മുസ്‌ലിം രാഷ്‌ട്രീയം; ആധുനികപൂര്‍വ അനുഭവങ്ങളും ഉലമാ നേതൃത്വവും
മനുഷ്യ ജീവിതത്തിന്റെ സ്ഥൂലവും സൂക്ഷ്‌മവുമായ അനുഭവ തലങ്ങളിലെല്ലാം അല്ലാഹുവിന്റെ തൃപ്‌തിയെ പ്രാപിക്കുന്നതിനുള്ള മാര്‍ഗ ദര്‍ശനങ്ങള്‍ നല്‍കുന്ന ദീനാണ് ഇസ്‌ലാം. അഥവാ ജീവിതത്തിന്റെ ഒരു മേഖലയെയും ശൂന്യസ്ഥലിയായി അവഗണിക്കാനോ സ്വതന്ത്ര വിഹാരത്തിന്റെ മേച്ചില്‍ സ്ഥലമായി ഭാഗിച്ചു നല്‍കാനോ ദീനില്‍ പഴുതില്ല. അല്ലാഹുവിന്റെ തൃപ്‌തി പ്രാപിക്കുക എന്ന മൗലിക ലക്ഷ്യത്തെ തേടാത്ത ഒരു പ്രവൃത്തിയും പ്രവണതയും ഇസ്‌ലാമിലില്ല എന്നതാണ് വസ്‌തുത. ഒരു മനുഷ്യനെ ബാധിക്കുന്ന വൈയക്തികവും സാമൂഹികവുമായ അനുഭവ മണ്ഡലങ്ങളിലെല്ലാം വെളിച്ചം നിറച്ച് അല്ലാഹുവിലേക്ക് വഴികാണിക്കുക എന്നതാണ് പരമമായി ദീനുകൊണ്ടുള്ള വിവക്ഷ. മനുഷ്യന്‍ പടച്ചുണ്ടാക്കിയ വ്യവസ്ഥകള്‍ക്കും സംവിധാനങ്ങള്‍ക്കും ഈയൊരു സവിശേഷതയിലേക്ക് വളരുക എന്നത് അപ്രാപ്യമാണ്. മുസ്‌ലിം രാഷ്ട്രീയത്തെയും ഇസ്‌ലാമികമായ അതിന്റെ ഉള്ളടക്കത്തെയും ചര്‍ച്ച ചെയ്യുമ്പോഴും പ്രഥമമായി പരിഗണിക്കേണ്ട വസ്‌തുത അല്ലാഹുവിന്റെ തൃപ്‌തിയെ പ്രാപിക്കുന്ന വഴിയില്‍ എങ്ങനെരാഷ്ട്രീയത്തെയും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെയും പ്രയോജനകരമാക്കാം എന്നതാണ്.
രാഷ്ട്രീയമെന്നത് മനുഷ്യന്റെ ലോക വീക്ഷണത്തെ രൂപപ്പെടുത്തുന്ന അടിസ്ഥാനകാര്യമായാണ് ആധുനികത നിര്‍വ്വചിച്ചതും ആഘോഷിച്ചതും. ദേശീയതയും ദേശരാഷ്ട്രവും, മതം കൈയ്യാളിയിരുന്ന മുഴുവന്‍ മേഖലകളില്‍ നിന്നും മതത്തെ നിഷ്‌പ്രഭമാക്കുകയും തദ്‌സ്ഥാനത്ത് രാഷ്ട്രീയമായ അബോധത്തെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. ജനജീവിതത്തിലേക്കുള്ള ദേശീയതയുടെയും ദേശരാഷ്ട്രത്തിന്റെയും ഈ കടന്നുകയറ്റം മതത്തെ സ്വകാര്യ കാര്യമാക്കുകയും സാമൂഹിക ജീവിതത്തിനും അതുമായി ബന്ധപ്പെട്ട സംഘാടനത്തിനും പുരോഗമനോന്മുഖ ഭാഷ്യങ്ങള്‍ നല്‍കുകയും ചെയ്‌തു. മനുഷ്യരെ വര്‍ണത്തിന്റെയും ജാതിയുടെയും പേരില്‍ സാമൂഹിക വിഭാഗങ്ങളാക്കി വിഭജിച്ച് അധീശത്വം വാണിരുന്ന മതാത്മക ഭാവമുള്ള പാരമ്പര്യ സമൂഹങ്ങള്‍ക്ക് മതം സ്വകാര്യകാര്യമായി വൈയക്തിക ജീവിതത്തില്‍ പരിമിതപ്പെടുന്നത് അവരുടെ സാമൂഹികമായ ഉന്നമനത്തിനും സ്വയം നിര്‍ണയാധികാരത്തിനും അനുഗുണമായിരുന്നുവെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ മുസ്‌ലിംകളെയും ഇസ്‌ലാമിനെയും സംബന്ധിച്ച് രാഷ്ട്രീയമെന്നത് ജീവിതത്തില്‍ നിന്ന് വിഭജിക്കാനാവാത്ത ഒരേ സമയം സാംസ്‌കാരികവും മതാത്മകവുമായ അടിത്തറകളുള്ള കാര്യം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ച് പൊതുജീവിതത്തെയും സ്വകാര്യ ജീവിതത്തെയും ഒരു പോലെ ബാധിക്കുന്ന കാര്യവും കൂടിയായിരുന്നു രാഷ്ട്രീയം. കേരളത്തില്‍ രൂപപ്പെട്ടു വന്ന മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രാഗ്‌രൂപങ്ങളെന്തായിരുന്നുവെന്നും അതിലടങ്ങിയ ഇസ്‌ലാമികമായ അന്തര്‍ധാരകള്‍ കേരളത്തില്‍ നിലവിലിരുന്ന നാട്ടുരാജ്യ അധികാര ബന്ധങ്ങളെ സമീപിച്ചതും നിര്‍ണയിച്ചതും എപ്രകാരമായിരുന്നുവെന്നും ചരിത്രാനുഭവങ്ങളുടെ വെളിച്ചത്തില്‍ പുന:പരിശോധിക്കുവാന്‍ നമുക്ക് സാധിക്കും. ഇസ്‌ലാമിന്റെ കേരളത്തിലേക്കുള്ള ആഗമന കാലം മുതല്‍ തന്നെ ഇവിടത്തെ പരമ്പരാഗത രാഷ്ട്രീയ അധികാര സംവിധാനങ്ങളുടെ ആശീര്‍വാദവും സ്വീകാര്യതയും മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. ചേരമാന്‍ പെരുമാളുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും അതാണ് തെളിയിക്കുന്നത്. അറേബ്യയില്‍ ഇസ്‌ലാം ഉദയം ചെയ്യുന്ന കാലത്തും അതിനുമുമ്പുമെല്ലാം കേരളവുമായും മറ്റ് ഇന്ത്യന്‍ തീരങ്ങളുമായും അറബികള്‍ വാണിജ്യബന്ധങ്ങള്‍ തുടര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമെല്ലാം യമന്‍ തീരങ്ങള്‍ വഴി എത്തിക്കൊണ്ടിരുന്ന കാര്‍ഷിക വിളകളും മറ്റ് വാണിജ്യ വിഭവങ്ങളുമെല്ലാം ശാമില്‍ കൊണ്ടുപോയി കച്ചവടം നടത്തിയിരുന്നത് അറബികളായിരുന്നു. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ അറബികളുടെ കച്ചവടയാത്രകളുടെ വളരെ സജീവമായ ഒരു ചിത്രം ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നുമെല്ലാമായി നിര്‍ഝാരണം ചെയ്യാന്‍ സാധിക്കും. ജൈവികമായ അതിജീവനത്തിന് അനിവാര്യമായ വിഭവങ്ങള്‍ തേടി സമുദ്ര സഞ്ചാരം നടത്തിയിരുന്ന അറബികള്‍ക്ക് അന്ത്യപ്രവാചകര്‍ മുത്തുമുഹമ്മദ് മുസ്‌തഫാ(സ)തങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ഇസ്‌ലാമിന്റെ അനുഗ്രഹം ലഭിച്ചതോടെ അവരുടെ വാണിജ്യ യാത്രകള്‍ക്ക് പുതിയ അര്‍ത്ഥവും മൂല്യവും കൈവന്നു. ഇന്ത്യയും ചൈനയുമുള്‍പ്പെട്ട ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം അവര്‍ എത്തുകയും കച്ചവട കേന്ദ്രങ്ങള്‍ സ്ഥാപിച്ചും ഇസ്‌ലാം പ്രബോധനം ചെയ്‌തും സവിശേഷമായ ഗുണങ്ങളോടെ അവര്‍ നിലകൊള്ളുകയും അക്കാലത്തെ ഭരണാധികാരികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും അവര്‍ സ്വീകാര്യത നേടുകയും ചെയ്‌തു. കേരളത്തിലായാലും ചൈനയിലായാലും അക്കാലത്തെ നാട്ടുരാജാക്കന്മാരുടെ പരിപൂര്‍ണമായ പിന്തുണയും ആശീര്‍വാദവും അവര്‍ക്കുണ്ടായിരുന്നു. എ.ഡി. 851 ല്‍ ഇന്ത്യയിലും ചൈനയിലും മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സമുദ്രമാര്‍ഗേണ വാണിജ്യ യാത്ര നടത്തിയ പേര്‍ഷ്യക്കാരനായ സുലൈമാന്‍ താജിര്‍, ചൈനയിലെ ഹാന്‍ഫൂവില്‍ അക്കാലത്ത് നിലവിലുണ്ടായിരുന്ന നാട്ടുരാജ്യ അധികാര വ്യവസ്ഥ മുസ്‌ലിംകളെയും അറബികളുടെ അധിവാസ കേന്ദ്രങ്ങളെയും എപ്രകാരമാണ് സംരക്ഷിച്ചിരുന്നതും പരിഗണിച്ചിരുന്നതും എന്ന് കൃത്യമായി തന്നെ വരച്ചുവെച്ചിട്ടുണ്ട്.
കേരളത്തില്‍ നിലവിലിരുന്ന തദ്ദേശീയ അധികാര സംവിധാനങ്ങളോട് എക്കാലത്തും ആദരവും കൂറും പുലര്‍ത്തിയവരായിരുന്നു മുസ്‌ലിംകള്‍. വാണിജ്യ വിനിമയങ്ങളിലൂടെ കേരളത്തിന്റെ സമ്പദ്‌ഘടനയുടെ ഉദ്‌ഗ്രഥനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന അറബികളായ മുസ്‌ലിംകളും അവരോട് കുടുംബപരമായ ബന്ധങ്ങളും വാണിജ്യ സമ്പര്‍ക്കങ്ങളുമുണ്ടായിരുന്ന തദ്ദേശീയ മുസ്‌ലിംകളും ഒരേ സമയം നാട്ടുരാജ്യ അധികാര വ്യവസ്‌ഥയില്‍ നിര്‍ണായകമായ സ്വാധീന ശക്തികളായിരുന്നു. സമുദ്രവും അതുമായി ബന്ധപ്പെട്ട വ്യാപാര വിനിമയങ്ങളിലും വ്യാപൃതരായ അവര്‍ക്കിടയില്‍ വാണിജ്യ ബന്ധങ്ങളോടൊപ്പം വംശീയ ബന്ധങ്ങളും ഉളവായത് സ്വാഭാവികമായിരുന്നു. ഇങ്ങനെ സമുദ്ര തീരങ്ങളിലും സമുദ്രവുമായി ബന്ധമുണ്ടായിരുന്ന പുഴകള്‍ വഴി ഉള്‍നാടന്‍ വിഭവ കേന്ദ്രങ്ങളിലും മുസ്‌ലിം അധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിതമാവുകയും ഭരണകൂടങ്ങളുടെ പരിപൂര്‍ണ പിന്തുണയോടെ തന്നെ മുസ്‌ലിംകളുടെ ആവാസ സംവിധാനങ്ങള്‍ കേരളത്തില്‍ ഘട്ടംഘട്ടമായി വിപുലപ്പെടുകയും ചെയ്‌തു. കോഴിക്കോട്ടെ സാമൂതിരിമാരും പെരുമ്പടപ്പ് രാജസ്വരൂപത്തിലെ നാട്ടുരാജാക്കന്മാരും കോലത്തിരി രാജാക്കന്മാരും അങ്ങനെ കേരളത്തിന്റെ തീരഭാഗങ്ങളുടെ അധികാരമുണ്ടായിരുന്ന ഒട്ടെല്ലാ രാജാക്കന്മാരും അറബികളും തദ്ദേശീയരുമായ മുസ്‌ലിംകള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കി അവരുടെ വാണിജ്യവിനിമയങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കിയവരായിരുന്നു. തങ്ങള്‍ വസിക്കുന്ന പ്രദേശത്തെ നാട്ടുരാജാക്കന്മാരോട് എല്ലാ കൂറും പിന്തുണയും പുലര്‍ത്തി ജീവിച്ച മുസ്‌ലിംകള്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനം വരെ ഈ നില തുടര്‍ന്നു. എന്നാല്‍ വംശീയവും മതാത്മകവും സാമ്പത്തികവും രാഷ്ട്രീയവുമൊക്കെയായ അധീശത്വ ലക്ഷ്യങ്ങളോടെ കേരള തീരത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ കുരിശുയുദ്ധ വികാരത്തോടെ അറബികളായ മുസ്‌ലിം വ്യാപാരികളെയും തദ്ദേശീയ മുസ്‌ലിം വ്യാപാരികളെയും പരിഗണിക്കുകയും അവരുടെ വംശീയോന്മൂലനം ലക്ഷ്യം വെക്കുന്ന കൊടും ക്രൂരതകള്‍ക്ക് അരങ്ങൊരുക്കുകയും ചെയ്‌തതോടെയാണ് മുസ്‌ലിംകളുടെ രാഷ്ട്രീയമായ മുന്നേറ്റങ്ങള്‍ക്കും പ്രതിരോധ നീക്കങ്ങള്‍ക്കും ഒരു ഏകീകരണ ഭാവം കൈവരുന്നത്. മുസ്‌ലിംകള്‍ക്കെതിരായ പോര്‍ച്ചുഗീസ് ഭീകര കൃത്യങ്ങള്‍ അതിന്റെ എല്ലാ വിധ്വംസകത്വവും പ്രകടമാക്കിയ നിര്‍ണായകമായ ഒരു ചരിത്ര സന്ധിയിലാണ് മുസ്‌ലിംകളുടെ സാമ്രാജ്യത്ത വിരുദ്ധ രാഷ്ട്രീയത്തിന് അഥവാ നസാറാക്കളുടെ അധീശത്വ വ്യാപനം ലക്ഷ്യം വെക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരായ ആഹ്വാനങ്ങളുമായി ഉലമാക്കള്‍ രംഗത്ത് വരുന്നത്. ജനങ്ങളുടെ ആത്മസംസ്‌കരണത്തിന് നേതൃത്വം നല്‍കിയ സൂഫി ഉലമാക്കളായ സൈനുദ്ദീന്‍ മഖ്‌ദൂം(റ) ഒന്നാമനെ പോലെയുള്ള മഹത്തുക്കളാണ് യഥാര്‍ത്ഥത്തില്‍ കോളണീകരണത്തിനെതിരായ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി ശരിയായ ദിശ നല്‍കിയത്. നാട്ടുരാജാക്കന്മാര്‍ തമ്മിലുണ്ടായിരുന്ന കുടിപ്പക നിമിത്തം സാമൂതിരിയോട് ശത്രുത പുലര്‍ത്തിയിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് പട്ടും പരവതാനിയും വിരിച്ച് കൊച്ചി രാജാക്കന്മാര്‍ സ്വീകാര്യത നല്‍കിയപ്പോള്‍ നാട്ടുരാജാക്കന്മാരുടെ ഹിതത്തിനൊത്ത് അവരോടൊപ്പം നിന്നവര്‍ തന്നെയായിരുന്നു മുസ്‌ലിംകള്‍. ആദ്യകാലത്ത് കൊച്ചി കേന്ദ്രമായി അവിടുത്തെ രാജസ്വരൂപത്തിന് കീഴില്‍ വാണിജ്യവിനിമയങ്ങളില്‍ വ്യാപൃതരായിരുന്ന കുഞ്ഞാലിമരക്കാര്‍ കുടുംബം കൊച്ചി രാജാവിന്റെ പക്ഷത്ത് നിന്ന് മുസ്‌ലിംകളായ നാവിക സൈന്യത്തിന് പങ്കാളിത്തമുള്ള സാമൂതിരി നയിക്കുന്ന മുന്നേറ്റങ്ങള്‍ക്കെതിരെ യുദ്ധം നയിച്ചവരായിരുന്നു. ഈ യുദ്ധമാകട്ടെ പോര്‍ച്ചുഗീസുകാരെ സഹായിക്കാനും കൂടിയായിരുന്നു.
എന്നാല്‍ കേവലമായ വാണിജ്യ ആധിപത്യലക്ഷ്യങ്ങള്‍ക്കപ്പുറം മതകീയവും വംശീയവുമായ കുടില ലക്ഷ്യങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ക്കുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ സൈനുദ്ദീന്‍ മഖ്‌ദൂമി(റ)നെ പോലുള്ളവരുടെ ഉദ്‌ബോധനങ്ങള്‍ക്ക് കാതുകൊടുത്ത് കുഞ്ഞാലിമരക്കാര്‍ കുടുംബം സാമൂതിരി പക്ഷത്തേക്ക് കൂറുമാറിയതോടെ സാമൂതിരിയുടെ നേതൃത്വത്തിലുള്ള മുസ്‌ലിംകളുടെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജവും ഏകീകരണവും കൈവന്നു. ഒരു പക്ഷെ ചരിത്രത്തില്‍ ഇത്തരമൊരു നിര്‍ണായക സന്ദര്‍ഭത്തെ അഭിമുഖീകരിക്കാനാരംഭിച്ചതു മുതല്‍ മുസ്‌ലിം രാഷട്രീയത്തിന് മൂര്‍ത്തമായി തന്നെ ഒരു ദിശ രൂപപ്പെട്ടു വന്നു എന്ന് കാണാം. നാനൂറിലധികം വര്‍ഷം മുസ്‌ലിം രാഷ്ട്രീയത്തെ നിര്‍ണയിച്ചത് വൈദേശിക മേല്‍ക്കോയ്‌മക്കെതിരായ ഈ വികാരവും സാമ്രാജ്യത്വത്തിനെതിരായ സമരോത്സുകതയുമാണ്. എന്നാല്‍ തദ്ദേശീയ അധികാര സംവിധാനങ്ങളോട് മുസ്‌ലിംകള്‍ പുലര്‍ത്തിയ സമീപനം സമരോത്സുകമായ പ്രതിരോധ ഭാവത്തോടെയുള്ളതല്ല, പ്രത്യുത അനുരഞ്‌ജനത്തിന്റെയും സഹകരണത്തിന്റേതുമായിരുന്നു. സാമൂതിരി ഉള്‍പ്പെടെയുള്ള നാട്ടുരാജാക്കന്മാരോട് എല്ലാ അര്‍ത്ഥത്തിലും കൂറുപുലര്‍ത്തിയവരായിരുന്നു മുസ്‌ലിംകള്‍. എന്നാല്‍ അക്രമികളായ വൈദേശിക ശക്തികളോട് കൂട്ടുചേര്‍ന്ന് മുസ്‌ലിംകള്‍ക്കെതിരായ ഉന്മൂലനനടപടികള്‍ക്ക് സഹകരിച്ച ചില നാട്ടുരാജാക്കന്മാര്‍ക്കെതിരെ അവരൊരിക്കലും ആയുധമെടുക്കുകയോ യുദ്ധം നയിക്കുകയോ ചെയ്‌തിട്ടില്ല. സ്വന്തം നാവികമേധാവിയായ കുഞ്ഞാലി മരക്കാര്‍ നാലാമനെ പോര്‍ച്ചുഗീസുകാര്‍ക്ക് പിടിച്ചുകൊടുക്കാന്‍ സഹകരിച്ച സാമൂതിരിയുടെ നടപടികക്കെതിരെ മാപ്പിള പോരാളികളല്ല പ്രതികരിച്ചത് എന്നും നായര്‍ പടയാളികളാണ് പ്രതിഷേധിച്ചത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഈ അനുരഞ്‌ജന പൂര്‍ണമായ സമീപനത്തിന് നിമിത്തമായത്‌് ഒരു പൗരസമൂഹമെന്ന നിലയില്‍ ചരിത്രപരമായി തന്നെ അവര്‍ അനുഭവിച്ചു കൊണ്ടിരുന്ന ആനുകൂല്യങ്ങളും പരിഗണനകളും തന്നെയാണ്. മുസ്‌ലിംകള്‍ അപകടത്തിലാകുന്നു എന്ന വേവലാതിയോടൊപ്പം അക്രമികള്‍ക്ക് കീഴ്‌പ്പെടുന്നതിലൂടെ രാജ്യം തന്നെ അപകടത്തിലാവുന്നു എന്നും സമാധാനജീവിതവും നിയമ വാഴ്‌ചയും നീതിനിഷ്‌ഠയും തകരുന്നുവെന്നുമുള്ള വേവലാതികളാണ് വൈദേശിക മേല്‍ക്കോയ്‌്‌മക്കൈതിരായ മുസ്‌ലിം രാഷ്ട്രീയ വ്യവഹാരങ്ങളെ മുഴുവന്‍ നിര്‍ണയിച്ചത്.
ചുരുക്കത്തില്‍ ഇസ്‌ലാമികമായ ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ പുലര്‍ച്ച എന്ന ലക്ഷ്യമല്ല, സമാധാന പൂര്‍ണമായ സാമൂഹികാന്തരീക്ഷം നിലനില്‍ക്കുന്നതിനും സത്യസന്ധമായ വാണിജ്യ വിനിമയങ്ങള്‍ തുടരുന്നതിനും നിയമ വാഴ്‌ചയും അധികാര സുരക്ഷിതത്വവും ഉറപ്പു വരുത്തുക എന്നതുമാത്രമാണ് മുസ്‌ലിം രാഷ്ട്രീയത്തിന്റെ മുഖ്യമായ ഊന്നല്‍ എന്ന് ഈ ചരിത്രാനുഭവങ്ങളിലൂടെ തിരിച്ചറിയാനാവും. മുസ്‌ലിംകളുടെ കോളണി വിരുദ്ധമായ പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക് സൈദ്ധാന്തികാടിത്തറ നല്‍കിയ എല്ലാ ഉലമാക്കളും ജിഹാദ് എന്ന സംജ്ഞയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കുന്നതിലൂടെ ലഭ്യമാകാനിരിക്കുന്ന അല്ലാഹുവിന്റെ തൃപ്‌തിയും പരലോക സുഖാനന്ദങ്ങളും വിവരിച്ചാണ് സാമൂഹിക ജീവിതത്തിന്റെ തീക്ഷ്‌ണ പാഠങ്ങളെ വിവരിക്കുന്നതും അതിജീവന മുന്നേറ്റങ്ങള്‍ക്കവര്‍ ആഹ്വാനം ചെയ്യുന്നതും. തുഹ്‌ഫത്തുല്‍ മുജാഹിദീനായാലും സൈനുദ്ദീന്‍ മഖ്‌ദൂം(റ) ഒന്നാമന്‍ രചിച്ച തഹ്‌രീള് ആയിരുന്നാലും ഖാളിമുഹമ്മദി(റ)ന്റെ ഫത്‌ഹുല്‍ മുബീനായിരുന്നാലും തദ്ദേശീയ അധികാര വ്യവസ്ഥയോട് എല്ലാ കൂറും ആദരവും പുലര്‍ത്തി തന്നെയാണ് അക്രമികള്‍ക്കെതിരായ മുന്നേറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത്. ഖാളിമുഹമ്മദ് മുസ്‌ലിംകളുടെ ജിഹാദിന് നേതൃത്വം നല്‍കുന്ന സാമൂതിരിയുടെ മഹത്വ കീര്‍ത്തി അറേബ്യന്‍ ഭരണാധികാരികള്‍ക്കിടയില്‍ വ്യാപിപ്പിക്കാനുദ്ദേശിച്ചാണ് ഫത്‌ഹുല്‍ മുബീന്‍ രചിച്ചത് എന്ന് തുറന്നെഴുതുന്നുണ്ട്. തുഹ്‌ഫത്തുല്‍ മുജാഹിദീനാകട്ടെ തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സാമൂതിരിയെ പ്രകീര്‍ത്തിച്ചും സാമൂതിരിയുടെ അധികാരത്തിന്‍ കീഴില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന സുരക്ഷയെ ശ്ലാഖിച്ചുമൊക്കെയാണ് അക്രമികളായ പോര്‍ച്ചുഗീസ് നസാറാക്കള്‍ക്കെതിരെ പ്രതിരോധ മുന്നേറ്റങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത്. മമ്പുറം തങ്ങളു(റ)ടെ ആശീര്‍ വാദത്താല്‍ രചിക്കപ്പെട്ട സൈഫുല്‍ ബത്വാര്‍ എന്ന ഫത്‌വയും അക്രമികളായ നസാറാക്കള്‍ക്കെതിരായ ജിഹാദിന്നാണ് ആഹ്വാനം ചെയ്യുന്നത്. എന്നാല്‍ ഫ്യൂഡലിസത്തിന്റെ വിധ്വംസകമായ അധികാര പ്രയോഗങ്ങള്‍ക്ക് ഇരകളായി മുസ്‌ലിം സമൂഹം സര്‍വ്വ പീഡകളും അനുഭവിച്ചു കൊണ്ടിരുന്ന ഒരു ചരിത്ര പശ്ചാത്തലത്തിലാണ് ഈ ഫത്‌വ രചിക്കപ്പെടുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഫത്‌വകളിലെല്ലാം പൊതുവായി പങ്ക് വെക്കപ്പെട്ടിരുന്ന വികാരം കോളണി വിരുദ്ധതയും വിവേചന പൂര്‍വ്വമായ അവരുടെ അധികാര പ്രയോഗങ്ങള്‍ക്കെതിരായ വികാരവും അവരുടെ വംശീവും മതകീയവുമായ ആധിപത്യ പ്രവണതകളോടുള്ള കനത്ത അമര്‍ഷവുമൊക്കെയായിരുന്നു. പില്‍ക്കാലത്ത് മാപ്പിള പ്രതിഷേധം അതിന്റെ എല്ലാ മൂര്‍ദ്ധന്യത്തിലും പ്രകടമായ ഇരുപത്തി ഒന്നിലെ പ്രക്ഷോഭങ്ങള്‍ പോലും മുസ്‌ലിം ആധിപത്യമോ ഇസ്‌ലാമിന്റെ മേല്‍ക്കോയ്‌മ ലക്ഷ്യം വെക്കുന്നതോ അല്ലായിരുന്നുവെന്നതാണ് വസ്‌തുത. എന്നാല്‍ മാപ്പിള മുന്നേറ്റങ്ങളുടെ ഫലമായി മലബാറിലെ ചില പ്രദേശങ്ങളിലെങ്കിലും ബ്രിട്ടീഷ് രാജ് സമ്പൂര്‍ണമായും തിരോഭവിച്ചപ്പോള്‍ നിയമവാഴ്‌ചക്കും നീതിനിര്‍വ്വഹണത്തിനും താത്‌കാലികമായുണ്ടായ സംവിധാനം മാത്രമായിരുന്നു നാമമാത്രമായി അറിയപ്പെട്ട ഖിലാഫത്ത് ഭരണം.
തീര്‍ച്ചയായും മാപ്പിള സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചവരാരും അത്തരമൊരു ഖിലാഫത്ത് സംസ്ഥാപനത്തെ തങ്ങളുടെ വിമോചന പരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമായി നിര്‍ണയിച്ചവരല്ലായിരുന്നു. ഈ വസ്‌തുതകളില്‍ നിന്നെല്ലാം സംസിദ്ധമാകുന്ന വലിയൊരു പാഠം ഇസ്‌ലാമിന്റെ രാഷ്ട്രീയമായ അര്‍ത്ഥത്തിലുള്ള ആധിപത്യമോ അധികാര പങ്കാളിത്തമോ മുസ്‌ലിം മുന്നേറ്റങ്ങളുടെയും രാഷ്‌ട്രീയ നിര്‍വ്വഹണങ്ങളുടെയും ലക്ഷ്യമായിരുന്നില്ല എന്ന് തന്നെയാണ്. പ്രത്യുത വൈദേശിക മേല്‍ക്കോയ്‌മ അവസാനിപ്പിച്ച് നീതിയും സത്യവും പുലരുന്ന പൂര്‍വ്വപ്രതാപം വീണ്ടെടുക്കുക എന്നതായിരുന്നു അവരുടെ മുന്നേറ്റങ്ങളുടെ ഭൗതികമായ ഉന്നം. എന്നാല്‍ ഓരോ വിശ്വാസിക്കും അല്ലാഹുവിന്റെ പ്രീതിസമ്പാദിക്കുക എന്ന വൈയക്തിക ലക്ഷ്യം അവരുടെ എല്ലാ നിര്‍വ്വഹണങ്ങള്‍ക്കും അന്തര്‍ധാരയായി ഉണ്ടായിരുന്നു. വിശ്വാസപരവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ ജാതീയമായ ഉച്ചനീചത്വങ്ങളും അസമത്വങ്ങളും അനുഭവിച്ച് മനുഷ്യര്‍ പോലുമായി പരിഗണിക്കപ്പെടാതെ ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെട്ട ജനവര്‍ഗങ്ങള്‍ ഇസ്‌ലാം സ്വീകരണത്തെ പ്രഥമമായി മനുഷ്യപദവി ആര്‍ജ്ജിക്കുന്നതിനുള്ള പോംവഴിയായാണ് തിരിച്ചറിഞ്ഞത്. തീര്‍ച്ചയായും ജനസമൂഹങ്ങള്‍ക്ക് മാന്യതയും അഭിമാനവും പ്രദാനം ചെയ്‌ത അവരുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ പദവി ഉയര്‍ത്തിയ ഒരു മഹാകാര്യം തന്നെയായിരുന്നു ഇസ്‌ലാമിലേക്കുള്ള പരിവര്‍ത്തനം. ജനങ്ങളെ സംബന്ധിച്ച് അവരുടെ വിമോചനസാക്ഷാത്‌കാരത്തിന്റെ ഏറ്റവും മൂര്‍ത്തമായ വഴിയായിരുന്നു ഇസ്‌ലാം സ്വീകരണമെന്നത്. ചുരുക്കത്തില്‍ ഈ വസ്‌തുതകളില്‍ നിന്നെല്ലാം വ്യക്തമാകുന്നത് ആധുനിക പൂര്‍വ്വ കാലത്ത് മുസ്‌ലിംകള്‍ക്കിടയില്‍ രൂപപ്പെട്ടു വന്ന എല്ലാ രാഷ്ട്രീയ രൂപങ്ങളും നാട്ടുരാജ്യങ്ങളുടെ സുരക്ഷയും സമാധാനപാലനവും നീതിയുടെ സംസ്ഥാപനവുമാണ് ലക്ഷ്യം വെച്ചത് എന്നാണ്. വിശ്വാസവും സംസ്‌കാരവും സുരക്ഷിതമായി നിലനിര്‍ത്താനുതകുന്ന സാമൂഹിക സാഹചര്യങ്ങള്‍ നിലനില്‍ക്കുക എന്നതും തങ്ങളുടെ സാമ്പത്തിക ബലത്തെ നിര്‍ണയിച്ച സമുദ്ര വാണിജ്യങ്ങള്‍ക്കുള്ള സുരക്ഷിതത്വ സാഹചര്യം പുന:സ്ഥാപിക്കുക എന്നതുമായിരുന്നു കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെയും വിമോചന മുന്നേറ്റങ്ങളുടെയും മുഖ്യമായ പരിഗണന. ആത്മാഭിമാനവും അന്തസ്സും അടിയറവു പറയാതെ അല്ലാഹുവിന്ന് മാത്രം കീഴ്‌പ്പെടുന്ന സാമൂഹിക സംവിധാനങ്ങള്‍ നിലനില്‍ക്കുക എന്നതും അതിന്ന് ക്ഷതം സംഭവിപ്പിക്കുന്ന വൈദേശീക മേല്‍ക്കോയ്‌മക്കെതിരെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പൊരുതി രക്തസാക്ഷിയാവുക എന്നതുമായിരുന്നു ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ കാതല്‍. ഈ സമര പ്രക്ഷോഭങ്ങള്‍ക്കും വിമോചനപരമായ രാഷ്ട്രീയ നിര്‍വ്വഹണങ്ങള്‍ക്കും നേതൃത്വം നല്‍കിയ മഹാസാത്വികരായ സൂഫി ഉലമാക്കള്‍ പ്രതിനിധീകരിച്ചതും പ്രബോധനം ചെയ്‌തതും അതു തന്നെയാണ്. ജീവിതത്തെയും മരണത്തെയും അല്ലാഹുവിന്റെ തൃപ്‌തിയിലുള്ള കാര്യമാക്കി മാറ്റാന്‍ പര്യാപ്‌തമായ പാഠവും പരിശീലനവും പകര്‍ന്നു നല്‍കിയവരായിരുന്നു അവര്‍. ഈ മാതൃകകളില്‍ നിന്നു തന്നെയാണ് പുതിയ കാലത്തെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ തത്വവും മൂല്യങ്ങളും നാം സ്വാംശീകരിക്കേണ്ടത്.
സൈനുദ്ദീന്‍ മന്ദലാംകുന്ന് , Sathyadhara March 16-31
<img alt=" width=" 1"="" height="1">
Leave A Comment