ദാദ്രി സംഭവം: സംഘ്പരിവാറിന്റെ ചിരിയും മോദിയുടെ മൗനവും
ഇന്ത്യയുടെ മതേതരത്വ സങ്കല്‍പത്തെയും മത ന്യൂനപക്ഷ അവകാശങ്ങളെയും കാറ്റില്‍പറത്തുംവിധം യു.പിയിലെ ദാദ്രിയില്‍ നടന്ന അതി ദാരുണമായ അരുംകൊല ഒരിക്കല്‍കൂടി മോദി ഭരണകൂടത്തിന്റെ മുഖംമൂടി അഴിച്ച് വര്‍ഗീയതയുടെ ചൂര് പുറത്ത് കൊണ്ടുവന്നിരിക്കുന്നു. ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖ് എന്ന വയോധികനെ വീട്ടില്‍ നിന്നും വലിച്ച് പുറത്തിറക്കി മരിക്കുംവരെ സ്വന്തം കുടുംബങ്ങള്‍ക്കു മുമ്പില്‍വെച്ച് തല്ലിച്ചതക്കുകയും മകനെ മാരകമാംവിധം ആക്രമിക്കുകയും ചെയ്യുകവഴി ഇന്ത്യയിലെ നിരപരാധികളായ സാധാരണക്കാരന്റെ ജീവിതംപോലും ഭീഷണിയുടെ നിഴലില്‍ അകപ്പെട്ടിരിക്കുന്നു. തലസ്ഥാന നഗരിയോട് ഏറെ അകലെയല്ലാത്ത ഒരു സ്ഥലത്ത് രാജ്യത്തെ നടുക്കുംവിധം ഇത്തരമൊരു കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മോദി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും കുറ്റകരമായ മൗനം തുടരുകയാണ്. അതിനിടെ സ്ഥലത്തെ പ്രധാന ദിവ്യന്മാരായ ബി.ജെ.പി അധികാരികള്‍ സംഭവത്തെ നിസ്സാരവല്‍കരിക്കാനും സ്വാഭാവികമെന്ന് മുദ്രകുത്തി എഴുതിത്തള്ളാനുമാണ് ഒരുമ്പെട്ടിരിക്കുന്നത്. ബി.ജെ.പി. സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ ഇതിനെ കേവലം ഒരു സംഭവമായും മറ്റു ചില നേതാക്കള്‍ കുട്ടിക്കളിയായും മാത്രം ഇതിനെ മാധ്യമങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിച്ചുകഴിഞ്ഞു.
സര്‍ക്കാര്‍ സംരക്ഷണത്തില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയെന്ന മോദി ഭരണകൂടത്തിന്റെ ചിരകാല പദ്ധതികളില്‍ പുതിയൊരു അദ്ധ്യായമായേ ഇതിനെ കണക്കാക്കാനാകൂ. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തുടര്‍ ദിവസങ്ങളില്‍ പൂറത്തുവന്നതോടെ ഇക്കാര്യം ഏറെ വ്യക്തമാവുകയും ചെയ്തു. നാട്ടുകാരോടും മറ്റു മതസ്ഥരോടും തികഞ്ഞ സൗഹാര്‍ദത്തിലും സഹകരണത്തിലും ജീവിച്ചു പോന്ന കുടുംബമായിരുന്നു അഖ്‌ലാഖിന്റെത്. തന്റെ അടുത്ത സുഹൂത്തുക്കളിലും ഹൈന്ദവരുണ്ടായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് രക്തക്കൊതിയുമായി വര്‍ഗീയ കോമരങ്ങള്‍ തനിക്കെതിരെ പാഞ്ഞടുത്തപ്പോഴും അഖ്‌ലാഖ് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അവസാനമായി ഫോണ്‍ ചെയ്തതും മനോജ് സിസോദിയ എന്ന തന്റെ കുട്ടിക്കാല സുഹൃത്തുക്കളിലൊരാളെയായിരുന്നു. പക്ഷെ, അദ്ദേഹം ഓടിയെത്തിയപ്പോഴേക്കും നിസ്സഹായനായി മരണത്തെ അഭിമുഖീകരിക്കേണ്ടി വന്ന സുഹൃത്തിനെയാണ് കാണാന്‍ കഴിഞ്ഞത്.
പ്രത്യേകം കാരണങ്ങളോ ഹേതുവോ ഇല്ലാതെ, ചിലര്‍ മുന്‍കൂട്ടിതീരുമാനിച്ച ഒരു പദ്ധതിയുടെ ഭാഗമായിട്ടാണ് ദാദ്രിയിലെ കൊലപാതകം അരങ്ങേറിയത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അഖ്‌ലാഖ് വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന് പൂജാരി അടുത്ത ക്ഷേത്രത്തില്‍നിന്നും അനൗണ്‍സ്‌മെന്റ് ചെയ്തത് ഈ നാടകത്തിന്റെ ഭാഗമായിട്ടായിരുന്നു. സംഭവ ശേഷം പോലീസ് ചോദ്യം ചെയ്തപ്പോള്‍ അതിനു പിന്നിലെ കഥകള്‍ പൂജാരി തത്ത പറയുന്ന പോലെ തുറന്നു പറയുകയും ചെയ്തു. സ്ഥലത്തെ സംഘ്പരിവാരങ്ങളുടെ പ്രേരണയോടെയായിരുന്നുവത്രെ അദ്ദേഹം ഇത് പറഞ്ഞിരുന്നത്. കുറ്റവാളികളില്‍ ചിലര്‍ പിടിക്കപ്പെട്ടപ്പോള്‍ അവിടത്തെ ബി.ജെ.പി നേതാവിന്റെ മകനും ഇതില്‍ പങ്കാളിയാണെന്ന കണ്ടെത്തിയത് ഘൂടാലോചനയുടെ ആഴവും വേരുകളും തുറന്നുകാട്ടുന്നു.
മുമ്പേ തീരുമാനിച്ച നാടകത്തിന്റെ വിവിധ സീനുകളായതുകൊണ്ടുതന്നെ സംഭവം നടന്ന നിമിഷംമുതല്‍ ഇതിനോടുള്ള ഉദ്ധ്യോഗസ്ഥരുടെയും പോലീസുകാരുടെയും സമീപനങ്ങളും തീര്‍ത്തും സംശയകരമായിരുന്നു. കൊലപാതകത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രതികളെ പിടിക്കാന്‍ രംഗത്തിറങ്ങുന്നതിനു പകരം മാംസം പശുവിന്റെതാണോ ആടിന്റെതാണോ എന്ന് പരിശോധിക്കാന്‍ ലാബിലേക്ക് അയക്കുന്ന തിരക്കിലായിരുന്നു അവര്‍. ഇതിന്റെ പിന്നിലെ പ്രധാന കണ്ണികളിലൊരാളായേക്കാവുന്ന പൂജാരിയെ വെറുതെ വിടുകയും ചെയ്തു. പരിശോധന ശേഷം മാംസം ആടിന്റെതാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും സംഭവത്തിനു പിന്നിലെ ഗൂഢാലോചനയും ഗൗരവവും കണക്കിലെടുക്കാതെ പ്രശ്‌നത്തിന്റെ ഊന്നല്‍ മറ്റു ചില വിഷയങ്ങളിലേക്കു നീക്കി അന്വേഷണത്തെ വഴിതിരിച്ചു വിടാനും കൊലപാതകത്തിന്റെ ഗൗരവം ലഘൂകരിച്ചുകാട്ടാനുമുള്ള തത്രപ്പാടിലാണ് അവര്‍ ഇപ്പോള്‍. മാംസം പശുവിന്റെതല്ലെങ്കില്‍ നിങ്ങള്‍ എന്റെ ബാപ്പയെ തിരിച്ചുതരുമോ എന്ന അഖ്‌ലാഖിന്റെ മകള്‍ സാജിതയുടെ പോലീസിനോടുള്ള ചോദ്യം ഉത്തരം നല്‍കപ്പെടാതെ, അഹങ്കാരത്തിനെതിരെയുള്ള നിഷ്‌കളങ്കതയുടെ ഒരു ആഞ്ഞുപറച്ചിലായി ഇ്‌പ്പോഴും മുഴച്ചുനില്‍ക്കുന്നു.
മൗനമാണ് ഫാഷിസത്തിന്റെ ഏറ്റവും വലിയ ആയുധം എന്ന സത്യം ഒരിക്കലൂടെ പുലരുകയാണിവിടെ. ഗോ ദൈവമാണെന്നും ഗോ മാംസം നിഷിദ്ധമാണെന്നുമുള്ള വരേണ്യ ഹിന്ദു വിശ്വാസത്തെ മൗനത്തിന്‍ പുറത്ത് ഇന്ത്യന്‍ ജനതയുടെ മൊത്തം നിലപാടാക്കാനുള്ള കുത്സിത ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കനുന്നത്. ആര്‍.എസ്.എസ്സും സംഘ്പരിവാറും മോദിക്കുപിന്നില്‍ റാന്‍ മൂളികളോ വഴിനടത്തിപ്പുകാരോ ആയി നിലകൊള്ളുമ്പോള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യം ബി.ജെ.പിയുടെ അടുക്കളയിലെ കുശിനിപ്പണിയായി മാറുന്നത് ഏറെ അപകടകരമാണ്. വേണ്ടതിനും വേണ്ടാത്തതിനും നാവിട്ടുതല്ലുന്ന മോദിയുടെ അര്‍ത്ഥഗര്‍ഭമായ മൗനമാണ് മതേതര ഇന്ത്യയില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ ഭാവിക്കുമുമ്പില്‍ വലിയ ഭീഷണിയായി ഉയര്‍ന്നുനില്‍്ക്കുന്നത്. മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പൗരന്മാരെ കഭളിപ്പിക്കാനെന്നോണം ഭരണഘടനയാണ് എന്റെ മതം എന്ന വാചകക്കസര്‍ത്തുമായാണ് മോദി ഭരണത്തിലേറിയതെങ്കില്‍ ആര്‍.എസ്.എസ്സും സംഘ്പരിവാറുമാണ് തന്റെ മതമെന്ന യാഥാര്‍ത്ഥ്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് തന്റെ വാഴ്ചക്കാലത്ത് നാടിന്റെ നാനാഭാഗത്തും നടന്നുകൊണ്ടിരിക്കുന്ന ഓരോ സംഭവങ്ങളും. ദാദ്രിയിലെ കൊലപാതകവും ഈ ശ്രേണിയിലെ ഏറ്റവും പുതിയൊരു സംഭവം മാത്രം.
Leave A Comment