രാജ്യത്ത് മുസ്‌ലിം വിരോധം വളര്‍ത്തുന്നതാര്?

ആര്‍.എസ്.എസ് സൈദ്ധാന്തികനായ എം.എസ് ഗോള്‍വാള്‍ക്കറുടെ രചനകളുടെ സമാഹാരമാണ് ബഞ്ച് ഓഫ് തോട്‌സ് അഥവാ ചിന്താധാര. ആര്‍.എസ്.എസ് കേഡര്‍മാര്‍ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി പരിഗണിക്കുന്ന ഒന്നാണിത്. ഇതില്‍ 'അഭ്യന്തര ഭീഷണികള്‍' എന്ന തലക്കെട്ടില്‍ വിശാലമായൊരു അധ്യായമുണ്ട്. അതില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും യഥാക്രമം ഒന്നും രണ്ടും ഭീഷണികളായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റുകാരാണ് മൂന്നാം നമ്പര്‍ ശത്രു. ഈ അധ്യായം ആരംഭിക്കുന്നത് ഇങ്ങനെയൊരു പ്രസ്താവനകൊണ്ടാണ്:

'ഒരു രാജ്യത്തിന്റെ ഉള്ളില്‍നിന്നുള്ള ശത്രുക്കള്‍ ആ രാജ്യത്തിന്റെ സുരക്ഷക്കുനേരെ ഉയര്‍ത്തുന്ന ഭീഷണി അതിനുനേരെ പുറത്തുനിന്നുയരുന്ന ഭീഷണിയേക്കാള്‍ ഭീകരമായിരിക്കുമെന്നത് ലോകത്തെ പല രാജ്യങ്ങളുടെയും ചരിത്രത്തില്‍നിന്ന് മനസ്സിലാക്കാവുന്ന വലിയൊരു പാഠമാണ്.'

മുസ്‌ലിംകളെ ഒന്നാം നമ്പര്‍ ശത്രുവായി അവതരിപ്പിച്ച ശേഷം അദ്ദേഹം അത് ഇങ്ങനെ വിശദീകരിക്കുന്നു, 'ഇന്ന് ചിലയാളുകളുണ്ട്. അവര്‍ പറയുന്നത് ഇന്ന് എവിടെയും മുസ്‌ലിം പ്രശ്‌നങ്ങള്‍ ഇല്ല എന്നാണ്. പാകിസ്താന്റെ സൃഷ്ടിയോടെ അതിനെ പിന്തുണച്ചിരുന്ന അപകടകാരികളെല്ലാം അങ്ങോട്ടു പോയി. ശേഷിച്ച മുസ്‌ലിംകളെല്ലാം നമ്മുടെ രാജ്യത്തിന് സമര്‍പ്പിക്കപ്പെട്ടവരാണ്. അവര്‍ക്ക് പോകാന്‍ മറ്റൊരിടമില്ല. ആയതിനാല്‍, അവര്‍ രാജ്യത്തിന് വിധേയരായി കഴിഞ്ഞുകൂടാന്‍ കടപ്പെട്ടിരിക്കുന്നു.... എന്നാല്‍, സംഗതി അങ്ങനെയല്ല. പാകിസ്താന്‍ ജന്മംകൊണ്ട ആ രാത്രിയോടുകൂടി ഇവരെല്ലാം രാജ്യസ്‌നേഹികളായി മാറി എന്നു വിശ്വസിക്കുന്നത് തീര്‍ച്ചയായും ആത്മഹത്യാപരമാണ്. പാകിസ്താന്റെ ജന്മത്തോടുകൂടി പ്രശ്‌നം തീരുകയായിരുന്നില്ല, രാജ്യത്തിനു നേരെയുള്ള മുസ്‌ലിം ഭീഷണി നൂറു മടങ്ങ് വര്‍ദ്ധിക്കുകയായിരുന്നു. ഭാവിയിലും അവരുടെ ഭീഷണി തുടരുമെന്നതിനുള്ള ഒരു ഹേതു മാത്രമാണിത്.'

നമ്പര്‍ വണ്‍ ശത്രുവായ മുസ്‌ലിമിനെ കുറിച്ച തന്റെ അഭിപ്രായങ്ങള്‍ അദ്ദേഹം ഇങ്ങനെ തുടരുന്നു: 

'രാജ്യത്തിനകത്ത് ധാരാളം മുസ്‌ലിം പോക്കറ്റുകളുണ്ട്. അഥവാ, ധാരാളം മിനി പാകിസ്താനുകള്‍. അവിടെ പൊതു നിയമങ്ങള്‍പോലും ചില തിരുത്തോടുകൂടി മാത്രമേ ഉപയോഗിക്കാന്‍ കഴിയുന്നുള്ളൂ. കുറ്റവാളികള്‍ക്ക് ഫൈനല്‍ വാണിംഗ് മാത്രം നല്‍കപ്പെടുന്നു. പരോക്ഷമായിട്ടാണെങ്കിലും ഈയൊരു സ്വീകാര്യത രാജ്യത്തെ സംഘടിത ജീവിതത്തിന്റെ അപകടകരമായ തകര്‍ച്ചയിലേക്കാണ് സൂചന നല്‍കുന്നത്. ഇത്തരം പോക്കറ്റുകള്‍ രാജ്യത്ത് വ്യാപകമായ പാക്-അനുകൂല വികാരം പ്രചരിപ്പിക്കുന്ന കേന്ദ്രങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നു. പാകിസ്താനുമായി നിരന്തരം ബന്ധം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിംകള്‍ ഇന്നും എവിടെയും ഉണ്ടെന്ന് ചുരുക്കം.'

ഗോള്‍വാള്‍ക്കര്‍ നെയ്‌തെടുത്ത ഇത്തരം കണ്ടെത്തലുകള്‍ 2002 ല്‍ ഗുജറാത്തില്‍ മുസ്‌ലിം പ്രദേശങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ന്യായീകരണമായി വി.എച്.പി  ഗുണ്ടകള്‍ മതപരമായി ഉപയോഗപ്പെടുത്തുകയുണ്ടായി.

2016 ഡിസംബര്‍ 12 ന് ജമ്മുവിലെ കത്തുവയില്‍ സംഘടിപ്പിച്ച ഒരു പൊതു യോഗത്തില്‍ അഭ്യന്തര മന്ത്രി നാജ്‌നാഥ് സിംഗിന്റെ ഒരു പ്രസ്താവന ഇവിടെ പരിഹാസ്യത്തോടെ ഓര്‍ത്തുപോകുന്നു. 'ഇന്ത്യയെ ഒരിക്കല്‍കൂടി മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ കഴിയുമെന്ന തെറ്റായ ധാരണയിലാണ് പാകിസ്താന്‍... ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും എല്ലാം സാഹോദര്യത്തിലാണ് കഴിയുന്നത്...' എന്നായിരുന്നു കാപട്യം നിറഞ്ഞ ആ പ്രസ്താവന. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാമെന്ന വ്യാമോഹം വേണ്ട എന്ന് പാകിസ്താനോട് പറയുമ്പോള്‍തന്നെ സത്യത്തില്‍ ആരാണ് മതത്തിന്റെ പേരില്‍ ആളുകളെ വിഭജിച്ച് ഇവിടെ പ്രശ്‌നങ്ങളും കലാപങ്ങളുമുണ്ടാക്കുന്നത് എന്ന് അദ്ദേഹം പറയാതെ പറഞ്ഞുപോവുകയാണ്. 

രണ്ടാം നമ്പര്‍ ശത്രുക്കളായ ക്രിസ്ത്യാനികളുടെ അഭ്യന്തര ഭീഷണിയെ വിശദീകരിച്ചുകൊണ്ട് ഗോള്‍വാള്‍ക്കര്‍ പറയുന്നു: 

'അപ്രകാരം തന്നെയാണ് ഇന്ന് നമ്മുടെ രാജ്യത്ത് അധിവസിക്കുന്ന ക്രിസ്ത്യാനികളുടെ അവസ്ഥയും. ദേശവിരുദ്ധരായ അവരും ഹിന്ദുത്വത്തിന് ഭീഷണിയാണ്. നമ്മുടെ ജീവിതത്തിന്റെ സാമൂഹികവും മതപരവുമായ സംവിധാനങ്ങളെ തകര്‍ക്കുക മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ അധികാരം സ്ഥാപിക്കാന്‍ വരെ അവര്‍ സ്വപ്‌നം കാണുന്നു. കഴിയുമെങ്കില്‍ എല്ലായിടത്തും ഇത് നടപ്പിലാക്കാനാണ് അവരുടെ പദ്ധതി.'40

ഇതുപോലെയുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ പ്രചോദിതരായ ആര്‍.എസ്.എസ് കേഡര്‍മാര്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ പോലെയുള്ള ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുകയാണ്. 

പിടിച്ചുനില്‍ക്കാന്‍ ചില അടവുകള്‍

എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ ഫാസിസ്റ്റ് നിലപാടുകളെ ന്യായീകരിക്കാന്‍ ആര്‍.എസ്.എസ് അനുകൂല ഘടകങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. ബ്രിട്ടീഷ് യജമാനന്മാരോടുണ്ടായിരുന്ന തങ്ങളുടെ സ്‌നേഹവും പുറത്ത് പറയാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ബ്രിട്ടീഷ് ഭരണകാലത്ത് നാലു എഡിഷനുകള്‍വരെ പ്രസിദ്ധീകരിക്കപ്പെടുകയും ആര്‍.എസ്.എസ് തന്നെ മുന്‍കൈയെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്ന വി ഓര്‍ അവര്‍ നാഷന്‍ഹൂഡ് ഡിഫൈന്‍ഡ് എന്ന പുസ്തകത്തിന്റെ രചയിതാവ് ഇപ്പോള്‍ ഗോള്‍വാള്‍ക്കര്‍ തന്നെയല്ല എന്ന നിലക്ക് അവതരിപ്പിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഈ കൃതി ആര്‍.എസ്.എസ് തന്നെ പിന്‍വലിക്കുകയും ചെയ്തിരിക്കയാണ്. തങ്ങളുടെ ചില ആവശ്യങ്ങള്‍ക്കുവേണ്ടി പുസ്തകത്തിന്റെ രചയിതാവിനെച്ചൊല്ലി വിത്യസ്തമായ വാര്‍ത്തകള്‍ അവരിന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ജര്‍മന്‍ സ്വേഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെ മഹത്വവല്‍കരിക്കുന്നതായിട്ടുപോലും ബ്രിട്ടീഷുകാര്‍ ഇത് നിരോധിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയം. വിശിഷ്യാ, രണ്ടാം ലോക മഹാ യുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ ഹിറ്റ്‌ലറിനെതിരെ പോരാട്ടം തുടരുന്ന സമയമായിരുന്നിട്ടുപോലും അവര്‍ അതിനെതിരെ തിരിഞ്ഞില്ല. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന തങ്ങളുടെ സാമ്രാജ്യത്വ ആശയം സാധിച്ചെടുക്കാന്‍ ഇത്തരം സാഹിത്യങ്ങള്‍ വഴിയൊരുക്കുമെന്ന തിരിച്ചറിവുണ്ടായതിനാലാണ് സൗജന്യമായിട്ടുപോലും ഈ പുസ്തകം പ്രചരിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചിരുന്നത്. 

ഈ പുസ്തകത്തിന്റെ കര്‍തൃത്വവുമായി ബന്ധപ്പെട്ട ഓപറേഷന്‍ പ്രക്രിയ ഇപ്പോഴും തുടരുകയാണ്. മുന്‍ പ്രധാനമന്തി ചന്ദ്രശേഖര്‍ 1998, മാര്‍ച്ച് 28 ന് ലോക്‌സഭയില്‍ ഒരു ഡിബാറ്റില്‍ സംബന്ധിച്ചുകൊണ്ടിരിക്കെ ഈ പുസ്തകത്തിലെ ഫാസിസ്റ്റ് ഉള്ളടക്കത്തെക്കുറിച്ച വിഷയം ഒരിക്കലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ബി.ജെ.പി ഗവണ്‍മെന്റ് ആര്‍.എസ്.എസ് തീരുമാനങ്ങളാണ് പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ന്യൂനപക്ഷ വിദ്വേഷം പ്രചരിപ്പിക്കുകയും ഫാസിസ്റ്റ് ആശയങ്ങള്‍ ഉള്‍കൊള്ളുകയും ചെയ്യുന്ന ഈ പുസ്തകത്തിന്റെ രചയിതാവാണ് ആര്‍.എസ്.എസ്സിന്റെ സൈദ്ധാന്തികാചാര്യന്‍. ആയതിനാല്‍, ഈ രാജ്യത്തിന്റെ ജനാധിപത്യ സങ്കല്‍പത്തിന് അങ്ങേയറ്റം കോട്ടം വരുത്തുന്നതാണ് ഈ രചന എന്നതായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ചര്‍ച്ചയില്‍ ഇടപെട്ട അന്നത്തെ അഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി ഈ പുസ്തകത്തില്‍നിന്ന് ഗോള്‍വാക്കര്‍ അകന്നുനിന്നിരുന്നുവെന്നും തനിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നുവെന്നും പറയുകയുണ്ടായി. ഇത് ആര്‍.എസ്.എസ്സിന്റെ ഒരു മുഖംമൂടിയാണ്. ആക്ഷേപങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ എടുത്തണിയാന്‍ തുടങ്ങിയ പുതിയ മുഖംമൂടി. 

തുടര്‍ന്ന്, 1998 മെയ് 31 ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ 'ദി ഫാസിസ്റ്റ് ഐഡന്റിഫൈഡ്' എന്ന തലക്കെട്ടില്‍ ഒരു സ്റ്റോറി പ്രസിദ്ധീകരിച്ചു. ഡേവിഡ് ഫ്രോളി എഴുതിയതായിരുന്നു ഈ കുറിപ്പ്. പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ട മറ്റൊരു വിശദീകരണമാണ് ഈ കുറിപ്പ് മുന്നോട്ടുവെച്ചത്. അത് ഇങ്ങനെ വായിക്കാം:

'ആര്‍.എസ്.എസ് ഫാസിസ്റ്റ് സംഘടനയാണെന്നു പറയുന്നവര്‍ അത് തെളിയിക്കാനായി എടുത്തുകാണിക്കുന്നത് വീര സവര്‍ക്കറിന്റെ മൂത്ത സഹോദരന്‍ ബി.എസ്. സവര്‍ക്കറിന്റെ വി ഓര്‍ അവര്‍ നാഷന്‍ഹൂഡ് ഡിഫൈന്‍ഡ് എന്നൊരു പുസ്തകമാണ്. ഈ പുസ്തകം 1930 കളില്‍ ഒരു രാഷ്ട്രമെന്ന നിലക്ക് വലിയ കുതിപ്പ് നടത്തിക്കൊണ്ടിരുന്ന ജര്‍മനിയോട് പലയിടങ്ങളിലായി അനുഭാവം പ്രകടിപ്പിക്കുന്നുണ്ട്. 1940 ല്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ വന്ന ഗോള്‍വാള്‍ക്കര്‍ 1938 ല്‍ ഇത് വിവര്‍ത്തനം ചെയ്തു. എന്നാല്‍, ഇടതുപക്ഷ രാഷ്ട്രീയക്കാര്‍ ഇതിനെ ഗോള്‍വാള്‍ക്കര്‍ രചിച്ച ഒരു പുസ്തകമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. ദീര്‍ഘ കാലത്തേക്കുള്ള സംഘ് പൊളിസിയാണ് ഇതിലൂടെ മുന്നോട്ടുവെക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. എന്നാലിത് അക്കാലത്തെ പൊതുസാഹിത്യത്തിന്റെ ഒരു ഭാഗം മാത്രമാണ്.'

ഏറെ നിഗൂഢവും അവിശ്വസനീയവുമായ ഒരു വിശദീകരണമാണിത്. കാരണം, ഒറിജിനല്‍ പുസ്തകത്തില്‍ രചയിതാവിന്റെ പേര് എം.എസ്. ഗോള്‍വാള്‍ക്കര്‍, എം.എസ്.സി, എല്‍.എല്‍.ബി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചിലപ്പോള്‍, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എന്നും അതിന്മേല്‍ കാണാം. ഗോള്‍വാള്‍ക്കര്‍ കേവലം ഒരു വിവര്‍ത്തകന്‍ മാത്രമാണെന്നും സത്യസന്ധതയില്ലാതെ അദ്ദേഹം തന്റെ പേര് അതിന്മേല്‍ വെക്കുകയായിരുന്നുവെന്നുമാണോ ഇതര്‍ത്ഥമാക്കുന്നത്? പലതവണ പ്രസിദ്ധീകരിച്ച് പ്രചരിപ്പിക്കുകവഴി ആര്‍.എസ്.എസ് അദ്ദേഹം ചെയ്ത ഈ അപരാതത്തില്‍ അദ്ദേഹത്തോട് സഹകരിക്കുകയായിരുന്നോ? ഒരിക്കലുമായിരുന്നില്ല. ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ തന്നെയാണ് ഇതിന്റെ കര്‍ത്താവെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഏതായാലും, ആര്‍.എസ്.എസ്സിന്റെ രണ്ടാമതൊരു മുഖം മൂടിയാണ് ഈ പുതിയ വാദത്തിലൂടെ പുറത്തുവരുന്നത്. 

ലിബറല്‍ ചിന്താഗതിക്കാര്‍ക്കും മതേതരവാദികള്‍ക്കും ഉപയോഗിക്കാന്‍വേണ്ടിയാണ് പുതിയ കാലത്ത് ഇത്തരം വ്യാഖ്യാനങ്ങള്‍ നിര്‍മിക്കപ്പെടുന്നത്.  ലോകത്തിനു മുമ്പില്‍ ഒരു മാനുഷിക മുഖം കാണിക്കാന്‍ ഇത്തരം പുതിയ വ്യാഖ്യാനങ്ങള്‍ സഹായിച്ചേക്കുമെന്ന് ആര്‍.എസ്.എസ് തന്നെ വിശ്വസിക്കുന്നു. കാരണം, സര്‍വ്വ നന്മകളുടെയും വിരോധിയായി ഹിറ്റ്‌ലര്‍ പരിഗണിക്കപ്പെടുകയും ജര്‍മനിയിലും മറ്റു പലയിടങ്ങളിലുമായി മില്യണ്‍ കണക്കിന് പാവപ്പെട്ടവരെയും ജൂതന്മാരെയും ഇല്ലായ്മ ചെയ്യുന്നതിന് ഉത്തരവാദിയായി അയാള്‍ അറിയപ്പെടുകയും ചെയ്യുമ്പോള്‍ ഇങ്ങനെയൊരു മാനുഷിക മുഖം കാണിക്കല്‍ അവര്‍ക്ക് ആവശ്യമായി വന്നിട്ടുണ്ട്. വി.ഡി. സവര്‍ക്കറിന്റെ മൂത്ത സഹോദരനായ ബി.എസ്. സവര്‍ക്കര്‍ ആര്‍.എസ്.എസ് തലവന്‍ ഹെഡ്ഗവാറിന്റെ അടുത്ത സഹായിയായിരുന്നുവെന്നതും ഇവിടെ ചേര്‍ത്തുവായിക്കേണ്ട ഒരു കാര്യമാണ്. ബി.എസ്. സവര്‍ക്കര്‍ രൂപീകരിച്ചിരുന്ന തരുണ്‍ ഹിന്ദു സഭ എന്ന സംഘടന 1931 ല്‍ ആര്‍.എസ്.എസ്സില്‍ ലയിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ, ഈ പുസ്തകത്തിന്റെ യഥാര്‍ത്ഥ രചയിതാവ് ആരുതന്നെ ആണെങ്കിലും ശരി, അതില്‍ അടക്കം ചെയ്യപ്പെട്ട ആശയ തലം തന്നെയാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഐഡിയോളജിയെ എന്നും പ്രതിനിധാനം ചെയ്തിരുന്നത്. 

ഹിന്ദു രാഷ്ട്രം എന്ന സങ്കല്‍പത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവര്‍ക്കും ആര്‍.എസ്.എസ് കേഡര്‍മാര്‍ക്കും മറ്റൊരു മുഖം മൂടി കൂടിയുണ്ട്, മൂന്നാമതൊരു മുഖംമൂടി. പ്രധാനികളായ രണ്ടു ആര്‍.എസ്.എസ് നേതാക്കന്മാര്‍ സമര്‍പ്പിച്ച ഒരു അഫിഡാവിറ്റില്‍നിന്നും ഇത് വ്യക്തമാണ്. ഒരു മുന്‍ ആര്‍.എസ്.എസ് ചീഫിന്റെ സഹോദരനായിരുന്ന ഭാവു സാഹിബ് ദിയോറാസും പിന്നീട് ആര്‍.എസ്.എസ് തലവനായി മാറിയ രജീന്ദര്‍ സിംഗും നാഗ്പൂര്‍ ചാരിറ്റി കമീഷ്ണര്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചതായിരുന്നു ഈ അഫിഡാവിറ്റ്. അത് ഇങ്ങനെ പറയുന്നു:

'ഇന്ത്യ ചരിത്രപരമായി വളരെ മുമ്പുമുതല്‍തന്നെ ഒരു ഹിന്ദു രാജ്യമായിരുന്നുവെന്ന ആശയത്തിന് ശാസ്ത്രീയമായ അടിത്തറ നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ ശ്രീ. എം.എസ്. ഗോള്‍വാള്‍ക്കര്‍ വി ഓര്‍ അവര്‍ നാഷന്‍ഹൂഡ് ഡിഫൈന്‍ഡ് എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. 1938 ലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.'

വി ഓര്‍ അവര്‍ നാഷന്‍ഹൂഡ് ഡിഫൈന്‍ഡ് എന്ന പുസ്തകത്തിന്റെ കര്‍തൃത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇങ്ങനെ പല നിലക്കായി കടന്നുപോകുന്നു. രചയിതാവിനെ മാറ്റിപ്പറഞ്ഞ് അതിന്റെ തീവ്രാശയത്തില്‍നിന്നും തലയൂരാന്‍ നോക്കുമ്പോഴും, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ, വിശിഷ്യാ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ കാഴ്ചപ്പാടില്‍ ആര്‍.എസ്.എസ് ഇപ്പോഴും യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്നതാണ് ഏറെ തീക്ഷ്ണമായ വസ്തുത. ബ്രിട്ടീഷുകാരുടെ അനുഭാവം ഏറ്റുവാങ്ങി, അവരുടെ ഭാഗത്തുനിന്നുള്ള എല്ലാവിധ ആനുകൂല്യങ്ങളും ആസ്വദിച്ചിരുന്ന അവര്‍, തങ്ങളുടെ സംഘടനയെ ശക്തിപ്പെടുത്തുകവഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിം രക്തംകൊണ്ട് നൃത്തം ചവിട്ടുകയായിരുന്നു. ഒരു സീനിയര്‍ ബ്യൂറോക്രാറ്റും യു.പി. യുടെ പ്രഥമ അഭ്യന്തര സെക്രട്ടറിയുമായിരുന്ന രാജേശ്വര്‍ ദയാലിന്റെ ആത്മകഥ പരിശോധിച്ചാല്‍ സ്വാതന്ത്ര്യത്തിനു തൊട്ടു ശേഷം രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ആര്‍.എസ്.എസ് ആവിഷ്‌കരിച്ച ഭീകരമായ പദ്ധതികള്‍ എത്രമാത്രം ഭയാനകമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter