ബാബരി കേസിൽ മുസ്‌ലിം സമുദായം രാജീവ് ധവാനോട്  കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ ഒറ്റക്ക്​ പുനഃപരിശോധന ഹരജിയുമായി മുന്നോട്ടു പോകാനും രാജീവ്​ ധവാനെ അഭിഭാഷക സ്ഥാനത്തുനിന്ന് മാറ്റാനുമുള്ള ജംഇയ്യത്​​ നേതാവ്​ അർശദ്​ മദനിയുടെ തീരുമാനത്തിെനിടെ ധവാൻ നൽകിയ സംഭാവനകൾ മഹത്തരമെന്ന് വിശേഷിപ്പിച്ച് മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡ്​ ജനറൽ സെക്രട്ടറി വലി റഹ്മാനി പുറത്തുവിട്ട വാർത്തക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. രാജീവ്​ ധവാൻ ബാബരി ഭൂമി കേസിന്​ നൽകിയ സംഭാവന അസാധാരണമാണെന്ന്​ വലി റഹ്മാനി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. തന്റെ ഹൃദയവും ആത്മാവും കേസിന്​ സമർപ്പിച്ച ധവാനോട്​ സമുദായം എന്നും കടപ്പെട്ടിരിക്കുമെന്നും ഇനിയും കേസിൽ അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും വലി റഹ്മാനി പറഞ്ഞു.  സുപ്രീംകോടതിയിൽ ധവാൻ നടത്തിയ വാദം  മികച്ചതും വിലമതിക്കാനാവാത്തതുമാണ്​​. തനിക്കെതിരെ ചെറിയൊരു വിഭാഗം സമൂഹ മാധ്യമങ്ങൾ വഴി നിന്ദ്യമായ പ്രചാരണം നടത്തിയിട്ടും കേസ്​ വാദിക്കുന്നതിൽനിന്ന്​ ​അദ്ദേഹം പിന്മാറിയിരുന്നി​​ല്ല.  രാജ്യത്തിന്റെ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേസിൽ 1993 മുതൽ രാജീവ്​ ധവാൻ അഭിഭാഷകനായുണ്ട്​. അഡ്വ. സഫരിയാബ്​ ജീലാനിയും മറ്റ്​ അഭിഭാഷകരും വഴി അഖിലേന്ത്യ മുസ്​ലിം വ്യക്തിനിയമ ബോർഡ്​ അദ്ദേഹത്തെ സഹായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെല്ലാവരും പുനഃപരി​ശോധന ഹരജി തയാറാക്കുന്ന തിരക്കിലാണെന്നും ധവാനുമായി ചേർന്ന്​ അന്തിമരൂപം നൽകി ഉടൻ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്നും വലി റഹ്മാനി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter