മാൽകം എക്‌സിലൂടെ ഇസ്‍ലാമിലെത്തിയ ശൈഖ് ഖാലിദ് യാസീന്‍
ഇസ്‍ലാം മുന്നോട്ടുവെക്കുന്ന ആശയങ്ങളിൽ ആകൃഷ്ടരായി മതപരിവർത്തനം ചെയ്യുന്നവർ ഇന്ന് നിരവധിയാണ്. പ്രത്യേകിച്ചും ഇസ്‍ലാമോഫോബിയ നിലനിൽക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന പുതുമുസ്‍ലിംകളുടെ എണ്ണം ഏറെ അത്ഭുതകരമാണ്. തങ്ങളുടെ ജീവിത സാഹചര്യങ്ങൾക്കിടയിൽ ആകസ്മികമായി നടക്കുന്ന ചില സംഭവങ്ങളാണ് പലരെയും ഇസ്‍ലാമിക ലോകത്തേക്ക് ആകർഷിക്കുന്നത്. ഇത്തരത്തിൽ പ്രശസ്ത അമേരിക്കൻ മുസ്‍ലിം ആക്ടിവിസ്റ്റായിരുന്ന മാൽക്കം എക്സിന്റെ മക്കയിലേക്കുള്ള യാത്രയുടെ അനുഭവങ്ങൾ വായിച്ചതിലൂടെ ഇസ്‍ലാമിലേക്ക് കടന്നുവന്ന വ്യക്തിത്വമാണ് ശൈഖ് ഖാലിദ് യാസീൻ എന്ന അമേരിക്കക്കാരൻ. ഇന്ന് ഇംഗ്ലണ്ടിലെ മികച്ച ഒരു ഇസ്‍ലാമിക പ്രബോധകനാണ് അദ്ദേഹം.
1946ൽ ന്യൂയോർക്കിലെ ഒരു ക്രിസ്ത്യൻ ദമ്പതികളുടെ മകനായിട്ടാണ് ശൈഖ് ഖാലിദ് യാസീൻ ജനിക്കുന്നത്. തന്റെ പതിനാലാം വയസ്സിൽ അദ്ദേഹം രാജ്യത്തിന്റെ സൈനിക സേവനത്തിൽ അംഗമാകാൻ വേണ്ടി പുറപ്പെട്ടു. പിന്നീട് രണ്ടു വർഷത്തോളം അദ്ദേഹം വ്യോമസേനയിൽ പ്രവർത്തനം അനുഷ്ഠിച്ചു. സൈനിക സേവന കാലത്ത് കത്തോലിക്ക പുരോഹിതനുമായി അദ്ദേഹം ബന്ധപ്പെടുകയും കത്തോലിക് വിശ്വാസങ്ങൾ അനുഷ്ഠിച്ചു ജീവിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷേ അവരുടെ വിശ്വാസങ്ങൾക്കകത്ത് ചില വൈരുദ്ധ്യങ്ങൾ ഉള്ളതുപോലെ അദ്ദേഹത്തിന് അനുഭവപ്പെട്ടു. ത്രിയേകത്വം പോലോത്ത ചില ക്രിസ്ത്യൻ വിശ്വാസങ്ങൾ ഉൾക്കൊള്ളാൻ അദ്ദേഹത്തിന് സാധിച്ചില്ല.
തന്റെ പതിനേഴാം വയസ്സിൽ ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് ഖാലിദ് യാസീന്റെ ജീവിതത്തിൽ വഴിത്തിരിവായ ആ സംഭവം അരങ്ങേറിയത്. യാത്രയ്ക്കിടയിൽ ന്യൂയോർക്ക് ടൈംസ് വായിച്ചുകൊണ്ടിരിക്കെയാണ് മാൽക്കം എക്‌സിന്റെ ഒരു എഴുത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. അദ്ദേഹത്തിന്റെ, മക്കയിൽ നിന്നുള്ള അനുഭവങ്ങൾ വിവരിക്കുന്ന ഒരു പ്രത്യേക കോളം ആയിരുന്നു അത്. മക്ക, കഅ്ബ, ഖുർആൻ, ഹജ്ജ്, അറഫ, പ്രവാചകന്‍ മുഹമ്മദ് തുടങ്ങി അദ്ദേഹത്തിന് അപരിചിതമായ നിരവധി വാക്യങ്ങൾ മാൽക്കമിന്റെ എഴുത്തിൽ കടന്നുവന്നു. സാമൂഹിക മാധ്യമങ്ങൾ ഒന്നും നിലവിൽ വരാത്ത ആ കാലത്ത് വിവരശേഖരണത്തിനായി മിക്കവരും ഉപയോഗിക്കുന്ന എൻസൈക്ലോപീഡിയ ഓഫ് ബ്രിട്ടാനിക്ക ഖാലിദിന്റെ കൈവശം ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹം തനിക്ക് പരിചിതമല്ലാത്ത എല്ലാ വാക്യങ്ങളും എൻസൈക്ലോപീഡിയയിൽ പരതുകയും അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ മനസ്സിലാക്കുകയും ചെയ്തപ്പോൾ മാൽക്കം എക്സിന്റെ ജീവിതരീതികൾ ഇത്തരത്തിൽ പരിണമിക്കാനുള്ള കാരണം എന്തെന്ന് അദ്ദേഹത്തിന് മനസ്സിലായി.
മാൽക്കം എക്സിന്റെ ആ എഴുത്ത് വായിച്ചതിനുശേഷം ഖാലിദ് മക്കയെക്കുറിച്ചും അതുവഴി ഇസ്‍ലാമിനെക്കുറിച്ചും കൂടുതൽ പഠനങ്ങൾ നടത്തി. മാൽക്കം എക്സ് വധിക്കപ്പെടുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഒരു ക്ലാസിൽ പങ്കെടുക്കാനും അദ്ദേഹവുമായി നേരിട്ട് സംവദിക്കാനും ശൈഖ് ഖാലിദിന് അവസരം ലഭിച്ചു. തന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കൂടിക്കാഴ്ചയായിരുന്നു അതെന്ന് ഖാലിദ് യാസീൻ പറയുന്നുണ്ട്. 1965 ഫെബ്രുവരിയിലാണ് മാൽക്കം എക്സ് വധിക്കപ്പെടുന്നത്. അതേ വർഷം ഒക്ടോബർ മാസത്തിൽ തന്നെ ശൈഖ് ഖാലിദ് യാസീൻ ഇസ്‍ലാം മതം സ്വീകരിക്കുകയും ചെയ്തു.
ശൈഖ് ഖാലിദിന്റ ഒരു മുസ്‍ലിം സുഹൃത്തായിരുന്ന സക്കരിയ റഷീദിന്റെ പിതാവായ അൽവാന റഷീദിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം അമേരിക്കയിലെ മുസ്‍ലിം പ്രബോധകനായ ശൈഖ് ദാവൂദ് അഹ്മദ് ഫൈസലിനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ മാർഗ്ഗദർശനങ്ങളിലൂടെയാണ് ഖാലിദ് യാസീൻ ഇസ്‍ലാം മതം സ്വീകരിച്ചുകൊണ്ടുള്ള ശഹാദത്ത് കലിമ ഉച്ചരിച്ചത്. മുസ്‍ലിമായതിനു ശേഷമുള്ള ഖാലിദിന്റെ ജീവിതരീതികളിൽ ആകൃഷ്ടയായി അദ്ദേഹത്തിന്റെ മാതാവും ഇസ്‍ലാം മതത്തിലേക്ക് കടന്നുവന്നു. അതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിൽ നിന്ന് വേറെയും ഒരുപാട് ആളുകൾ ഇസ്‍ലാം മതത്തിലേക്ക് കടന്നുവരികയുണ്ടായി.
പ്രവാചകൻ മുഹമ്മദ് നബി (സ്വ) തങ്ങളുടെ ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്തെന്ന് ഒരു അഭിമുഖത്തിൽ ചോദിക്കപ്പെട്ടപ്പോൾ ഖാലിദ് യാസീൻ നൽകുന്ന മറുപടി ഇപ്രകാരമാണ്: "നബി തങ്ങളുടെ ജീവിതത്തിൽ ഒരു തരത്തിലുള്ള വിശ്രമവും ഉണ്ടായിരുന്നില്ല എന്നത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. നബി തങ്ങളുടെ ജീവിതം എടുത്തു പഠിക്കുമ്പോൾ അദ്ദേഹം നേതൃത്വം വഹിച്ച യുദ്ധങ്ങളും ഉടമ്പടികളും ധാരാളമാണ്. തീരെ ഒഴിവുകൾ ഇല്ലാത്ത ഒരു ജീവിതമായിരുന്നു പ്രവാചകന്റേത്. അതെനിക്ക് തികച്ചും അവിശ്വസനീയമായി തോന്നി. എങ്ങനെയാണ് ഒരു വ്യക്തിക്ക് ഇത്രയേറെ കാര്യങ്ങൾ മുന്നിൽ നിന്ന് കൈകാര്യം ചെയ്യാൻ സാധിച്ചത്. ഒരേസമയം ജനങ്ങളെ ഉത്തേജിപ്പിക്കുകയും അവർക്ക് വിദ്യാഭ്യാസം പകർന്ന് നൽകുകയും അവരുടെ കൂട്ടത്തിൽ യുദ്ധങ്ങളിൽ പങ്കുചേരുകയും അതേസമയം ഒരു ഭരണകൂടത്തിന്റെ അധിപനും ഒരു നല്ല ഭർത്താവും പിതാവും സുഹൃത്തും ഒക്കെയായി നിലനിൽക്കാൻ നബി തങ്ങൾക്ക് കഴിഞ്ഞു. എങ്ങനെയാണ് ഇതെല്ലാം ഒരാൾക്ക് കഴിയുന്നത്. ഇതെല്ലാം തന്നെയാണ് പ്രവാചകർ അല്ലാഹുവിന്റെ ദൂതരാണ് എന്നതിനുള്ള തെളിവുകൾ."
പാരമ്പര്യമായി ഇസ്‍ലാം ലഭിച്ച അനേകം ആളുകളേക്കാള്‍ ഇസ്‍ലാമിനെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സൗഭാഗ്യം ലഭിക്കുന്നത് ഇത്തരക്കാര്‍ക്കാണെന്നതാണ് സത്യം. സന്മാര്‍ഗ്ഗമെന്നത് അല്ലാഹുവില്‍നിന്ന് ലഭിക്കുന്ന പ്രത്യേക ഔദാര്യമാണെന്ന് പറയാതെ വയ്യ.
Leave A Comment