ഇസ്‌ലാമിക ചരിത്ര നഗരങ്ങള്‍ (9)  നഷ്ടപ്രതാപങ്ങള്‍ അയവിറക്കുന്ന ബസ്വറ

പുരാതന നാഗരികതകളുടെ കാലം മുതല്‍ ആധുനിക യുഗം വരെ സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറുന്ന തെക്കന്‍ ഇറാഖിലെ ഒരു പ്രമുഖ തുറമുഖ നഗരമാണ് ബസ്വറ. ഇറാഖിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായിരുന്ന, സുപ്രധാന സാമ്പത്തിക സാംസ്‌കാരിക കേന്ദ്രവും ചരിത്രപരമായി അതീവ പ്രാധാന്യവുമുണ്ടായിരുന്ന പട്ടണം. ഖലീഫ ഹസ്‍റത് ഉമര്‍(റ)ന്റെ കാലം തൊട്ടേ ചരിത്രത്തിലിടം കണ്ടെത്തിയ നഗരം. ചരിത്ര പ്രാധ്യാന്യമുള്ള അനേകം പൈതൃകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബസ്വറ കാലക്രമേണ ആധുനിക ലോകത്തിന് അപ്രധാനമായിത്തീര്‍ന്നു. ബസ്വറയുടെ വിശേഷങ്ങളിലേക്ക്. 

ബസ്വറ: ഇസ്‍ലാമിന് മുമ്പ്

മെസൊപ്പൊട്ടേമിയയില്‍ ഉള്‍പ്പെടുന്ന പുരാതന സുമേറിയന്‍, അക്കാഡിയന്‍ നാഗരികതകളുടെ ഭാഗമായിരുന്നു ബസ്വറയടക്കമുള്ള പ്രദേശങ്ങള്‍. പ്രമുഖ സുമേറിയന്‍ നഗരമായ 'ഉര്‍' (ഇന്നത്തെ തെക്കന്‍ ഇറാഖിലെ തെല്‍ അല്‍ മുഖയ്യര്‍ പ്രദേശം) പട്ടണം ബസ്വറക്ക് സമീപമാണ് സ്ഥിതി ചെയ്തിരുന്നതെന്ന് കാണാം. പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ അറ്റത്തായി നിലകൊള്ളുന്ന ബസ്വറയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം നഗരത്തെ ഒരു പ്രധാന വാണിജ്യ കേന്ദ്രവും ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള കവാടവുമാക്കി മാറ്റി. സാസാനിയന്‍ സാമ്രാജ്യത്തിന്റെ കാലത്ത്, തന്ത്രപ്രധാനമായ ഈ സ്ഥാനം കാരണം ബസ്വറയടക്കുമുള്ള പ്രദേശങ്ങള്‍ സ്ഥിരതയുടെയും സാമ്പത്തിക വളര്‍ച്ചയുടെയും കാലഘട്ടങ്ങളിലൂടെ കടന്നുപോയി. 

ആറാം നൂറ്റാണ്ടില്‍ ഇസ്‍ലാമിന്റെ ആവിര്‍ഭാവം അറേബ്യന്‍ ഉപദ്വീപില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയതോടെ അവയുടെ അനുരണനങ്ങള്‍ ബസ്വറയിലും വന്നെത്തി. വിവിധ നാഗരികതകളുടെ ഉയര്‍ച്ചക്കും തകര്‍ച്ചക്കും സാക്ഷ്യം വഹിച്ച പ്രവിശാലമായ മെസൊപ്പൊട്ടേമിയ പ്രദേശവുമായി ബസ്വറയുടെ പ്രീ-ഇസ്‍ലാമിക് ചരിത്രം ഇഴചേര്‍ന്നു കിടക്കുന്നു. ഇസ്‍ലാമിന്റെ കടന്നു വരവ് പ്രദേശത്ത് കാര്യമായ മാറ്റങ്ങള്‍ക്ക് കാരണമായി. ഒരു പ്രമുഖ സാസ്‌കാരിക-വാണിജ്യ നഗരമെന്ന നിലയില്‍ ബസ്വറയുടെ സ്വത്വത്തെ രൂപപ്പെടുത്തിന്നതില്‍ ഇസ്‍ലാമിന്റെ പങ്ക് വലുതാണ്.

ബസറയുടെ മുസ്‌ലിം ചരിത്രം

ഇസ്‍ലാമിന്റെ രണ്ടാം ഖലീഫയായിരുന്ന ഹസ്രത്ത് ഉമര്‍(റ)വിന്റെ നിര്‍ദേശ പ്രകാരം ഉത്ബ ബിന്‍ ഗസ്വാന്‍(റ) ആണ് 636 എഡിയില്‍ (ഹിജ്റ 14)  ബസ്വറ പ്രദേശത്ത് ഒരു സൈനിക ക്യാമ്പും സെറ്റില്‍മെന്റും സ്ഥാപിക്കുന്നത്. പിന്നീട് സൈദ് ബിന്‍ അബുസുഫ്യാന്റെ കാലത്ത് നഗരം പുഷ്ടി പ്രാപിക്കുകയും എട്ടാം നൂറ്റാണ്ടോടെ ജനസംഖ്യയിലും അടിസ്ഥാന വികസനത്തിലും വലിയ പുരോഗതി കൈവരിക്കുകയും ചെയ്തു. ഷാതുല്‍ അറബ് ജലപാതയിലേക്കും പേര്‍ഷ്യന്‍ ഗള്‍ഫിലേക്കും നീണ്ടുപോവുന്ന ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളുടെ സംഗമസ്ഥാനത്തിനടുത്തുള്ള ഒരു തുറമുഖ നഗരമെന്ന നിലയില്‍ ഈ പ്രദേശത്തിന്റെ തന്ത്രപരമായ പ്രാധാന്യം മുസ്‌ലിം ഭരണാധികാരികള്‍ തിരിച്ചറിഞ്ഞിരുന്നു. അനേകം സൈനിക മുന്നേറ്റങ്ങള്‍ക്ക് കേന്ദ്രസ്ഥാനമായി വര്‍ത്തിച്ച നഗരം വമ്പിച്ച സമുദ്ര വ്യാപാര സാധ്യതകളാണ് മുസ്‌ലിംകള്‍ക്ക് മുന്നില്‍ തുറന്നിട്ടത്. ബസ്വറ സ്ഥാപിക്കുന്നതിനുള്ള ഹസ്രത്ത് ഉമര്‍(റ)വിന്റെ പ്രാഥമിക പ്രേരണ, അറബ് സൈന്യം സാസാനിദ് സാമ്രാജ്യത്തിനെതിരായ പടയോട്ടങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ അവര്‍ക്ക് ശക്തമായൊരു സെനിക ഔട്ട്പോസ്റ്റ് പ്രദാനം ചെയ്യുക എന്നതായിരുന്നു. ഇത് പിന്നീട് ഈ പ്രദേശത്തെ ഇസ്‍ലാമിക ശക്തി സംഭരണത്തിനും അറേബ്യന്‍ പെനിന്‍സുലയും പേര്‍ഷ്യന്‍ ഫ്രണ്ടും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനും മുസ്‌ലിംകളെ സഹായിക്കുന്ന തരത്തിലേക്ക് വളര്‍ന്നു. 

ആദ്യകാല വികസനവും വാണിജ്യ പ്രാധാന്യവും:

വളരെ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതാണ് ബസ്വറ നഗരത്തിന്റെ ലേഔട്ട്. വലിയ സൈനിക സംഘങ്ങള്‍ക്ക് കടന്നു പോകാന്‍ വിശാലമായ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. അറേബ്യന്‍ ഉപദ്വീപിലെ വിവിധങ്ങളായ ഗോത്രങ്ങളെ ഉള്‍ക്കൊള്ളുന്നതിനായി നഗരത്തെ വിവിധ ജില്ലകളായി വിഭജിക്കപ്പെട്ടു. മഴവെള്ളം ഫലപ്രദമായി ഒഴുക്കിവിടാന്‍ റോഡുകളില്‍ പ്രത്യേക സംവിധാനവും രൂപകല്‍പ്പന ചെയ്യപ്പെട്ടിരുന്നു.

Read More: മുസ്‍ലിം ചരിത്ര നഗരങ്ങള്‍ - 08 സാമറ: സാമ്രാജ്യങ്ങള്‍ കയറിയിറങ്ങിയ സര്‍പ്പിള മിനാരങ്ങള്‍

ഇസ്‍ലാമിന്റെ ആദ്യകാല സൈനിക മുന്നേറ്റങ്ങളില്‍ തന്ത്രപ്രധാനമായ സൈനിക താവളമായി വര്‍ത്തിച്ച ബസ്വറ സാസാനിയന്‍ സാമ്രാജ്യത്തിനും മറ്റ് പ്രാദേശിക ശക്തികള്‍ക്കുമെതിരായ സൈനിക നീക്കങ്ങളില്‍ സുപ്രധാന പങ്ക് വഹിച്ചു. മിലിറ്ററി നിരീക്ഷണങ്ങള്‍ക്ക് ഒരു ലോഞ്ച് പോയിന്റെന്ന നിലയിലും സൈനിക മുന്നേറ്റങ്ങള്‍ക്കുള്ള ഒരു ലോജിസ്റ്റിക് ഹബ്ബായി പ്രവര്‍ത്തിക്കുകയും ചെയ്തുപോന്നു നഗരം. കാലക്രമേണ ബസ്വറ വികസിച്ചപ്പോള്‍, അതിന്റെ ഭൂമിശാസ്ത്രസ്ഥാനം സമുദ്രവ്യാപാരം  സുഗമമാക്കി. പേര്‍ഷ്യന്‍ ഗള്‍ഫുമായുള്ള നഗരത്തിന്റെ സാമീപ്യം ഇന്ത്യ, അറേബ്യന്‍ പെനിന്‍സുല, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളുമായുള്ള വ്യാപാരത്തിന്റെ ഒരു പ്രധാന കേന്ദ്രമാക്കി നഗരത്തെ മാറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ കച്ചവടത്തിലേര്‍പ്പെടാന്‍ ബസ്വറയില്‍ തമ്പടിക്കുന്ന സ്ഥിതിയുണ്ടായി.

സാമുദായിക പ്രശ്‌നങ്ങള്‍

വിവിധങ്ങളായ സാംസ്‌കാരിക വിനിമയത്തിന്റെ കേന്ദ്രമായി ബസ്വറ വളര്‍ന്നതോടൊപ്പം മധ്യകാല മുസ്‍ലിം കാലഘട്ടത്തിലെ പവവിധ വിഭാഗീയതകള്‍ക്കും വെല്ലുവിളികള്‍ക്കും നഗരം സാക്ഷിയായി. നഗരത്തില്‍ സ്ഥിരതാമസമാക്കിയ നാനാവിധ ജനവിഭാഗങ്ങള്‍ ഇസ്‍ലാമിക അധ്യാപനങ്ങളുടെ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ പിന്തുടരുകയും വിവിധ മത പണ്ഡിതരോടുള്ള വിധേയത്വം കാണിക്കുകയും ചെയ്തു. കാഴ്ചപ്പാടുകളിലെ ഈ വ്യത്യാസം ദൈവശാസ്ത്രപരമായ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ പോരാട്ടങ്ങളിലേക്കും നയിച്ചു. പ്രത്യേകിച്ച്, സുന്നി-ഷിയാ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയപരമായ സംവാദങ്ങളുടെ ഒരു യുദ്ധക്കളമായി ബസ്വറ മാറി. മുസ്‍ലിം സമുദായങ്ങള്‍ തമ്മിലുള്ള ആഭ്യന്തര തര്‍ക്കങ്ങളും ഫിത്‌നയും നഗരത്തിന്റെ മേന്മയേറിയ പൈതൃകത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടേയിരുന്നു. ബസ്വറ നിവാസികള്‍ ഈ സംഘട്ടനങ്ങളില്‍ വിരുദ്ധ ചേരികളില്‍ അണിനിരന്നു. ഈ ഭിന്നതകള്‍ പലപ്പോഴും അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് നയിക്കുകയും നഗരത്തിന്റെ ഐക്യം തകര്‍ക്കുകയും ചെയ്തു.

ബസ്വറ നഗരത്തിന്റെ പതനം

ആധുനിക ബസ്വറയുടെ തകര്‍ച്ചയ്ക്ക് കാരണം അതിന്റെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക ഭൂപ്രകൃതിയെ ബാധിച്ച പലവിധ ഘടകങ്ങളാണ്. വ്യാപാരത്തിന്റെയും സാംസ്‌കാരിക വിനിമയത്തിന്റെയും കേന്ദ്രമെന്ന നിലയില്‍ നഗരത്തിന് ചരിത്രപരമായ പ്രാധാന്യം ഉണ്ടായിരുന്നിട്ടും, വിവിധ വെല്ലുവിളികള്‍ അതിന്റെ വികസനത്തിനും സമൃദ്ധിക്കും തടസ്സം നിന്നു. ആഭ്യന്തര സംഘര്‍ഷം, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക ഞെരുക്കം തുടങ്ങിയ ഘടകങ്ങള്‍ ബസ്വറയുടെ പതനത്തിന് ആക്കം കൂട്ടി. ഇറാന്‍-ഇറാഖ് യുദ്ധവും (1980-1988) തുടര്‍ന്ന് ഗള്‍ഫ് യുദ്ധവും (1990-1991) ബസ്വറയില്‍ വിനാശകരമായ പ്രതിഫലനങ്ങളുണ്ടാക്കി. തുറമുഖവും എണ്ണ സമ്പത്തും ഉള്‍പ്പെടെ നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടമുണ്ടായി. ഈ സംഘട്ടനങ്ങളുടെ അനന്തരഫലമായുണ്ടായ സാമ്പത്തിക ഉപരോധങ്ങള്‍ ഫലപ്രദമായി നഗരത്തെ വീണ്ടെടുക്കുന്നതിനും പുനര്‍നിര്‍മിക്കുന്നതിനുമുള്ള നീക്കങ്ങളെ തടസ്സപ്പെടുത്തി. കൂടാതെ, ഇറാഖിനുള്ളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും ആഭ്യന്തര സംഘട്ടങ്ങളും ബസ്വറ നേരിട്ടു കൊണ്ടിരുന്ന വെല്ലുവിളികളെ കൂടുതല്‍ വഷളാക്കി.

കൊളോണിയല്‍ കൊള്ള

ഇരുപതാം നൂറ്റാണ്ടിലെ കൊളോണിയല്‍ അധിനിവിശേങ്ങളും പ്രകൃതിവിഭവങ്ങളുടെ ചൂഷണവും ബസ്വറയുടെ തകര്‍ച്ചയെ ത്വരിതപ്പെടുത്തിയ മറ്റു ഘടകങ്ങളാണ്. ഈ മേഖലയിലെ എണ്ണയുടെ കണ്ടെത്തല്‍ വിദേശ ശക്തികളുടെ, പ്രത്യേകിച്ച് ബ്രിട്ടീഷുകാരുടെയും പിന്നീട് അമേരിക്കക്കാരുടെയും പ്രത്യേക താല്‍പ്പര്യം ക്ഷണിച്ച് വരുത്തി. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഇറാഖ് പെട്രോളിയം കമ്പനി (IPC) ബസ്വറയിലെ എണ്ണ ശേഖരം കൊള്ളയടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. വിഭവ ചൂഷണത്തെയും അവയുടെ അസമത്വ വിതരണത്തെയും കുറിച്ചുള്ള ആശങ്കകള്‍ നഗരത്തില്‍ വളര്‍ന്നു. കൊളോണിയല്‍ കാലഘട്ടത്തില്‍ ബസ്വറയിലെ ബ്രിട്ടീഷ് സ്വാധീനം നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‍വ്യവസ്ഥയും അപകടകരമാം വിധം അസ്ഥിരപ്പെടുത്തി. എണ്ണ ശുദ്ധീകരണശാലകളുടെയും പൈപ്പ് ലൈനുകളുടെയും നിര്‍മ്മാണം പ്രാഥമികമായി വിദേശ താല്‍പ്പര്യങ്ങളെ സേവിച്ചുള്ളതായിരുന്നു. നഗരത്തെ ഒരു വ്യാവസായിക കേന്ദ്രമാക്കി മാറ്റുന്നതില്‍ ഇത്തരം നീക്കങ്ങള്‍ സഹായിച്ചെങ്കിലും പ്രാദേശിക ജനതക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുകയുണ്ടായില്ല. ബാഹ്യ ഇടപെടലുകളും അധിനിവേശവും കാരണം ഈ നഗരത്തിന് ഒരുപാട് നഷ്ടപ്പെട്ടുവെന്ന് ചുരുക്കം.


ബസ്വറയുടെ പണ്ഡിത പാരമ്പര്യം

ലോകത്തെ അറിയപ്പെട്ട ബൗദ്ധിക കേന്ദ്രമായിരുന്നു ബസ്വറ. അറബി വ്യാകരണം ജനിക്കുന്നത് ബസ്വറയിലാണ്. സീബവൈഹി, അല്‍-ഖലീലി, അഹമ്മദ് തുടങ്ങിയ വ്യാകരണ പണ്ഡിതര്‍ ജന്മംകൊണ്ടതും രചനകള്‍ നിര്‍വഹിക്കുന്നതും ബസ്വറയില്‍ വെച്ചാണ്. അബൂ അംര്‍ ബിന്‍ അല്‍-അലാ, അബൂ ഉബൈദ, അബ്ദുല്‍മലിക് ബിന്‍ഖുറൈബ് അല്‍-അസ്മായ്, അബുല്‍ ഹസന്‍ അല്‍-മദനി തുടങ്ങിയ പണ്ഡിതര്‍ തങ്ങളുടെ ചരിത്ര രചനകള്‍ നിര്‍വഹിച്ചതും ഈ മണ്ണിലാണ്. ഇബ്‌നു മുഖഫയും, സഹല്‍ ബിന്‍ ഹാറൂന്‍,  ജാഹിള് തുടങ്ങി അറബി ഗദ്യ സാഹിത്യത്തിലെ കുലപതികള്‍ ആദ്യമായി ഉടലെടുക്കുന്നതും ഇവിടെയാണെന്ന് കാണാം. പ്രകാശശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്‌നു ഹൈസമിന്റെയും അശ്അരി ഇമാമിന്റെ പ്രമുഖ ശിഷ്യനായിരുന്ന തയ്യിബ് ബാഖിലാനി(റ)യുടെയും ജന്മദേശവും ബസറയാണ്. താബിഈങ്ങളുടെ നേതാവെന്നറിയപ്പെടുന്ന ഹസനുല്‍ ബസ്വരി(റ) അറിയപ്പെടുന്നത് തന്നെ ബസ്വറയുടെ പേരിലാണ്. 

നിലവിലെ സ്ഥിതി

സങ്കീര്‍ണ്ണമായ അനേകം വെല്ലുവിളികള്‍ പുതിയ കാലത്ത് ബസ്വറ അഭിമുഖീകരിക്കുന്നുണ്ട്. ഇറാഖ് യുദ്ധവും (2003-2011) തുടര്‍ന്നുള്ള അസ്ഥിരതയും നഗരത്തിന്റെ സാമൂഹിക ഘടനയിലും സാമ്പത്തിക വളര്‍ച്ചയിലും അഗാധമായ വിള്ളലുകള്‍ വരുത്തിയിട്ടുണ്ട്. എണ്ണ സമ്പത്ത് ഉണ്ടെങ്കിലും അഴിമതി, അപര്യാപ്തമായ പൊതു സേവനങ്ങള്‍, ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവയുമായി നിരന്തരം പോരാട്ടത്തിലാണ് ബസ്വറ.

Read More:ഇസ്‍ലാമിക ചരിത്രനഗരങ്ങള്‍ - 07 ഗോര്‍-മാല്‍ഡ : ബംഗാളിലെ ഷാഹി രാജവംശങ്ങളുടെ ചരിത്രവും വര്‍ത്തമാനവും
നഗരത്തിലെ ജല വിതരണ, മലിനജല സംസ്കരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുന്ന തരത്തില്‍ വെല്ലുവിളികള്‍ നേരിടുന്നു. അന്തരീക്ഷ മലിനീകരണവും പാരിസ്ഥിതിക തകര്‍ച്ചയും പ്രാദേശിക ജനങ്ങളുടെ ആരോഗ്യത്തെയും സുരക്ഷയെയും ബാധിക്കുന്ന ആശങ്കകളാണ്. 

ആഭ്യന്തര സംഘര്‍ഷം, വിദേശ ശക്തികളുടെ ചൂഷണം, സാമ്പത്തിക വെല്ലുവിളികള്‍ തുടങ്ങി പലതാണ് ബസ്വറയുടെ ഇന്നത്തെ ശോചനീയാവസ്ഥക്ക് കാരണം.   ചരിത്രപരമായ പൈതൃകങ്ങളുടെയും സ്ഥാപനങ്ങളുടെയും പുനരുദ്ധാരണത്തിനും വികസനത്തിനുമുള്ള ശ്രമങ്ങളിലാണ് നിലവില്‍ ബസ്വറയുടെ ശ്രദ്ധ. ചരിത്ര താളുകളില്‍ നഷ്ടപ്പെട്ടു പോയേക്കാവുന്ന ഈ പരമ്പരാഗത നഗരവും അതിന്റെ പൈതൃകങ്ങളും നിലനില്‍പ്പിനായി ഇനിയുമൊരുപാട് പോരാടേണ്ടതുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter