രണ്ടര നൂറ്റാണ്ട് പിന്നിടുന്ന  മമ്പുറം മഖാം ചരിത്രം

ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ചരിത്രത്തില്‍  രണ്ടര നൂറ്റാണ്ട് പിന്നിടുകയാണ്. ഇരുനൂറ്റി അന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ തിരക്കൊഴിയാത്ത മലബാറിലെ പ്രധാന സന്ദര്‍ശന കേന്ദ്രമാണ് മമ്പുറം മഖാം. മമ്പുറം സയ്യിദ് അലവി തങ്ങളുടെ വിയോഗത്തിന് മുമ്പ് തന്നെ മമ്പുറം വിശ്വാസികളുടെ സന്ദര്‍ശന കേന്ദ്രമായിരുന്നു. അദ്ദേഹത്തിന്റെ അമ്മാവന്‍ സയ്യിദ് ഹസന്‍ ജിഫ്രിയുടെ ഖബറിടം സന്ദര്‍ശിക്കാനായി മമ്പുറം തങ്ങളുടെ കാലത്ത് തന്നെ, ജാതി മത ഭേദമന്യെ നിരവധി തീര്‍ത്ഥാടകര്‍ എത്തിയിരുന്നുവെന്നാണ് ചരിത്രം. സയ്യിദ് അലവി തങ്ങളാണ് തന്റെ അമ്മാവനായ സയ്യിദ് ഹസന്‍ ജിഫ്രിയുടെ മഖാം വികസിപ്പിച്ചത്. 1770-71 കാലഘട്ടത്തിലായിരുന്നു വികസനം നടത്തിയത്. ശേഷം മമ്പുറം തങ്ങളെ സന്ദര്‍ശിക്കാനെത്തിയ  കറാച്ചിക്കാരനായ വ്യാപാരി തന്റെ ചെലവില്‍  മഖാം വീണ്ടും വിപുലപ്പെടുത്തി. മമ്പുറം തങ്ങളുടെ അമ്മാവനും ഭാര്യാപിതാവുമായിരുന്ന ഹസന്‍ ബിന്‍ അലവി ജിഫ്രിയുടെ ചാരത്താണ് മമ്പുറം തങ്ങള്‍ക്ക് ഖബിറടം ഒരുക്കിയത്. ഇവര്‍ക്ക് പുറമെ അദ്ദേഹത്തിന്റെ പിതൃ സഹോദര പുത്രൻ സയ്യിദ് മുഹമ്മദ് മൗലദ്ദവീല,മകൾ സയ്യിദ ശരീഫ അലവിയ്യ,ഭാര്യമാരായ ആയിശ മലബാരിയ്യ, ഇന്തൊനേഷ്യൻ സ്വദേശി സ്വാലിഹ തിമോരിയ്യ, സയ്യിദ ഫാതിമ മദനി, പൗത്രന്‍ അബ്ദുള്ള ജിഫ്രി, മകളുടെ ഭർത്താവ്അലി ബിന്‍ മുഹമ്മദ് മൗലദ്ദവീല, മകന്‍ ഫദ്ല്‍ പൂക്കോയ തങ്ങളുടെ ഭാര്യ സയ്യിദ മൈമൂന ഉമ്മുഹാനി എന്നിവരുടെ ഖബ്‌റുകളുമാണ് മഖാമിലുള്ളത്. മമ്പുറം തങ്ങള്‍ക്ക് ശേഷം പുത്രന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളായിരുന്നു മഖാമിന്റെ സാരഥ്യം വഹിച്ചിരുന്നത്. അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതോടെ സഹോദരി ശരീഫ കുഞ്ഞിബീവിയുടെ ഭർത്താവ് അലവി ജിഫ്രിയെ ഏല്‍പ്പിക്കുകയായിരുന്നു. അങ്ങനെയാണ് മഖാമിന്റെ  നടത്തിപ്പവകാശം ജിഫ്രി കുടുംബത്തിലെത്തുന്നത്. 1999-ല്‍  നവംമ്പറിലാണ് ജിഫ്രി കുടുംബം  മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റിയെഏല്‍പിക്കുന്നത്.  

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter