ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ)

പ്രമുഖ സ്വഹാബി വര്യനും ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയുമാണ് ഇസ്മാന്‍ (റ). പിതാവ്: അഫ്ഫാന്‍. മാതാവ്: അര്‍വ. ഓമനപ്പേര് അബൂ അംറ്. സ്ഥാനപ്പേര് ദുന്നൂറൈനി. പ്രവാചക ജനനത്തിന്റെ ആറാം വര്‍ഷം  ബനൂ ഉമയ്യ ഗോത്രത്തില്‍ ഥാഇഫില്‍ ജനിച്ചു. ആദ്യകാലത്തുതന്നെ ഇസ്‌ലാമാശ്ലേഷിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. അബൂബക്ര്‍ സിദ്ദീഖ് (റ) വിന്റെ ക്ഷണപ്രകാരമാണ് ഇസ്‌ലാമില്‍ വന്നത്. ഇതുകണ്ട പിതൃവ്യന്‍ ഹകം ശക്തമായി മര്‍ദ്ധിക്കുകയും അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും ചെയ്തു. പുതിയ മതം പരിത്യജിച്ചാലല്ലാതെ സ്വതന്ത്രനാക്കില്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിജ്ഞ. പക്ഷെ, എന്തുതന്നെ സംഭവിച്ചാലും ഈ മതം കൈവെടിയുന്ന പ്രശ്‌നമില്ലെന്ന് ഉസ്മാന്‍ (റ) തുറന്നു പ്രഖ്യാപിച്ചതോടെ അദ്ദേഹം സ്വതന്ത്രനാക്കപ്പെടുകയായിരുന്നു. നബി (സ്വ) യുടെ രണ്ടു പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖിയ്യ ബീവിയെയും അവരുടെ മരണത്തിനു ശേഷം ഉമ്മു കുല്‍സൂം ബീവിയെയും.  അതിനാല്‍ ദുന്നൂറൈനി എന്ന പേരില്‍ അറിയപ്പെട്ടു.

എളിമയും ഔദാര്യവും മുഖമുദ്രയാക്കിയ വ്യക്തിയായിരുന്നു ഉസ്മാന്‍ (റ). ശാന്തത, ഭയഭക്തി, നീതിനിഷ്ഠ തുടങ്ങിയവ സവിശേഷ ഗുണങ്ങളാണ്. ബദര്‍ യുദ്ധമൊഴികെ ബാക്കിയെല്ലാ യുദ്ധങ്ങളിലും പ്രവാചകരോടൊപ്പം പങ്കെടുത്തിട്ടുണ്ട്. ഭാര്യ റുഖിയ്യാ ബീവിക്ക് അസുഖമായിരുന്നതിനാല്‍ ബദര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. യുദ്ധത്തിനു വരുന്നതിനു പകരം അവരെ ശുശ്രൂഷിക്കാന്‍ പ്രവാചകന്‍ അവരോട് കല്‍പിക്കുകയായിരുന്നു.

ഖലീഫ ഉമറിന്റെ വിയോഗത്തിനു ശേഷം ആറോളം വരുന്ന ആലോചനാകമ്മിറ്റി അദ്ദേഹത്തെ ഇസ്‌ലാമിന്റെ മൂന്നാം ഖലീഫയായി തെരഞ്ഞെടുത്തു. സത്യത്തിലെ അടിയുറച്ച വിശ്വാസവും കൃത്യനിര്‍വഹണ ബോധവും അഹങ്കാരം തീണ്ടാത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തെ ഇതിന് പ്രാപ്തനാക്കിയത്. പന്ത്രണ്ട് വര്‍ഷം ഭരണം നടത്തി. പേര്‍ഷ്യന്‍ സാമ്രാജ്യം, സൈപ്രസ് ദ്വീപ്, ട്രിപ്പൊളി മുതല്‍ ഡാഞ്ചര്‍ വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങള്‍ തുടങ്ങിയവ ഇസ്‌ലാമിനു കീഴില്‍ വന്നതാണ് ഈ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. കപ്പലുകള്‍ ഉപയോഗിച്ച് ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ പ്രതിരോധമാരംഭിച്ചതും അബൂബക്ര്‍ സിദ്ദീഖ് (റ) സമാഹരിച്ച ഖുര്‍ആന്‍ കോപ്പികളാക്കി പ്രചരിപ്പിച്ചതും ഇക്കാലത്തെ മറ്റു സുപ്രധാന നേട്ടങ്ങളാണ്. ജനങ്ങള്‍ക്ക് കൃത്യമായി നിസ്‌കാരത്തിനെത്തുന്നതിന്റെ സൗകര്യം പരിഗണിച്ച് ജുമുഅയുടെ രണ്ടാം ബാങ്ക് ആരംഭിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്.

ധാരാളമായി ആരാധനകളില്‍ മുഴുകുകയും രാത്രി നമസ്‌കാരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത ആളായിരുന്നു ഉസ്മാന്‍ (റ). അദ്ദേഹം രക്തസാക്ഷിയാവുമെന്ന് പ്രവാചകന്‍ പ്രവചിച്ചിരുന്നു. തന്റെ ഭരണ കാലം ഏറെ ശാന്തവും സുന്ദരവുമായിരുന്നുവെങ്കിലും അവസാന കാലത്ത് ചില പ്രശ്‌നങ്ങള്‍ അരംങ്ങേറി. പലരും അതിനെ ഊതിവീര്‍പ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. അബ്ദുല്ലാഹിബ്‌നു സബഅ് എന്ന ജൂതന്‍ അവസരം മുതലെടുക്കുകയും മുസ്‌ലിംകളെ തമ്മിലടിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.

ഇതിന്റെയെല്ലാം ഫലമായി, കലാപം പൊട്ടിപ്പുറപ്പെടുകയും ഹിജ്‌റ വര്‍ഷം മുപ്പത്തിയഞ്ച് ദുര്‍ഹിജ്ജ മാസം പതിനെട്ടിന് വെള്ളിയാഴ്ച ദിവസം ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെ, കലാപകാരികള്‍ അദ്ദേഹത്തെ വധിക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് എണ്‍പത്തിരണ്ട് വയസ്സുണ്ടായിരുന്നു. സുബൈര്‍ ബ്‌നുല്‍ അവ്വാം നിസ്‌കാരത്തിനും മറ്റു കര്‍മങ്ങള്‍ക്കും നേതൃത്വം നല്‍കി. ശനിയാഴ്ച രാത്രിയോടെ അദ്ദേഹത്തെ ഖബ്റടക്കുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter