തീവ്രവാദികളെ സഹായിച്ച മുൻ കശ്മീർ  ഡി.വൈ.എസ്.പിയുമായി ബന്ധം: ബി.ജെ.പി മുൻ പഞ്ചായത്ത് പ്രസിഡണ്ട് അറസ്റ്റിൽ
ശ്രീനഗര്‍: തീവ്രവാദികളെ സഹായിച്ചതിന്റെ പേരിൽ പിടിയിലായ കശ്മീരിലെ മുന്‍ ഡി.വൈ.എസ്.പി ദേവീന്ദര്‍ സിങ്ങുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ജമ്മു കശ്മീരിലെ മുൻ പഞ്ചായത്ത് പ്രസിഡണ്ടും മുൻ ബി.ജെ.പി നിയമസഭ സ്ഥാനാർത്ഥിയുമായ താരിഖ് അഹമദിനെ പോലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ ഷോപിയാന്‍ മാല്‍ദറ ബിജെപി സര്‍പഞ്ച് ആണ് അറസ്റ്റിലായ താരിഖ് അഹമദ് മിര്‍. കഴിഞ്ഞ ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഞ്ചിയില്‍ നിന്നാണ് ഇയാൾ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചിരുന്നത്.

ദേവീന്ദറിനൊപ്പം പിടിയിലായ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദി നവീദ് ബാബുവിന് ആയുധങ്ങള്‍ എത്തിക്കുകയും സൈനികമായ വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നതിൽ താരിഖിനും പങ്കുണ്ടെന്നാണ് പോലീസ് ആരോപിക്കുന്നത്. ബാരാമുല്ലയിലെ ഇയാളുടെ ഗ്രാമത്തില്‍ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നും അന്വേഷണം നടക്കുകയാണെന്നും എന്‍.ഐ.എ അറിയിച്ചു.

ദേവിന്ദര്‍ സിങ്ങിനേയും നവീദ് ബാബുവിനേയും കാറില്‍ സഞ്ചരിക്കവേ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ നിന്ന് കഴിഞ്ഞ ജനുവരി 11നാണ് പൊലിസ് പിടികൂടിയത്. 2001 ലെ പാര്‍ലമെന്റ് അക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ ഇയാൾ ബലിയാടാക്കിയതാണെന്ന് പരക്കെ ആരോപണമുയർന്നിരുന്നു. പാർലമെന്റിൽ ആക്രമണം നടത്തിയ തീവ്രവാദികളിലൊരാളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനും അവിടെ താമസ സൗകര്യമൊരുക്കാനും സിങ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അഫ്‌സല്‍ ഗുരു തന്നെ അവകാശപ്പെട്ടിരുന്നുവെങ്കിലും അത് തെല്ലും പരിഗണിക്കപ്പെട്ടിരുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter