കേരളത്തിലെ പള്ളിദർസുകൾ: അറിവു കാവല്‍ നിന്നയിടങ്ങള്‍

സര്‍വകാലികവും സര്‍വജനീനവുമായ വിശുദ്ധ ഇസ്‌ലാം വളരുന്നതും പ്രചരിക്കുന്നതും മദീനയിലെ മസ്ജിദുന്നബവിയെ സജീവമാക്കിയിരുന്ന അഹ്‌ലുസ്സുഫയില്‍ നിന്നാണ്. അന്ത്യദൂതര്‍ തിരുമേനി(സ്വ)യെന്ന മുദര്‍രിസിന്റെ ചുറ്റും വട്ടമിരുന്ന് ദിവ്യജ്ഞാനം മതിവരുവോളം നുകര്‍ന്ന ഈ സുഫയുടെ അഹ്‌ലുകാരില്‍ നിന്നാണ് മത-ഭൗതിക വിജ്ഞാനങ്ങള്‍ ദേശ-കാലാതിര്‍ത്തികള്‍ ഭേദിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ദിക്കുകളിലേക്ക് വ്യാപിച്ചത്. മതനവജാഗരണമെന്ന സാമൂഹിക ദൗത്യമേറ്റെടുത്ത് പള്ളികളില്‍ നടന്നുവന്ന ഇത്തരം വൈജ്ഞനിക കേന്ദ്രങ്ങളാണ് ഇസ്‌ലാം പടര്‍ന്ന ഇടങ്ങളിലൊക്കെ സാമൂഹിക നവോഥാനത്തിന് ചുക്കാന്‍ പിടിച്ചത്. ബഗ്ദാദും മുസ്‌ലിം സ്‌പെയിനും കൂഫയും സമര്‍ഖന്ദും വിവിധ ജ്ഞാനങ്ങളുടെയും സംസ്‌കാരങ്ങളുടെയും നഗരികളായി മാറിയത് പ്രസ്തുത കേന്ദ്രങ്ങളിലൂടെയാണ്. 

നുബുവ്വത്തിന്റെ കാലത്തു തന്നെ ഇസ്‌ലാമിന്റെ വെളിച്ചമെത്തിയ കേരളീയമണ്ണിലും മത-സാമൂഹിക-വൈജ്ഞാനിക പുരോഗതിക്കും നവോഥാനത്തിനും വഴിയൊരുക്കിയതും ഇത്തരം ഒത്തിരിക്കലുകള്‍ തന്നെയാണ്. കേരളീയ പരിസരത്ത് അവ പളളി ദര്‍സുകള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. കേരളീയ ദര്‍സീ പാരമ്പര്യത്തിന്റെ ഉറവിടങ്ങള്‍ അന്വേഷിക്കുമ്പോള്‍ ഇസ്‌ലാമിന്റെ പ്രാരംഭഘട്ടങ്ങളില്‍ തന്നെ പളളി കേന്ദ്രീകരിച്ച് ഇത്തരം വ്യവഹാരങ്ങള്‍ നടന്നതായി കാണാം. താനൂര്‍, പൊന്നാനി, കോഴിക്കോട് ചാലിയം എന്നിവടങ്ങളില്‍ നടന്നിരുന്ന ദര്‍സുകള്‍ മഹിതമായ ജ്ഞാന പൈതൃകത്തിന്റെ മകുടോദാഹരണങ്ങളാണ്. എന്നാല്‍, പൈതൃകത്തിന്റെ ആഴ്‌വേരുകള്‍ അന്വേഷിക്കുന്ന ഇത്യാദി മേഖലകളില്‍ പഠനങ്ങളും ഗവേഷണങ്ങളും പ്രത്യക്ഷപ്പെടുന്നില്ലെയെന്നത് ഖേദകരമായ വസ്തുതയാണ്. 

ചരിത്രം, പാരമ്പര്യം

ലഭ്യമായ രേഖകള്‍ പ്രകാരം ഹിജ്‌റയുടെ പ്രഥമ നൂറ്റാണ്ടില്‍ തന്നെ ഇസ്‌ലാമിന്റെ വെളിച്ചം കേരളത്തിലെത്തിയിട്ടുണ്ട്. ചേരമാന്‍ പെരുമാള്‍ വഴി കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രബോധനത്തിനെത്തിയ മാലികുബ്നുദീനാര്‍(റ)വും സംഘവും പളളികള്‍ കേന്ദ്രീകരിച്ചായിരുന്നു മതപ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സഞ്ചരിക്കുന്നിടത്തെല്ലാം പള്ളികള്‍ നിര്‍മിച്ച അവര്‍ ജ്ഞാനപ്രസരണത്തിനും അതുവഴി സംസ്‌കരണത്തിനും നേതൃത്വം നല്‍കി. നൂറ്റാണ്ടുകളോളം ഇവരും ഇവരുടെ പിന്‍തലമുറക്കാരും അനുയായികളും പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജ്ഞാനകൈമാറ്റത്തിന് അറേബ്യയിലുണ്ടായിരുന്ന മാര്‍ഗവും കേരളത്തിലെ പ്രത്യേക സാഹചര്യവും പരിഗണിച്ചാല്‍ പുതുതായി മതമാശ്ലേഷിച്ച വിശ്വാസികള്‍ക്ക് മതാധ്യാപനങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ഇത്തരം പളളികളിലെല്ലാം ദര്‍സുകളുണ്ടായിരുന്നുവെന്ന് അനുമാനിക്കാതെ വയ്യ.

പതിമൂന്നാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച ഇബ്‌നുബതൂത തന്റെ രിഹ്‌ലയില്‍ മാടായി പളളിയിലെ ദര്‍സിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഹിജ്റ എഴുന്നൂറുകള്‍ക്ക് ശേഷം താനൂരിലെ വലിയ കുളങ്ങരപ്പളളിയില്‍ നടന്ന ദര്‍സും എ. ഡി പതിമൂന്നാം നൂറ്റാണ്ടില്‍ കായല്‍പട്ടണത്തെ മഅ്ബറില്‍ നിന്ന് കൊച്ചിയിലേക്കും പിന്നീട് പൊന്നാനിയിലേക്കും കുടിയേറിയ മഖ്ദൂം കുടുംബം സ്ഥപിച്ച പൊന്നാനി ദര്‍സും ദര്‍സീപൈതൃകത്തിലെ പ്രധാന കണ്ണികളാണ്. പൊന്നാനിക്കും താനൂരിനും പുറമെ നാദാപുരം, കടമേരി, ചാലിയം, തിരൂരങ്ങാടി, പരപ്പനങ്ങാടി, കോഴിക്കോട് എന്നിവിടങ്ങളിലും നൂറ്റാണ്ടുകളോളം ബഹുലമായ ദര്‍സുകള്‍ നിലനിന്നിട്ടുണ്ട്.

താനൂര്‍

ആധികാരിക ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍, കേരളത്തില്‍ പ്രഥമമായി പളളിദര്‍സ് ആരംഭിച്ചത് താനൂരിലെ വലിയ കുളങ്ങര പളളിയിലാണ്. മസ്ജിദുസാഹിലില്‍ ബിര്‍കതില്‍കുബ്‌റാ എന്ന നാമത്തിലായിരുന്നു ഈ പളളി അറിയപ്പെട്ടിരുന്നത്. യമന്‍, ഹളര്‍മൗത്ത്, ഈജിപ്ത് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജ്ഞാനാന്വേഷികള്‍ വിദ്യ അഭ്യസിക്കാനായി പ്രസ്തുത ദര്‍സിലേക്ക്  വന്നിട്ടുണ്ട്. നിലവില്‍ ഇസ്വ്‌ലാഹുല്‍ ഉലൂം അറബിക് കോളേജില്‍ സൂക്ഷിക്കുന്ന, പ്രസ്തുത ദര്‍സിലെ കുതുബ്ഖാനയിലെ വിവിധ കൈയ്യെഴുത്ത് പ്രതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇമാം അബൂ ഇസ്ഹാഖ് അശ്ശീറാസി(റ) രചിച്ച കിതാബുത്തന്‍ബീഹ് യമനീ പണ്ഡിതനും മുദരിസുമായിരുന്ന ഇമാം മുഹമ്മദു ബ്നുഅബ്ദില്ലാഹില്‍ഹള്‌റമി(റ) വലിയ കുളങ്ങര പളളിയില്‍ വെച്ച് പകര്‍ത്തിയെഴുതുകയും അതിന്റെ അവസാന പേജില്‍ മഹാനവര്‍കള്‍ തന്നെ ഹി. 806 ശവ്വാല്‍ മാസത്തിലെ വെളളിയാഴ്ച ദിവസം ഗ്രന്ഥത്തിന്റെ പകര്‍ത്തിയെഴുത്തില്‍ നിന്ന് വിരാമമിട്ടതായും അറബി ഭാഷയില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍  പകര്‍ത്തിയെഴുതിയ ഇതേ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ കൂട്ടിച്ചേര്‍ത്തിയ പേജില്‍ ഹി. 675ലാണ് ഈ കിതാബ് വഖ്ഫ് ചെയ്യപ്പെട്ടതെന്നും കാണുന്നു. പ്രസ്തുത എഴുത്ത് പേര്‍ഷ്യന്‍ ഭാഷയിലായതിനാലും പിന്നീട് കൂട്ടിച്ചേര്‍ത്തതാവാനാണ് കൂടുതല്‍ സാധ്യതയെന്നതിനാലും ഈ വര്‍ഷം ആധികാരിക തെളിവാണെന്ന് കരുതാന്‍ വയ്യ. ചുരുക്കത്തില്‍ ഹി. 806ല്‍ മുഹമ്മദ് ബ്നുഅബ്ദില്ലാഹില്‍ ഹള്‌റമി(റ) ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട് എന്നതില്‍ രണ്ടു പക്ഷമില്ല.

ഹള്‌റമിക്കു ശേഷം ഹി. 1181 (എഡി 1770)ല്‍ പൊന്നാനി തുന്നംവീട്ടില്‍ അഹ്‌മദ് മുസ്‌ലിയാര്‍ പളളിയില്‍ മുദരിസായിരുന്നു. വിവിധ വിജ്ഞാന ശാഖകളില്‍ അഗ്രഗണ്യരായ പ്രതിഭാധനരായ പണ്ഡിതര്‍ വലിയ കുളങ്ങര പളളിയില്‍ അധ്യാപനാധ്യായനങ്ങള്‍ നടത്തിയിട്ടുണ്ട്. വെളിയങ്കോട് ഉമര്‍ ഖാസി(റ) പ്രധാനമായും വിദ്യാര്‍ഥി കാലം ചെലവഴിച്ചത് ഇവിടെയായിരുന്നു. മഹാനവര്‍കള്‍ താനൂരിലൂടെ യാത്ര ചെയ്യുമ്പോഴെല്ലാം ഈ പളളി സന്ദര്‍ശിക്കുക പതിവായിരുന്നത്രെ. മമ്പുറം സയ്യിദ് അലവി തങ്ങളും ഈ പള്ളി സന്ദര്‍ശിക്കുകയും ദര്‍സിന്റെ ഉയര്‍ച്ചക്കായി പ്രാര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. ഹി. 1265ല്‍, മമ്പുറം തങ്ങളുടെ ശിഷ്യന്‍ ഔക്കോയ മുസ്‌ലിയാരും 1293ല്‍ പ്രമുഖ സൂഫിവര്യന്‍ അബ്ദുര്‍റഹ്‌മാന്‍ നഖ്ശബന്ദി(റ)യും പളളിയിലെ മുദരിസുമാരായിരുന്നു. വിഖ്യാത പണ്ഡിതന്‍ യൂസുഫുല്‍ഫള്ഫരി(റ), ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍(ന:മ), ഇരിമ്പാലശ്ശേരി കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍(ന:മ), ശംസുല്‍ ഉലമ(ന:മ) തുടങ്ങി മലബാറിലെ പണ്ഡിതനിരയിലെ പ്രമുഖരെല്ലാം ഈ പളളിയില്‍ ദര്‍സ് നടത്തിയവരാണ്.
 
വിശ്വവിഖ്യാതരായ പണ്ഡിതരുടെ സാന്നിധ്യത്തിനു പുറമെ ലോകത്ത് മറ്റെവിടെയും ലഭ്യമല്ലാത്ത പുരാതന കയ്യെഴുത്ത് പ്രതികളടക്കം എണ്ണൂറിലേറെ വരുന്ന കിതാബുകളുടെ ശേഖരമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികളെ ഇവിടേക്ക് ആകര്‍ഷിച്ചത്. ദര്‍സിന്റെ പഴക്കം രേഖപ്പെടുത്തിയ തന്‍ബീഹിനു പുറമെ, ഒന്നാം വാള്യത്തിന്റെ ആമുഖത്തിലും ഓരോ വരികള്‍ക്കിടയിലും എല്ലാ പേജിലെയും മാര്‍ജിനിലും സ്വര്‍ണം പൂശിയ ഇമാം നവവി(റ)യുടെ റൗള, ആഗോളതലത്തില്‍ തന്നെ മറ്റെവിടെയും പൂര്‍ണമായി ലഭ്യമായതായി വിവരമില്ലാത്ത  ഇംദാദ്, ഫതാവല്‍ആലങ്കീരിയ്യ, അഞ്ചു കിതാബുകള്‍ ഒരുമിച്ച്, അതിശയിപ്പിക്കുന്ന രീതിയില്‍ എഴുതപ്പെട്ട ജവാഹിറുല്‍ ഖംസ്, ഹദീസ്, തഫ്‌സീര്‍, അറബി വ്യാകരണ ശാസ്ത്രം, ഗോളശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങി വിവിധ ശാഖകളിലെ അനേകം കയ്യെഴുത്ത് പ്രതികള്‍ ഇവിടത്തെ ശേഖരത്തില്‍ സൂക്ഷിപ്പുണ്ട്. ആധുനിക കാലത്തേതു പോലെ അച്ചടിയും മറ്റും സജീവമല്ലാതിരുന്ന അക്കാലത്ത്, വിദ്യാര്‍ഥികള്‍ മനോഹരമായി പകര്‍ത്തിയെഴുതിയിട്ടായിരുന്നു കിതാബുകള്‍ പഠിച്ചതെന്നു മനസ്സിലാക്കാന്‍ കഴിയും. ഒരു കിതാബിനുളളില്‍ തന്നെയായി അമ്പതിലേറെ രിസാലകള്‍ വരെ ഉള്‍ക്കൊളളുന്ന നിരവധി സമാഹാരങ്ങളും ഇവിടെ സൂക്ഷിപ്പുണ്ട്. സമാഹാരങ്ങള്‍ക്കിടയിലും മറ്റും ഇര്‍ശാദുല്‍ ഇബാദ്, ഉംദതുസ്സാലിക്, മുര്‍ശിദുത്തുല്ലാബ് എന്നിവയുടെ നിരവധി കയ്യെഴുത്ത് പ്രതികള്‍ കാണാന്‍ ഗവേഷകനു കഴിഞ്ഞിട്ടുണ്ട്. പളളിയിലെ ദര്‍സില്‍ തസവ്വുഫിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയിരുന്നുവെന്ന് ഇതില്‍ നിന്നും ഗണിക്കാം.

നൂറുകണക്കിന് വിദ്യാര്‍ഥികളെ കൊണ്ടും അനുപമരായ ഗുരുസാന്നിധ്യം കൊണ്ടും സംഭവബഹുലമായിരുന്ന വലിയ കുളങ്ങര പളളി ദര്‍സ് മലബാര്‍ കലാപത്തിന്റെ തീക്ഷ്ണതയില്‍ ശക്തി ക്ഷയിച്ചു. 1921ല്‍ പളളിയിലെ മുദരിസ് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് മൗലാനാ പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ താനൂരിലേക്ക് കടന്നുവരികയും പ്രസ്തുത ദര്‍സ് കൂടുതല്‍ വിപുലീകരിച്ച് 1924ല്‍ ഇസ്‍ലാഹുല്‍ ഉലൂം അറബിക് കോളേജ് സ്ഥാപിക്കുകയും ചെയ്തു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള ദര്‍സ് വീണ്ടും പളളിയിലും കോളേജ് കെട്ടിടത്തിലുമായി നടന്നു. പില്‍ക്കാലത്ത്1996ല്‍ അറബിക് കോളേജ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സഹസ്ഥാപനമായി അഫിലിയേറ്റ് ചെയ്യപ്പെട്ടു. നിലവില്‍ പള്ളിയില്‍ ദര്‍സ് നടക്കുന്നില്ലെങ്കിലും  പ്രസ്തുത പാരമ്പര്യം നിലനിര്‍ത്താന്‍ ആഴ്ചയില്‍ ഒരു ദിവസം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി ഇസ്വ്‌ലാഹുല്‍ ഉലൂമിലെ വിദ്യാര്‍ഥികള്‍ക്ക് ദര്‍സ് നടത്തിവരുന്നു.

കോഴിക്കോട്

നൂറ്റാണ്ടുകളോളം മലബാറിന്റെ തലസ്ഥാനനഗരിയയായിരുന്ന കോഴിക്കോട് ഇസ്‌ലാമിക പ്രബോധനത്തിന്റെയും വൈജ്ഞാനിക പ്രസരണത്തിന്റെയും ആസ്ഥാനമായിരുന്നു. പൊന്നാനിക്കു മുമ്പേ ദര്‍സ് നിലനിന്നിരുന്ന, കോഴിക്കോട്ടെ പ്രധാന കേന്ദ്രമായ കുറ്റിച്ചിറ മിസ്‌കാല്‍ പള്ളി പ്രഗല്‍ഭരായ പണ്ഡിതമഹത്തുക്കള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.

ഹി. 785/ക്രി. 1385ല്‍ കുറ്റിച്ചിറയില്‍ ദര്‍സ് നടത്തിയവരാണ് ഖാളി സൈനുദ്ധീന്‍ റമളാന്‍ ശാലിയാത്തി(റ). മഹാനവര്‍കളുടെ ശേഷം വന്ന ഖാളി ഫഖ്‌റുദ്ധീന്‍ അബൂബകര്‍ ഇബ്‌നു റമളാന്‍ ശാലിയാത്തി(ന:മ)ല്‍ നിന്നാണ് സൈനുദ്ധീന്‍ മഖ്ദൂം കബീര്‍(റ) ശിഷ്യത്വം സ്വീകരിക്കുന്നത്. ഇരു ഖാളിമാരും ആകര്‍ഷണീയമായ പാഠ്യപദ്ധതി വികസിപ്പിച്ചിരുന്നു. ഖാളി ഫഖ്‌റുദ്ധീന്‍ അബൂബകര്‍(ന:മ) നിര്‍മിച്ച ദര്‍സീ സിലബസ് അസ്സില്‍സിലതുല്‍ ഫര്‍ഇയ്യ എന്ന നാമത്തിലാണ് അറിയപ്പെട്ടിരുന്നത്. താനൂരിനെ പോലെ കേരളത്തിലെ പ്രഥമ ദര്‍സു കേന്ദ്രങ്ങളിലൊന്നായി കുറ്റിച്ചിറ പളളിയും ഗണിക്കപ്പെടുന്നു. 

പൊന്നാനി

കേരളീയ മുസ്‌ലിസമൂഹത്തിന് വൈജ്ഞാനികമായും ആത്മീയമായും ശോഭ വിതറിയ മണ്ണാണ് പൊന്നാനി. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പൊന്നാനിയില്‍ താമസമാക്കിയ മഖ്ദൂം കുടുംബമാണ് ഈ നാടിനെ മതചൈതന്യത്തിന്റെ ഈറ്റില്ലമാക്കിയതും വിശ്രുതമായ പൊന്നാനി വലിയ ജുമുഅത്ത് പളളിയിലെ ദര്‍സ് സ്ഥാപിക്കുന്നതും. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തെ മഅ്ബര്‍ പ്രദേശത്തു നിന്നും കൊച്ചിയിലേക്കും പിന്നീട് പൊന്നാനിയിലേക്കും കുടിയേറിയ ഈ കുടുംബത്തിലെ കണ്ണികളാണ് കേരളക്കര ഇന്നാസ്വദിക്കുന്ന ശരീഅത്തിന്റെ നേരായ വഴി തെളിക്കുന്ന മതവിജ്ഞാനങ്ങളുടെ കൈമാറ്റത്തിന് ശില പാകിയത്. ഹി. 871ല്‍ ഭൂജാതനായ ശൈഖ് സൈനുദ്ധീന്‍ ബ്ന്‍ അലി ബിന്‍ അഹ്‌മദ് അല്‍ മഅ്ബരി എന്ന മഖ്ദൂം കബീര്‍(റ)വാണ് പൊന്നനി വലിയ ജുമുഅത്ത് പളളിയിലെ ദര്‍സിന് ഔദ്യോഗികഭാവം നല്‍കുന്നത്. ലോകോത്തര ശാഫിഈ പണ്ഡിതരില്‍ നിന്നും വിദ്യ അഭ്യസിച്ച മഹാനവര്‍കള്‍ ജ്ഞാനാന്വേഷണത്തിനു ശേഷം പൊന്നാനിയില്‍ തിരിച്ചെത്തുകയും വലിയ ജുമുഅത്ത് പളളി സ്ഥാപിച്ച് ദര്‍സ് തുടങ്ങുകയുമായിരുന്നു. 

ലോക പ്രസിദ്ധമായ ഈ ദര്‍സില്‍ പഠിക്കാന്‍ കേരളത്തിനു പുറമെ ശ്രീലങ്ക, മാലിദ്വീപ്, ഇന്തോനേഷ്യ തുടങ്ങി ഇതരരാജ്യങ്ങളില്‍ നിന്നു വരെ വിദ്യാര്‍ഥികള്‍ എത്തിയിരുന്നു. എ. ഡി 1800കളിലും ഇതരരാജ്യങ്ങളില്‍ നിന്ന് പൊന്നാനിയിലേക്ക് വിദ്യാര്‍ഥികള്‍ എത്തിയിരുന്നുവെന്ന് വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ പരാമര്‍ശിക്കുന്നുണ്ട്.  ഇന്നത്തെ സനദ് ദാനത്തിനു സമാനമായി ഔദ്യോഗികമായി 'മുസ്‌ലിയാര്‍' ബിരുദം നല്‍കുന്ന പ്രസിദ്ധമായ 'വിളക്കത്തിരുത്തം' ആരംഭിച്ചതും മഹാനവര്‍കളാണ്. മുന്‍കാലനൂറ്റാണ്ടുകളില്‍ കേരളത്തില്‍ അറിയപ്പെട്ട പ്രഗല്‍ഭ പണ്ഡിതരെല്ലാം വിളക്കത്തിരുന്നവരാണ്. വിവിധ ദേശങ്ങളില്‍ നിന്നായി നിരവധി പണ്ഡിതരില്‍ നിന്ന് അറിവ് നുകര്‍ന്നതിനാല്‍ പരമ്പരാഗത കിതാബുകളും മറ്റും ഉള്‍പ്പെടുത്തിയ പൊന്നാനി സിലബസും മഖ്ദൂം കബീറിന്റെ സംഭാവനയാണ്. പില്‍ക്കാലത്ത് ഉയര്‍ന്നു വന്ന ഇതര പളളി ദര്‍സുകളിലധികവും ഈ സിലബസാണ് അവലംബിച്ചിരുന്നത്. ഇന്നും ചിലയിടങ്ങളില്‍ ഇത് അവലംബിക്കുന്നു. ഫറങ്കിമഹല്‍ പണ്ഡിതര്‍ നിര്‍മിച്ച നിസാമിയ്യ സിലബസിന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് കേരളത്തില്‍ പ്രചാരം ലഭിക്കുന്നത്. ബാഖിയാത്തില്‍ പഠിച്ച പണ്ഡിതരിലൂടെയാണ് പ്രസ്തുത സിലബസ് കേരളത്തിലെത്തുന്നത്. മൗലാനാ ചാലിലകത്ത്(ന:മ) അടക്കമുളളവര്‍ ഈ സിലബസ് നടപ്പാക്കിയവരാണ്.

സൈനുദ്ധീന്‍ മഖ്ദൂം കബീര്‍(റ)യുടെ വിയോഗാനന്തരം (ഹി. 928) പുത്രന്‍ അബ്ദുല്‍ അസീസ് മഖ്ദൂം(റ)ആണ് ദര്‍സിന് കാര്‍മികത്വം വഹിച്ചത്. സൈനുദ്ധീന്‍ മഖ്ദൂം        സഗീര്‍(റ) മഹാനവര്‍കള്‍ക്ക് കീഴില്‍ വലിയ ജുമുഅത്ത് പളളിയില്‍ വെച്ച് വിദ്യ അഭ്യസിച്ചിട്ടുണ്ട്. പിന്നീട് തന്റെ പിതൃവ്യന്‍ കൂടിയായ ഗുരുവിനോടൊപ്പം തന്നെ പഠനാന്തരം പൊന്നാനിയില്‍ അധ്യാപനജീവിതം ആരംഭിക്കാനും സൈനുദ്ധീന്‍ മഖ്ദൂം സഗീറിന് ഭാഗ്യം ലഭിച്ചു. ഫത്ഹുല്‍ മുഈന്‍ അടക്കം നിരവധി വിഖ്യാത ഗ്രന്ഥങ്ങള്‍ രചിച്ച മഖ്ദൂം സഗീര്‍(റ) 36 വര്‍ഷം വലിയ ജുമുഅത്ത് പളളിയില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. സൈനുദ്ധീന്‍ മഖ്ദൂം അഖീര്‍(റ), ഉദ്ദാരം ഇസ്മാഈല്‍ മുസ്‌ലിയാര്‍, കേരളത്തിലെ പണ്ഡിതനേതൃത്വത്തിന്റെ ഗുരു പരമ്പരയില്‍ അദ്വിതീയ സ്ഥാനം വഹിക്കുന്ന തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാര്‍ തുടങ്ങിയവരെല്ലാം ഈ ദര്‍സിന്റെ സന്തതികളാണ്. വെളിയങ്കോട് ഉമര്‍ ഖാളി(റ), ശുജാഇ മൊയ്തു മുസ്‌ലിയാര്‍(റ) തുടങ്ങി കേളക്കരയിലെ പ്രഗല്‍ഭ പണ്ഡിതരെല്ലാം ഇവിടെ അധ്യാപനാധ്യായനങ്ങളില്‍ ഏര്‍പ്പെട്ടവരാണ്. 

ചാലിയം

പൊന്നാനിക്കു സമാനമായി ഇസ്‌ലാമികാധ്യാപനത്തിന്റെയും  സാമ്രാജ്യത്വവിരുദ്ധ ചലനങ്ങളുടെയും കേന്ദ്രമായിരുന്നു കോഴിക്കോടിനു സമീപത്തുളള ചാലിയം. ഇസ്‌ലാമിന്റെ ആദ്യകാലങ്ങളില്‍ തന്നെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ ദേശം ദീര്‍ഘകാലം കോഴിക്കോട് ഖാദിമാരുടെ ആസ്ഥാനമായിരുന്നു. ഇവിടുത്തെ പളളി ദര്‍സിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചാലിയത്തെ ചെറിയ പളളി, കണ്ട്‌റം പളളി തുടങ്ങിയവയിൽ വിശ്രുതരായ പണ്ഡിതരുടെ കീഴില്‍ ദര്‍സ് നടന്നിരുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ ചാലിയത്ത് ഏറ്റവും കൂടുതല്‍ കാലം ദര്‍സ് നടത്തിയ പണ്ഡിതനാണ് മമ്മുണ്ണി മുസ്‌ലിയാര്‍. ചാലിയം സിദ്ദീഖ് പളളിയില്‍ നാല്‍പ്പതു വര്‍ഷം അധ്യാപനം നടത്തിയ അദ്ദേഹം നാട്ടില്‍  മതരംഗത്ത് പരിവര്‍ത്തനം സൃഷ്ടിച്ചു.  പി. സി ഹംസ മൗലവി, ചാലിയം മൂസക്കുട്ട്യേടത്ത് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയ നിരവധി ശിഷ്യഗണങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
 
ചാലിയം ദര്‍സിന്റെ ചരിത്രത്തിലെ അവിസ്മരണീയ വ്യക്തിത്വമാണ് ഒ. കെ സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍. ഇടക്കാലത്തെ രണ്ടു വര്‍ഷത്തെ ഇടവേള ഒഴിച്ചു നിര്‍ത്തിയാല്‍ 1953 മുതല്‍ 1979 വരെ മഹാനവര്‍കള്‍ ചാലിയത്ത് സേവനമനുഷ്ടിച്ചു. കേരളത്തിലെ വിവിധ സുന്നി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നിരവധി പണ്ഡിതപ്രമുഖരെ സമൂഹത്തിന് സമര്‍പ്പിക്കാന്‍ മഹാനവര്‍കള്‍ക്ക് സാധ്യമായി. സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍(ന:മ), പൊന്‍മള ഫരീദ് മുസ്‌ലിയാര്‍(ന:മ), കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരെല്ലാം ചാലിയത്ത് മഹാനവര്‍കളുടെ സമീപത്ത് പഠനം നടത്തിയവരാണ്. സൈനുദ്ധീന്‍ മഖ്ദൂം കബീര്‍(റ)യുടെ ഗുരു ഖാദി ഫഖ്‌റുദ്ധീന്‍ അബൂബകര്‍ ഇബ്‌നു റമളാന്‍ ശാലിയാത്തി(ന:മ), അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍(ന:മ), നാദാപുരം അബ്ദുര്‍റഹ്‌മാന്‍ മുസ് ലിയാര്‍(ന:മ) തുടങ്ങിയവര്‍ ഇവിടെ ദര്‍സ് നടത്തിയ മറ്റു പ്രമുഖരാണ്. 

നാദാപുരം 

വൈജ്ഞാനികമായും ആത്മീയമായും വടക്കേമലബാറിലെ മുസ്‌ലിംകള്‍ക്ക് നേതൃത്വം നല്‍കിയ നാടാണ് നാദാപുരം. അതുകൊണ്ട് 'രണ്ടാം പൊന്നാനി' എന്നാണ് നാദാപുരം വിളിക്കപ്പെടുന്നത്. പൊന്നാനിക്കു സമാനമായി പളളി കേന്ദ്രീകരിച്ചായിരുന്നു നാദാപുരത്തും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ വികാസം. പാണ്ഡിത്യവും ആത്മീയതയും മുഖമുദ്രയാക്കിയ 'ഓറു'മാറായിരുന്നു ഈ ദേശത്തിന്റെ ജ്ഞാനപ്രസരണത്തിന് നേതൃത്വം നല്‍കിയത്. ഏറെ പഴക്കമുളള നാദാപുരം ജുമുഅത്ത് പളളി വിശ്രുതമായ ദര്‍സു കേന്ദ്രം കൂടിയായിരുന്നു. മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാര്‍(ന:മ), മലപ്പുറം മങ്കടക്കു സമീപത്തെ ചേരിയത്തുകാരനായ അഹ്‌മദ് ശീറാസി(ന:മ) (മലപ്പുറം ജില്ലയിലെ മങ്കടക്കു സമീപത്തുള്ള ചേരിയത്തിലേക്കു ചേര്‍ത്തിയാണ് ശീറാസി എന്നു വിളിക്കുന്നത്), ശംസുല്‍ ഉലമ കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍(ന:മ) തുടങ്ങി നിരവധി പണ്ഡിത വരേണ്യര്‍ നാദാപുരം കേന്ദ്രമാക്കി ജ്ഞാനപ്രസരണത്തിന് നേതൃത്വം നല്‍കിയവരാണ്. കിഴക്കയില്‍ മുഹമ്മദ്  മുസ് ലിയാര്‍(ന:മ) അടക്കം കേരളക്കര കണ്ട പരിണതപ്രജ്ഞരായ നിരവധി പണ്ഡിതര്‍ നാദാപുരം ദര്‍സിന്റെ സംഭാവനകളാണ്. അഹ്‌മദ് ശീറാസി(റ) രചിച്ച നിരവധി ഗ്രന്ഥങ്ങളുടെ ഹാശിയകള്‍ നാദാപുരം പളളിയില്‍ സൂക്ഷിച്ചിരിപ്പുണ്ടെന്ന് ചരിത്രപുസ്തകങ്ങളില്‍ കാണാം. എന്നാല്‍ പില്‍ക്കാലത്ത് അവയെല്ലാം ചിതലരിക്കപ്പെട്ടുവെന്നത് ഖേദകരമായ യാഥാര്‍ഥ്യമാണ്. നാദാപുരത്തിന് സമീപത്ത് കടമേരി ജുമുഅത്ത് പളളിയിലും ദര്‍സ് നടന്നിരുന്നു. ചിറക്കല്‍ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍(ന:മ)യുടെ നേതൃത്വത്തില്‍ നടന്ന പ്രസ്തുത ദര്‍സിന്റെ പുതിയ രൂപമാണ് 1976ല്‍ സ്ഥാപിതമായ കടമേരി റഹ്‌മാനിയ്യ അറബിക് കോളേജ്. 

പരപ്പനങ്ങാടി 

സമീപകാലത്ത് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമക്ക് നേതൃത്വം നല്‍കിയവരടക്കം നിരവധി പണ്ഡിതവരേണ്യരെ വാര്‍ത്തെടുത്ത ദേശമാണ് പരപ്പനങ്ങാടി. വലിയ ജുമുഅത്ത് പളളി, പനയത്തില്‍ പളളി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ദര്‍സുകള്‍ നിലനിന്നിരുന്നത്. കടലോരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വലിയ ജുമുഅത്ത് പളളിയില്‍ കോടഞ്ചേരി ഹാഫിള് അബൂബക്കര്‍ മുസ്‌ലിയാര്‍(ന:മ), കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ മുന്‍ അധ്യക്ഷന്‍ എന്‍. കെ മുഹമ്മദ് മുസ്‌ലിയാര്‍(ന:മ) തുടങ്ങി നിരവധി പ്രമുഖര്‍ ദര്‍സ് നടത്തിയിട്ടുണ്ട്. 

പനയത്തില്‍ പളളിക്കും നൂറ്റാണ്ടുകളുടെ ദര്‍സീപാരമ്പര്യമുണ്ട്. ഔക്കോയ മുസ്‌ലിയാര്‍(ന:മ), കോമു മുസ്‌ലിയാര്‍(ന:മ), പറവണ്ണ മുഹ്‌യിദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍(ന:മ), കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍(ന:മ) തുടങ്ങി അനേകം പണ്ഡിത മഹത്തുക്കള്‍ ഇവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. 

മുകളില്‍ പരാമര്‍ശിച്ച കേന്ദ്രങ്ങള്‍ക്കു പുറമെ കേരളീയ ദര്‍സീപാരമ്പര്യത്തിന്റെ ഉറവിടങ്ങളായി ഇസ്‌ലാമിക നവജാഗരണത്തിന് നേതൃത്വം നല്‍കിയ ദേശങ്ങള്‍ ഇനിയുമുണ്ട്. തളങ്കര ദര്‍സ് അടക്കം നിരവധി വൈാജ്ഞാനിക കേന്ദ്രങ്ങള്‍ അടങ്ങിയ കാസര്‍ഗോഡ്, തിരൂരങ്ങാടി ദര്‍സ്, പൊടിയാട് ദര്‍സ്, പൊന്‍മള ദര്‍സ് തുടങ്ങി കേരളീയ മുസ്‌ലിം സമൂഹത്തിന് നായകത്വം വഹിച്ച നിരവധി പണ്ഡിതരെ വാര്‍ത്തെടുത്ത ദര്‍സുകളെ കുറിച്ചും അവയുടെ പാരമ്പര്യത്തെ കുറിച്ചുമുളള പഠനങ്ങള്‍ ചരിത്രവിദ്യാര്‍ഥകള്‍ക്കു മുമ്പില്‍ പുതിയ വാതില്‍ തുറന്നിടുകയാണ്. 

ജീവിക്കുന്ന ഉറവിടങ്ങള്‍

കാലത്തിന്റെ പുരോഗതിക്കനുസരിച്ച്, പരമ്പരാഗതരരീതികളിലും മാറ്റം സംഭവിക്കുകയും ജ്ഞാനകൈമാറ്റം പളളികളില്‍ നിന്ന് അറബിക് കോളേജുകളിലേക്കും യൂണിവേഴ്‌സിറ്റികളിലേക്കും മാറുകയും ചെയ്തതോടെ പളളിദര്‍സുകള്‍ വംശനാശഭീഷണി നേരിടുകയാണ്. ഗാഢമായ ഗുരു-ശിഷ്യബന്ധവും അച്ചടക്കവും ധാര്‍മികബോധവും ജനസമ്പര്‍ക്കവും പകര്‍ന്നു നല്‍കുന്നവയാണ് പളളി ദര്‍സുകളെങ്കിലും വേണ്ടത്ര വിദ്യാര്‍ഥികളെ ലഭിക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഭൗതികതയോടുളള അമിതതാല്‍പര്യവും കാലദൈര്‍ഘ്യവും പുതിയകാലത്ത് ദര്‍സുകള്‍ക്ക് വിലങ്ങുതടിയാണ്.

എന്നാല്‍ പാരമ്പര്യത്തിന്റെ പഴമയും ആധുനികതയുടെ തനിമയും നിലനിര്‍ത്തി ഇന്നും നിരവധി ദര്‍സുകള്‍ കേരളത്തിന്റെ നിരവധി ഭാഗങ്ങളില്‍ നടന്നു വരുന്നു. സമസ്ത മുശാവറാംഗം അബ്ദുര്‍റഹ്‌മാന്‍ ഫൈസി അരിപ്ര നേതൃത്വം നല്‍കുന്ന ആലത്തൂര്‍പടി ദര്‍സ്, അബ്ദുല്‍ ഗഫൂര്‍ അന്‍വരിയുടെ കീഴില്‍ നടക്കുന്ന കോടങ്ങാട് ദര്‍സ് തുടങ്ങി അനേകം ദര്‍സുകള്‍ ദര്‍സീമേഖലയിലെ ശോഷണഹേതുകങ്ങള്‍ പരിശോധിച്ച് പോരായ്മകള്‍ പരിഹരിച്ചും സമന്വയ കരിക്കുലങ്ങളുടെ ഗുണാത്മകവശങ്ങള്‍ ഉള്‍പ്പെടുത്തിയും മുന്നോട്ടു പോകുന്നു. 

സംഗ്രഹം

മുസ്‌ലിം കൈരളി ഇന്ന് അനുഭവിക്കുന്ന സുന്ദരമായ മതാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പളളി ദര്‍സുകള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. ദര്‍സുകളിലൂടെ വളര്‍ന്ന തലമുറയാണ് മുന്‍കാലങ്ങളില്‍ ഉമ്മത്തിന് കാലാനുചിതമായി നേതൃത്വം നല്‍കിയത്. ഇന്ന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നതും. കടമേരി റഹ്‌മാനിയ്യ, ദാറുല്‍ ഹുദാ ചെമ്മാട്, വാഫി-വഫിയ്യ പോലെയുളള സമന്വയസ്ഥാപനങ്ങള്‍ക്ക് പോലും ശില പാകിയത് ദര്‍സിന്റെ സംഭാവനകളാണ്.
 
പഴയകാലത്ത് മാപ്പിള വീടുകളിലെ ഉമ്മമാര്‍ മഹല്ലിയും ഫത്ഹുല്‍ മുഈനും ഹൃദിസ്ഥമാക്കിയിരുന്നുവെന്നത് പളളി ദര്‍സുകളിലെ മുതഅല്ലിമുകള്‍ വിതച്ച മതനവോഥാനത്തിന്റെ മായാത്ത മുദ്രകളാണ്. ചെലവു കുടികളില്‍ കേവലം അന്നപാനാദികളുടെ ഭോജനം മാത്രമായിരുന്നില്ല നടന്നിരുന്നത്. ജ്ഞാന കൈമാറ്റങ്ങളും മതസംസ്‌കാരം പാഠങ്ങളും നല്കി ഉദാത്തമായ ജാഗരണത്തിന്റെ വെളിച്ചം കൂടി വിതറി. ഇന്ന് ചെലവുകുടികള്‍ അന്യമായതും ദര്‍സുകളില്‍ അടക്കം കാന്റീനുകള്‍ സ്ഥാപിതമായതും പളളി ദര്‍സുകള്‍ സൃഷ്ടിച്ച സംസ്‌കാരത്തെ എടുത്തു കളയുന്നുവെന്നത് പറയാതെ വയ്യ.   സമുദായം മതം പ്രായോഗികമായി പഠിക്കുന്നതിനും മഹല്ലുകളില്‍ മതബോധം വളര്‍ത്തുന്നതിനും ദര്‍സുകള്‍ നിലനിന്നേ മതിയാകൂ. ഒരേ സമയം ഒരൊറ്റ ശാഖയില്‍ വിവിധ കിതാബുകള്‍ പാരായണം ചെയ്തു തഹ്ഖീഖ് ആക്കുന്ന കേരളീയ ദര്‍സീ പാരമ്പര്യം കാലത്തിനനുസരിച്ചുളള കാതലായ മാറ്റങ്ങളോടെ പുനസൃഷ്ടിക്കുകയാണെങ്കില്‍ കൈമോശം സംഭവിച്ചു കൊണ്ടിരിക്കുന്ന മഖ്ദൂമി പൈതൃകത്തെ വീണ്ടെടുക്കാന്‍ ഉമ്മത്തിന് സാധിക്കുമെന്നത് തീര്‍ച്ചയാണ്.


റഫറന്‍സ്:
1. പൈതൃകത്തിന്റെ പതിനഡഞ്ചാം നൂറ്റാണ്ട്, എസ്. വൈ. എസ് അറുപതാം വാര്‍ഷിക സുവനീര്‍
2. പളളി ദര്‍സുകള്‍: മതവിജ്ഞാനത്തിന്റെ തനതു വഴി, അദ്‌നാന്‍ ഹുദവി മൂന്നിയൂര്‍
3. സത്യസാക്ഷികളാവുക, സമസ്ത 85ാം വാര്‍ഷിക സുവനീര്‍
4. എസ്. കെ. ജെ. എം അറുപതാം വാര്‍ഷിക സുവനീര്‍ 
5. മലയാളത്തിലെ മഹാരഥന്‍മാര്‍, നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍
6. കേരളീയ കര്‍മശാസ്ത്രം: ചരിത്രവും അടയാളങ്ങളും, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫിഖ്ഹ് ആന്‍ഡ് ഉസൂലുല്‍ ഫിഖ്ഹ്, ദാറുല്‍ ഹുദ ചെമ്മാട്. 
7. വെളിച്ചം: ഒരു ദേശത്തിന്റെ കഥ പറയുന്നു, ഇസ്വ്‌ലാഹുല്‍ ഉലൂം 90ാം വാര്‍ഷിക സുവനീര്‍
8. കുതുബ് ഖാന, ഇസ്വ്‌ലാഹുല്‍ ഉലൂം താനൂര്‍ (സന്ദര്‍ശനം, പരിശോധന)
9. അഭിമുഖം, ശംസുദ്ധീന്‍ ബാഖവി പാലക്കാട്
10. അല്‍ ജലാല്‍സ, ജ്ഞാനസൗരഭ്യത്തിന്റെ ധാര്‍മിക പരിസരം, ജലാലിയ്യ ദര്‍സ് വാര്‍ഷിക സനദ് ദാന സമ്മേളന ഉപഹാരം, വില്ല്യാപ്പള്ളി.
11. കോഴിക്കോട്ടെ മുസ്‌ലിങ്ങളുടെ ചരിത്രം, പി. മമ്മദ്‌കോയ പരപ്പില്‍ 
12. പൊന്നാനിയും മഖ്ദൂമൂം, ഹുസൈന്‍ രണ്ടത്താണി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter