സംഘത്തിന്റെ വ്യാപാരം മുടക്കലും പൊന്നാനി തകര്‍ക്കലുമായിരുന്നു മുഖ്യ ലക്ഷ്യം. കോട്ട നിര്‍മ്മാണത്തിന് സാധന സാമഗ്രികളുമായി ഒരുപറ്റം കപ്പല്‍ കൊച്ചിയില്‍നിന്നു പുറപ്പെട്ടു. വെളിയങ്കോടിനരികെ ഒരു ചെറിയ കപ്പല്‍ ഒഴികെ എല്ലാം കൊടുങ്കാറ്റിലകപ്പെട്ടു തകര്‍ന്നു. പറങ്കികളുടെ യുദ്ധപദ്ധതി പൊളിഞ്ഞു.

1529. മലബാറില്‍ ആധിപത്യത്തിനു കരുത്തേകിയ ചാലിയംകോട്ട പറങ്കി ഗവര്‍ണര്‍ നൂനൊ ഡാകുന്‍ പണിതു.

1540. സാമൂതിരി പ്രതിനിധി നാവിക സൈന്യാധിപന്‍ കുഞ്ഞാലി മരക്കാരുടെ ബന്ധുവായ കുട്ട്യാലി മരക്കാരും പറങ്കി പ്രതിനിധി ഡോം അല്‍ വാരിസും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നു ഇരുവിഭാഗവും സന്ധിചെയ്യാന്‍ തീരുമാനിച്ചു. കൊടുങ്ങല്ലൂര്‍, താനൂര്‍ നാടുവാഴികള്‍ ഈ സന്ധിയെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്നു സന്ധി സംഭാഷണത്തിന് വേണ്ടി തൃക്കാവ് കോവിലകത്തായിരുന്ന സാമൂതിരിയെ പ്രതീക്ഷിച്ച് പൊന്നാനി തുറമുഖത്തെത്തിയ പറങ്കിപ്പടക്കപ്പല്‍ എസ്. മാത്യൂസില്‍വെച്ച് സാമൂതിരിയും പറങ്കി തലവനും ഉടമ്പടി ഒപ്പുവെച്ചു.

1550. ഇവിടത്തെ അനവധി വീടുകളും കച്ചവടശാലകളും ചരിത്രപ്രസിദ്ധമായ വലിയ പള്ളി അടക്കം നാലു പള്ളികളും പറങ്കികള്‍ തീവെച്ചു നശിപ്പിച്ചു.

1553. തൃക്കാവ് കോവിലകത്തായിരുന്ന സാമൂതിരിയെ തുര്‍ക്കി സ്വദേശി യൂസുഫ് സന്ദര്‍ശിച്ച് പറങ്കികള്‍ക്കെതിരെ സഹായങ്ങള്‍ നല്‍കാമെന്ന് ഉറപ്പുനല്‍കി. അദ്ദേഹം കൊണ്ടുവന്ന പറങ്കി തോക്കുകളുടെ ശേഖരം സാമൂതിരിക്ക് നല്‍കി. യൂസുഫ് കുറച്ചുനാള്‍ പൊന്നാനിയില്‍ തങ്ങി. തോക്കുകളുമായി സാമൂതിരി പറങ്കികളുമായി പോരാട്ടത്തിന് ഒരുങ്ങി.

1556. ബംഗാളില്‍നിന്ന് നെല്ല്, പഞ്ചസാര തുടങ്ങിയ ഫലവ്യജ്ഞനങ്ങളുമായി വരുന്ന കപ്പല്‍ പൊന്നാനി തീരത്തുവെച്ചു പിടിച്ചെടുത്തു.

അധിനിവേശ വിരുദ്ധ സമര ചരിത്രത്തില്‍ പൊന്നാനിയുടെ രോമാഞ്ഛമായ ക്യാപ്റ്റന്‍ കുട്ടിപ്പോക്കര്‍, മലബാറിന് അഭിമാനിക്കാവുന്ന സേനാനായകനാണ്. കച്ചവടക്കപ്പലുകളെ പറങ്കികളുടെ ആക്രമണത്തില്‍നിന്ന് രക്ഷിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യ ചുമതല. ഏറ്റെടുത്ത കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ പോരാട്ടരംഗത്ത് വെട്ടിത്തിളങ്ങുകയും തന്ത്രജ്ഞതയും മെയ്‌വഴക്കവും സൂത്രശാലിത്വവും പ്രതികാരവാഞ്ഛയും മുഖമുദ്രയായ നാടിന്റെ ഈ വീരപുരുഷന്‍ കുഞ്ഞാലി രണ്ടാമന്റെയും മൂന്നാമന്റെയും സൈന്യത്തില്‍ ഉപമേധാവിയായിരുന്നു.

1568. പൊന്നാനിക്കാരും പന്തലായനിക്കാരും അയല്‍ദേശക്കാരും ഉള്‍പ്പെട്ട സൈനിക വ്യൂഹം പതിനേഴു കപ്പലില്‍ ഇവിടെനിന്നു പുറപ്പെട്ടു. കുട്ടിപ്പോക്കരായിരുന്നു നായകന്‍. ചാലിയത്തിനടുത്തു പറങ്കികളുമായി നടന്ന ഉഗ്രപോരാട്ടത്തില്‍ പൂര്‍ണ വിജയം പോക്കര്‍ സേനക്കായിരുന്നു. മലബാറിലെ മികച്ച പോരാട്ടങ്ങളില്‍ ഒന്നായിരുന്നു ഇത്. തുടര്‍ന്നു കായംപട്ടണം ലക്ഷ്യമാക്കി നീങ്ങിയ സേന ചോളമണ്ഡലത്തില്‍നിന്നും ധാന്യങ്ങള്‍ കയറ്റിവരുന്ന ഇരുപത്തിരണ്ട് പറങ്കി കപ്പല്‍ പിടിച്ചെടുത്തു. യാത്രക്കാര്‍, സാധന സാമഗ്രികള്‍, ആനകള്‍ ഉള്‍പെടെ കപ്പലുകള്‍ പൊന്നാനിക്ക് കൊണ്ടുവന്നു.

1571. മലയാളക്കരയില്‍ പറങ്കികളുടെ അധിനിവേശ തകര്‍ച്ചക്ക് ആരംഭം കുറിച്ച, സാമൂതിരിയുടെ കണത്തിലേക്ക് നീട്ടിയ പീരങ്കിയെന്നും കഠാരയെന്നും ചരിത്രം വിശേഷിപ്പിച്ച പറങ്കികളുടെ ചാലിയംകോട്ട പിടിച്ചടക്കാന്‍ മുന്‍ ഒരുക്കങ്ങള്‍ നടത്തിയ ദേശങ്ങളില്‍ പ്രമുഖ സ്ഥാനം ഈ ദേശത്തിനാണ്. പൊന്നാനി, പറവണ്ണ, താനൂര്‍, ചാലിയം, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ യോദ്ധാക്കളും ജനങ്ങളും ഉള്‍പ്പെട്ട അനിതരസാധാരണമായ ഒത്തുചേരല്‍ മലബാറിനെ രോമാഞ്ചം അണിയിച്ചു. നേതൃത്വം സാമൂതിരി മന്ത്രിമാര്‍ക്കായിരുന്നു. കുഞ്ഞാലി മരക്കാരുടെയും കുട്ടിപ്പോക്കരുടെയും നേതൃത്വത്തില്‍ നാവിക സേന കടലില്‍ നിന്നും സാമൂതിരിയുടെ നായര്‍പട കരയില്‍നിന്നും കോട്ട വളഞ്ഞു. ഉപരോധം നാലു മാസത്തോളം നീണ്ടുനിന്നു. ഈ ചരിത്രമുഹൂര്‍ത്തത്തിന് നിറസാന്നിദ്ധ്യമേകാന്‍ സാമൂതിരിയും പരിവാരവും പുറപ്പെട്ടത് പൊന്നാനി തൃക്കാവ് കോവിലകത്തുനിന്നായിരുന്നു. ധാരാളം പറങ്കികള്‍ കൊല്ലപ്പെട്ടു. സാമൂതിരി പക്ഷത്ത് ആള്‍നാശം കുറവായിരുന്നു. വിജയശ്രീലാളിതനായ സാമൂതിരി മലബാറിന്റെ വാണിജ്യമേഖലയും മറ്റും പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു.

1573. കുട്ടിപ്പോക്കരും സൈന്യവും മംഗലാപുരത്തെ പറങ്കിക്കോട്ട തകര്‍ക്കുകയും കപ്പല്‍ പിടിച്ചെടുക്കുകയും ചെയ്തു. മടക്കയാത്രയില്‍ കണ്ണൂരിനടുത്ത് പതിനഞ്ച് കപ്പല്‍ നിറയെ വന്നെത്തിയ പറങ്കികളുമായി നടന്ന ഉഗ്രയുദ്ധത്തില്‍ മലബാര്‍ കണ്ടതില്‍ വെച്ചേറ്റവും മികച്ച പോരാളികളില്‍പ്പെട്ട പൊന്നാനിയുടെ പടവാളേന്തിയ ധീരപുത്രന്‍ കുട്ടിപ്പോക്കരും കപ്പലും കടലില്‍ മുങ്ങി വീരചരമം പ്രാപിച്ചു. കുട്ടിപ്പോക്കരുടെ ചരിത്രം മലബാര്‍ ഡിസ്ട്രിക് ഗസറ്റിയേഴ്‌സ് മദ്രാസില്‍ വിവരിക്കുന്നുണ്ട്.

1578. കൊടുങ്ങല്ലൂര്‍ ക്ഷേത്രദര്‍ശനത്തിനുപോയ സാമൂതിരിയെ ഉന്നതനായ പറങ്കിദൂതന്‍ സന്ദര്‍ശിച്ച് സന്ധിസംഭാഷണം നടത്തി. കോഴിക്കോടും പൊന്നാനിയിലും കോട്ട പണിയാന്‍ അനുവദിക്കണമെന്നാണ് മുഖ്യ ആവശ്യം. കോഴിക്കോട് സാമൂതിരി അനുവാദം നല്‍കി. പൊന്നാനിയില്‍ പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. സംഭാഷണം തല്‍ക്കാലം അവസാനിപ്പിച്ചു.

1579. മൂന്നു പ്രതിനിധികള്‍ അടങ്ങുന്ന ഉന്നത സംഘത്തെ സാമൂതിരി ചര്‍ച്ചക്കായി പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമായ ഗോവക്ക് അയച്ചു. വൈസ്രോയിയുടെ നേതൃത്വത്തില്‍ രാജകീയ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. പൊന്നാനിക്കോട്ടയുടെകാര്യത്തില്‍ പറങ്കികള്‍ ഉറച്ചുനിന്നു. സാമൂതിരിവിഭാഗം വിട്ടുവീഴ്ച ക്ക്തയ്യാറായില്ല. ചര്‍ച്ച അലസിപ്പിരിഞ്ഞു.

1582 - 83. കോഴിക്കോട്, പൊന്നാനി, പുതിയങ്ങാടി, കക്കാട്, പന്തലായനി, തിക്കോടി പ്രദേശങ്ങളില്‍ കച്ചവടയാത്രകള്‍ തടയാന്‍ പറങ്കികള്‍ കെണികള്‍ ഒരുക്കി. കച്ചവടം ആകെ മുടങ്ങി നാട്ടിലാകെ മുമ്പില്ലാത്ത രീതിയില്‍ പട്ടിണിയും ദാരിദ്ര്യവും അരങ്ങേറി.

1583-84. കച്ചവട സീസണ്‍ ആരംഭിച്ചപ്പോള്‍ പറങ്കികള്‍ വീണ്ടും സന്ധിക്ക് സന്നദ്ധമായി. പൊന്നാനി കോട്ട നിര്‍മ്മാണം അനുവദിച്ചു. പുതിയ വൈസ്രോയിയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്നു സാമൂതിരിയുടെയും പ്രജകളുടെയും കച്ചവടസംഘം ഗുജറാത്ത് മുതലായ പ്രദേശങ്ങളിലേക്കും അറേബ്യന്‍ നാടുകളിലേക്കും കടലില്‍ നിര്‍ഭയം സഞ്ചരിക്കാന്‍ സുഗമമായ സന്ദര്‍ഭം തിരിച്ചുകിട്ടി. പക്ഷേ, പിന്നീടു പല കാരണങ്ങളാല്‍ പൊന്നാനിക്കോട്ട പൂര്‍ത്തിയാക്കാന്‍ ഉടനെ പറങ്കികള്‍ക്ക് സാധ്യമായില്ല. ഈ കാലഘട്ടങ്ങളില്‍ പോരാട്ടത്തില്‍ പങ്കെടുത്തു വീരചരമം പ്രാപിച്ചവരില്‍ പ്രമുഖരാണ് തെരുവത്ത് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശഹീദ് സയ്യിദ് അലിയ്യുല്‍ മിസിരിയും വെളിയംകോട്ട് കുഞ്ഞിമരക്കാര്‍ ശഹീദും.

മലബാര്‍ തീരത്തെ സുരക്ഷിതത്വവും തന്ത്രപ്രാധാന്യവും പരിഗണിച്ച് മര്‍മ്മ സ്ഥാനമായ പൊന്നാനിയില്‍ പറങ്കിക്കോട്ട നിര്‍മ്മാണത്തിനുള്ള അനുവാദം ആരംഭം മുതലേ മരക്കാന്മാര്‍ എതിര്‍ത്തിരുന്നു. തലസ്ഥാന നഗരി കോഴിക്കോട്ടു അനുവദിച്ചിട്ടും പൊന്നാനിയില്‍ വിസമ്മതിച്ച കാരണങ്ങളില്‍ പ്രധാനവും അതാണ്. അവസാനം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കോട്ട നിര്‍മ്മാണത്തിന് അനുവാദം നല്‍കിയത്. ഈ കോട്ട നിര്‍മ്മാണവും 1584-ല്‍ അധികാരത്തില്‍ വന്ന സാമൂതിരിയുടെ പറങ്കികള്‍ക്കനുകൂലമായ നയവ്യതിയാനവും സാമൂതിരി മരക്കാര്‍ മഖ്ദൂം ത്രിമൂര്‍ത്തി സംഖ്യത്തിന് പോറലേല്‍പ്പിച്ചു. തുടര്‍ന്ന് സാമൂതിരി ചരിത്രത്തിന്റെ ഗതിതന്നെ മാറി. പിന്നീടു നടന്ന പല പോരാട്ടങ്ങളിലും സാമൂതിരിക്ക് പൂര്‍വ്വകാല നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധ്യമായില്ല.

ചാലിയം കോട്ടയുടെ നിര്‍മ്മാണത്തോടെ നാല്‍പത്തിരണ്ട് വര്‍ഷം പറങ്കികള്‍ക്ക് മലബാറില്‍ കൈവന്ന ശക്തിയും അന്തസ്സും കോട്ടയുടെ തകര്‍ച്ചയോടെ അനുദിനം കുറഞ്ഞുവന്നു. തുടര്‍ന്ന് സ്വാധീനം പുനഃസ്ഥാപിക്കാന്‍ പെടാപ്പാടുപെടുന്ന പറങ്കികളെയാണ് ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. ചരിത്രഗതി പരിവര്‍ത്തിതമാക്കിയ ഈ സംഭവത്തെ തുടര്‍ന്നു മുഖ്യ പരിഹാരമായി അവര്‍ സ്വീകരിച്ച മാര്‍ഗ്ഗം പൊന്നാനി കോട്ട നിര്‍മ്മാണമായിരുന്നു.

1585. പൊന്നാനിയില്‍ കോട്ട നിര്‍മ്മിച്ചതായി മലബാര്‍ ഗസറ്റിയര്‍ പറയുന്നു. സാമൂതിരിയുടെ പൂര്‍ണ അംഗീകാരം ഇതിനുണ്ടെങ്കിലും തദ്ദേശീയരുടെയും മരക്കാന്മാരുടെയും ശക്തമായ എതിര്‍പ്പും പറങ്കികളുടെ മുഖ്യമായും ഭരണരംഗത്തെ പിടിപ്പുകേടും ശക്തിക്ഷയവുംകാരണം കോട്ടയുടെ ആയുസ്സ് ദീര്‍ഘിക്കാന്‍ ഇടയില്ല. കോട്ട എവിടെയെന്നറിയില്ല.

1595. കുഞ്ഞാലി നാലാമന്‍ കോട്ടക്കല്‍ പുതുപട്ടണം കോട്ടയുടെയും സാമൂതിരി നാവികസേനയുടെയും അധിപനായി അവരോധിക്കപ്പെട്ടു. തുടര്‍ന്നു പൂര്‍വ്വികരെ അതിശയിപ്പിക്കുന്ന വിജയങ്ങള്‍ നേടുകയും ചെയ്തു. മരക്കാരും സാമൂതിരിയും തമ്മിലുള്ള മാനസിക ഭിന്നിപ്പും പറങ്കികളുടെ കുതന്ത്രവും ഹേതുവായി ഇദ്ദേഹം സാമൂതിരിയുടെ ശത്രുവായി ചിത്രീകരിക്കപ്പെട്ടു. ഇരുവിഭാഗവും സംയുക്തമായി മരക്കാരെ ആക്രമിച്ചു. പ്രതിരോധശക്തി തകര്‍ന്ന അദ്ദേഹം സാമൂതിരിക്ക് തന്റെ വാള്‍ അടിയറവെച്ചു. പ്രതാപശാലിയായ അദ്ദേഹത്തെ വധിക്കരുതെന്ന വ്യവസ്ഥയോടെ സാമൂതിരി പറങ്കികള്‍ക്ക് കൈമാറി. 1600-ല്‍ ഗോവയില്‍ വെച്ചു പറങ്കികള്‍ ആ ധീര പടനായകനെ അതിദാരുണമായി വധിച്ചു. നിറകണ്ണുകളോടെ ഓര്‍ക്കാവുന്ന ഈ സംഭവത്തോടെ മലബാറില്‍ അതുല്യപോരാട്ടങ്ങളുടെ വീരചരിത്രം രചിച്ച ഒരു നൂറ്റാണ്ടിനു അന്ത്യം കുറിച്ചു.

''ഈ പടത്തലവന്മാരുടെ വീരചരിത്രം കേരളത്തിനൊട്ടാകെ അഭിമാനവും അന്തസ്സും നല്‍കുന്നുവെന്ന കാര്യത്തെ കുറിച്ചു യാതൊരുസംശയവുമില്ല. എന്തെന്നാല്‍, പറങ്കികളുടെ നാവിക സ്വേച്ഛാധിപത്യത്തിനെതിരായി അവര്‍ നടത്തിയ ഐതിഹാസികമായ സമരങ്ങളും അതില്‍ കൈവരിച്ച നേട്ടങ്ങളും കേരള ചരിത്രത്തിലെ മഹത്തായ ഒരധ്യായമാണ്.''(കേരള സ്വാതന്ത്ര്യ സമരം - സര്‍ദാര്‍ കെ.എം. പണിക്കര്‍)

''പോര്‍ച്ചുഗീസുകാരോട് ആദ്യം മുതല്‍ അവസാനം വരെ എതിര്‍ത്തു നിന്നത് സാമൂതിരിയാണ്. ഇടക്കിടെ സാമൂതിരിയുടെ ദൂരദൃഷ്ടി ഒട്ടൊന്ന് മങ്ങിയ വേളയില്‍ പോലും ആ ദുര മൂത്ത വഞ്ചകപ്പടയെ കേരളത്തിന്റെ ഫലഭൂയിഷ്ഠമായ മണ്ണില്‍നിന്ന് അകറ്റി നിര്‍ത്തി മാതൃഭൂമിയുടെ മാനം കാത്തത് അദ്ദേഹത്തിന്റെ സാമന്തരായ മലബാറിലെ മാപ്പിളമാരത്രെ. കോളനി വാഴ്ചക്കെതിരായ സമരത്തിന്റെ ഒരുജ്ജ്വലാധ്യായം അവര്‍ കേരള ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തു. അല്ലെങ്കില്‍ ഇന്നത്തെ ഗോവ കോഴിക്കോടാകുമായിരുന്നു. പരശുരാമക്ഷേത്രമാകെ വോസ്‌കോഡിഗാമ സംസ്ഥാനമാകുമായിരുന്നു. ഒരുപക്ഷെ ബ്രിട്ടീഷ് ഇന്ത്യക്ക് പകരം പോര്‍ച്ചുഗീസ് ഇന്ത്യയും.'' (പറങ്കികളുടെ ഇന്ത്യ - ഡോ. എം. ജി.എസ്. നാരായണന്‍)

ടി.വി. അബ്ദുറഹ്മാന്‍ കുട്ടി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter