ഇമാം ശാഫിഈ (റ)

അബൂ അബ്ദില്ല മുഹമ്മദ് ബിന്‍ ഇദ്‌രീസ് അശ്ശാഫിഈ എന്ന് പൂര്‍ണ നാമം. ഹിജ്‌റ 150 ല്‍ ഫലസ്ഥീനിലെ ഗസ്സയില്‍ ജനിച്ചു. അബൂ ഹനീഫ (റ) ബഗ്ദാദില്‍ ദിവംഗതനായ ദിവസമായിരുന്നു അത്. രണ്ടു വയസ്സ് തികയുന്നതിനു മുമ്പുതന്നെ പിതാവ് അന്തരിച്ചു. പിന്നീട് ഫലസ്ഥീനില്‍ ഒറ്റപ്പെട്ടു കഴിയുന്നതില്‍ വിരസത തോന്നിയ മാതാവ് അനാഥ പുത്രനുമൊത്ത് മക്കയില്‍ പോയി. ഹസന്‍ രണ്ടാമന്റെ പൗത്രി ഫാഥിമയായിരുന്നു മാതാവ്. പണ്ഡിതയും മതഭക്തയുമായ അവരുടെ ശിക്ഷണത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിതാമഹന്മാരില്‍ വിഖ്യാത പുരുഷനായ ശാഫിഉബ്‌നു സാഇബിലേക്കു ചേര്‍ത്തി ശാഫിഈ എന്നറിയപ്പെട്ടു. ശാഫിഉം അദ്ദേഹത്തിന്റെ പിതാവും ബദര്‍ ദിനത്തില്‍ ഇസ്‌ലാമാശ്ലേഷിച്ച പ്രമുഖ സ്വഹാബികളാണ്.


ബുദ്ധിപരമായ ഔന്നത്യം ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തെ അനുപമനാക്കിയിരുന്നു. ഏഴാം വയസ്സില്‍ ഖുര്‍ആനും പത്താം വയസ്സില്‍ പ്രഥമ ഹദീസ് ഗ്രന്ഥമായ ഇമാം മാലികി (റ) ന്റെ മുവഥയും ഹൃദിസ്ഥമാക്കി. ശേഷം, മക്കയിലെ മുഫ്തിയായിരുന്ന മുസ്‌ലിം ബിന്‍ ഖാലിദ് അസ്സഞ്ചിയുടെ അടുത്തു പോയി ഫിഖ്ഹ് പഠിച്ചു. പതിനഞ്ചു വയസ്സായപ്പോഴേക്കും ഫത്‌വ നല്‍കാനുള്ള കഴിവാര്‍ജ്ജിക്കുകയും അതിനുള്ള ഇജാസത്ത് (സമ്മതം) സ്വന്തമാക്കുകയും ചെയ്തു. ശേഷം, മദീനയിലെത്തി ഇമാം മാലിക് (റ) വിനോടൊപ്പം ചേര്‍ന്നു.

ഹിജ്‌റ 195 ല്‍ ബഗ്ദാദിലേക്കു പുറപ്പെട്ടു. രണ്ടു വര്‍ഷം അവിടെ കഴിച്ചുകൂട്ടിയ അദ്ദേഹം വിവിധ പണ്ഡിതരുമായി കണ്ടുമുട്ടുകയും അവരില്‍നിന്നും വിവിധ വിഷയങ്ങളിലുള്ള അറിവ് ശേഖരിക്കുകയും ചെയ്തു. തന്റെ ആദ്യകാല രചനകളിലൊന്നായ ഹുജ്ജ രചിക്കുന്നത് ഇവിടെ വെച്ചാണ്. ശേഷം, മക്കയിലേക്കുതന്നെ മടങ്ങിയ അദ്ദേഹം ഹിജ്‌റ 198 ല്‍ വീണ്ടും ബഗ്ദാദിലേക്കു തിരിച്ചു. അവസാനം ഈജിപ്തിലേക്ക് തിരിക്കുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇവിടെ വെച്ചാണ് തന്റെ വിഖ്യാത ഗ്രന്ഥങ്ങളായ അല്‍ ഉമ്മ്, അല്‍ അമാലീ തുടങ്ങിയവ രചിക്കുന്നത്. പണ്ഡിതരില്‍നിന്നും പണ്ഡിതരിലേക്കുള്ള യാത്രയായിരുന്നു ഇമാം ശാഫിഈയുടെ ജീവിതം. അദ്ദേഹത്തിന്റെ ഗ്രഹണ ശേഷിയും മന:പാഠമാക്കാനുള്ള കഴിവും പ്രശ്‌നങ്ങള്‍ നിര്‍ധാരണം ചെയ്യാനുള്ള പാടവവും ഗംഭീരമായിരുന്നു.


ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തില്‍ മുസ്‌ലിം സമുദായത്തില്‍ ഒരു മുജദ്ദിദിനെ (നവോത്ഥാന നായകന്‍) അല്ലാഹു നിയമിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഹിജ്‌റ രണ്ടാം ശതകത്തിലെ നവോത്ഥാന നായകന്‍  ഇമാം ശാഫിഈ (റ) ആയിരുന്നുവെന്ന് ഇമാം അഹ്മദ് ബ്‌നു ഹമ്പലിനെ പോലെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖുറൈശി വംശജനായ ഒരു പണ്ഡിതന്‍ ഭൂമുഖത്ത് വിജ്ഞാനം നിറക്കുമെന്ന (ഹാകിം, മുസ്തദ്‌റക്) നബി വചനത്തിന്റെ സാക്ഷാത്കാരമായിരുന്നു ഇമാം ശാഫിഈ എന്ന് സുപ്രസിദ്ധ ഹദീസ് പണ്ഡിതന്‍ അബൂ നഈം പ്രസ്താവിച്ചിട്ടുണ്ട്.

ഖുര്‍ആന്‍ വ്യാഖ്യാതാവ്, കര്‍മ ശാസ്ത്ര വിശാരദന്‍, ചരിത്രകാരന്‍, കവി, ഹദീസ് പണ്ഡിതന്‍ എന്നീ നിലകളില്‍ ഇസ്‌ലാമിക വിജ്ഞാന മേഖലകളില്‍ ലബ്ധ പ്രതിഷ്ഠനായ അദ്ദേഹം അതിനിശിതവും സൂക്ഷ്മവുമായ ചിന്താവിശകലനത്തിന് സ്വന്തം ധിഷണയെ സജ്ജമാക്കിയ പ്രതിഭാശാലിയായിരുന്നു. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിനു സുവ്യക്തമായൊരു നിദാന ശാസ്ത്രം (ഉസൂലുല്‍ ഫിഖ്ഹ്) ആവിഷ്‌കരിക്കുകവഴി അതിബൃഹത്തായൊരു വിജ്ഞാന ശാഖയുടെ ഉപജ്ഞാതാവുകൂടിയാണദ്ദേഹം.


ചെറുപ്പം മുതലേ വലിയ കവിതാ പ്രേമിയായിരുന്നു ഇമാം ശാഫിഈ (റ). ഹുദൈല്‍ വംശജരെപ്പോലെ പ്രസിദ്ധരായ കവികളും കവികളും ഭാഷാപടുക്കളും അന്നുണ്ടായിരുന്നില്ല. കവിതകളുടെ അമൂല്യ കലവറകളായിരുന്നു ഹുദൈലിലെ ഓരോ വീടും. നഗരപ്രദേശങ്ങളില്‍നിന്നും വളരെ അകലെയായിരുന്നു അവര്‍ താമസിച്ചിരുന്നത് എന്നതിനാല്‍ അധികമാളുകളും അവരെ എത്തിനോക്കുമായിരുന്നില്ല. എന്നാല്‍, ഇമാം ശാഫിഈ അവരുടെ അടുത്തു പോയി കവിതയും ഭാഷാ പരിജ്ഞാനവും ആര്‍ജ്ജിച്ചു. ശേഷം, അനര്‍ഘങ്ങളായ അനവധി കവിതകള്‍ അദ്ദേഹം രചിക്കുകയുണ്ടായി.


സുഫ്‌യാനു ബ്‌നു ഉയൈന (റ) നിന്നാണ് ഹദീസ് വിജ്ഞാനത്തില്‍ അവഗാഹം നേടുന്നത്. പിന്നീട് ഓരോ നിമിഷവും ഖുര്‍ആനിന്റെയും ഹദീസിന്റെയും ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി ഗവേഷണാത്മകമായ ജീവിതം നയിച്ചു. അങ്ങനെ, ദശകങ്ങളോളം തുടര്‍ന്ന ദാര്‍ശനിക പര്യവേക്ഷണത്തില്‍നിന്നും ഉരുതിരിഞ്ഞ  കര്‍മശാസ്ത്ര സരണിയാണ് ശാഫിഈ മദ്ഹബ്. ഇമാമുകളുമായി അഭിപ്രായാന്തരമുള്ള ഏതു വിഷയത്തിലും  വലിയ സൂക്ഷ്മത അദ്ദേഹം പ്രകടിപ്പിച്ചു. ഖുര്‍ആന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തിനു ഊടും പാവും നല്‍കിയ സമുന്നത വ്യക്തി എന്ന നിലയില്‍ മുസ്‌ലിം ലോകം ഇമാം ശാഫിഈയെ പ്രത്യേകം അനുസ്മരിക്കേണ്ടതാണ് എന്ന് ഹിലാലു ബ്‌നു അലാഅ് (റ) പ്രസ്താവിച്ചിട്ടുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter