ഇന്ത്യയിലെ മാന്ദ്യത്തിന് കാരണം മോദിയുടെ നയങ്ങള്‍; കടുത്ത വിമര്‍ശനങ്ങളുമായി ഡോ. മന്‍മോഹന്‍സിങ്
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിൽ മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രംഗത്ത്. സർക്കാരിന്റെ കെടുകാര്യസ്ഥ്യതയാണ് സാമ്പത്തിക തകർച്ചക്ക് കാരണമായതെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ അത്യന്തം ആശങ്കാജനകമെന്നും മന്‍മോഹന്‍സിങ് പറഞ്ഞു. ഏറ്റവും വേഗത്തില്‍ വളരാന്‍ കഴിയുന്ന സമ്പത്ത് വ്യവസ്ഥയായിരുന്നു ഇന്ത്യയുടേതെന്നും മോദി സര്‍ക്കാര്‍ അതിനെ തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിര്‍മ്മാണ മേഖലയുടെ വളര്‍ച്ച 0.6 ശതമാനമായി ഇടിഞ്ഞിരിക്കുന്നു. ഇത് തെളിയിക്കുന്നത് നോട്ട് നിരോധനത്തിലൂടെയും അശ്രദ്ധമായി നടപ്പാക്കിയ ജി.എസ്.ടിയിലൂടെയും തകര്‍ത്ത സാമ്പത്തിക സ്ഥിതിയില്‍ നിന്ന് ഇതുവരെ കരകയറാന്‍ സാധിച്ചിട്ടില്ലെന്നതാണ്. ആഭ്യന്തര കൊടുക്കല്‍ വാങ്ങലുകള്‍ 18 മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ആഭ്യന്തര വളര്‍ച്ചാ നിരക്കാണ് ഇപ്പോഴുള്ളത്. നികുതി വരുമാനത്തില്‍ ചോര്‍ച്ചയുണ്ടായിരിക്കുന്നു. ചെറുകിട ഇടത്തരം വ്യാപാരികള്‍ക്കുമേലുള്ള നികുതിഭാരം തുടരുകയാണ്. നിക്ഷേപകര്‍ സ്തബ്ധരായിരിക്കുകയാണ്. ഇതൊന്നുംതന്നെ സാമ്പത്തിക പുനരുദ്ധാരണത്തിനുള്ള അടിത്തറകളല്ല – ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴിലില്ലായ്മയുടെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ്. വാഹനവ്യാപര രംഗത്തുമാത്രം 3.5 ലക്ഷം തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതുപോലെ അസംഘടിത മേഖലയും സമാനമായ എണ്ണം തൊഴിലില്ലായ്മയാണ് സംഭവിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് ദ്രോഹം ചെയ്യുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. ഇന്ത്യന്‍ ഗ്രാമങ്ങള്‍ സാമ്പത്തിക ഭീകരാവസ്ഥയിലാണ്. കര്‍ഷകര്‍ക്ക് ആവശ്യത്തിനുള്ള വരുമാനം ലഭിക്കുന്നില്ല. നാണയപ്പെരുപ്പവും വിലക്കയറ്റവും സാധാരണക്കാരുടെയും കര്‍ഷകരുടെയും ജീവിതമാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. ജനസംഖ്യയുടെ 50 ശതമാനത്തിനെയും ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സാമ്പത്തിക സ്ഥാപനങ്ങള്‍ക്കുള്ള സ്വയംഭരണവകാശങ്ങള്‍ക്ക് മേല്‍ ആക്രമണം നടക്കുകയാണ്. റിസര്‍വ്വ് ബാങ്കിന്റെ 1.76 കരുതല്‍ ധനം നേടിയെടുത്തിട്ടും അതുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ -മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി. നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ അതിനെ സംഘടിത കൊള്ളയെന്നും അത് വഴി ജി.ഡി.പി രണ്ട് ശതമാനത്തോളം കുറയുമെന്നും മൻമോഹൻ സിങ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അന്ന് ഷവറിൽ കോട്ട് ധരിച്ച് കളിക്കുന്നയാളാണ് മൻമോഹനെന്ന് പരിഹസിക്കാനായിരുന്നു മോദി ശ്രമിച്ചത്. ഒടുവിൽ അദ്ദേഹം പ്രവചിച്ചത് പോലെ തന്നെ സംഭവിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter