ദേശീയ പൗരത്വ രജിസ്റ്ററും പിന്നാമ്പുറങ്ങളും
ഏറെ വാഗ്വാദങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശേഷം അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. മൂന്ന് കോടി 30 ലക്ഷം ജനങ്ങളില്‍ 19 ലക്ഷം പേരാണ് പട്ടികക്കു പുറത്തായിരിക്കുന്നത്. മൊത്തം മൂന്നുകോടി 11 ലക്ഷം പേര്‍ പട്ടികയില്‍ ഇടം പിടിച്ചു. പട്ടികയില്‍ നിന്ന് പുറത്തായവരെ ഉടന്‍ വിദേശികളായി കണക്കാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മറിച്ച് ഇവരുടെ ഭാഗം പൂർണ്ണമായി കേള്‍ക്കുന്നതിന് 1000 ട്രൈബ്യൂണലുകള്‍ പുതുതായി സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ 100 ട്രൈബ്ര്യൂണലുകളാണ് പ്രവർത്തിക്കുന്നത്. എന്തൊക്കെ ചെയ്താലും ലക്ഷങ്ങളുടെ അപേക്ഷകള്‍ ട്രൈബ്യൂണല്‍ തള്ളുമെന്ന മനുഷ്യാവകാശ പ്രവർത്തകരുടെ ആശങ്ക ശരിയായിരിക്കുകയാണ്. പട്ടികയില്‍ പെടാത്ത ഈ വലിയൊരു ജനതയെ കാത്തിരിക്കുന്നത് യാതനകളുടെ ദിനങ്ങളായിരിക്കുമെന്നതില്‍ സംശയമില്ല. പട്ടിക നടപ്പിലാക്കാന്‍ മുമ്പേ സമര രംഗത്തുണ്ടായിരുന്ന ആസ്സാമീസ് സ്റ്റുഡന്‍സ് യൂണിയന്‍ (ആസു), പട്ടികയെ രാഷ്ട്രീയയാധുമാക്കി സംസ്ഥാന ഭരണം പിടിച്ച ബി.ജെ.പി, മറ്റു സംഘ് പരിവാർ സംഘടനകളെല്ലാം പട്ടികയെ തള്ളിക്കളയുകയാണ് ചെയ്തത്. അതേ സമയം പട്ടിക പ്രസിദ്ധീകരിക്കുക വഴി തകർന്നത് ബി.ജെ.പി യുടെ കെട്ട് കഥയാണെന്ന് എ.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ചരിത്രം കിഴക്കന്‍ പാക്കിസ്ഥാനായിരുന്ന ഇന്നത്തെ ബംഗ്ലാദേശില്‍ നിന്ന് ആഭ്യന്തര സംഘർഷം മൂലം ലക്ഷക്കണക്കിന് പേർ ആസ്സാമിലേക്ക് പാലായനം ചെയ്തത് മുതലാണ് പൗരത്വ പട്ടികയുടെ ചരിത്രം ആരംഭിക്കുന്നത്. കുടിയേറ്റം വർധിച്ചതോടെ ആസ്സാമി വംശജർ കുടിയേറ്റക്കാരെ ആക്രമിക്കാനും തടയാനും ശ്രമിച്ച് തുടങ്ങി. അസമിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 1983ല്‍ അസം സ്റ്റുഡന്‍സ് യൂണിയന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് നിവേദനം നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് 1983ല്‍ അസമിനായി കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള അനധികൃത കുടിയേറ്റ (ഡിറ്റര്‍മിനേഷന്‍ ബൈ ട്രൈബ്യൂണല്‍) നിയമം വരുന്നത്. ഇതില്‍ തൃപ്തരാവാതെ യൂണിയന്‍ ശക്തമായ സമരം നടത്തി. അതിനു പിന്നാലെ പരിഹാരമായി 1985 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം കരാറുണ്ടാക്കി. ഇതിലെ 5.11 മുതല്‍ 5.9 വരെയുള്ള വ്യവസ്ഥകളായിരുന്നു പ്രധാനം. 1966 ജനുവരി ഒന്നിന് ശേഷം 1971 മാര്‍ച്ച് 25 വരെ അസമിലേക്ക് കുടിയേറിയവരെല്ലാം ഇന്ത്യന്‍ പൗരന്‍മാരാകുമെന്നായിരുന്നു വ്യവസ്ഥ. ഇതുസംബന്ധിച്ച് നിരവധി കേസുകള്‍ കീഴ്‌ക്കോടതികളിലും സുപ്രിംകോടതിയിലുമുണ്ടായിട്ടുണ്ട്. 2009 ല്‍ എൻ.ആർ.സി പുതുക്കണമെന്നും വിദേശികളെ വോട്ടർപട്ടികയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് അസം പബ്ലിക് വർക്സ് (എ.പി.ഡബ്ല്യു) സുപ്രീംകോടതിയിൽ ഹരജി നൽകിയതോടെ എ.ന്‍.ആർസി വീണ്ടും ദേശീയ ശ്രദ്ധയിലേക്ക് വന്നു. തുടർന്ന് 2010 ല്‍ എൻ.ആർ.സി പുതുക്കലിന്‍റെ പരീക്ഷണ കണക്കെടുപ്പ് ആരംഭിച്ചു. 2013ല്‍ എ.പി.ഡബ്ല്യൂവിന്‍റെ ഹരജി സ്വീകരിച്ച് സുപ്രീംകോടതി, എൻ.ആർ.സി പുതുക്കാൻ നിർദേശം നൽകി. 2017ല്‍ 3.29 കോടി അപേക്ഷകരിൽനിന്ന് 1.9 കോടി പേരെ ഉൾപ്പെടുത്തി ഡിസംബർ 31ന് കരട് എൻ.ആർ.സി പുറത്തിറക്കി. 2018 ജൂലൈ 30ന് 2.9 കോടിയിൽനിന്ന് 40 ലക്ഷം പേരെ ഒഴിവാക്കി മറ്റൊരു എൻ.ആർ.സി കൂടി പുറത്തിറക്കി. ഒടുവില്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം 19 ലക്ഷം പേരെ ഒഴിവാക്കിക്കൊണ്ട് അന്തിമ പട്ടികയും പുറത്തിറങ്ങിയിരിക്കുകയാണ്. പൗരത്വ രജിസ്റ്റർ എങ്ങനെ തയ്യാറാക്കപ്പെട്ടു? 1971 ന് മുമ്പ് ഇവിടെയെത്തിയ മാതാപിതാക്കളില്‍ ആരുടെയെങ്കിലും തുടര്‍ച്ചയായുള്ള കുടുംബ ബന്ധം തെളിയിക്കുന്ന രേഖകളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി സമര്‍പ്പിച്ചിരുന്നത്. ഒരാളെ പട്ടികയില്‍ നിന്ന് പുറത്താക്കി പൗരനല്ലെന്ന് പ്രഖ്യാപിക്കാന്‍ ഉദ്യോഗസ്ഥർക്ക് വലിയ പ്രയാസമൊന്നുമില്ല. രേഖകളില്‍ പിതാവിന്റെ പേരിലുള്ള അക്ഷരത്തെറ്റ് പോലും അതിനു വഴിവയ്ക്കും. 1971ലെ വോട്ടര്‍ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ഡാറ്റാബേസ് തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി തയ്യാറാക്കിയ സര്‍ക്കിള്‍ ഓഫിസുകളില്‍ രേഖകളുമായെത്തി ഓണ്‍ലൈനിലോ നേരിട്ടോ അപേക്ഷ നല്‍കേണ്ടിയിരുന്നു. ഇത് ഉദ്യോഗസ്ഥര്‍ക്ക് പൂർണ്ണമായും ബോധ്യപ്പെടുകയും വേണം. പിതാവിന്റെ പിതാവായിരിക്കാം ഇവിടേക്ക് കുടിയേറിയെത്തിയത്. അവരുടെ കുടുംബപേരുകളുടെ തുടര്‍ച്ച തന്നെ രേഖകളിലുണ്ടായിരിക്കണം. ഭര്‍ത്താവിന്റെ കുടുംബവഴിയുള്ള ബന്ധം അംഗീകരിക്കില്ല. നാല്‍പതോ അന്‍പതോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ രേഖകളില്‍ പിതാവ് വഴിയുള്ള രേഖകള്‍ സമർപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ട് തന്നെ ഭർത്താക്കന്മാരും മക്കളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും ഭാര്യമാർ ഉള്‍പ്പെടാത്ത സംഭവങ്ങള്‍ നിരവധിയാണ്. പട്ടികയില്‍ പെടാത്തവരെ എന്ത് ചെയ്യും? പട്ടികയില്‍ പെടാത്തവരെ വിദേശികളായി ഉടന്‍ പ്രഖ്യാപിക്കുയില്ലെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അവര്‍ക്കായി 47 കോടി രൂപയോളം ചെലവിട്ട് മാന്ദ്യയില്‍ 3000 പേരെ താമസിപ്പിക്കാവുന്ന വലിയ തടവുകേന്ദ്രം സര്‍ക്കാര്‍ പണിതുവരികയാണ്. ഇത്തരത്തിലുള്ള 10 തടവുകേന്ദ്രങ്ങള്‍ക്കു കൂടി അനുമതിയായിട്ടുണ്ട്. നിലവിലുള്ള ആറു തടവുകേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ നിര്‍മിക്കുന്നത് പോലെയാണ് ഇതിന്‍റെ നിർമ്മാണം. ഈ ഡിസംബറോടെ പണി പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ പദ്ധതി. 3000 പേരെയാണ് ഇവിടെ താമസിപ്പിക്കുക. രണ്ടാം ലോകയുദ്ധകാലത്ത് ജര്‍മനി പോളണ്ടില്‍ നിര്‍മിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളോട് സാദൃശ്യമുള്ള ക്യാമ്പാണ് തയാറാവുന്നത്. ഈ ക്യാമ്പുകളുടെ നാലുവശത്തും വാച്ച് ടവറുകളുമുണ്ട്. 46 കോടി രൂപ ചെലവിട്ടാണ് ക്യാമ്പുകള്‍ നിര്‍മിക്കുന്നത്. സമാനമായ 9 ക്യാമ്പുകള്‍ കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ശിവ്‌സാഗര്‍, നൗഗാവ്, കരിംഗഞ്ച്, നല്‍വാരി, ലോക്കിംപുരി, ഹാഫ്‌ലോഗ്, ഗുവാഹത്തി, ബാര്‍പേട്ട, തേസ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശേഷിക്കുന്ന തടവുകേന്ദ്രങ്ങള്‍ വരും. ബി.ജെ.പി നിലപാട് പട്ടിക പ്രസിദ്ധീകരിക്കുന്നത് വരെ വീരവാദങ്ങള്‍ മുഴക്കിയിരുന്ന ബി.ജെ.പി പട്ടിക പുറത്ത് വന്നതോടെ വിഷയത്തില്‍ മലക്കം മറിഞ്ഞത് അവരുടെ ഇരട്ടത്താപ്പ് പുറത്ത് കൊണ്ട് വന്നിരിക്കുകയാണ്. ഹിന്ദുക്കളെ പട്ടികയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം സഹായത്തിനുണ്ടായിരുന്നു. ഇതേ സര്‍ക്കാര്‍ സംവിധാനം മുസ്‌ലിംകളെ പുറത്താക്കാനും പ്രവര്‍ത്തിച്ചു. പട്ടിക തയ്യാറാക്കുന്നതിന്‍റെ നിരവധി ഘട്ടങ്ങളില്‍ ഇക്കാര്യം മറ നീക്കി പുറത്ത് വന്നിരുന്നു. ബംഗ്ലാദേശിനോട് അതിർത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ റീ വെരിഫിക്കേഷന്‍ നടത്തണമെന്ന് പോലും ആവശ്യപ്പെടാന്‍ ബി.ജെ.പിക്ക് മടിയുണ്ടായിരുന്നില്ല. ഇക്കാര്യം സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടായി സുപ്രിംകോടതിയില്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ സുപ്രിംകോടതി അംഗീകരിച്ചില്ല. 20 ശതമാനമല്ല 27 ശതമാനം റീ വെരിഫിക്കേഷനുകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്ന പൗരത്വപ്പട്ടിക കോര്‍ഡിനേറ്റര്‍ പ്രദീഖ് ഹജേലയുടെ നിലപാട് നിര്‍ണായകമാവുകയായിരുന്നു. റീ വെരിഫിക്കേഷന്റെ മറവില്‍ മുസ്‌ലിംകളെ തെരഞ്ഞ് പിടിച്ച് പട്ടികയില്‍ നിന്നു പുറത്താക്കാനായിരുന്നു ഇത് വഴി ബി.ജെ.പി ശ്രമിച്ചതെങ്കിലും സുപ്രിം കോടതിയുടെയും ഹജേലയുടെയും ധീരമായ ഇടപെടല്‍ ബി.ജെ.പിയുടെ പദ്ധതി നടക്കാതെ പോയി. അന്നു മുതലാണ് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടില്ലെന്ന് ബി.ജെ.പി തിരിച്ചറിഞ്ഞതും പട്ടികയ്‌ക്കെതിരെ സംസാരിക്കാന്‍ തുടങ്ങിയതും. പട്ടികയ്‌ക്കെതിരേ സംസാരിക്കുന്നവരെ കോടതിയലക്ഷ്യം ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ബി.ജെ.പി നേതാക്കളും എം.എല്‍.എമാരും പട്ടികയെ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. പട്ടികയെ വിശ്വസിക്കില്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രണ്‍ജീത് കുമാര്‍ ദാസ് പറയുന്നത്. റീ വെരിഫിക്കേഷന്‍ നടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പുതിയ ദ്രോഹങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി. പട്ടികയിലുള്‍പ്പെടുമെന്ന് ഉറപ്പുള്ളവര്‍ക്കെതിരേ വീണ്ടും പരാതി നല്‍കുമെന്ന പ്രഖ്യാപനമാണിത്. പൗരത്വപ്പട്ടികയുടെ മറവില്‍ അസം മുസ്ലിംകളുടെ പൗരത്വം എടുത്തു കളഞ്ഞ് തടവുകേന്ദ്രത്തിലയക്കാന്‍ പറ്റുമെന്നാണ് ബി.ജെ.പി കരുതിയത്. എന്നാല്‍ സംഭവിച്ചത് അതല്ല. കരട് പട്ടിക പുറത്തുവിട്ടപ്പോള്‍ പുറത്തായ 41 ലക്ഷം ആളുകളില്‍ വലിയൊരു വിഭാഗം ബി.ജെ.പിയുടെ വോട്ട്ബാങ്കായ ബംഗാളി ഹിന്ദുക്കളാണെന്നത് അവരെ പൂർണ്ണമായും ഞെട്ടിച്ച് കളഞ്ഞു. മുസ്ലിംകള്‍ കൂടുതലുള്ള ദൂബ്‌റി, സൗത്ത് സല്‍മാറ, കരിംഗഞ്ച് എന്നീ ജില്ലകളിലും കരടില്‍ നിന്ന് ബി.ജെ.പി കണക്കു കൂട്ടിയ അത്രയും പേര്‍ പട്ടികയില്‍ നിന്നു പുറത്തായില്ല. എന്നാല്‍ ഹിന്ദുക്കള്‍ 88.96 ശതമാനമുള്ള ടിന്‍സൂകിയ പോലുളളവയില്‍ കൂടുതല്‍ ആളുകള്‍ ഇവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. സൗത്ത് സല്‍മാറയില്‍ 95 ഉം ദുബ്‌റിയില്‍ 79.6 ഉം കരിംഗഞ്ചില്‍ 56.36 ശതമാനവുമാണ് മുസ്ലിം ജനസംഖ്യ. കബറി, ആന്‍ഗലോങ്, ദേമാജി ജില്ലകളില്‍ കൂടുതല്‍ പേര്‍ പട്ടികയില്‍ നിന്ന് പുറത്താകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ചന്ദ്രമോഹന്‍ പട്ടോവാരി പറഞ്ഞത് അവരുടെ നിരാശ വെളിവാക്കുന്നുണ്ട് ഈ പൗരത്വപ്പട്ടികയെ കാര്യമാക്കേണ്ടതില്ലെന്നും പൗരത്വബില്‍ നിലവില്‍ വരുന്നതോടെ മുസ്ലിംകളല്ലാത്ത എല്ലാവര്‍ക്കും പൗരത്വം ലഭിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ബി.ജെ.പിയും ആസുവും കൊമ്പ് കോർക്കുന്നു പട്ടികക്ക് പുറത്തായവരില്‍ പകുതിയിലധികം വരുന്ന ബംഗാളി ഹിന്ദുക്കള്‍‌ക്ക് പൗരത്വം നല്‍കാനുള്ള നിയമ നിർമാണം നടത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ച് കഴിഞ്ഞു. അത് വഴി തങ്ങളുടെ വോട്ട് ബാങ്ക് നിലനിർത്താമെന്നും അവർ കണക്ക് കൂട്ടുന്നു. എന്നാല്‍ പട്ടികക്ക് പുറത്തുള്ള ഒരാള്‍ക്ക് പോലും പൗരത്വം നല്‍കാന്‍ അനുവദിക്കില്ലെന്നാണ് ആസു പറയുന്നത്. ഇതോടെ ബി.ജെ.പിയുടെ ഹിന്ദു വർഗീയതയും ആസ്സാമീ വംശീയതയും കൊമ്പ് കോർത്തിരിക്കുകയാണ്. ബംഗാളി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കിയാല്‍ ശക്തമായ പ്രക്ഷോഭമായിരിക്കും സംസ്ഥാനത്തുണ്ടാവുകയെന്നതില്‍ സംശയമില്ല. അന്താരാഷ്ട്ര നിലപാട് അതേ സമയം പട്ടികയില്‍ നിന്ന് പുറത്തായവരെ പുനരധിവസിപ്പിക്കാന്‍ ബംഗ്ലാദേശുമായി യാതൊരു ചർച്ചയും ഇന്ത്യ നടത്തിയിട്ടില്ല. അത് തങ്ങളുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് വിദേശകാര്യ മന്ത്രി സുബ്രമണ്യന്‍ ജയശങ്കർ വ്യക്തമാക്കിയത്. എന്നാല്‍ കുറ്റമൊന്നും ചെയ്യാത്ത ഒരു വലിയ ജനതയെ എന്തിന് തടവിലിടുന്നു എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലും കുടിയേറ്റ ജനത വലിയ അളവിലുണ്ട്. കാനഡയും അമേരിക്കയും ഓസ്ട്രേലിയയുമടക്കം നിരവധി രാജ്യങ്ങള്‍ കുടിയേറ്റം വഴിയാണ് ഒരു രാഷ്ട്രമായിത്തീർന്നത് തന്നെ. അതിനാല്‍ കുടിയേറ്റത്തെ തള്ളിക്കളയാന്‍ അന്താരാഷ്ട്ര സമൂഹത്തിനാവില്ല. വിഷയത്തില്‍ ഇടപെട്ട ഐക്യരാഷ്ട്ര സഭ പൗരത്വ പട്ടികയെക്കുറിച്ച് കടുത്ത ആശങ്ക രേഖപ്പെടുത്തിയത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ആരും രാജ്യമില്ലാത്തവരായി മാറില്ലെന്ന് ഇന്ത്യ ഉറപ്പു വരുത്തണമെന്നും 19 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായത് ആശങ്കാജനകമാണെന്നുമാണ് ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ഥികാര്യ വിഭാഗത്തിന്റെ പ്രസ്താവന. പൗരത്വ പട്ടിക പുറത്തിറക്കുന്ന ഇന്ത്യന്‍ നടപടി, രാജ്യമില്ലായ്മയില്‍ നിന്ന് ജനങ്ങളെ കര കയറ്റാന്‍ ശ്രമിക്കുന്ന യു.എന്‍ നടപടികള്‍ക്കുള്ള തിരിച്ചടിയാകാതെ നോക്കാന്‍ ഇന്ത്യക്ക് ബാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥികാര്യ വിഭാഗം മേധാവി ഫിലിപ്പോ ഗ്രാന്‍ഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രൈബ്യൂണലിനെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തില്‍ നടപടികള്‍ സുതാര്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ആംനസ്റ്റി ഇന്‍റർനാഷണലും രംഗത്തെത്തിയിട്ടുണ്ട്. വീണ്ടുവിചാരത്തോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഒരു ജനതയോട് ചെയ്യുന്ന ക്രൂരമായ നടപടിയായി അത് രേഖപ്പെടുത്തപ്പെടും. അത് വഴി ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത പാടായി അത് അവശേഷിക്കുകയും ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter