സ്വീഡനിലെ കലാപം: ഉത്തരവാദികൾ കുടിയേറ്റക്കാരോ?
പരിശുദ്ധ ഖുർആൻ കത്തിക്കുകയും ഇസ്‌ലാമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തിട്ടും സ്വീഡനിലെ മുസ്‌ലിംകൾ സമാനമായ ഒരു നിയമവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. എങ്കിൽപോലും വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് സമാധാന രാഷ്ട്രമായിരുന്ന സ്വീഡൻ മുസ്‌ലിം അഭയാർത്ഥികൾ കടന്നുവന്നതോടെ സംഘർഷഭരിതമായിരിക്കുകയാണെന്നാണ്. ലോകത്തെ സ്വതന്ത്ര ചിന്തകരുടെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, സ്വതന്ത്ര ചിന്ത ഉണ്ടായാൽ കുറ്റകൃത്യങ്ങൾ കുറയും എന്നതിന് അവർ ഉദാഹരണം പറയുന്ന സ്വീഡനിൽ കലാപം നടന്നതിനെ മുസ്‌ലിംകളുടെ തലയിൽ വെച്ച് കെട്ടാനാണ് സ്വതന്ത്ര ചിന്തകരും ശ്രമിക്കുന്നത്. ഈ കലാപത്തെ നിക്ഷ്പക്ഷമായി വിലയിരുത്തിയാൽ വലത് പക്ഷ മുസ്‌ലിം വിരുദ്ധ പാർട്ടിയായ സ്ട്രാം കുർസാണ് ഈ കലാപത്തിന്റെ കാരണക്കാരെന്നും മുസ്‌ലിംകൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.
സ്ട്രാം കുർസും പാലുഡാനും
അയൽരാജ്യമായ ഡെന്മാർക്കിൽ 2017 ൽ സ്ഥാപിക്കപ്പെട്ട പാർട്ടിയാണ് സ്ട്രാം കുർസ്. കൊട്ടും കുരവയുമായി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ഡാനിഷ് ജനതയിൽ നിന്ന് ഇവർക്ക് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല . തെരഞ്ഞെടുപ്പിലെ നിയമവിരുദ്ധമായ പ്രവർത്തനംമൂലം പാർട്ടി 2022 വരെ നിരോധിക്കപ്പെടുകയും ചെയ്തു. നിരോധനത്തിൽ നിന്ന് രക്ഷനേടാൻ പേരുമാറ്റി 'ഹാർഡ് ലൈൻ' എന്ന പുതിയ പാർട്ടിയുമായി പഴയ പ്രവർത്തകർ രംഗത്തെത്തി.ഈ പാർട്ടിയുടെ പ്രധാന നേതാവാണ് റാസ്മുക് പാൽഡൻ. വംശീയ പ്രചരണം, മുസ്‌ലിം വിരുദ്ധ ക്യാമ്പയിൻ തുടങ്ങിയവയാണ് ഈ പാർട്ടിയുടെ മുഖമുദ്ര. മുസ്‌ലിം വിരുദ്ധ വിഷയങ്ങൾ യൂട്യൂബിലൂടെ പ്രചരിപ്പിക്കലാണ് പാൽഡാന്റെ പ്രധാന ഹോബി. ഇതിനെ തുടർന്ന് നിരവധി യുവാക്കളുടെ പിന്തുണയും അയാൾ കരസ്ഥമാക്കിയിട്ടുണ്ട്. 2019ൽ വംശീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ 14 ദിവസം ജയിലിലടക്കപ്പെട്ട പിന്നാമ്പുറവും ഇയാൾക്കുണ്ട്.
സ്വീഡൻ: അഭയാർഥികളുടെ സ്വപ്ന രാജ്യം
കാനഡക്കും ഓസ്ട്രേലിയക്കും ശേഷം ഏറ്റവും കൂടുതൽ അഭയാർത്ഥികളെ സ്വീകരിച്ച രാജ്യമാണ് സ്വീഡൻ. 2013- 2014 കാലയളവിൽ രാജ്യത്ത് കുടിയേറിയ മുഴുവൻ സിറിയൻ പൗരന്മാർക്കും സ്ഥിരതാമസത്തിന് സ്വീഡൻ സൗകര്യം നൽകി. 70,000 സിറിയക്കാർക്കാണ് ഇങ്ങനെ അവസരം ലഭിച്ചത്. 2015ൽ 1,62,000 അഭയാർത്ഥികൾ വീണ്ടും സ്വീഡനിലെത്തി. സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഭൂരിപക്ഷവും. അഭയാർഥികളെ സ്വീകരിക്കുന്ന ഈ പ്രവണത രാജ്യത്തെ ഭൂരിപക്ഷ ജനതയും താല്പര്യപ്പെട്ടിരുന്നെങ്കിലും കടുത്ത വർഗ്ഗീയ ചിന്താഗതി വെച്ചിരുന്ന ചെറിയ ന്യൂനപക്ഷം പക്ഷേ കുടിയേറ്റ വിരുദ്ധ സമീപനമായിരുന്നു ഇഷ്ടപ്പെട്ടത്. അതിനാൽ രാജ്യത്തേക്ക് അഭയാർഥികളെ പ്രവേശിപ്പിക്കരുത് എന്ന നിലപാടായിരുന്നു അവർ സ്വീകരിച്ചത്. കുടിയേറ്റ വിരുദ്ധ നയങ്ങൾ ഉയർത്തിപ്പിടിച്ച് നവനാസികൾ എന്നറിയപ്പെട്ട ഡെമോക്രാറ്റിക് പാർട്ടി പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തെത്തി. കുടിയേറ്റക്കാർ രാജ്യത്ത് അക്രമം സൃഷ്ടിക്കുന്നുവെന്ന് വ്യാപകമായി ഇവർ പ്രചരണം നടത്തിയിരുന്നു.ലോകത്ത് ഏറ്റവും കൂടുതൽ മുതൽ നികുതി അടക്കുന്ന രാജ്യങ്ങളിലൊന്നാണ് സ്വീഡൻ. ജനക്ഷേമ പ്രവർത്തനങ്ങൾ കൂടുതലുള്ള ഈ രാജ്യത്ത് അഭയാർഥികൾ കടന്നുവരുന്നതോടെ രാജ്യത്തിന്റെ വിഭവങ്ങൾ അവർ കവർന്നെടുക്കുമെന്നും അവർ രാജ്യത്തിന് ബാധ്യതയാവുമെന്നും ഈ പാർട്ടി പ്രചരണം നടത്തി. 2018 ലെ കണക്കനുസരിച്ച് സ്വീഡനിലെ തദ്ദേശവാസികൾക്കിടയിൽ 3.8% തൊഴിൽരഹിതരുള്ളപ്പോൾ വിദേശ കുടിയേറ്റക്കാർക്കിടയിൽ തൊഴിൽ രാഹിത്യം 15% ശതമാനമായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് കുടിയേറ്റക്കാർ രാജ്യത്തിന് ഭാരമാണെന്ന് വലത് പക്ഷ പ്രവർത്തകർ പ്രചരിപ്പിച്ചത്. ഈ പ്രചരണങ്ങൾ മൂലം പാർട്ടിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജർമനിയിലെ ആൾട്ടർനേറ്റീവ് ഫോർ ജർമനി, സ്പെയിനിലെ വോക്സ് തുടങ്ങിയ പാർട്ടികൾക്കും സമാനമായ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്
മാൽമയിലെ കലാപത്തിന് ഉത്തരവാദിയാര്?
ലോകത്തെ 150 കോടിയിലധികം ജനങ്ങൾ ഏറെ പവിത്രതയോടെ കാണുന്ന അവരുടെ മതഗ്രന്ഥമായ പരിശുദ്ധ ഖുർആൻ 300 വലതുപക്ഷ പ്രവർത്തകർ കത്തിക്കാനായി റാലി നടത്തുന്നു, ആ പരിപാടിയിലേക്ക് ഖുർആൻ മുമ്പ് കത്തിച്ച് കുപ്രസിദ്ധനായ ഒരു രാഷ്ട്രീയ നേതാവിനെ ക്ഷണിക്കുന്നു, അയാൾ രാജ്യത്തേക്ക് കടന്നാൽ അത് വലിയ കുഴപ്പങ്ങൾക്ക് കാരണമാകുമെന്ന് ഭയന്ന് പോലീസ് അധികൃതർ അതിർത്തിയിൽ വെച്ച് അയാളെ തടയുന്നു, തന്നെ തടഞ്ഞത് സമൂഹമാധ്യമങ്ങളിലൂടെ അയാൾ പുറത്തുവിടുന്നു, റാലിക്കെത്തിയവർ ഇതറിഞ്ഞ് നഗരത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു, പൊതുമുതൽ നശിപ്പിക്കുന്നു. ഇതിന് ഉത്തരവാദികൾ മുസ്‌ലിംകളത്ര! എത്രമാത്രം ബാലിശമായ വാദമാണിത്!മാധ്യമങ്ങളിലൂടെ സ്വീഡനിലെ കലാപത്തിന് ഉത്തരവാദികളായി കുടിയേറ്റക്കാരെ ചിത്രീകരിക്കുന്നവർ യാഥാർത്ഥ്യത്തെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതത്തിന്റെ പവിത്രമായ ഗ്രന്ഥം തെരുവിൽ കത്തിക്കപ്പെടുന്നതും പിച്ചിച്ചീന്തപ്പടുന്നതും ഇത്തരക്കാർക്ക് യാതൊരു പ്രശ്നവും ഇല്ല എന്ന് മാത്രമല്ല, അതെല്ലാം സ്വതന്ത്രചിന്തയുടെ ഭാഗമാണെന്ന് വാദിക്കുവാൻ കൂടി ഇവർ തയ്യാറായേക്കും.
സമാധാന രാഷ്ട്രമെന്ന് വിളിപ്പേരുണ്ടായിരുന്ന സ്വീഡനിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചത് ഈ വലതുപക്ഷ ശക്തികൾ അല്ലാതെ മറ്റാരാണ്? അന്യനെ വെറുക്കുന്ന സ്വഭാവം ഒരാളുടെ മനോരോഗം എന്നേ പറയാനാവൂ. ഇത്തരക്കാർ തങ്ങളുടെ മനസ്സിലുള്ള അഴുക്ക് സമൂഹമധ്യത്തിൽ പ്രചരിപ്പിക്കുകയും സമൂഹത്തെ പുരോഗതിയിൽ നിന്ന് പിറകോട്ട് വലിക്കുകയും ചെയ്യും. വെറുപ്പും വിദ്വേഷവും സാർവത്രികമാകുന്ന ഒരു സമൂഹത്തിന് എങ്ങനെയാണ് പുരോഗതിയിലേക്ക് നടക്കാനാവുക. ഇവർക്കെതിരെ പ്രവർത്തിക്കുന്ന കുടിയേറ്റക്കാർക്ക് അനുകൂല സമീപനം സ്വീകരിക്കുന്ന വലിയൊരു വിഭാഗം ജനത സ്വീഡൻ അടക്കമുള്ള മുഴുവൻ യൂറോപ്യൻ രാജ്യങ്ങളിലും ഉണ്ട്. ജർമനിയിൽ കുടിയേറ്റ വിരുദ്ധ സമരമെന്ന പേരിൽ പെഗിഡ മാർച്ച് സംഘടിപ്പിക്കപ്പെട്ടപ്പോൾ അതിലും വലിയ ജനകീയ പങ്കാളിത്തത്തോടെ ഇതിനെതിരായി ആന്റി പെഗിഡ മാർച്ച് അരങ്ങേറിയത് നന്മ വറ്റാത്ത ഹൃദയങ്ങൾ ഈ രാജ്യങ്ങളിൽ ഭൂരിപക്ഷമാണെന്നാണ് തെളിയിക്കുന്നത്. ഈ വലതുപക്ഷ ശക്തികൾ വരിഞ്ഞുമുറുക്കുന്നതിനു മുമ്പ് അവ നിർമാർജനം ചെയ്യാൻ യൂറോപ്പിലുള്ള നന്മ നിറഞ്ഞ ജനവിഭാഗങ്ങൾ മുന്നിട്ടിറങ്ങിയേ തീരേ.
Leave A Comment