സഈദുബ്നുല്‍ മുസയ്യിബ്: അല്ലാഹുവിനെ മാത്രം ഭയന്ന പണ്ഡിതൻ

അമീറുൽ മുഅ്മിനീൻ അബ്ദുൽ മലിക്കുബ്നു മർവാൻ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി പുറപ്പെടാനും റസൂലിന്റെ റൗളാ ശരീഫ് കൺകുളിർക്കെ കാണാനും റസൂലിനോട് സലാം പറഞ്ഞു ആത്മാനുഭൂതി നേടാനും തീരുമാനിച്ചു. തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. ദുൽഖഅ്ദ് മാസമായപ്പോൾ തൻറെ ഗോത്രമായ ബനൂഉമയ്യയിലെ ഒരുപറ്റം നേതാക്കളുമൊത്ത് ഹിജാസിന്റെ പുണ്യഭൂമിയിലേക്കുള്ള യാത്രയാരംഭിച്ചു. യാത്രാസംഘം ഡമസ്കസിൽ നിന്ന് സാവധാനം മദീനയെ ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. ഇടയ്ക്കിടെ വിശ്രമത്തിനായി പലയിടങ്ങളിലും ടെൻഡുകൾ കെട്ടി താമസിച്ചു. അവിടങ്ങളിലെല്ലാം ഇൽമീ സദസ്സുകളും ദീനീ ചർച്ചകളും അധ്യാപനങ്ങളും നടത്തിക്കൊണ്ടേയിരുന്നു. ഒടുവിൽ സംഘം ലക്ഷ്യസ്ഥാനമായ റസൂലിൻറെ മദീനയിലേക്ക് കാലെടുത്തുവെച്ചു. മുത്ത് നബിയോട് സലാം പറഞ്ഞ സമയം വല്ലാത്തൊരനുഭൂതിയാണ് ഖലീഫക്കും സംഘത്തിനും അനുഭവപ്പെട്ടത്. കുറച്ചുകാലം മദീനയിൽ തന്നെ തങ്ങാൻ ഖലീഫ തീരുമാനിച്ചു.

മദീനയിൽ അദ്ദേഹത്തെ ആകർഷിച്ച പ്രധാനപ്പെട്ട ഒന്നായിരുന്നു മദീന മുനവ്വറയുടെ പല ഭാഗങ്ങളിലായി ഉണ്ടായിരുന്ന വിജ്ഞാന സദസ്സുകൾ. ഉർവതുബ്നു സുബൈർ(റ), സഈദ്ബ്നു മുസയ്യിബ് (റ), അബ്ദുല്ലാഹിബ്നു ഉത്ബ (റ) ഉൾപ്പെടെയുള്ള മഹോന്നതരായ പണ്ഡിത മഹത്തുക്കളുടെ കാർമികത്വത്തിൽ നടന്നുപോന്നിരുന്ന വിജ്ഞാന സദസ്സുകൾ മദീനയുടെ അലങ്കാരമായിരുന്നു. ഒരു ദിവസം അസാധാരണമായി   ഖലീഫ നേരത്തെ എഴുന്നേറ്റ് തൻറെ സേവകനോട് പറഞ്ഞു: "മൈസറാ, മദീന പള്ളിയിൽ ചെന്ന് അവിടെയുള്ള ഒരു പണ്ഡിതനെ എനിക്ക് ഹദീസ് പറഞ്ഞുതരാൻ ആയി ഇവിടെ കൂട്ടിക്കൊണ്ട് വരൂ". 

ഖലീഫയുടെ കല്പന അനുസരിച്ച് മൈസറ മദീന പള്ളിയിൽ ചെന്നു. അവിടെ ആ സമയത്ത് ഉണ്ടായിരുന്നത് ഒരേ ഒരു വിജ്ഞാന സദസ്സ് മാത്രമായിരുന്നു. മുഖത്ത് ഗാംഭീര്യം സ്ഫുരിച്ച് നിൽക്കുന്ന ഏകദേശം 60 വയസ്സ് തോന്നിപ്പിക്കുന്ന ഒരു മഹാപണ്ഡിതനായിരുന്നു ആ ഹൽഖക്ക് കാർമികത്വം വഹിച്ചിരുന്നത്. ആ സദസ്സിനോട് കുറച്ച് അടുത്ത് ചെന്ന് മൈസറ കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അദ്ദേഹം തിരിഞ്ഞു നോക്കിയതേ ഇല്ല. ഒന്നുകൂടി അടുത്ത് ചെന്ന് മൈസറ അദ്ദേഹത്തോട് പറഞ്ഞു: ഒരു കാര്യം പറയാനുണ്ട്. ഖലീഫ അയച്ചതാണ് എന്നെ, ഈ പള്ളിയിൽ നിന്ന് ഖലീഫയെ ഹദീസ് പഠിപ്പിക്കാനായി ഒരു പണ്ഡിതനെ കൂടെ കൊണ്ടുവരാനായി എന്നെ ഇങ്ങോട്ട് അയച്ചതാണ്. ഇവിടെ താങ്കൾ അല്ലാത്ത മറ്റാരുമില്ല, അതുകൊണ്ട് താങ്കൾ എൻറെ കൂടെ ഖലീഫക്ക് ഹദീസ് പറഞ്ഞുകൊടുക്കാൻ അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്ക് വരണം. 

ഇത് കേട്ട് ആ മഹാൻ പറഞ്ഞു: ആരെങ്കിലും എന്തെങ്കിലും ലഭ്യമാകണമെന്ന് ആഗ്രഹിച്ചല്‍ അവന്‍ അത് തേടി അതുള്ള സ്ഥലത്തെത്തിച്ചേരും, അല്ലാതെ അവനെ തേടി അത് അങ്ങോട്ട് വരില്ല . ഈ പള്ളിയും സദസും വിശാലമാണ് എത്രയാള്‍ വന്നാലും ആരു വന്നാലും ഉൾക്കൊള്ളാവുന്നതേയുള്ളൂ ഈ പള്ളിയുടെ വിശാലതയും സൗകര്യങ്ങളും. ഖലീഫ ഹദീസ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ഈ പള്ളിയിൽ വന്നിരുന്നു കൊള്ളട്ടെ. നിരാശനായി മൈസറ കൊട്ടാരത്തിലേക്ക് മടങ്ങി. ഖലീഫയോട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു കൊടുത്തു. ഉടനെ നിരാശയോടെ ശ്വാസം ശക്തിയായി അയച്ച് ഖലീഫ തൻറെ റൂമിലേക്ക് നടന്നു. നടത്തത്തിനിടയിൽ ഖലീഫ പറയുന്നുണ്ടായിരുന്നു "അത് സഈദ് ബ്നു മുസയ്യിബാണ്, അദ്ദേഹത്തെ നീ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു".

ഖലീഫ റൂമിലേക്ക് പോയപ്പോൾ അദ്ദേഹത്തിൻറെ രണ്ട് സഹോദരന്മാർ തമ്മിൽ ഒരു സംഭാഷണം നടന്നു. ചെറിയവൻ വലിയ സഹോദരനോട് ചോദിച്ചു: അമീറുൽ മുഅ്മിനീൻ പറഞ്ഞതനുസരിക്കാത്ത, അദ്ദേഹം തൻറെ മുമ്പിൽ സമാഗതനാവണമെന്ന് അഹംഭാവം നടിക്കുന്ന, റോമൻ രാജാക്കന്മാർ പോലും തലകുനിച്ചു പോകുന്ന ഇയാൾ ആരാണ്? ജ്യേഷ്ഠൻ പറഞ്ഞു,  ഖലീഫയായ നിൻറെ സഹോദരന് വേണ്ടി തന്റെ മകളുമായി വിവാഹഭ്യർത്ഥന നടത്തിയപ്പോൾ നിരസിച്ചയാളാണദ്ദേഹം. ഇത് കേട്ട അനിയൻ പറഞ്ഞു: വലീദുബ്നു അബ്ദുൽ മലികിനെ മരുമകനായി കിട്ടിയിട്ട് അത് വേണ്ട എന്ന് നിരസിക്കുകയോ! അദ്ദേഹത്തെക്കാൾ ഉന്നതനായ ഒരാളെ എവിടുന്ന് കിട്ടാനാണ്. തന്റെ മകളെ വിവാഹം കഴിപ്പിക്കാതെ വീട്ടിൽ ഇരുത്താനാണോ അയാളുടെ ഉദ്ദേശ്യം. മൂത്ത ജ്യേഷ്ഠൻ പറഞ്ഞു,  അവളെക്കുറിച്ചോ അവർ തമ്മിൽ വല്ല പ്രശ്നവും ഉണ്ടോ എന്നതിനെ കുറിച്ചോ എനിക്ക് തീരെ ധാരണയില്ല. ഇത്രയും പറഞ്ഞപ്പോഴേക്കും കൊട്ടാരത്തിൽ ഉണ്ടായിരുന്ന ഒരു സേവകൻ ഇടപെട്ട് പറഞ്ഞു: രാജാവ് സമ്മതം നൽകുകയാണെങ്കിൽ അവളെ കുറിച്ച് ഞാൻ പറഞ്ഞു തരാം. അവളെ വിവാഹം കഴിച്ചത് എൻറെ വീടിനോട് തൊട്ടുരുമ്മി നിലകൊള്ളുന്ന ഞങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളാണ്. അവൻ അവരുടെ വിവാഹ കഥ എന്നോട് നേരിട്ട് പറഞ്ഞു തന്നിട്ടുണ്ട്. രണ്ടുപേരും കഥ പറഞ്ഞു തരാനായി ആവശ്യപ്പെട്ടപ്പോൾ അയാൾ പറയാനാരംഭിച്ചു. 

അബൂ വദാഅ എന്ന് പേരുള്ള ആ മനുഷ്യന്‍ എന്നോട് പറഞ്ഞു: ഞാൻ പതിവ് പോലെ മദീന പള്ളിയിൽ വിജ്ഞാന ദാഹിയായി ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്ന കാലം. ഞാൻ സഈദ് ബ്നു മുസയ്യിബിന്റെ ഹൽഖയിൽ സ്ഥിരമായി പങ്കെടുക്കുന്നയാളാണ്. ആയിടെ കുറച്ച് ദിവസം എന്നെ കാണാതായപ്പോൾ എന്നെക്കുറിച്ച് സദസ്സിലുള്ളവരോട് അന്വേഷിച്ചു. അവരെല്ലാം അറിയില്ലെന്ന് കൈമലർത്തി. ഏതാനും ദിവസങ്ങൾക്ക് ശേഷം ഞാൻ സദസ്സിൽ മടങ്ങിയെത്തിയപ്പോൾ എന്നെ സ്വാഗതം ചെയ്തുകൊണ്ട് ഇത്ര ദിവസത്തെ അഭാവത്തിന്റെ കാരണം തിരക്കി. ഞാൻ എൻറെ ഭാര്യയുടെ അപ്രതീക്ഷിത മരണവും അതെന്നിലുണ്ടാക്കിയ അഗാധമായ ദുഖവും കാരണമാണ് വരാതിരുന്നതെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: നിനക്ക് ഞങ്ങളോട് അറിയിച്ചു കൂടായിരുന്നോ, അങ്ങനെയാണെങ്കിൽ ഞങ്ങൾക്കും അവളുടെ ജനാസയിൽ പങ്കുചേരാമായിരുന്നല്ലോ. നിൻറെ ദുഃഖത്തിലും ഞങ്ങൾ കൂടെ കൂടുമായിരുന്നല്ലോ.

സദസ്സ് പിരിഞ്ഞ് എല്ലാവരും പോകുന്നത് വരെ എന്നോട് അവിടെത്തന്നെ ഇരിക്കാൻ കൽപ്പിച്ചു. എല്ലാവരും പോയി കഴിഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു: നിനക്കൊരു പുനർ വിവാഹമായിക്കൂടെ? ഞാൻ പറഞ്ഞു: യതീമായി വളർന്ന് ഫക്കീറായി ജീവിക്കുന്ന എനിക്ക് ആരാണ് മകളെ വിവാഹം കഴിച്ചു തരാൻ ധൈര്യപ്പെടുക. എൻറെ അടുത്ത് ആകെയുള്ളത് രണ്ടുമൂന്നു ദിർഹം മാത്രമാണ്. അപ്പോൾ അദ്ദേഹം പറഞ്ഞു: നിനക്ക് ഞാൻ എൻറെ മകളെ വിവാഹം ചെയ്തു തരാം. അപ്രതീക്ഷിതമായ ആ മറുപടിയിൽ ഞാൻ തെല്ലൊന്നുമല്ല അമ്പരന്ന് പോയത്. എന്റെ നാവ് എനിക്ക് തന്നെ  വഴങ്ങുന്നില്ല എങ്കിലും ഒരു വിധം ഇങ്ങനെ പറഞ്ഞൊപ്പിച്ചു, എൻറെ അവസ്ഥകളൊക്കെ പരിപൂർണ്ണമായി മനസ്സിലായിട്ടും അങ്ങ് എനിക്ക് അങ്ങയുടെ മകളെ വിവാഹം ചെയ്തു നൽകുകയോ! അതെയെന്ന് മഹാനവർകൾ ഉത്തരം നൽകി. ഞങ്ങൾക്ക് വേണ്ടത് ദീനി ബോധവും സൽസ്വഭാവവുമുള്ള പുരുഷനെയാണ്, അത് നിന്നിൽ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പറഞ്ഞ് അവിടെ അല്പം അകലെയായി കൂടി നിൽക്കുന്ന ആളുകളെ അടുത്തേക്ക് വിളിച്ചു വരുത്തി അവരെ സാക്ഷിയാക്കി രണ്ട് ദിർഹം മഹറിന് എന്റെ മകളെ ഞാൻ നിനക്ക് വിവാഹം ചെയ്തു എന്ന് പറഞ്ഞ ആ വിവാഹം അവിടെ വെച്ച് തന്നെ നടത്തി. 

അന്ന് ഞാൻ നോമ്പുകാരനായിരുന്നു. മഗരിബ് വരെയും എൻറെ അമ്പരപ്പ് നീങ്ങിയതേ ഇല്ല. മഗരിബ് ബാങ്ക് വിളിച്ചപ്പോൾ നിസ്കരിച്ച് നോമ്പുതുറക്കാനായി ഇരുന്നതേയുള്ളൂ. അപ്പോഴേക്കും ആരോ വന്ന് വാതിലിൽ മുട്ടുന്നു. ആരാണ് എന്ന  ചോദ്യത്തിന് "സഈദ്" എന്ന് മറുപടി പറഞ്ഞു. സഈദുബ്നു മുസയ്യിബല്ലാത്ത എനിക്ക് പരിചയമുള്ള എല്ലാ സഈദുകളുടെയും ചിത്രം എൻറെ മനസ്സിൽ മാറിമാറി വന്നു. അദ്ദേഹം മാത്രം പ്രത്യക്ഷപ്പെട്ടില്ല. കാരണം 14 വർഷമായി സ്വന്തം വീടിനും പള്ളിക്കും ഇടയിലല്ലാതെ അദ്ദേഹത്തെ ഞാൻ കണ്ടിട്ടേയില്ല. വാതിൽ തുറന്നപ്പോൾ അത് അദ്ദേഹമായിരുന്നു. എനിക്ക് മകളെ വിവാഹം കഴിപ്പിച്ചു തന്ന ശേഷം എന്നെക്കുറിച്ച് നല്ല മോശമായ വിവരവും കിട്ടിയോ എന്ന് പോലും ഞാൻ ഭയന്നുപോയി. ഞാൻ ചോദിച്ചു, അങ്ങേയ്ക്ക് മറ്റാരെങ്കിലും അയച്ചുകൊണ്ട് എന്നോട് വരാൻ ആവശ്യപ്പെട്ടാൽ മതിയായിരുന്നില്ലേ, എന്തിനാണ് താങ്കൾ ഇത്ര കഷ്ടപ്പെട്ട് ഇവിടെ വന്നത്? 

അദ്ദേഹം പറഞ്ഞു, ഞാൻ വന്നത് ഒരു സുപ്രധാന കാര്യത്തിനാണ്. എൻറെ മകൾ ഇന്ന് പ്രഭാതം മുതൽ നിൻറെ ഇണയാണല്ലോ. നിൻറെ ഏകാന്ത ദുഃഖത്തിൽ നിന്നെ ആശ്വസിപ്പിക്കാൻ ആരുമില്ലെന്ന് എനിക്കറിയാം. അതുകൊണ്ട് നിന്റെ ഇണയായ എൻറെ മകളെ നിന്നെ ഏൽപ്പിക്കുകയാണെന്ന് പറഞ്ഞ് അവളെ അദ്ദേഹം മുൻപിലോട്ട് നിർത്തി. ഞാൻ അവളെ സ്വാഗതം ചെയ്തു. അവളുടെ വസ്ത്രം കാരണം അവൾ ഒന്ന് തെന്നി വീഴാൻ പോയ നേരം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അന്ധാളിച്ചു നിന്നു. നോമ്പ് തുറക്കാനായി ഞാൻ കരുതി വെച്ചിരുന്ന ഭക്ഷണം വിളക്കിന്റെ വെളിച്ചത്തിൽ നിന്നും മാറ്റിവെച്ച്, വീടിൻറെ മുകളിൽ കയറി അയൽവാസികളോട് വിളിച്ചുപറഞ്ഞു, എനിക്ക് മഹാനായ സഈദുബ്നു മുസയ്യിബ് തൻറെ മകളെ വിവാഹം ചെയ്തു തന്നിരിക്കുന്നു. ഇപ്പോൾ അവളെയും കൊണ്ട് അദ്ദേഹം ഇവിടെ വന്നിട്ടുണ്ട്.  ദൂരത്ത് താമസിക്കുന്ന എൻറെ ഉമ്മയെ കൂട്ടി വരുന്നത് വരെ നിങ്ങൾ അവള്‍ക്ക് കൂട്ടിരിക്കണം. കൂട്ടത്തിൽ ഒരു വൃദ്ധ വലീദുബ്നു അബ്ദുൽ മലിക്കിന് നൽകാത്തവളെ നിനക്ക് നൽകുകയോ എന്ന് അത്ഭുതം പ്രകടമാക്കിയെങ്കിലും എൻറെ വീട്ടിലേക്ക് വന്നു നോക്കൂ അവൾ ഇവിടെയുണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞു.

അത് കേട്ട് അയൽവാസികളെല്ലാം  ഒരുമിച്ചുകൂടി. ഏറെ കഴിയും മുമ്പ് ഉമ്മയും വന്നു. എന്നെ തിരിഞ്ഞു നോക്കി ഉമ്മ പറഞ്ഞു: ഞാൻ ഇവളെ കുറിച്ച് മനസ്സിലാക്കുന്നതിനു മുമ്പ് നീ ഇവളോട് അടുക്കരുത്. അങ്ങനെ കുറച്ചുദിവസം അവൾ ഉമ്മയോടൊപ്പം താമസിച്ചു. മദീനയിലെ ഏറ്റവും സൗന്ദര്യവതിയും ഖുർആൻ മനപ്പാഠം ഉള്ളവളും ഭർത്താവിനുള്ള അവകാശങ്ങളെക്കുറിച്ച് നന്നായി ബോധ്യമുള്ളവളും ആണെന്ന് ഉമ്മക്ക് മനസ്സിലായപ്പോൾ അവളെ എനിക്ക് വിട്ടു തന്നു . കുറച്ചുദിവസത്തേക്ക് അവളുടെ കുടുംബക്കാരോ പിതാവോ അവളെ കാണാൻ വന്നതേയില്ല. അങ്ങനെ ഞാൻ അവളുടെ പിതാവിൻറെ സദസ്സിൽ പോകുന്നത് പുനരാരംഭിച്ചു. അന്ന് അദ്ദേഹം എന്നോട് ഒന്നും മിണ്ടിയതേ ഇല്ല. എല്ലാവരും പോയി കഴിഞ്ഞപ്പോൾ മകളെക്കുറിച്ച് ആരായുകയും അവൾക്ക് സൗഖ്യമല്ലേ എന്ന് ചോദിക്കുകയും ചെയ്തു. സദസ്സ് പിരിഞ്ഞ് ഞാൻ വീട്ടിലെത്തിയപ്പോൾ അദ്ദേഹം ഒരുപാട് സമ്പത്ത് ഞങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങൾക്ക് ഉപയോഗിക്കാനായി അവിടെ കൊണ്ടുവന്നു വെച്ചിരുന്നു.

കഥ കേട്ടുകൊണ്ടിരിക്കുന്ന ഖലീഫയുടെ ഒരു സഹോദരൻ പറഞ്ഞു, അയാളുടെ കാര്യങ്ങൾ ആശ്ചര്യകരം തന്നെ. ഉടനെ അയാള്‍ പറഞ്ഞു, ഇതിലൊന്നും ആശ്ചര്യപ്പെടേണ്ടതായി ഒന്നുമില്ല,  അദ്ദേഹം ദുനിയാവിനെ പരലോക ജീവിതത്തിലേക്കുള്ള വാഹനമായാണ് കാണുന്നത്, ദുനിയാവിനെ വിറ്റ് പരലോക വിജയം കരസ്ഥമാക്കിയവരാണവർ, അദ്ദേഹം ഖലീഫയുടെ മകനോട് തൻറെ മകളെ വിവാഹം കഴിപ്പിച്ച് നൽകാത്തത് പിശുക്ക് കാരണമോ കിടയൊക്കാത്തത് കൊണ്ടോ, അല്ല ദുനിയാവിന്റെ ഫിത്ന ഭയന്ന് മാത്രമാണ്. ഒരിക്കൽ ഇതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം നൽകിയ മറുപടി, എൻറെ മകൾ എന്നിൽ ഏൽപ്പിക്കപ്പെട്ട ഒരു സൂക്ഷിപ്പ് സ്വത്താണ് ഞാൻ അവളുടെ കാര്യത്തിൽ ചെയ്ത നന്മയിൽ ഏറെ സന്തുഷ്ടനാണ്. ഞാൻ കൊട്ടാരത്തിലേക്കാണ് അവളെ വിവാഹം കഴിപ്പിച്ചു നൽകിയിരുന്നതെങ്കിൽ എന്തായിരിക്കും അവളുടെ  അവസ്ഥ. ചുറ്റും പരിപാലകരും പരിചാരകരും സേവകരും ആയി നിൽക്കുകയും കാലക്രമേണ ഖലീഫയുടെ ഭാര്യ കൂടി ആകുന്നതോടെ പിന്നെ അവൾ ദീനിന് എന്ത് പരിഗണനയാണ് നൽകുക എന്നായിരുന്നു.

ഇത് കേട്ടുകൊണ്ടിരുന്ന ശാമുകാരനായ ഒരാൾ പറഞ്ഞുവത്രെ: ഇയാളെ പോലോത്തവർ ഇക്കാലത്ത് അപൂർവങ്ങളിൽ അപൂർവ്വമാണ്. അത് ശരിവെച്ച് കൊണ്ട് അവിടുത്തുകാരനായ ഒരാൾ പറഞ്ഞു: അദ്ദേഹം പകലുകളത്രയും നോമ്പ് പിടിക്കുകയും രാത്രി മുഴുവൻ നിസ്കരിക്കുകയും 14 ഓളം ഹജ്ജ് കർമ്മങ്ങൾ ചെയ്യുകയും ചെയ്ത മഹോന്നതനാണ്. അദ്ദേഹത്തിന് 14 വർഷമായി മദീന പള്ളിയിലെ ജമാഅത്തിലെ തക്ബീറതുൽ ഇഹ്റാം നഷ്ടപ്പെട്ടിട്ടേയില്ല. അദ്ദേഹത്തിന് ഉന്നതരായ ഖുറൈശി സ്ത്രീകളെ വിവാഹം കഴിക്കാമായിരുന്നിട്ടുകൂടി അദ്ദേഹം തെരഞ്ഞെടുത്തത് അബുഹൈറ(റ)ന്റെ മകളെയാണ്. നബി തങ്ങൾ അബൂഹുറൈറക്ക് നൽകിയ പദവി മാനിച്ചായിരുന്നു അദ്ദേഹം ഈ തീരുമാനത്തിലെത്തിയത്.

ആ ജീവിതം മുഴുവൻ വിജ്ഞാനത്തിനു വേണ്ടി ഉഴിഞ്ഞു വെച്ചതായിരുന്നു. പ്രവാചക പത്നിമാരിൽ നിന്നും വിദ്യ നുകർന്ന മഹാൻ, സൈദുബ്നു സാബിത്ത് (റ) , അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), അബ്ദുല്ലാഹിബ്നു ഉമർ (റ)  തുടങ്ങിയവരിൽ നിന്ന് ശിഷ്യത്വം സ്വീകരിക്കുകയും, ഉസ്മാൻ (റ), അലി (റ), സുഹൈബ് (റ) തുടങ്ങിയവരുടെ വിജ്ഞാന സദസ്സുകളിൽ സാക്ഷിയാവുകയും ചെയ്തു. അവരുടെ സൽസ്വഭാവമത്രയും ജീവിതത്തിൽ പകർത്തിയ മഹാൻ ഇടയ്ക്കിടെ ഇങ്ങനെ മൊഴിയാറുണ്ടായിരുന്നത്രേ: അല്ലാഹുവിൻറെ അടിമകൾ അഭിമാനികളായി തീർന്നതത്രയും അല്ലാഹുവിനെ അനുസരിച്ചത് കൊണ്ട് മാത്രമാണ്. അവർ നിന്ദ്യരായതത്രയും അവൻറെ കൽപ്പനകൾക്ക് വഴിപ്പെടാത്തത് കൊണ്ടുമാണ്. 

മഹാനവർകളുടെ കൂടെ അല്ലാഹു നമ്മെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter