സുബൈര്‍ ബ്‌നുല്‍ അവ്വാം (റ)

പ്രവാചകരുടെ ബന്ധു. അബ്ദുല്‍ മുത്ത്വലിബിന്റെ മകള്‍ സ്വഫിയ്യയാണ് മാതാവ്. ഭാര്യ സിദ്ധീഖ് (റ) വിന്റെ മകള്‍ അസ്മാഅ്. സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തുപേരില്‍ ഒരാള്‍. ഉമര്‍ (റ) ഖലീഫയെ നിശ്ചയിക്കാനായി തെരഞ്ഞെടുത്ത ആറു പേരില്‍ ഒരംഗം.
ആദ്യകാലത്തുതന്നെ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകരില്‍ വിശ്വസിച്ച ആദ്യത്തെ ഏഴുപേരില്‍ ഒരാളായിരുന്നു. തന്റെ ഇസ്‌ലാമാശ്ലേഷമറിഞ്ഞ അമ്മാവന്‍ നൗഫല്‍ ബിന്‍ ഖുവൈലിദ് കുപിതനാവുകയും പുതിയ മതത്തില്‍നിന്നും പിന്‍മാറുവോളം പീഢിപ്പിക്കുകയും ചെയ്തു. പായയില്‍ ചുറ്റിക്കെട്ടി തീ പുകപ്പിച്ചുകൊണ്ടായിരുന്നു പീഢനം. സുബൈറിലിത് യാതൊരു മനംമാറ്റവുമുണ്ടാക്കിയില്ല. അദ്ദേഹം ഇസ്‌ലാമില്‍ ഉറച്ചുനിന്നു. ആയിടെ ഒരിക്കല്‍ പ്രവാചകന്‍ വധിക്കപ്പെട്ടിരിക്കുന്നുവെന്നൊരു കിംവദന്തി അദ്ദേഹത്തിന്റെ ചെവിയിലെത്തി. ഊരിപ്പിടിച്ച വാളുമായി അദ്ദേഹം പുറത്തിറങ്ങി. താന്‍ കേട്ട വാര്‍ത്ത സത്യമാണെങ്കില്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ വകവരുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം. കഅബാലയത്തിനടുത്തെത്തിയപ്പോള്‍ പ്രവാചകരെ കണ്ടുമുട്ടി. പ്രവാചകന്‍ കാര്യമന്വേഷിച്ചപ്പോള്‍ അദ്ദേഹം നടന്നതെല്ലാം വിവരിച്ചുകൊടുത്തു. പ്രവാചകന്‍ സന്തുഷ്ടനാവുകയും അദ്ദേഹത്തിന്റെ നന്മക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വാളൂരിയ ഈ സമുദായത്തിലെ പ്രഥമ വ്യക്തിയായി മനസ്സിലാക്കപ്പെടുന്നു.
പ്രവാചകാനുമതിയോടെ അബ്‌സീനിയയിലേക്കും മദീനയിലേക്കും പലായനം ചെയ്തു. മദീനയില്‍ വെച്ച് പ്രവാചകരോടൊപ്പം എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തു. ഉഹ്ദ് യുദ്ധത്തിനു ശേഷം ശത്രുസൈന്യത്തെ പിന്തുടര്‍ന്നു ആക്രമിക്കാന്‍ പ്രവാചകന്‍ നിയോഗിച്ച എഴുപത് അംഗ സംഗത്തില്‍ അബൂബക്ര്‍ സിദ്ദീഖ് (റ) നോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു (ബുഖാരി). യര്‍മൂക്ക് യുദ്ധ ദിവസം. റോമന്‍ സൈന്യത്തിനെതിരെ പോരാടാന്‍ അദ്ദേഹം മുന്നില്‍തന്നെ നിലയുറപ്പിച്ചു. മുസ്‌ലിംസൈന്യത്തിന്റെ ക്ഷയാവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ശത്രുനിരയിലേക്കു കുതിച്ചുകയറി അവരെ പിന്തിരിപ്പിക്കുകയായിരുന്നു. ഉര്‍വ (റ) പറയുന്നു: സുബൈര്‍ (റ) ന്റെ ശരീരത്തില്‍ വലിയ മൂന്ന് മുറിവുകളുണ്ടായിരുന്നു. രണ്ടെണ്ണം ബദര്‍ യുദ്ധത്തിലും ഒന്ന് യര്‍മൂക്ക് യുദ്ധത്തിലും പറ്റിയതാണ്. എന്റെ കൈവിരല്‍ പ്രവേശിപ്പിക്കാന്‍മാത്രം വലുതായിരുന്നു അവ. ബനൂഖുറൈള ഉപരോധ വേളയില്‍ പ്രവാചകന്‍ ശത്രുക്കളുമായി ചര്‍ച്ചക്കയച്ചത് അലി (റ)യെയും സുബൈര്‍ (റ) നെയുമായിരുന്നു. ‘ഓരോ പ്രവാചകനും ഒരു സഹായിയുണ്ടായിരുന്നു; എന്റെ സഹായി സുബൈറാണ്’ എന്ന് പ്രവാചകനൊരിക്കല്‍ പറയുകയുണ്ടായി (മുത്തഫഖുന്‍ അലൈഹി).
വലിയ ധര്‍മിഷ്ടനും സഹജീവിസ്‌നേഹിയുമായിരുന്നു സുബൈര്‍ (റ). താന്‍ കച്ചവടം ചെയ്തുണ്ടാക്കുന്ന പണം മുഴുവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചു. അനവധി ജോലിക്കാരായ അടിമകളുണ്ടായിരുന്നു അദ്ദേഹത്തിന്. അവര്‍ സ്വരൂപിക്കുന്ന സമ്പാദ്യങ്ങളെല്ലാം വീട്ടിലെത്തിക്കുന്നതിനു മുമ്പുതന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടു. കയ്യിലുള്ളതെല്ലാം ചെലവഴിച്ച അദ്ദേഹം ഒടുവില്‍ കടക്കാരനായിട്ടാണ് മരണപ്പെട്ടത്. മകന്‍ അബ്ദുല്ലയോട് അത് വീട്ടാന്‍ വസ്വിയ്യത് ചെയ്തായിരുന്നു അദ്ദേഹത്തിന്റെ മരണം.
പ്രവാചകരോട് ദീര്‍ഘ കാലത്തെ സഹവാസമുണ്ടായിരുന്നുവെങ്കിലും വളരെ കുറച്ചു ഹദീസുകള്‍ മാത്രമേ സുബൈര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ഇതേക്കുറിച്ച് ഒരിക്കല്‍ മകന്‍ അബ്ദുല്ല അദ്ദേഹത്തോട് ചോദിച്ചു. ‘എന്റെ പേരില്‍ ആരെങ്കിലും കള്ളം പറഞ്ഞാല്‍ നരകത്തിലവന്‍ ഇരിപ്പിടമൊരുക്കിക്കൊള്ളട്ടെ’ എന്ന ഹദീസാണ് ഇതിന് മറുപടിയാണ് ഇതിന് മറുപടിയായി അദ്ദേഹം നല്‍കിയത്.
ജമല്‍ യുദ്ധ കാലം. തമീം ഗോത്രക്കാരനായ അംറ് ബിന്‍ ജുര്‍മുസ് എന്ന വ്യക്തി അദ്ദേഹത്തെ ചതിച്ച് കൊലപ്പെടുത്തി. വിവരമറിഞ്ഞ അലി (റ) കുപിതനാവുകയും അയാള്‍ക്ക് നരകമുണ്ടെന്ന് തീര്‍ത്തുപറയുകയും ചെയ്തു. സുബൈറിന്റെ കൊലയാളിക്ക് നരകമുണ്ടെന്ന് പ്രവാചകന്‍ പറയുന്നത് താന്‍ കേട്ടതായി അദ്ദേഹം ഉദ്ധരിച്ചു (അഹ്മദ്, ഹാകിം). ഹിജ്‌റ വര്‍ഷം 36 ജമാദുല്‍ ഊലാ മാസം ഒരു വ്യയാഴ്ച ദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അന്ന് അദ്ദേഹത്തിന് 67 വയസ്സുണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter