സിഎഎ സമരക്കാർക്കെതിരെ കള്ളക്കേസ്: 1200 വനിതാ ആക്ടിവിസ്റ്റുകൾ എതിർപ്പുമായി രംഗത്ത്
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തിയവർക്കെതിരെ ഡൽഹി കലാപത്തിന്റെ പേരിൽ കേസെടുത്ത ഡൽഹി പോലീസിന്റെ നടപടിക്കെതിരെ രാജ്യമെമ്പാടുമുള്ള 1200 വനിതാ ആക്ടിവിസ്റ്റുകൾ രംഗത്തെത്തി. കള്ള കേസുകൾ പിൻവലിക്കുകയും എല്ലാവരെയും മോചിപ്പിക്കുകയും ചെയ്യണമെന്ന് ആക്ടിവിസ്റ്റുകൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ആക്ടിവിസ്റ്റുകളായ മേധാപട്കർ, ഫാറാ നഖ്‌വി, അരുണ റോയ്, ഷബ്നം ഹാഷ്മി, സോണി സോറി, അഞ്ജലി ഭരദ്വാജ്, ടീസ്ത സെതൽവാദ്, കവിത ശ്രീവാസ്തവ, കവിത കൃഷ്ണൻ, അക്കാദമിക് മേഖലയിൽ നിന്നുള്ള ഉമാ ചക്രവർത്തി, സോയാ ഹസൻ, വി ഗീത, ജയന്തി ഘോഷ്, എഴുത്തുകാരായ ഗീത ഹരിഹരൻ, മീന കന്ദസ്വാമി, സിനിമാ പ്രവർത്തകരായ അപർണ സെൻ മഹാശ്വേതാ ബർമ്മ, വാണി സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് സംയുക്തപ്രസ്താവന പുറത്തിറക്കിയത്. ലോക്ക് ഡൗൺ മറവിൽ മുസ്‌ലിം വേട്ടയാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു.

നിരപരാധികളെ വേട്ടയാടുന്നതിനു പകരം കലാപം ആസൂത്രണം ചെയ്ത ബിജെപി നേതാക്കളായ അനുരാഗ് താക്കൂർ, കപിൽ മിശ്ര, തുടങ്ങിയവരെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ട ആക്ടിവിസ്റ്റുകൾ ഇതുവരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ ഡൽഹി പോലീസ് പരസ്യപ്പെടുത്തണമെന്നും സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വ്യക്തമാക്കി.

ഷഹീൻ ബാഗിൽ സമരം നടത്തിയ സ്ത്രീകൾക്ക് അഭിവാദ്യമർപ്പിച്ച ആക്ടിവിസ്റ്റുകൾ ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും യുഎപിഎ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter