റോളണ്ട് മില്ലറുടെ മാപ്പിളചരിത്രമെഴുത്ത്
1976 ലാണ് റോളണ്ട് എറിക് മില്ലറുടെ 'കേരളത്തിലെ മാപ്പിള മുസ്‌ലിംകള്‍: ഇസ്‌ലാമിക പ്രവണതകളിലൊരു പഠനം' (Mappila Muslims of Kerala: A Study in Islamic Trends) പുറത്തുവരുന്നത്. വ്യത്യസ്തമായ പഠനരീതികളിലൂടെയും ഉള്ളടക്കത്തിലും ശ്രദ്ധേയമായ കൃതി ഒന്നുകൂടി ശ്രദ്ധയാകര്‍ഷിച്ചത് 1992ല്‍ പുറത്തിറങ്ങിയ അതിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിലൂടെയായിരുന്നു. 'മാപ്പിളപഠനങ്ങള്‍' എന്ന ജനുസ്സ് അക്കാദമികമായി രൂപപ്പെട്ടുവരുന്ന സമയത്ത്, അന്തര്‍ദേശീ യതലത്തില്‍ അതിന് ശ്രദ്ധ നേടിക്കൊടുക്കുംവിധമുള്ള ഗവേഷണപഠനങ്ങളില്‍ കാലഗണന കൊണ്ട് മുന്നിട്ടുനില്‍ക്കുന്നു ഈ കൃതി. ശേഷം എഴുതപ്പെട്ട മാപ്പിളപഠനഗ്രന്ഥങ്ങള്‍ക്ക് വലിയൊരു വഴികാട്ടി മാത്രമായിരുന്നില്ല മില്ലര്‍, മാപ്പിളമാരിലേക്ക് പാശ്ചാത്യ അക്കാദമിക വൃന്ദത്തിന്റെ ശ്രദ്ധ ക്ഷണിച്ചതുതന്നെ അദ്ദേഹമായിരുന്നുവെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. 1921നു ശേഷമുള്ള മാപ്പിള മത സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക ജീവിതങ്ങളെക്കുറിച്ച് അക്കാദമികമായ പഠനം വളരെ വിരളമായേ എഴുതപ്പെട്ടിട്ടുള്ളൂ എന്ന് മലപ്പുറം കത്തിയുടെ മുന്‍ഭാഗങ്ങളിലൊന്നില്‍ നാം പറഞ്ഞുവച്ചിട്ടുണ്ട്. ആ അധ്യായത്തിന്റെ അവസാനത്തില്‍ അപവാദമായി നിരത്തിയ കൃതികളില്‍ പ്രധാനം മില്ലറുടെ ഗവേഷണ പ്രബന്ധമായിരുന്നു. 1921ലെ മലബാര്‍ കലാപത്തിനും 1947ലെ സ്വാതന്ത്ര്യലബ്ധിക്കും 1956ലെ കേരളരൂപീകരണത്തിനും ശേഷമുള്ള മാപ്പിളമാരുടെ ജീവിതവൃത്തങ്ങള്‍ നിരവധി സമൂലമായ മാറ്റങ്ങള്‍ക്കും ആശയപരിവര്‍ത്തനങ്ങള്‍ക്കും വിധേയമായിരുന്നല്ലോ. അവയെല്ലാം എല്ലാ സങ്കീര്‍ണതകളോടെയും ലളിതമായി അവതരിപ്പിച്ചു മില്ലര്‍ തന്റെ കൃതിയില്‍.
സമകാലിക ചരിത്രം (ഇീിലോുീൃമൃ്യ ഒശേെീൃ്യ) കേരള ചരിത്രരചനയിലും മാപ്പിള ചരിത്രരചനയിലും വേണ്ടത്ര വികസിച്ചിട്ടില്ലെന്നും നാം മുമ്പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. മലബാര്‍ മുസ്‌ലിംകളുടെ കാര്യത്തില്‍, മില്ലറുടെ കൃതി ഉണ്ടായിരിക്കുവോളം കാലം അത്തരമൊരു അവികാസം ഒരുപരിധിവരെ പരിഹരിക്കപ്പെടുമെന്ന് തീര്‍ച്ചയാണ്-അദ്ദേഹത്തിന്റെ കൃതിക്ക് മുമ്പും ശേഷവും അത്തരമൊരു തുടര്‍ച്ചയോ മുന്‍മാതൃകകളോ ഉണ്ടായിട്ടില്ലെങ്കില്‍ പോലും. ഹാര്‍ട്ട്‌ഫോര്‍ഡ് സെമിനാരി ഫൗണ്ടേഷനില്‍ പി.എച്ച്.ഡിക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ട ഗവേഷണപ്രബന്ധമാണ് മില്ലറുടെ 'കേരളത്തിലെ മാപ്പിള മുസ്‌ലിംകള്‍'. ഡോ. വില്ലെം ബിജലെഫെല്‍ഡിന്റെ കീഴില്‍ 1970 കളുടെ തുടക്കത്തിലായിരുന്നു ഗവേഷണം നടത്തപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ, വിശകലനങ്ങളില്‍ നല്ലൊരു ശതമാനവും 1970കളുടെ ആദ്യപകുതി വരെയുള്ള മാപ്പിളജീവിതങ്ങളിലെ സംഭവവികാസങ്ങളെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍, 1992 ല്‍ പ്രസാധകര്‍ കൃതി പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍, കാലാനുഗതമായി വിവരങ്ങള്‍ പരിഷ്‌കരിക്കാനും, 1976 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ മാപ്പിളജീവിത്തില്‍ സംഭവിച്ച മതപരവും രാഷ്ട്രീയവും സാമൂഹികവും സാമുദായികവുമായ പരിവര്‍ത്തനങ്ങളെക്കുറിച്ച് പുതിയ അധ്യായം ചേര്‍ക്കാനും മില്ലര്‍ മുന്നോട്ടുവന്നു. ഇത് കൃതിയെ കൂടുതല്‍ കാലോചിതവും കാലികപ്രസക്തവുമാക്കി നിലനിര്‍ത്താന്‍ സഹായകമായി. 1921 ന് ശേഷം കേരള മുസ്‌ലിംകളില്‍ സംഭവിച്ച പ്രധാനമായ ഒരു മാറ്റം, പൊതുസമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറിനിന്ന് മാപ്പിളമാര്‍ തങ്ങളിലേക്ക് തന്നെ ഒതുങ്ങിക്കൂടുകയും സാമുദായികമായ ധ്രുവീകരണങ്ങള്‍ വര്‍ധിക്കുകയും മതപരമായ കാര്യങ്ങളില്‍ ചേരിതിരിഞ്ഞുള്ള ശക്തമായ സംവാദങ്ങള്‍ കൊടുമ്പിരി ക്കൊള്ളുകയും ചെയ്തു എന്നതാണ്. അതുകൊണ്ടുതന്നെ, മതം എന്ന സംവര്‍ഗത്തിന്റെ സ്വാധീനം സമൂഹം എന്ന പൊതുതത്വത്തേക്കാള്‍ കൃതിയിലെമ്പാടും പ്രകടമാണ്.
പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ മുഖവുരയില്‍ മില്ലര്‍ കൃതജ്ഞത രേഖപ്പെടുത്തുന്നവരുടെ മതപരമോ സാമുദായികമോ ആയ സ്വത്വം ഇത് അടിവരയിടുകയും ചെയ്യുന്നു. പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ഇ. അബൂബക്കര്‍ മുസ്‌ലിയാര്‍, സി.എന്‍. അഹ്മദ് മൗലവി, സി.പി. അബൂബക്കര്‍ മൗലവി, ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍, കെ.എ. ജലീല്‍, പി.പി. ഹസന്‍ കോയ എന്ന മാപ്പിളനേതൃത്വത്തിലെയും പാണ്ഡിത്യത്തിലെയും സജീവസാന്നിധ്യങ്ങളാണ് കൃതിയുടെ ഉള്ളടക്കപരമായ ചട്ടക്കൂടുകളെ നല്ലൊരു ശതമാനവും നിര്‍ണയിച്ചിരിക്കുന്നത്. സമുദായത്തിന് പുറത്തുനിന്ന്, കേരളത്തില്‍ നിന്നും അദ്ദേഹം കൃതജ്ഞതയറിയിക്കുന്നത് ആധുനിക കേരളത്തിന്റെ പിതാവ് എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന കെ.പി. കേശവമേനോന്‍ മാത്രമാണ് എന്നത്, പുസ്തകത്തിന്റെ പ്രാഥമികസ്രോതസ്സുകളുടെ പ്രത്യേക കോണിലേക്കുള്ള ചായ്‌വ് മാത്രമല്ല സൂചിപിക്കുന്നത്, മറിച്ച്, കേരള മുസ്‌ലിംകളില്‍ 1920 കള്‍ക്കു ശേഷം സംഭവിച്ച സാമുദായികമായ ധ്രുവീകരണം കൂടിയാണ്. കേരളസമൂഹത്തിനകത്തുനിന്നോ മാപ്പിളസമൂഹത്തിനകത്തുനിന്നോ മുസ്‌ലിം സമൂഹത്തിനകത്തുനിന്നു തന്നെയോ ഉള്ള ഒരാള്‍, 1920കള്‍ക്ക് ശേഷമുള്ള മാപ്പിളമാരുടെ ചരിത്രത്തെക്കുറിച്ച് പഠിക്കാന്‍ ഒരുമ്പെട്ടാല്‍ സ്വാഭാവികമായ ചില പക്ഷംചേരലുകള്‍ ഒഴിവാക്കാനാവാതെ വരും.
പാരമ്പര്യവാദം, പരിഷ്‌കരണവാദം, സാമുദായികത, മതേതരത്വം തുടങ്ങിയ നിരവധി പ്രശ്‌നകലുഷിതമായ വിഷയങ്ങളാണ് ഏറെ സങ്കീര്‍ണതകളോടെ 20ാം നൂറ്റാണ്ടിലെ കേരളീയ ഇസ്‌ലാമില്‍ മുഴച്ചുനില്‍ക്കുന്നത്. അവയില്‍ ഇടപെടുമ്പോള്‍, ചരിത്രരചനയുടെ ആത്യന്തിക തത്വമായ പക്ഷരാഹിത്യം/നിഷ്പക്ഷത നിലപാടില്‍ സൂക്ഷിച്ചില്ലെങ്കിലും വിശകലനത്തില്‍ സൂക്ഷിക്കുക ഉപര്യുക്ത അസ്തിത്വങ്ങളില്‍ ഏതെങ്കിലുമൊന്നുള്ള ആള്‍ക്ക് വലിയ ബുദ്ധിമുട്ടാണ്. അവയൊന്നുമില്ലാത്ത മില്ലറുടെ പഠനം അതിനാല്‍ തന്നെ ചരിത്രരചനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ വലിയൊരളവുവരെ സൂക്ഷിക്കുന്നു. പ്രാസ്ഥാനികമായ നിരവധി പഠനങ്ങള്‍ സമകാലിക ചരിത്രരചനാ ജനുസ്സില്‍ പെടുമെന്ന് തോന്നുന്ന വിധം, വിവിധ പ്രസ്ഥാനങ്ങളുടെ ലേബലുകളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അവയെല്ലാം അപ്രസക്തമാകുന്നതും മില്ലറുടേത് പ്രസക്തമാകുന്നതും ചരിത്രരചനയുടെ പ്രാഥമികമായ ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. രണ്ടു ഭാഗങ്ങളും ഏഴ് അധ്യായങ്ങളുമായി ക്രമീകരിക്കപ്പെട്ട 'കേരളത്തിലെ മാപ്പിള മുസ്‌ലിംകള്‍' ആമുഖവും മൂന്ന് അനുബന്ധങ്ങളും ഉള്‍ക്കൊള്ളുന്നു. 'പാരമ്പര്യത്തിന്റെ പൈതൃകം', 'വര്‍ത്തമാനവുമായി മുഖാമുഖം' എന്നീ രണ്ടു ഭാഗങ്ങളില്‍ യഥാക്രമം രണ്ടും നാലും അധ്യായങ്ങള്‍ വീതമാണ് ഉള്‍ക്കൊള്ളുന്നത്. ആമുഖവും ആദ്യാധ്യായവും ഭാഗീകരണങ്ങള്‍ക്ക് പുറത്തു നില്‍ക്കുന്നു. മാപ്പിളമാരുടെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ഇടപാടുതലങ്ങള്‍ വേണ്ടതുപോലെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നു ഉണ്ടെങ്കില്‍ തന്നെ അവ കൃത്യമായ മുദ്രണങ്ങളോടെയായിരുന്നുവെന്നും ആമുഖത്തില്‍ പറയുന്നു. ഇന്ത്യന്‍ ഇസ്‌ലാമിനകത്ത് ഏറെ സവിശേഷതകളുള്ളവരും, രാഷ്ട്രീയം, വിദ്യാഭ്യാസം, സാമൂഹിക പുരോഗതി തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ആകമാനം ശ്രദ്ധയാകര്‍ഷിച്ചവരുമായ മാപ്പിളവിഭാഗത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് 1976 ല്‍ മില്ലര്‍ എഴുതി. തന്റെ കൃതി മാപ്പിളസമൂഹത്തിനകത്ത് സംഭവിച്ച പരിവര്‍ത്തനങ്ങളിലാണ് ഊന്നുന്നതെന്നും മറ്റു തലങ്ങള്‍ വിശദപഠനങ്ങള്‍ക്ക് വിധേയമാക്കണമെന്നും അദ്ദേഹം എഴുതുന്നു. 'മാപ്പിള മുസ്‌ലിംകളും അവരുടെ പരിസരങ്ങളും' എന്ന ആദ്യഅധ്യായം ആരംഭിക്കുന്നതുതന്നെ സമകാലികതയില്‍ നിന്നാണ്. സമകാലിക ചരിത്രരചന എന്ന ജനുസ്സിനെ അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിക്കാന്‍ പാരമ്പര്യം എന്ന ചരിത്രത്തിന്റെ ആദിമകതകള്‍ പിന്തിപ്പിക്കുന്നത് ഏറെ സഹായം ചെയ്യും.
കേരള സംസ്ഥാനത്തിന്റെയും മലയാളി സമൂഹത്തിന്റെയും മലയാള ഭാഷയുടെയും മലയാളിവ്യക്തിത്വത്തിന്റെയും കേരളത്തിന്റെ രാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങളുടെയും ഹ്രസ്വമായ വിശദീകരണങ്ങള്‍ നല്‍കിയാണ് മില്ലര്‍ മലബാറിലേക്കെത്തുന്നത്. മാപ്പിളമാരുടെ മതപരമായ പശ്ചാത്തലങ്ങള്‍ പരിശോധിക്കാന്‍, സഹോദരസമുദായങ്ങളായ ഹൈന്ദവ, ക്രൈസ്തവ വിഭാഗങ്ങളുടെ ചരിത്രപാരമ്പര്യങ്ങള്‍ കൂടി വിശകലനം ചെയ്യുന്നു. അധ്യായത്തിന്റെ അവസാനഭാഗത്ത് 'മാപ്പിള' എന്ന പേരിന്റെ ഉദ്ഭവചരിത്രവും വ്യത്യസ്താഭിപ്രായങ്ങളും മാപ്പിളമാരുടെ ജനസംഖ്യാപരമായ സ്ഥിതിവിവരക്കണക്കുകളും നല്‍കുന്നു. തുടര്‍ന്നാണ് ആദ്യഭാഗം ആരംഭിക്കുന്നത്. 'പാരമ്പര്യത്തിന്റെ പൈതൃകം' എന്ന് തലക്കെട്ടിടപ്പെട്ട ഈ ഭാഗത്ത് കേരളത്തിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ 1921-22ലെ മലബാര്‍ കലാപം വരെയുള്ള മാപ്പിളമാരുടെ പാരമ്പര്യത്തിന്റെ പോരാട്ടങ്ങളിലും വൈവിധ്യങ്ങളിലും അധിഷ്ഠിതമായ പൈതൃകം ചര്‍ച്ച ചെയ്യുന്നു. രണ്ട് അധ്യായങ്ങളില്‍ 'സാധര്‍മ്യത്തില്‍ നിന്ന് പ്രതിസന്ധിയിലേക്ക്: കേരളത്തിലെ ഇസ്‌ലാമിന്റെ ആവിര്‍ഭാവവും യൂറോപ്യന്‍ കാലഘട്ടത്തിന്റെ തുടക്കം വരെയുള്ള മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയും' ആണ് ആദ്യ അധ്യായം (പുസ്തകത്തിന്റെ ക്രമത്തില്‍ രണ്ടാമത്തെ അധ്യായം). കേരളവുമായുള്ള അറബികളുടെ വാണിജ്യ ബന്ധവും തീരദേശത്തെ ഇസ്‌ലാമിന്റെ ആവിര്‍ഭാവവും ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചതുമായി ബന്ധപ്പെട്ടുള്ള വിശ്വാസങ്ങളും അധ്യായത്തിന്റെ ആദ്യഭാഗത്ത് ചര്‍ച്ച ചെയ്യുന്നു. പതിനാറാം നൂറ്റാണ്ട് വരെയുള്ള മുസ്‌ലിം സമുദായത്തിന്റെ വളര്‍ച്ചയാണ് തുടര്‍ന്നുള്ള ഭാഗത്ത്. മസൂദി, ഇബ്‌നു ബത്തൂത്ത തുടങ്ങിയ സഞ്ചാരികളുടെ യാത്രാവിവരണങ്ങളും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ തുഹ്ഫതുല്‍ മുജാഹിദീനും ദ്യുവര്‍ത്തെ ബര്‍ബോസയുടെ കൃതിയും അവലംബിച്ചാണ് 'കേരളമുസ്‌ലിം ചരിത്രത്തിലെ ഇരുളടഞ്ഞ നൂറ്റാണ്ടുകള്‍' എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഈ കാലഘട്ടത്തെക്കുറിച്ച് മില്ലര്‍ എഴുതുന്നത്. മതപരിവര്‍ത്തനങ്ങളിലൂടെ സമുദായം എങ്ങനെ വികസിച്ചുവെന്നതാണ് കാര്യമായും ഈ ഭാഗത്ത് അന്വേഷണവിധേയമാകുന്നത്. പോര്‍ച്ചുഗീസ്, ഡച്ച് എന്നീ യൂറോപ്യന്‍ ശക്തികളുടെ ആഗമനവും ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ആവിര്‍ഭാവത്തിന്റെ ആദ്യകാലവും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ചര്‍ച്ച ചെയ്യുന്നു. കേരളമുസ്‌ലിംകളുടെ പോരാട്ടത്തിന്റെ ശോഭനകാലം എന്നു വിശേഷിപ്പിക്കപ്പെടുന്ന പതിനാറാം നൂറ്റാണ്ട് ഏറെക്കുറെ ആധികാരികമായി വിശകലനം ചെയ്തിട്ടുണ്ട് മില്ലര്‍. 'വിജയത്തില്‍ നിന്ന് ദുരന്തത്തിലേക്ക്: മൈസൂരിയന്‍ അധിനിവേശം മുതല്‍ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരേയുള്ള അന്തിമപോരാട്ടം വരെയുള്ള മാപ്പിളമുസ്‌ലിംകളുടെ വികാസം' എന്ന ഈ ഭാഗത്തെ രണ്ടാമധ്യായം (കൃതിയിലെ മൂന്നാം അധ്യായം) ശീര്‍ഷകം സൂചിപ്പിക്കുന്നതു പോലെ ഹൈദരാലിയുടെയും ടിപ്പുവിന്റെയും മലബാര്‍ അധിനിവേശം മുതല്‍ 1921-22ലെ മലബാര്‍ സമരത്തിന്റെ ദാരുണമായ അന്ത്യം വരെയുള്ള കാലഘട്ടത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
മൂന്ന് ഉപശീര്‍ഷകങ്ങളുള്ള ഈ അധ്യായത്തില്‍ യഥാക്രമം മൈസൂരിയന്‍ മുസ്‌ലിം ഭരണാധികാരികളും അവരുടെ ഭരണം വഴി മാപ്പിള മുസ്‌ലിംകള്‍ക്ക് 'കിട്ടിയ' നേട്ടങ്ങളും, ബ്രിട്ടീഷ് ആഗമനത്തോടെ മുസ്‌ലിംകളുടെ തകര്‍ച്ച തുടങ്ങുന്നതും അതിനെതിരേ സമുദായത്തിന്റെ ശക്തമായ പ്രതികരണങ്ങളും 1921ഓടെയുള്ള അവയുടെ ദാരുണമായ പര്യവസാനവും വിശകലന വിധേയമാകുന്നു. ഈ ഭാഗത്ത് മില്ലര്‍ ഉയര്‍ത്തുന്ന പല നിരീക്ഷണങ്ങളും തുടര്‍ന്നുള്ള ചരിത്രപഠനങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, മൈസൂര്‍ ഭരണകാലത്ത് മലബാറിലെ മുസ്‌ലിംകള്‍ നേട്ടമുണ്ടാക്കി എന്ന നിരീക്ഷണം കെ.എന്‍. പണിക്കര്‍ അടക്കമുള്ള ചരിത്രകാരന്മാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. എങ്കിലും, കലാപത്തിന്റെ അതിക്രൂരമായ അടിച്ചമര്‍ത്തലുകളിലൂടെ മാപ്പിളമാര്‍ വരുംകാലങ്ങളില്‍ അഭിമുഖീകരിച്ച സ്വത്വപ്രതിസന്ധികളെക്കുറിച്ചുള്ള മില്ലറുടെ വിശദീകരണം ശ്രദ്ധയര്‍ഹിക്കുന്നു. പുസ്തകത്തിന്റെ 'വര്‍ത്തമാനവുമായി മുഖാമുഖം' എന്ന രണ്ടാം ഭാഗമാണ് മാപ്പിളമാരുടെ സമകാലികചരിത്രരചന എന്ന ജനുസ്സിന്റെ പേരില്‍ പ്രശംസിക്കപ്പെടാന്‍ വഴിയൊരുക്കുന്ന മില്ലറുടെ സംഭാവന. നാല് അധ്യായങ്ങളിലായി കലാപാനന്തര മാപ്പിളജീവിതത്തിന്റെ വിവിധ തലങ്ങള്‍ സൂക്ഷ്മവിശകലനത്തിന് വിധേയമാക്കുന്നു അദ്ദേഹം. 1921 മുതല്‍ 1976 വരെയുള്ള കാലഘട്ടം ചര്‍ച്ച ചെയ്യുന്ന മൂന്ന് അധ്യായങ്ങള്‍ അടങ്ങുന്നതായിരുന്നു പുസ്തകത്തിന്റെ ആദ്യഘടന. മുകളില്‍ സൂചിപ്പിച്ചതു പോലെ, കൃതിയുടെ രണ്ടാം പതിപ്പില്‍, 1976 മുതല്‍ 1991 വരെയുള്ള 15 വര്‍ഷക്കാലത്തെ ചരിത്രസംഭവങ്ങള്‍ കൂടി ചേര്‍ത്ത് നാലാമധ്യായം തയ്യാറാക്കുകയായിരുന്നു. 'മാപ്പിള മുസ്‌ലിം സമുദായം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍' എന്നതാണ് ഈ ഭാഗത്തെ ആദ്യ അധ്യായം (കൃതിയിലെ നാലാം അധ്യായം). നാല് ഉപശീര്‍ഷകങ്ങളിലായി യഥാക്രമം രാഷ്ട്രീയം, മാപ്പിളമാരുടെ സാമുദായിക-അസ്തിത്വ ബോധങ്ങള്‍, സാമ്പത്തിക ഘടകങ്ങള്‍, ആധുനിക വിദ്യാഭ്യാസം എന്നിവ ചര്‍ച്ച ചെയ്യുന്നു. 1921 മുതല്‍ 1947 വരെയുള്ള കാലത്തിനിടക്ക് മുസ്‌ലിംകള്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നതും ഇന്ത്യാവിഭജനവും മാപ്പിളസ്ഥാന്‍ വാദവും 1948 മുതല്‍ 1972 വരെയുള്ള രാഷ്ട്രീയ ഇടപെടലുകളും ആദ്യഭാഗത്ത് ചര്‍ച്ച ചെയ്യുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള 'മുസ്‌ലിംലീഗുകളുടെ' രാഷ്ട്രീയമായ ഇടപെടലുകള്‍ സമുദായത്തിന്റെ അസ്തിത്വം രൂപപ്പെടുത്തുന്നതില്‍ എത്രത്തോളം പങ്കുവഹിച്ചുവെന്ന് മില്ലര്‍ എഴുതുന്നു. ഉത്തരേന്ത്യന്‍ മുസ്‌ലിംകളുമായുള്ള കേരള മുസ്‌ലിംകളുടെ ബന്ധങ്ങളും വര്‍ഗീയത എന്ന സാമൂഹിക വിപത്തിനെ മാപ്പിളമാര്‍ കൈകാര്യം ചെയ്തതിന്റെ സാക്ഷ്യങ്ങളും ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് ഇതിനോടുള്ള പ്രതികരണങ്ങളും ഉള്‍ക്കൊള്ളുന്നു തുടര്‍ന്നുള്ള ഭാഗം. തൊഴില്‍രാഹിത്യം, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളെ മാപ്പിളമാര്‍ അഭിമുഖീകരിച്ചതും കമ്മ്യൂണിസം മാപ്പിളമാര്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കിയതും സാമ്പത്തികമായി മാപ്പിളമാര്‍ നടത്തിയ വ്യവഹാരങ്ങളും ഉള്‍ക്കൊള്ളുന്ന ചരിത്രമെഴുത്താണ് തുടര്‍ന്നുള്ള ഭാഗത്ത്. അവസാനഭാഗത്ത് മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം എങ്ങനെ ജനകീയവത്ക്കരിക്കപ്പെട്ടു എന്നു പരിശോധിക്കുന്നു. മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് ഈ രംഗത്ത് മില്ലര്‍ കാര്യമായും ഊന്നുന്നത്. മാപ്പിളമാരുടെ മതകീയ ജീവിതമാണ് തുടര്‍ന്നുള്ള അധ്യായത്തില്‍ അന്വേഷണവിധേയമാകുന്നത്. 'പ്രതികരിക്കുന്ന സമുദായത്തിന്റെ ഇസ്‌ലാമികസ്വഭാവവും പരിവര്‍ത്തനത്തിനുള്ള അതിന്റെ സ്രോതസ്സുകളും' എന്ന ഈ അധ്യായം മൂന്ന് ഉപശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. മാപ്പിളസ്വഭാവം, മതകീയ ജീവിതം, സാമൂഹികാചാതനുഷ്ഠാനങ്ങള്‍, മാപ്പിള മതനേതാക്കള്‍, അവര്‍ തമ്മിലുള്ള ആശയവ്യത്യാസങ്ങള്‍, പാരമ്പര്യവാദവും പരിഷ്‌കരണ വാദവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍, മാപ്പിളസാഹിത്യം, സാഹിത്യകാരന്മാര്‍ തുടങ്ങിയവയെല്ലാം ഈ അധ്യായത്തില്‍ ചര്‍ച്ചിതമാകുന്നു. സാഹിത്യത്തിലൂന്നിയുള്ള അവസാനഭാഗം, മതം എന്ന സംജ്ഞയെക്കാളേറെ സംസ്‌കാരം/സാമൂഹികത എന്ന സംവര്‍ഗങ്ങളുമായാണ് കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് എന്നതിനാല്‍ തന്നെ, അധ്യായത്തിന്റെ പൊതുസ്വഭാവവുമായി ചേര്‍ന്നുപോകുന്നില്ല. ഏതായിരുന്നാലും, വിവിധ ഇരുപതുകള്‍ക്ക് ശേഷം കേരളഇസ്‌ലാമിനകത്ത് രൂഢമൂലമായ വിവിധ അവാന്തര വിഭാഗീയ ചര്‍ച്ചകളിലേക്ക് ചരിത്രപരമായ ഒരു ചെറുകവാടം തുറക്കാന്‍ മില്ലറിനാകുന്നു. കൂടുതല്‍ പഠനങ്ങള്‍ ആവശ്യപ്പെടുന്നു ഈ ഭാഗം. 'മാപ്പിള അനുഭവത്തിന്റെ പ്രാധാന്യം' എന്ന ആറാം അധ്യായം മാപ്പിളസമുദായത്തിനകത്തെ നന്മകളും ഗുണഗണങ്ങളും വ്യതിരിക്തകളും വരച്ചിടുന്നതിനോടൊപ്പം തന്നെ, അതിനകത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും വരച്ചുകാട്ടുന്നു. കഴിഞ്ഞ എട്ടുനൂറ്റാണ്ടുകാലം അമുസ്‌ലിംഭരണത്തിനു കീഴില്‍, സ്വന്തമായ അസ്തിത്വം നിലനിര്‍ത്തി ന്യൂനപക്ഷമായ ഇസ്‌ലാമിക സമൂഹമായി നിലനിന്നു എന്നതാണ് മാപ്പിളമാരുടെ ഏറ്റവും വലിയ പ്രാധാന്യം എന്ന് മില്ലര്‍ നിരീക്ഷിക്കുന്നു. 'കേരളത്തിലെ മുസ്‌ലിംകളുടെ ഭാവി ഒരിക്കലും ഇരുളടഞ്ഞതല്ല' എന്ന ഡോ.
ഗഫൂറിന്റെ പ്രസ്താവനയോടെയാണ് അദ്ദേഹം അധ്യായം അവസാനിപ്പിക്കുന്നത്. അവസാന അധ്യായം, നേരത്തേ സൂചിപ്പിച്ചുതുപോലെ 1976നും 1991 നുമിടയിലെ 15 വര്‍ഷക്കാലത്തിനിടക്ക് കേരള ഇസ്‌ലാമിനകത്ത് സംഭവിച്ച പരിവര്‍ത്തനങ്ങളെയും മാറ്റങ്ങളെയും വിലയിരുത്തുന്നു. മാപ്പിളമാരുടെ ജനസംഖ്യാപരമായ വര്‍ധന, വന്‍തോതിലുള്ള ഗള്‍ഫ് കുടിയേറ്റവും അതിന്റെ പ്രതിഫലനങ്ങളും, അവരുടെ മതപരമായ ജീവിതത്തിന്റെ പുതിയ തലങ്ങള്‍ എന്നിവയെല്ലാം ചര്‍ച്ച ചെയ്യുന്നു ഈ അധ്യായത്തില്‍. ഭൗതികവാദവും പരിഷ്‌കരണവാദവും വര്‍ഗീയതയും മാപ്പിളമാര്‍ക്കിടയില്‍ വളരുന്നതിനെ ചരിത്രപരമായി വിലയിരുത്തുന്നു. മാപ്പിളമാര്‍ക്കിടയില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അഭിപ്രായ അനൈക്യങ്ങളും വിഭാഗീയ ചര്‍ച്ചകളും ഈ ഒന്നര ദശാബ്ധത്തെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുന്നു അദ്ദേഹം. 'മാപ്പിള' എന്ന പേരിനെതിരേ സമുദായത്തിനകത്ത് തന്നെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധസ്വരങ്ങളെ വളരെ ആധികാരികമായി വരച്ചിടുന്നുണ്ട് അധ്യായത്തിന്റെ അവസാനഭാഗത്ത് അദ്ദേഹം. തങ്ങളുടെ അസ്തിത്വവുമായി മാപ്പിളമാര്‍ ഏറ്റുമുട്ടുന്നതിന്റെ ഏറ്റവും വലിയ പ്രകടനമായാണ് അദ്ദേഹം ഈയൊരു ചര്‍ച്ചയെ വിലയിരുത്തുന്നത്. മാപ്പിളചരിത്രത്തിന്റെ സമകാലികത പല തലങ്ങളിലും കോണുകളിലും അന്വേഷണവിധേയമാക്കി എന്നതാണ് മില്ലറുടെ 'കേരളത്തിലെ മാപ്പിള മുസ്‌ലിംകളു'ടെ വലിയ സവിശേഷത. സമകാലിക ചരിത്രരചന ഒരര്‍ത്ഥത്തില്‍ വളരെ ആയാസരഹിതമാണ്. പ്രാഥമിക സ്രോതസ്സുകളുടെ ധാരാളിത്തം നമ്മളെ ശരിക്കും കുഴക്കുക തന്നെ ചെയ്യും. സൈദ്ധാന്തികമോ വീക്ഷണപരമോ ആയ ദൃഢതകളാണ് അത്തരം സമയങ്ങളില്‍ നമുക്ക് ശക്തി പകരുക. അതേസമയം നിഷ്പക്ഷത എന്ന ചരിത്രരചനയുടെ അടിസ്ഥാനതത്ത്വം സമകാലിക ചരിത്രരചനകളില്‍ കൂടുതലായി നഷ്ടപ്പെടും. അത്തരമൊരു തലത്തില്‍ സമകാലിക ചരിത്രരചന വളരെ വിഷമം പിടിച്ച ഏര്‍പ്പാടുമാണ്.
ഈ രണ്ടു തലങ്ങളിലും മില്ലര്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. എങ്കിലും പല തലങ്ങളും അദ്ദേഹം തീരെ സ്പര്‍ശിക്കാതെ പോയത് സമകാലിക ചരിത്രരചനക്കകത്തുതന്നെ അദ്ദേഹം ഊന്നിയ പരിവര്‍ത്തനങ്ങളുടെ ചരിത്രത്തോട് ചെയ്യുന്ന നീതിയില്ലായ്മയായി അനുഭവപ്പെടുന്നു. അദ്ദേഹം അവഗണിച്ച തലങ്ങള്‍ പലതുണ്ട്. മാപ്പിളസ്ത്രീകളുടെ ചരിത്രപരമായ ഇടങ്ങളും പരിവര്‍ത്തനങ്ങളും ഒരുദാഹരണം. സമകാലിക ചരിത്രരചനയില്‍ അതത്ര വലിയ സങ്കീര്‍ണതയായിരുന്നില്ലെങ്കിലും, എന്തോ മില്ലര്‍ അതുപോലെ പല തലങ്ങളും തീരേ സ്പര്‍ശിക്കാതെ പോയിട്ടുണ്ട്. എങ്കിലും അദ്ദേഹം സജീവമാക്കിയ മാപ്പിളപഠനങ്ങള്‍ക്ക് അക്കാദമിക തലത്തില്‍ തുടര്‍ച്ചയുണ്ടായെങ്കിലും സമകാലിക ചരിത്രരചനയ്ക്ക് വേണ്ടത്ര തുടര്‍ച്ചകള്‍ ഉണ്ടായിട്ടില്ല എന്നത് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു. അത്തരം കുറവുകള്‍ പരിഹരിക്കുന്നതിനായിരിക്കണം പുതിയ ചരിത്രരചനാശ്രമങ്ങള്‍.
Leave A Comment