കലാപാഗ്നികള്‍ നക്കിത്തുടച്ച ദില്ലിയിലൂടെ...

നാല്പത്തിലധികം  പേരുടെ ജീവനെടുക്കുകയും നൂറുകണക്കിനെ പേരെ നിത്യദുരിതത്തിലേക്ക് എറിയുകയും ചെയ്ത ദില്ലി വംശഹത്യയുടെ വിശദാംശങ്ങളുമായി ബ്രിട്ടീഷ് പത്രമായ  ‘ദി ഗാർഡിയൻ’ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം.

രക്തം പുരണ്ട തറയിൽ അയാൾ മുഖമമര്‍ത്തിവീണുകിടന്നു, പക്ഷേ ബാറ്റൺ പ്രഹരം തുടർന്നുകൊണ്ടേയിരുന്നു. മുപ്പതോളം പേര്‍ വരുന്ന ജനക്കൂട്ടം നിർത്താതെ അടിച്ചുകൊണ്ടേയിരുന്നപ്പോൾ, മുഹമ്മദ് സുബൈർ തന്റെ നെറ്റി നിലത്തു ചേർത്ത് കണ്ണുകളടച്ച് പ്രാർത്ഥിക്കുകയായിരുന്നു.

“എന്റെ തലയിലും കൈയിലും പുറകിലും പ്രഹരങ്ങൾ പേമാരിപോലെ പെയ്തിറങ്ങികൊണ്ടിരുന്നു. എന്നെ അടിക്കുന്നത് നിർത്താൻ ഞാൻ അവരോട് ആവശ്യപ്പെട്ടില്ല. ഞാൻ നിശബ്ദനായി, ശ്വാസം പിടിച്ച് ശരീരത്തിന് എല്ലാം സഹിക്കാനുള്ള ശക്തി പകരാന്‍ശ്രമിച്ചു. അതിനായി ഞാന്‍ മനസ്സാ പ്രാര്‍ത്ഥിച്ചു”ദിവസങ്ങള്‍ക്ക് ശേഷവും, ആ രംഗങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ 37 കാരനായ സുബെറിന്റെകവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു, ഒരിക്കലും വറ്റാത്ത അരുവി പോലെ.

 “ആദ്യം ഞാൻ ചോദിച്ചു,‘ നിങ്ങൾ എന്നെ എന്തിനാണ് ആക്രമിക്കുന്നത്? ഞാൻ എന്ത് തെറ്റ് ചെയ്തു? ’പക്ഷേ അവർ എന്റെ വാക്കുകൾ ശ്രദ്ധിക്കുക പോലും ചെയ്തില്ല. ‘മാറോ സാലേ മുല്ലാക്കോ [തെണ്ടിയായ മുസ്ലീമിനെ കൊല്ലുക], ജയ് ശ്രീ റാം എന്നിങ്ങനെ അവര്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു.പലരും ഇത് കാണുന്നുണ്ടായിരുന്നുവെങ്കിലും ഒരാള്‍ പോലുംരക്ഷിക്കാന്‍ മുന്നോട്ട് വന്നില്ല.”  സുബൈര്‍ വീണ്ടും കണ്ണീര്‍ തുടച്ചു.

ആയിരക്കണക്കിന് പേർക്കു  പരിക്കേറ്റ 43ലധികം പേരുടെ ജീവനെടുത്ത,  ദില്ലികലാപത്തിന്റെ, ഞെട്ടിക്കുന്ന ചിത്രങ്ങളിലൊന്നാണ് സുബൈറിനെ വളഞ്ഞിട്ട് അക്രമിക്കുന്ന ആള്‍ക്കൂട്ടത്തിന്റേത്.

ഇന്ത്യയുടെ തലസ്ഥാനത്തിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളിലായി നാല് ദിവസമാണ്കലാപം ആളിക്കത്തിയത്. ധാരാലം പള്ളികൾ അഗ്നിക്കിരയായി,ഒട്ടേറെ മുസ്‌ലിംകളെ ജീവനോടെ ചുട്ടുകൊല്ലുകയോ തെരുവുകളിലേക്ക് വലിച്ചിഴച്ചു അടിച്ചുകൊല്ലുകയോ ചെയ്തു,കച്ചവടങ്ങളും സ്വത്തുക്കളും ചുട്ടെരിച്ചു. നാല് ദിവസം നീണ്ടുനിന്ന കലാപത്തിനൊടുവില്‍ ബാക്കിയായത്, പ്രേതഭൂമികയായി മാറിയ റോഡുകളും നഗരങ്ങളും. ആ കാഴ്ച ഏറെ ഭീതിദമാണ്, കലാപകാരികളെ പോലും അത് ഭയപ്പെടുത്താതിരിക്കില്ല, തീര്‍ച്ച.

തിരിച്ചറിയൽ കാർഡുകൾ നോക്കിയാണ് പലപ്പോഴും മുസ്‍ലിമാണെന്ന് ആള്‍ക്കൂട്ടം തീരുമാനിച്ചത്. അതിന് വിസമ്മതിച്ചവരെ വസ്ത്രമഴിച്ച്, ചേലാകര്‍മ്മം ചെയ്തതാണോ എന്ന് നോക്കിവരെ തീരുമാനമെടുത്തുവത്രെ.വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ശിവ് വിഹാറിൽ താമസിക്കുന്ന തെരുവ് കച്ചവടക്കാരനായ ഇമ്രാൻ ഖാൻ, അത്തരത്തില്‍ തിരിച്ചറിയപ്പെട്ട ഒരു ഇരയായിരുന്നു,“തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. രാവിലെ മുതല്‍ അധ്വാനിച്ചതിന്റെ ക്ഷീണമുണ്ടായിരുന്നതിനാല്‍ എത്രയും വേഗം വീട്ടിലെത്തണമെന്ന ആഗ്രഹത്തിലായിരുന്നു. വഴിയില്‍ ജനക്കൂട്ടം എന്നെ തടഞ്ഞു, ചിലർ പാന്റ് അഴിക്കാൻ നിർബന്ധിച്ചു. മുസ്ലീമാണെന്ന് മനസ്സിലാക്കിയതോടെ, അവർ കൂട്ടമായി മർദ്ദിക്കാൻ തുടങ്ങി.”ഭയത്തേക്കാളേറെ മാനഹാനിയുടെ ദൈന്യതയായിരുന്നു ആ മുഖത്ത് അപ്പോള്‍ തെളിഞ്ഞ ഭാവം.

ഇരുമ്പുവടികളും മെറ്റൽ പൈപ്പുകളുംദണ്ഡുകളും ഉപയോഗിച്ച് ആയുധധാരികളായ ജനക്കൂട്ടം ഇമ്രാനെബോധം നഷ്ടപ്പെടുന്നത് വരെ തല്ലി. അവസാനം ചലനമറ്റത് കണ്ട്,മരിച്ചുവെന്ന് കരുതി കഴുത്തിൽ ഒരു കയർ കെട്ടിഗട്ടറിലേക്ക് വലിച്ചെറിഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോഴാണ്, താന്‍ കിടക്കുന്നത് ഗട്ടറിലാണെന്ന് അദ്ദേഹം പോലും തിരിച്ചറിയുന്നത്.

മരിച്ച 43 പേരിലൊരാളായ മുഷറഫ് എന്ന ചെറുപ്പക്കാരന്‍, വടക്കുകിഴക്കൻ ദില്ലിയിലെ ഗോകൽപുരിയിലെ ഭാഗീരതി വിഹാറില്‍ ഭാര്യയോടും മക്കളോടുമൊപ്പം സ്വസ്ഥമായി വീട്ടിലിരിക്കുകയായിരുന്നു. ഇരുമ്പുവടികളും കത്തികളും ചങ്ങലകളുമായി 30 ഓളം വരുന്ന ഒരു സംഘം - പലരും ഹെൽമെറ്റ് ധരിച്ചിരുന്നു - ജയ് ശ്രീ റാം വിളികളോടെ,പൂട്ടിയിട്ട വാതിൽ തകർത്ത് അകത്തുകടന്നു.

“അവർ വൈദ്യുതി വിഛേദിച്ചു, അതോടെ ആകെ ഇരുട്ട് മൂടി, അവർ വീട് തകർക്കാൻ തുടങ്ങി,” അദ്ദേഹത്തിന്റെ സഹോദരൻ ഷക്കീർ പറയുന്നു. “ഭാര്യ പോലീസിനെ വിളിച്ചെങ്കിലും അവർ വന്നില്ല. അകത്ത് ഒളിക്കാൻ ശ്രമിച്ചെങ്കിലുംഅക്രമകാരികൾവീട്ടിൽ മുഴുവൻ  മണ്ണെണ്ണ ഒഴിച്ച് ഇങ്ങനെ ആക്രോശിച്ചു: ‘നിങ്ങൾ പുറത്തുവരുന്നോ  അതോ ഞങ്ങൾ നിങ്ങളെ ജീവനോടെ ചുട്ടെരിക്കണോ?’.

ഷക്കീർ തുടർന്നു: “മുഷറഫിനെ പിടികൂടിഅവര്‍ തെരുവിലേക്ക് വലിച്ചിഴച്ചു. അതോടെ കുട്ടികളും കൂടെ പുറത്തേക്ക് ഓടി. 11 വയസ്സ് മാത്രം പ്രായമുള്ള മകൾഖുഷി അവരുടെ കാലിൽ വീണു കെഞ്ചി, എന്റെ പിതാവിനെ ഒന്നും ചെയ്യരുതേ എന്ന് അപേക്ഷിച്ചു. പക്ഷേ, മനുഷ്യത്വം നഷ്ടപ്പെട്ടിരുന്ന അവർ മുഷറഫിനെ തെരുവിലിട്ട് അടിച്ചു കൊന്ന ശേഷം ഗട്ടറിലേക്ക് വലിച്ചെറിഞ്ഞു.”

ആ ഭീതി മുഷറഫിന്റെ കുടുംബത്തെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ഇതുവരെ സ്വന്തം നാടെന്നും വീടെന്നും കരുതിയിരുന്ന നഗരം ഇന്ന് അവരെ സംബന്ധിച്ചിടത്തോളം, മരണം പതിയിരിക്കുന്ന പാതകളായി മാറിയിരിക്കുന്നു. “ഇതുവരെ ഞങ്ങൾ ഇവിടെ ഏറെ സുരക്ഷിതരായിരുന്നു. ഒരിക്കലും ഭീഷണി നേരിട്ടിട്ടേയില്ലായിരുന്നു, ഹിന്ദു സഹോദരന്മാരുമായി ഏറെ സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലുമാണ്ഞങ്ങള്‍ ഇതുവരെ ജീവിച്ചത്. പക്ഷെ,ഇനി ഇവിടെ നില്‍ക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. ദില്ലിയിൽ എവിടെയും സുരക്ഷിതത്വമുണ്ടെന്ന് ഇനി വിശ്വസിക്കാന്‍ കഴിയുന്നില്ല, ഞങ്ങള്‍ തിരിച്ചുപോകുകയാണ്, ഞങ്ങളുടെ പൂര്‍വ്വീകരുടെ ഗ്രാമത്തിലേക്ക് തന്നെ.” ഷക്കീർ  പറഞ്ഞു നിര്‍ത്തി.

വര്‍ഗ്ഗീയ കലാപങ്ങള്‍ ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമാണ്.2 ദശലക്ഷം ആളുകൾ മരിച്ച 1947 ലെ ഇന്ത്യ –പാക്  വിഭജനം മുതൽ ചെറുതും വലുതുമായ ഒട്ടേറെ കലാപങ്ങള്‍ അവിടെ കാണാനാവും. 80% ഹിന്ദുക്കളും 14% മുസ്‌ലിംകളും താമസിക്കുന്നസ്വാഭാവികമായും ചെറിയ ചെറിയ കലാപങ്ങളുണ്ടാവാതിരിക്കില്ലെന്നത് ശരി തന്നെ.എന്നാൽ 1992ൽ, അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതോടെ, അത്തരം കലാപങ്ങള്‍ക്ക് പുതിയൊരു മാനം കൈവന്നു എന്ന് വേണം കരുതാന്‍. അതിന് നേതൃത്വം കൊടുത്ത, ഹിന്ദുതീവ്രവാദസംഘടനയായ ആര്‍.എസ്.എസിന്റെ രാഷ്ട്രീയരൂപമായ ഭാരതീയജനതാപാര്‍ട്ടിയാണ് ഇന്ന് അധികാരം കൈയ്യാളുന്നത് എന്നത് അതിന് ആക്കം കൂട്ടുകയാണ്.

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റശേഷം ഇരു മതസ്ഥരും തമ്മിലുള്ള അകലം പൂര്‍വ്വോപരി വര്‍ദ്ധിക്കുന്നതാണ് നാം കാണുന്നത്. അതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അധികാരികളുടെ പക്ഷത്ത് നിന്ന് പോലും ഉണ്ടാവുന്നു എന്നതും ഏറെ ഖേദകരമാണ്.
ആയരിത്തിലേറെ പേര്‍ കൊല്ലപ്പെട്ട, 2002ലെ ഗുജറാത്ത് കലാപത്തിലെ കുറ്റാരോപിതനായ, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിയാണ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രാചരണവേദികളില്‍പോലും വിദ്വേഷപരാമര്‍ശങ്ങള്‍ നടത്താറുള്ള അമിത്ഷാ ആഭ്യന്തരമന്ത്രിയും.

കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം(സി‌എ‌എ) പോലും ഇതിന്റെ സൃഷ്ടിയാണ്. ഇപ്പോഴത്തെ കലാപങ്ങളുടെ തുടക്കകാരണവും അത് തന്നെ. 40 വർഷത്തിനിടെ ഇന്ത്യയിലെ ഏറ്റവും വലിയ അശാന്തിക്ക് ഈ നിയമഭേദഗതി കാരണമായി, മത-ജാതി ഭേദമന്യേ ദശലക്ഷക്കണക്കിന് ആളുകൾ പ്രതിഷേധിച്ച് തെരുവിലിറങ്ങി.

തീവ്രഹിന്ദുത്വയിലൂടെ കൂടുതല്‍ വോട്ടുകള്‍ നേടാമെന്നാണ് സാധാരണപോലെ ഇത്തവണയും അവര്‍ കണക്ക് കൂട്ടിയിരുന്നത്. പക്ഷേ, ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം ആ മോഹങ്ങളുടെ കടക്കല്‍ കത്തിവെക്കുന്നതായിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെട്ട ബിജെപി നേതാവ് കപിൽ മിശ്രയാണ് വടക്ക് പടിഞ്ഞാറൻ ദില്ലിയിൽ റോഡ് ഉപരോധിച്ച ഒരു കൂട്ടം മുസ്ലീങ്ങളെ ബലംപ്രയോഗിച്ച് നീക്കം ചെയ്യാൻ ഹിന്ദു ജനക്കൂട്ടത്തിന് പ്രേരണ നല്കിയത്. സി‌എ‌എയ്‌ക്കെതിരെ നടക്കുന്നസമാധാനപരമായ പ്രതിഷേധത്തെ അഭിസംബോധന ചെയ്തുകൊണ്ട് മിശ്ര പ്രകോപനപരമായ അന്ത്യശാസനം നൽകി: “റോഡുകൾ വൃത്തിയാക്കിയില്ലെങ്കിൽ… ഞങ്ങൾ തെരുവിലിറങ്ങാൻ നിർബന്ധിതരാകും.” മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ കല്ലെറിയൽ ആരംഭിച്ചു, ശേഷം പരക്കെയുള്ള അക്രമത്തിലേക്കും തുടര്‍ന്ന് കലാപത്തിലേക്കും നയിച്ചത് അതായിരുന്നു.

കേവലം അയൽക്കാർ അയൽക്കാർക്കെതിരെ തിരിഞ്ഞ ഒരു ലഹളയല്ലെന്നതാണ് ദില്ലി കലാപത്തിന്റെ പ്രത്യേകത. മറിച്ച്, തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിച്ച് അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ആളുകളെത്തിയാണ് കലാപം അഴിച്ചുവിട്ടത്.

അയൽ സംസ്ഥാനങ്ങളായ ഉത്തർപ്രദേശിൽ നിന്നും ഹരിയാനയിൽ നിന്നും ട്രക്കുകളിൽ ഹിന്ദു യുവാക്കൾ ഇരുമ്പുദണ്ഡുകളുംകുറുവടികളുമായിവരികയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. “ഉത്തർപ്രദേശിൽ നിന്ന് അതിർത്തിയിൽ വരുന്ന ഈ ജനക്കൂട്ടം ട്രക്ക് ലോഡുകളുമായി വരുന്നത് ഞങ്ങൾ എല്ലാവരും കണ്ടു, പുറത്തുനിന്നുള്ളവരാണ് അക്രമത്തിന് പ്രേരിപ്പിച്ചത്. അവർ പ്രദേശവാസികളെ ഇളക്കിവിട്ടു.”32 കാരനായ ശുഐബ് ആലം ​​സാക്ഷ്യപ്പെടുത്തുന്നു.

ദില്ലി ഗവേഷണ സംഘടനയായ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറും ആക്ടിവിസ്റ്റുമായ ഹർഷ് മന്ദർ പറയുന്നത് ഇതൊരിക്കലും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒരു കലാപമല്ലെന്നാണ്. “ഭരണകക്ഷി തന്നെ രാഷ്ട്രീയത്തിന്റെ ഭാഗമായിആസൂത്രണം ചെയ്തതാണിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളില്‍ ഹിന്ദുക്കളും അണി നിരന്നത് അവരെ വിറളി പിടിപ്പിച്ചു എന്ന് പറയാം. അതിനെ മറികടക്കാന്‍ ഇത്തരം ഒരു കലാപം ആവശ്യമായിരുന്നു. ദില്ലി തെരഞ്ഞെടുപ്പിലെ പരാജയം അതിന് ആവശ്യമായ സാഹചര്യവും ഒരുക്കി”

ആക്രമണങ്ങൾ ഏറ്റവും കൂടുതല്‍ ബാധിച്ച മുസ്തഫാബാദിലെ, വളരെ ഇടുങ്ങിയതും അടിസ്ഥാന സൌകര്യങ്ങൾ  മാത്രമുള്ളതുമായഅൽ-ഹിന്ദ് ആശുപത്രിയിൽ മാത്രം, കലാപത്തെ തുടര്‍ന്ന് അഞ്ഞൂറിലധികം ആളുകളാണ് പരിക്കുകളുമായി എത്തിയതെന്ന് ഡോ. മീറാജ് അക്രം പറയുമ്പോഴും ഞെട്ടല്‍ ആ മുഖത്ത് പ്രകടമായിരുന്നു. അക്കൂട്ടത്തില്‍, വെടിയേറ്റവരുംകുത്തേറ്റവരുംആസിഡ് പൊള്ളലേറ്റവരും ജനനേന്ദ്രിയം വികൃതമാക്കപ്പെട്ടവരുമെല്ലാമുണ്ടായിരുന്നുവെന്ന് പറഞ്ഞത് അദ്ദേഹത്തിന് മുഴുമിപ്പിക്കാനായില്ല.പരിക്കേറ്റവരെ രക്ഷിക്കാൻ മുസ്തഫാബാദിലേക്ക് ആംബുലൻസുകൾ വിടാന്‍ പോലുംപോലീസ് അനുവദിച്ചില്ല, അതേതുടര്‍ന്നനൂറുകണക്കിന് ഇരകള്‍ക്ക് മണിക്കൂറുകളോളം പരിക്കുകളോടെ രക്തമൊലിച്ച് തറയിൽ കിടക്കേണ്ടിയും വന്നിട്ടുണ്ട്.

എട്ട് മാസം ഗർഭിണിയായ മസ്കൻ എന്ന 20 കാരിക്ക്കലാപകാരികളില്‍നിന്ന് ഏല്‍ക്കേണ്ടിവന്നത് നടുക്കുന്ന അനുഭവങ്ങളായിരുന്നു. “അവർ എന്നെ നിലത്തേക്ക് എറിഞ്ഞു, എന്റെ വയറും ശരീരവും മുഴുവൻ ചവിട്ടി. എന്റെ കുഞ്ഞിനെ ഉപദ്രവിക്കരുതെന്ന് ഞാൻ അവരോട് കേണപേക്ഷിച്ചെങ്കിലും, അവർ അതൊന്നും കേട്ടതേയില്ല.” പതിഞ്ഞ സ്വരത്തിൽ ആശുപത്രികിടക്കയില്‍ വെച്ച് അവള്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി അൽ ഹിന്ദിലേക്ക് കൊണ്ടുവന്ന രോഗികളിൽ രണ്ട് പ്രാദേശിക ഇമാമുമാരും ഉൾപ്പെടുന്നു. കലാപകാരികൾ  പള്ളിയിൽ പ്രവേശിച്ചപ്പോൾ ഇമാം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അവരെ പിടികൂടുകയായിരുന്നു.ശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് വികൃതമാക്കുകയായിരുന്നുവത്രെ.

മുസ്തഫാബാദിനടുത്തുള്ള ഫാറൂഖിയ പള്ളിയുടെ ഇമാമായ മുഫ്തി മുഹമ്മദ് താഹിറിനും സമാനമായ അനുഭവമാണ് നേരിടേണ്ടിവന്നത്. കലാപം ഉണ്ടായപ്പോൾ പള്ളിയുടെ മുകളിലത്തെ മുറിയിൽ പൂട്ടിയിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പോലീസ് വാതിൽ തകർത്ത് ഇമാമിനെ വലിച്ചിഴച്ച് കാത്തിരുന്ന ഹിന്ദു ആൾക്കൂട്ടത്തിന് കൈമാറി. ബോധം നശിക്കുന്നത് വരെ അടിക്കുകയും കൈകാലുകൾ തകർക്കുകയും ചെയ്തു. പള്ളി കത്തിച്ചു: കരിഞ്ഞു കറുത്ത ഡസൻ കണക്കിന് ഖുർആൻ പതിപ്പുകൾ ഷെൽഫിൽ നിരന്നിരിക്കുന്നു. ഇസ്ലാമിക വിശുദ്ധ ഗ്രന്ഥത്തിന്റെ കരിഞ്ഞ ശകലങ്ങൾ അടങ്ങിയ ഒരു പാത്രവും മേശപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു.

ദില്ലി സർക്കാരിനെ നിയന്ത്രിക്കുന്നത് പുരോഗമന ആം ആദ്മി പാർട്ടി (ആം ആദ്മി) ആണെങ്കിലും ദില്ലി പോലീസ് ആഭ്യന്തരകാര്യ മന്ത്രി അമിത് ഷായുടെ നിയന്ത്രണത്തിലാണ്. അത് കൊണ്ട് തന്നെ, കലാപത്തെക്കുറിച്ചുള്ള അന്വേഷണം പോലും കേന്ദ്രീകരിക്കുന്നത്പ്രാദേശിക മുസ്‌ലിം നേതാക്കളിലാണ്, ബിജെപി നേതാക്കൾക്കെതിരെ ഇതുവരെഒരു കേസ് പോലും റജിസ്റ്റര്‍ ചെയ്തിട്ടില്ല.

അത്കൊണ്ട് തന്നെ, കലാപത്തിൽ ഡൽഹി പോലീസിന്റെ പങ്ക് നിയമപോരാട്ടത്തിലൂടെ സ്ഥാപിച്ചെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ ബുധനാഴ്ച കലാപത്തെക്കുറിച്ചുള്ള വാദം കേൾക്കുമ്പോൾ പൊലീസിന്റെയും സർക്കാരിന്റെയും നടപടിയെ ദില്ലി ഹൈക്കോടതിയിലെ ജഡ്ജ് ജസ്റ്റിസ് എസ് മുരളീധർ പരസ്യമായി അപലപിച്ചു. എന്നാൽ വ്യാഴാഴ്ച രാവിലെയോടെ ജഡ്ജിയെ മറ്റൊരു കോടതിയിലേക്ക് മാറ്റി കേസ് മറ്റൊരു ബെഞ്ചിന് കൈമാറുകയായിരുന്നു. ആരോപണങ്ങളോട് പ്രതികരിക്കാൻ പുതിയ ജഡ്ജി സർക്കാരിന് നാല് ആഴ്ച സമയം നൽകുകയും ചെയ്തു.

എന്നാൽ, അതിക്രമത്തിന്റെ ഈ കഥകൾക്കപ്പുറം സിഖ്, ഹിന്ദു കുടുംബങ്ങൾ അവരുടെ മുസ്ലീം അയൽക്കാരെ രക്ഷിക്കാൻ ശ്രമിച്ച മനുഷ്യസ്നേഹത്തിന്റെ ഒട്ടേറെ കഥകളും ഇതേ കലാപത്തിന് പറയാനുണ്ട്. അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ അവരെ സ്വന്തം വീടുകളിൽ പാർപ്പിക്കുകയോ അല്ലെങ്കിൽ ജനക്കൂട്ടം ഇറങ്ങുമ്പോൾ രക്ഷപ്പെടാൻ സഹായിക്കുകയോ ചെയ്യുകയായിരുന്നു അവര്‍. പ്രതികാരം ഭയന്ന് അവരില്‍ പലരും പേര് പറയാനോ ചെയ്ത കാര്യങ്ങള്‍ വെളിപ്പെടുത്താനോ തയ്യാറാവുന്നില്ലെന്നതാണ് സത്യം.

അതേസമയം, ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഗോകൽപുരിയിൽ, സിഖുകാരനായ മോഹിന്ദർ സിങ്ങും മകൻ ഇന്ദർജിത്തും അവരുടെ മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് 70 ഓളം മുസ്ലീം പുരുഷന്മാരെയും ഒമ്പത് വയസ്സുകാരൻ ഉൾപ്പെടെ ഒട്ടേറെ കുട്ടികളെയും രക്ഷപ്പെടുത്തിയത് ഇതിനകം പുറം ലോകം ഏറെ രോമാഞ്ചത്തോടെ കേട്ടതാണ്. ജനക്കൂട്ടം പുറത്ത് തെരുവുകളിൽ കറങ്ങിക്കൊണ്ടിരുന്നതിനാൽ അവർ പള്ളിയിലും മദ്രസയിലും ഒളിച്ചിരിക്കുകയായിരുന്നു. അവരില്‍ പലരെയുംവേഷംമാറ്റി, സിഖ് തലപ്പാവ് ധരിപ്പിച്ചായിരുന്നുമോഹിന്ദര്‍ സിംഗും മകനും രക്ഷപ്പെടുത്തിയത്.

“അവർ മുസ്ലീമോ ഹിന്ദുവോ ആണെന്ന് ഞാൻ കണ്ടില്ല, ഞാൻ ഇത് ചെയ്തത് മനുഷ്യത്വത്തിനു വേണ്ടിയാണ്,” മൊഹീന്ദർ പറഞ്ഞു. “എനിക്ക് അവരെ രക്ഷിക്കേണ്ടിയിരുന്നു. മനുഷ്യനെന്ന നിലയില്‍ അതെന്റെ ഏറ്റവും ചെറിയ ബാധ്യതയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു”

അഭയം തേടിയവരുടെ മുന്നില്‍ സിഖ് സമുദായാംഗങ്ങള്‍ തങ്ങളുടെ ഗുരുദ്വാരകൾ വരെ തുറന്നുകൊടുത്തുവെങ്കിലും ഇരുഭാഗത്തിലെയും തീവ്രഗ്രൂപ്പുകൾ പരസ്പരം ആക്രമണം നടത്തിയതായി ദില്ലിയിലെ പ്രമുഖ സിഖ് രാഷ്ട്രീയക്കാരനായ മജീന്ദർ സിംഗ് സിർസ പറഞ്ഞു. “35 വർഷങ്ങൾക്ക് മുമ്പ് ഞങ്ങളെ ലക്ഷ്യം വച്ചതിനാൽ ഞങ്ങൾക്ക് ഈ വേദന മനസ്സിലാവും” 1984 ൽ ദില്ലിയിൽ നടന്ന മൂവായിരത്തിലധികം സിഖുകാർ കൊല്ലപ്പെട്ട സിഖ് വിരുദ്ധ വംശഹത്യകളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

“അന്ന് ദില്ലി കത്തിക്കൊണ്ടിരുന്നു, മനുഷ്യത്വം മരിച്ചു. ഈ ആഴ്ച, അത് വീണ്ടും സംഭവിച്ചു. ഇനിയൊരിക്കലും ഇങ്ങനെ ഒന്ന് സംഭവിക്കാതിരിക്കട്ടെ” അത് പറയുമ്പോള്‍ അദ്ദേഹം ദീര്‍ഘമായി ഒരു നെടുവീര്‍പ്പിടുന്നുണ്ടായിരുന്നു.

വിവർത്തനം : ഓൺവെബ് ടീം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter