മാറുന്ന മാപ്പിള: പഴയ തനിനാടന്‍ മാപ്പിള നിങ്ങളുടെ അകത്ത് എവിടെയെങ്കിലും ഉണ്ടോയെന്ന് പരതി നോക്കൂക
കഴിഞ്ഞ നൂറ്റാണ്ടില്‍ അള്‍ജീരിയയില്‍ ജീവിച്ചിരുന്ന മാലിക് ബിന്നബി ആധുനികമായ അന്തരീക്ഷത്തില്‍ സമാനമായ ഒരു ദര്‍ശനം വികസിപ്പിച്ചെടുക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് ഒരു സമൂഹവും അധിനിവേശത്തിനു മനസുകൊണ്ട് പാകപ്പെടുന്നത് വരെ അവര്‍ കീഴടക്കപ്പെടുന്നില്ലെന്നാണ്. പാശ്ചാത്യമായ രീതികളോടുള്ള മാനസിക അടിമത്വമാണ് അവരെ കോളനിവല്‍ക്കരണത്തിനു സന്നദ്ധമാക്കുന്നത്. പിന്നെ അവരെ വിധേയരാക്കുക എന്നത് യാന്ത്രികമായ ഒരു പ്രക്രിയ മാത്രമാണ്.
ഉള്‍നാടുകളിലേക്ക് നീങ്ങിയ മാപ്പിളമാരുടെ പിന്നീടുള്ള കാലം അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയുമായിരുന്നു. കണ്ണില്‍ച്ചോരയില്ലാത്ത ജന്മികളുടെ കീഴിലെ കുടിയാന്‍മാരായുള്ള കാര്‍ഷിക വൃത്തിയും ചെടുകിട കച്ചവടവും മീന്‍പിടുത്തവും മറ്റുമായുള്ള പതിത ജീവിതവും ഇടക്കിടെയുള്ള കലാപങ്ങളും അവരുടെ നിലനില്‍പ്പിനെ കൂടുതല്‍ ശ്രമകരമാക്കി. (എന്നാല്‍ ഇക്കാലത്താണ് ഇസ്‌ലാമിലേക്കുള്ള താഴ്ന്ന ജാതിക്കാരുടെ കൂട്ടത്തോടെയുള്ള മതംമാറ്റം നടക്കുന്നതെന്നും സന്ദര്‍ഭോചിതം ഓര്‍ക്കുക. അന്നത്തെ കാനേഷുമാരികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.)
കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടെയും അതിദയനീയമായ അവസ്ഥയാണ് 1921 ലെ മലബാര്‍ സമരകാലത്തിനു ശേഷം നടമാടിയത്. വെള്ളപ്പട്ടാളക്കാരുടെ നരമേധവും കൂരകളില്‍ നിന്നു കൂരകളിലേക്ക് ഇഴഞ്ഞു കയറിയ പട്ടിണിയും തുടര്‍ന്നുണ്ടായ കോളറയുടെ കടന്നുകയറ്റവും മാപ്പിളജീവിതത്തെ അത്യന്തം ദുസ്സഹമക്കി തീര്‍ത്തു.
കയ്പ് നിറഞ്ഞ ഈ കയത്തില്‍ നിന്നുള്ള തിരിച്ചു കയറ്റം ആരംഭിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിന്റെ രണ്ടാം പകുതിയില്‍ മാപ്പിളമാര്‍ കണ്ടു പിടിച്ച ഗള്‍ഫ് വസന്തത്തോടെയാണ്.
'മാപ്പിളമാരുടെ ചരിതത്തിലെ ഏറ്റവും ദാരുണവും അത്ഭുതാവഹവുമായ സംഭവം' എന്നു റൊണാള്‍ഡ്. ഇ. മില്ലര്‍ വിശദീകരിച്ച പോര്‍ഗീച്ചുഗീസ് ആക്രമണത്തിനു ശേഷം അകപ്പെട്ടു പോയ ആ ഇരുള്‍ വനങ്ങളില്‍ നിന്നു മാപ്പിളമാര്‍ രക്ഷപ്പെട്ടത് 'മാപ്പിളമാരുടെ ആധുനിക ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടുത്തം' എന്നു വിശേഷിപ്പിക്കേണ്ട ഗള്‍ഫു നാടുകളിലേക്കുള്ള കുടിയേറ്റത്തിലൂടെയായിരുന്നു. കോഴിക്കോട്ടെ തുറമുഖം നോക്കി നടത്താന്‍ നേരത്തെ സാമൂതിരി കല്‍പ്പിച്ചു നല്‍കിയിരുന്ന ‘ഷാ ബന്ദര്‍’ സ്ഥാനക്കാരനായിരുന്ന മാപ്പിള നാലു നൂറ്റാണ്ടുകള്‍ക്കു ശേഷം സമാനമായ സാമൂഹിക പദവികളിലേക്ക് കടന്നു വരുന്നത് ഗള്‍ഫിന്റെ പിന്തുണയിലുടെയാണ്.
ശൈഖ് സൈനുദ്ദീന്‍ മഖ്ദും അവര്‍കളും മാലിക് ബിന്നബിയും സൂചിപ്പിച്ച മത-സാമൂഹിക ജീവിതത്തിന്റെ അധ:പതനത്തിന്റെ കാലം കൂടിയായിരുന്നു ഗള്‍ഫുയുഗം. പണവും അധികാരവും തലക്കു പിടിക്കുമ്പോള്‍ കഴിഞ്ഞു പോയ പല സമുദായക്കാരെയും വരിഞ്ഞു മുറുക്കിയതായി ഖുര്‍ആന്‍ വിശദീകരിക്കുന്ന ആത്മവിനാശത്തിന്റെയും ആത്മീയ വിസ്മൃതിയുടെയും ചരിത്രം മാപ്പിളമാര്‍ക്കിടയിലും ആവര്‍ത്തിക്കുന്നതായി കാണാം. തലമറന്നു എണ്ണ തേക്കുക എന്നു പറയുന്നതിതാണ്. എണ്ണപ്പണം മാപ്പിളമാരെ തീര്‍ച്ചയായും അര്‍ദ്ധരാത്രി കുട പിടിക്കുന്നിടത്തേക്ക് എത്തിച്ചു.
വീട് കൊട്ടാരവും കല്യാണം നാട്ടിലെ ഉത്സവവും വാഹനം പൊങ്ങച്ചത്തിന്റെ പ്രതീകവും ആയിത്തീര്‍ന്നു. ഒന്നും ആവശ്യത്തെയല്ല, എല്ലാം ആര്‍ഭാടത്തെയാണ് സൂചിപ്പിക്കുന്നത്. സഗീറിന്റെ കാര്‍ട്ടൂണില്‍ പറയുന്നത് പോലെ നമ്മുടെ വല്യുമ്മമാര്‍ക്ക് കോളയില്ലെങ്കില്‍ ബിരിയാണി താഴേക്ക് ഇറങ്ങിപ്പോകില്ലെന്നായിരിക്കുന്നു. അനുഗ്രഹങ്ങളും ഐശ്വര്യവും വാരിക്കോരി പടച്ചവന്‍ നല്‍കുമ്പോള്‍ അതെങ്ങനെ ചെലവഴിക്കണം എന്നറിയാത്തവര്‍ കുരങ്ങിന്റെ കൈയില്‍ പൂമാല കിട്ടിയ പോലെ കാട്ടിക്കൂട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
<img class="alignright size-full wp-image-15557" data-cke-saved-src="http://www.islamonweb.net/wp-content/uploads/2012/12/217.jpg" src="http://www.islamonweb.net/wp-content/uploads/2012/12/217.jpg" alt=" width=" 201"="" height="250">മാപ്പിളയെ ചരിത്രത്തില്‍ എല്ലാ കാലത്തും ആ പേരിന് അര്‍ഹനാക്കിയത് അവന്റെ രാജിയാകാത്ത മതബോധമാണ്. അവനു തണലേകാന്‍ എക്കാലത്തും ജ്ഞാനികളുടെ മാമരങ്ങളുണ്ടായിരുന്നു. മഖ്ദുമുമാരും ജിഫ്‌രി-ബാഫഖീ-ശിഹാബ് തങ്ങന്‍മാരും ഇവരില്‍ ചിലര്‍ മാത്രമാണ്. കോഴിക്കോട്ടെ കച്ചവടത്തിന്റെ പെരുമ വാസ്‌കോഡി ഗാമ വരുന്ന കാലത്ത് ലിസ്ബണിനെ അമ്പരപ്പിക്കുന്നതായിരുന്നെങ്കില്‍ അതിനു പിന്നിലുണ്ടായിരുന്ന മാപ്പിളയുടെ സത്യസന്ധതയാണ്. നാല് തമുറകള്‍ നീണ്ട കുഞ്ഞാലിമാരുടെ പോരാട്ടം അറബിക്കടലിനെ കിടിലം കൊള്ളിച്ചുവെങ്കില്‍ അത് ചാഞ്ചല്യമേല്‍ക്കാത്ത ഭക്തിയുടെ ബലത്തിലായിരുന്നു.
മാപ്പിളമാരുടെ ജീവിതത്തില്‍ പുത്തന്‍ ക്രയശേഷിക്കും വിനിമയ സാധ്യതക്കും ഒപ്പം കയറിക്കൂടിയ പൊല്ലാപ്പുകള്‍ ആലോചിച്ചു നോക്കുക. മതം ആള്‍ക്കൂട്ടത്തിന്റെ ഒരുപാട് ആവേശങ്ങളില്‍ ഒന്നു മാത്രമായി മാറിയതാണ് നമ്മുടെ കാലത്തിന്റെ ഏറ്റവും വലിയ ദോഷം. ഉദാഹരണത്തിനു നമ്മുടെ വിദ്യാഭ്യാസ രീതി മാറിയതു നോക്കുക. മുന്തിയ എന്‍ട്രസ് കോച്ചിംഗ് സെന്റര്‍ ഉള്ള നഗരത്തിലാണ് ഏറ്റവും നല്ല സ്‌കൂളുകള്‍ ഉള്ളത്. പാശ്ചാത്യന്‍ രീതിശാസ്ത്രമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാര്‍ഗവും നിര്‍ണയിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ നാട്ടിന്‍പുറത്തെ മദ്‌റസകളെ ഒന്നൊന്നായി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ നിത്യജീവിതത്തിലെ എല്ലാ ഘടകങ്ങളും ആത്മശൂന്യതയുടെ നിഴല്‍ വീണു കിടക്കുന്നതായി കാണാം.
ചുരുക്കത്തില്‍ ലാളിത്യത്തിന്റെയും തനിമയുടെയും നാടന്‍ ജീവിതബോധത്തിന്റെയും മാപ്പിളയെ നാം പുത്തന്‍ പണത്തിന്റെ പകിട്ടുകള്‍ക്കുള്ളില്‍ ശ്വാസം മുട്ടിച്ചു കൊന്നിരിക്കുന്നു. പോരാളിയും കര്‍ഷകനും സത്യന്ധനും കരുത്തനും അചഞ്ചല വിശ്വാസിയും ഒക്കെയായിരുന്നു മാപ്പിള നിങ്ങളുടെ ആവരണങ്ങള്‍ക്കുള്ളില്‍ ഉണ്ടോയെന്നു പരതി നോക്കുക.
ശരീഫ് ഹുദവി ചെമ്മാട് /പത്തരമാറ്റ്, നന്തി സമ്മേളന സോവനീര്‍,2012
 


            
            
                    
            
                    
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                                            
            
                        
                                    
                                    
                                    
                                    
                                    
                                    
                                    
Leave A Comment