പശുക്കൊല; പെഹുലാഖാന് നീതി തേടി കുടുംബം ഡല്‍ഹിയില്‍

രാജസ്ഥാനിലെ ആള്‍വാറില്‍ പശുഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്‌ലുഖാന്റെ കുടുംബം നീതി തേടി ഡല്‍ഹിയില്‍ സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കുടുംബം പറഞ്ഞു. പെഹ്‌ലുഖാന്‍ വധത്തിലെ ആറ് പ്രതികള്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കി രാജസ്ഥാന്‍ പൊലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് കുടുംബം സമരം ഡല്‍ഹിയിലേക്ക് പറിച്ചു നട്ടത്.

സമരവേദിയിലെത്തും മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങുമായി കൂടിക്കാഴ്ച നടത്തിയ കുടുംബം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനവും നടത്തി. പിതാവിനെ ആക്രമിക്കുന്നതിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. ആ വീഡിയോയില്‍ കാണുന്നവര്‍ അല്ല തന്റെ പിതാവിനെ കൊന്നതെങ്കില്‍ പിന്നെ ആരാണെന്ന് പൊലീസ് പറയണമെന്ന് പെഹ്‌ലുഖാന്റെ മകന്‍ ഇര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.
പിതാവിനൊപ്പം തന്നെയും പശുഭീകരര്‍ ആക്രമിച്ചിരുന്നു. സംഭവത്തിലെ ഇരയും പിതാവിന്റെ കൊലപാതകത്തിലെ ദൃക്‌സാക്ഷിയുമാണ് താന്‍. എന്നിട്ടും ഒരിക്കല്‍പോലും രാജസ്ഥാന്‍ പൊലീസ് തന്നെ വിളിപ്പിക്കുകയോ പ്രതികളെ തിരിച്ചറിയാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. 13 പ്രതികളുള്ളതില്‍ ആറു പേര്‍ക്കാണ് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇവര്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് കൂടി ഭീഷണിയാണ്. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം നീതിക്കു വേണ്ടിയുള്ള നിയമപോരാട്ടം തുടരും. എന്നാല്‍ രാജസ്ഥാനിലാണെങ്കില്‍ അത് സാധ്യമാവില്ല. അതുകൊണ്ട് കേസ് രാജസ്ഥാന് പുറത്തേക്ക് മാറ്റണം. സുപ്രീംകോടതിയില്‍ മാത്രമാണ് ഇനി തങ്ങള്‍ക്ക് വിശ്വാസമുള്ളതെന്നും ഇര്‍ഷാദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
പെഹ്‌ലുഖാന്റെ ഭാര്യ ജെബുന, എട്ടു വയസ്സുള്ള മകന്‍ ഇന്‍സാദ്, അമ്മാവന്‍ ഹുസൈന്‍ ഖാന്‍, ബന്ധുക്കളായ ഹകാമദ്ദീന്‍, ജമീല്‍ അഹമ്മദ് എന്നിവരും സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter