ജാബിർ അബ്ദുല്ല ഖന്ദഖിലെ ആതിഥേയന്‍
പ്രവാചകനുയായികളിൽ പ്രധാനിയും ദീനി വിജ്ഞാനത്തിന്റെ സകല മേഖലകളിലും തന്റേതായ മുദ്ര പതിപ്പിച്ചവരുമായിരുന്നു ജാബിർ ബിനു അബ്ദുല്ല(റ). അൻസ്വാരിയായ ജാബിർ തന്റെ ചെറുപ്പം മുതൽ പ്രവാചകന്റെ കൂടെ തന്നെയായിരുന്നു ജീവിതം കഴിച്ചത്. പ്രവാചക വഫാത്തിന് ശേഷം ഒരുപാട് കാലം മുസ്‍ലിം സമുദായത്തിന്റെ വഴിവിളക്കായിരുന്ന അദ്ദേഹം ഏകദേശം ഒരു നൂറ്റാണ്ടോളം ജീവിച്ചിട്ടുണ്ട്.
മദീനയിൽ നിന്ന് മക്ക ലക്ഷ്യമാക്കി ഒരു സംഘം പുറപ്പെട്ടു. പ്രവാചകനെ കാണാനുള്ള ആഗ്രഹം കൊണ്ട് തുള്ളിക്കളിക്കുന്ന ഹൃദയങ്ങളായിരുന്നു അവ. കൂട്ടത്തിൽ തന്റെ മകനെ പിറകിൽ ഇരുത്തിയ ഒരു വൃദ്ധനും ഉണ്ടായിരുന്നു. 10 മക്കളുള്ള അയാളുടെ ഏക മകനായിരുന്നു ആ കുട്ടി. പ്രവാചകനെ ബൈഅത് ചെയ്യുന്ന സുപ്രധാന നിമിഷം കുട്ടിയെ കാണിക്കണമെന്നുള്ള അതിയായ താല്പര്യമാണ് 9 പെൺമക്കളെയും മദീനയിൽ തന്നെ നിർത്തി ഏക മകനെ കൊണ്ട് പോകാൻ പ്രേരിപ്പിച്ചത്. അയാളുടെ പേര് അബ്ദുല്ലാഹിബിനു അംറ് അൽ ഖസ്റജി അൽ അൻസാരി എന്നായിരുന്നു. ആ കുട്ടി ജാബിർ ബിൻ അബ്ദുല്ലയും.
ആ കൊച്ചു ഹൃദയം ഈമാൻ കൊണ്ട് പ്രകാശപൂരിതമായി. ആ ശോഭ ശരീരം മുഴുവനും വ്യാപിച്ചു. ചെറുപ്പം മുതൽ തന്നെ പ്രവാചകനുമായി ഊഷ്മളമായ ബന്ധം നിലനിർത്തിപ്പോന്ന മഹാൻ മദീനയിലേക്ക് പ്രവാചകൻ (സ്വ) പലായനം ചെയ്തു വന്നപ്പോൾ പ്രവാചകനിൽ നിന്ന് ഖുർആനും ഹദീസും തഫ്സീറുമെല്ലാം പഠിച്ചു. അങ്ങനെ പ്രവാചകാനുയായികളിലെ പ്രമുഖരിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. പ്രവാചകാധ്യാപനങ്ങളെല്ലാം മനപ്പാഠമാക്കി വെച്ചിരുന്ന ഈ മിടുക്കൻ പ്രവാചകനില്‍നിന്ന് 1540 ഹദീസുകൾ പിൻതലമുറക്ക് തന്റെ മുസ്നദിലൂടെ കൈമാറി. അതിലെ 200 ഓളം ഹദീസുകൾ ബുഖാരിയും മുസ്‍ലിമും തങ്ങളുടെ കിതാബുകളിൽ ഉദ്ധരിച്ചിട്ടുണ്ട്. ഒരുപാട് കാലം സമുദായത്തിന്റെ മാർഗ്ഗദർശിയായി ജീവിച്ച ജാബിർ, അവരുടെ യഥാർത്ഥ വഴികാട്ടി തന്നെയായിരുന്നു.
വളരെ ചെറുപ്രായക്കാരനും കുടുംബത്തിലെ ഏക ആൺകുട്ടിയും ആയി എന്നത് കാരണത്താൽ ബദ്റിലും ഉഹ്ദിലും ജാബിറിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഉഹ്ദിൻറെ തലേദിവസം പിതാവ് ജാബിറിനെ വിളിച്ചു ഇങ്ങനെ പറഞ്ഞു, ജാബിര്‍, പ്രവാചകനു ശേഷം എനിക്ക് ഏറ്റവും പ്രിയങ്കരനാണ് നീ. നാളെ രണാങ്കണത്തിൽ ഞാൻ മരണപ്പെട്ടേക്കാം. എനിക്ക് കുറച്ച് കടങ്ങൾ ഉണ്ട്, അതെല്ലാം നീ വീട്ടണം. നിൻറെ സഹോദരിമാരോട് നല്ല രീതിയിൽ പെരുമാറുകയും അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കുകയും വേണം.
പ്രഭാതം വിടർന്നതോടെ യുദ്ധം തുടങ്ങി. അതില്‍ ജീവൻ അറ്റ് വീണ ശരീരങ്ങളിൽ ഒന്ന് ജാബിറിന്റെ പിതാവിൻറേതായിരുന്നു. മൃതദേഹം മറമാടിയ ശേഷം ജാബിർ പ്രവാചകനെ കാണാൻ ചെന്നു. നബിയേ, കടങ്ങൾ ബാക്കിയാക്കി എൻറെ പിതാവ് വഫാത്തായി. സ്വത്തായി കുറച്ച് കാരക്ക മരങ്ങൾ മാത്രമാണുള്ളത്. അതിൽ നിന്ന് കിട്ടുന്ന വരുമാനം ഒന്നിനും തികയില്ല. കാലങ്ങളോളം വീട്ടിയാലും മതിയാവുകയില്ല. സഹോദരികളുടെ ചെലവും അതിൽ നിന്ന് തന്നെയാണ്. ഉടനെ കടക്കാരെയെല്ലാം വിളിച്ചു കൂട്ടാൻ പ്രവാചകൻ ഉത്തരവിട്ടു. എന്നിട്ട് ജാബിറിന്റെ കൂടെ അവരുടെ ഈന്തപ്പന കുലകൾ സൂക്ഷിച്ചു വെച്ചിരുന്ന ഗോഡൗണിലേക്ക് പോയി. കടക്കാർക്കെല്ലാം അവരുടെ വിഹിതം നൽകി . ജാബിർ പറയുന്നു: എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഈന്തപ്പഴക്കുലകളുടെ എണ്ണത്തിൽ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. കടക്കാർക്ക് കൊടുക്കുന്നതിനു മുമ്പുള്ള അത്രതന്നെ ശേഷവും അവിടെ തന്നെ ഉണ്ടായിരുന്നു
പിതാവിന്റെ മരണ ശേഷമുള്ള യുദ്ധങ്ങളിൽ എല്ലാം ജാബിർ(റ) പങ്കെടുത്തു. ഓരോ യുദ്ധത്തിലും ഓരോ അവിസ്മരണീയ സംഭവങ്ങളും അദ്ദേഹത്തിന് കൂട്ടായുണ്ടായിരുന്നു. അത്തരം ഒരു അനുഭവം അദ്ദേഹം തന്നെ വിശദീകരിക്കുന്നുണ്ട് "ഖൻദഖിൽ ഞങ്ങൾ കിടങ്ങ് കുഴിക്കുകയായിരുന്നു. അല്പം കുഴിച്ചപ്പോഴേക്കും ഒരു ശക്തമായ പാറക്കല്ല് പ്രകടമായി. ഞങ്ങൾ എത്ര ശ്രമിച്ചിട്ടും അത് പൊട്ടുന്നേ ഉണ്ടായിരുന്നില്ല. ഇക്കാര്യം പ്രവാചകനോട് പോയി പറഞ്ഞപ്പോൾ, ഞാൻ വരാം എന്നായിരുന്നു പ്രവാചകന്റെ മറുപടി. ഭക്ഷണം കഴിച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടിരുന്നു. വിശപ്പു കാരണം പ്രവാചകന്റെ വയറ്റത്ത് കല്ല് വെച്ച് കെട്ടിയിരുന്നു. പ്രവാചകനൊന്ന് ആഞ്ഞു വെട്ടിയപ്പോഴേക്കും ഉറച്ചുനിന്നിരുന്ന പാറക്കല്ല് പൊടിപൊടിയായി മാറി. അപ്പോഴാണ്, വിശപ്പ് കാരണം ആ വയറ്റത്ത് കെട്ടി വെച്ച കല്ല് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് കണ്ട എനിക്ക് വല്ലാത്ത വിഷമം തോന്നി. വീട്ടിൽ പോകാനുള്ള അനുമതി വാങ്ങി ഞാൻ വീട്ടിൽ പോയി. അവിടെ ആകെ ഉണ്ടായിരുന്നത് കുറച്ചു ഗോതമ്പും ചെറിയൊരു ആടുമായിരുന്നു. ഞാൻ ആടിനെ അറുക്കുകയും ഗോതമ്പ് പൊടിക്കുകയും ചെയ്തു. മാംസം വെന്ത് പാകമാവാറായപ്പോൾ ഞാൻ നബിയുടെ അടുത്ത് ചെന്ന് അങ്ങേക്കും അങ്ങയെ കൂടാതെ ഒന്നോ രണ്ടോ പേർക്കും ഉള്ള ഭക്ഷണം ഞാൻ തയ്യാറാക്കിയിട്ടുണ്ട് എന്ന് അറിയിച്ചു. ഭക്ഷണത്തിന്റെ അളവ് എത്രയുണ്ട് എന്ന് അന്വേഷിച്ച ശേഷം നബി(സ്വ) മുസ്‍ലിം സൈന്യത്തെ മുഴുവൻ എൻറെ വീട്ടിലേക്ക് ക്ഷണിച്ചു. നിങ്ങൾക്കുള്ള ഭക്ഷണം ജാബിർ തയ്യാറാക്കിയിട്ടുണ്ട് എന്ന് വിളിച്ചു പറയുകയും ചെയ്തു. എന്നെ പെട്ടെന്ന് വീട്ടിലേക്ക് പറഞ്ഞയച്ച് കലം അടുപ്പിൽ നിന്ന് ഇറക്കി വെക്കാതിരിക്കാൻ ഭാര്യയോട് കൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. വീട്ടിലെത്തിയ ഉടനെ സൈന്യം മുഴുവനും വരുന്നുണ്ട് എന്ന വാർത്ത ഭാര്യയെ അറിയിച്ചപ്പോൾ ആദ്യം അവളും ഒന്ന് ഞെട്ടി. എന്നാൽ അല്ലാഹുവും റസൂലും എല്ലാം അറിയുന്നവരാണെന്നുള്ള അവളുടെ ആശ്വാസവാക്ക് അത്രയും നേരം എന്നെ വിടാതെ പിന്തുടർന്നിരുന്ന സർവ്വ വ്യാകുലതകളെയും അകറ്റി. പ്രവാചകൻ സ്വഹാബാക്കൾക്ക് ഓരോരുത്തർക്കും ഇറച്ചിയും റൊട്ടിയും കൊടുക്കുകയും അത് ഭക്ഷിച്ച് അവരെല്ലാം വിശപ്പടക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോഴും ഭക്ഷണം മിച്ചമായിരുന്നു."
ഒരുപാട് കാലം മുസ്‍ലിം ഉമ്മത്തിന് മാർഗ്ഗദർശനം നൽകി ജാബിർ(റ) ജീവിതം മുന്നോട്ടു നീക്കി. മാലിക്കുബ്നു അബ്ദുല്ലാഹിൽ ഖസ്അമിയുടെ നേതൃത്വത്തിൽ റോമൻ സൈന്യത്തെ കീഴടക്കാൻ പുറപ്പെട്ട മുസ്‍ലിം സൈന്യത്തിൽ വൃദ്ധനായ ജാബിർ(റ)വും ഉണ്ടായിരുന്നു. മാലിക്ക് സൈന്യത്തെ എങ്ങനെ അണിനിരത്തണമെന്ന് നിരീക്ഷിക്കാനും വൃദ്ധർക്ക് അവരർഹിക്കുന്ന പരിഗണന നൽകാനുമായി അവിടെ ചുറ്റിക്കറങ്ങുകയായിരുന്നു. തന്റെ കുതിരയുടെ കടിഞ്ഞാൺ പിടിച്ച് നടക്കുകയായിരുന്ന ജാബിർ(റ) അപ്പോഴാണ് മാലിക്കിന്റെ ദൃഷ്ടിയിൽപ്പെടുന്നത്. ഉടനെ അദ്ദേഹം ജാബിര്‍(റ)വിനോട് ചോദിച്ചു: അല്ലയോ അബു അബ്ദുല്ല, അങ്ങ് എന്താണ് സ്വന്തമായി ഒരു കുതിര ഉണ്ടായിട്ടും അതിനുമുകളിൽ കയറി യാത്ര ചെയ്യാതെ കാൽനടയായി യാത്ര ചെയ്യുന്നത്. ഉടനെ ജാബിർ(റ) കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: "അല്ലാഹുവിൻറെ മാർഗത്തിൽ പൊടിപുരണ്ട കാലുകൾ നരകത്തിൽ പ്രവേശിക്കുകയില്ല എന്ന് പ്രവാചകൻ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്". മാലിക് നേരെ സൈന്യത്തിന്റെ മുൻനിരയിലേക്ക് പോയി പിറകോട്ട് ഉറക്കെ വിളിച്ചു ചോദിച്ചു: താങ്കൾ എന്താണ് സ്വന്തമായി കുതിരയുണ്ടായിട്ടും കാൽനടയായി സഞ്ചരിക്കുന്നത്. മാലിക്കിന്റെ ഉദ്ദേശ്യം മനസ്സിലായ ജാബിർ നേരത്തെ പറഞ്ഞ അതേ ഉത്തരം തന്നെ ആവർത്തിച്ച് ഉറക്കെ പറഞ്ഞു: "അല്ലാഹുവിൻറെ മാർഗത്തിൽ പൊടിപുരണ്ട കാലുകൾ നരകത്തിൽ പ്രവേശിക്കുകയില്ല". ഉടനെ എല്ലാവരും ആ പ്രതിഫലം ലഭിക്കാൻ കുതിരപ്പുറത്ത് നിന്നും ചാടിയിറങ്ങി. അങ്ങനെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാൽനടപ്പോരാളികൾ ഉള്ള യുദ്ധമായി ആ യുദ്ധം മാറി.
ഒരു നൂറ്റാണ്ടുകളോളം സമുദായത്തിന്റെ വഴിവിളക്കായി ജാബിർ ബിൻ അബ്ദുല്ല(റ) ജീവിച്ചു. കുട്ടിയായിരിക്കെ പ്രവാചകനെ ബൈഅത് ചെയ്യാനും ചെറുപ്പം മുതൽ പ്രവാചകനിൽ നിന്ന് വിദ്യ നുകരാനും ഭാഗ്യം ലഭിച്ച മഹാൻ യൗവനം മുഴുവനും അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി. വാർദ്ധക്യകാലത്തും അല്ലാഹുവിന്റെ മാർഗത്തിൽ അദ്ദേഹത്തിൻറെ കാലുകൾ പൊടിപുരണ്ടു. മഹാനവർകളുടെ കൂടെ അല്ലാഹു നമ്മെയും ഒരുമിച്ചു കൂട്ടി ഇഹപര വിജയികളിൽ ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ
Leave A Comment